സ്പെഷ്യല്‍ മാര്യേജ് ആക്ട് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സ്പെഷ്യല്‍ മാര്യേജ് ആക്ട് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ശനിയാഴ്‌ച, ഫെബ്രുവരി 18, 2012

Marriage registration

  • വിവാഹം പഞ്ചായത്തില്‍ നടക്കുമ്പോള്‍
    കെ ആര്‍ ദീപ
  • വിവാഹരജിസ്ട്രേഷന്‍ കേരളത്തില്‍ നിര്‍ബന്ധമാക്കിയിട്ട് ഈ ഫെബ്രുവരിയില്‍ നാലുവര്‍ഷം തികയുകയാണ്. മിക്കവാറും എല്ലാ സംസ്ഥാനങ്ങളും വിവാഹരജിസ്ട്രേഷന്‍ സംബന്ധിച്ച ചട്ടങ്ങള്‍ക്ക് ഇപ്പോള്‍ രൂപം നല്‍കിയിട്ടുണ്ട്. 2006ല്‍ സീമ വേഴ്സസ് അശ്വനികുമാര്‍ എന്ന കേസിലെ സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ് എല്ലാ സംസ്ഥാനങ്ങളും വിവാഹ രജിസ്ട്രേഷന് നടപടി തുടങ്ങിയത്. 
  • വിവാഹം രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നത് ദോഷകരമായി ബാധിക്കുന്നത് ഏറെയും സ്ത്രീകളെയാണെന്ന് സുപ്രീംകോടതിയും ദേശീയ വനിതാകമീഷനും ചൂണ്ടിക്കാട്ടിയിരുന്നു. വിവാഹംതന്നെ നിഷേധിച്ച് ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കാന്‍ വിസമ്മതിക്കുന്ന പുരുഷന്മാരില്‍നിന്ന് രക്ഷയ്ക്ക് രജിസ്ട്രേഷന്‍ ഒരുപരിധിവരെ സഹായിക്കുമെന്ന് കോടതി കണ്ടു. സ്വത്തവകാശത്തര്‍ക്കങ്ങളിലും വിവാഹത്തിന്റെ തെളിവ് പലപ്പോഴും വേണ്ടിവരും. കേരളസര്‍ക്കാര്‍ കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ചെയ്യല്‍ (പൊതു) ചട്ടങ്ങള്‍ അസാധാരണ ഗസറ്റായി പ്രസിദ്ധീകരിച്ചത് 2008 ഫെബ്രുവരി 29നായിരുന്നു. എല്ലാ മതക്കാര്‍ക്കും ബാധകമാണെന്നതാണ് ഈ ചട്ടങ്ങളുടെ പ്രത്യേകത. 2008 ഫെബ്രുവരി 29നുശേഷം വിവാഹിതരാകുന്ന എല്ലാവര്‍ക്കും ഈ ചട്ടങ്ങള്‍ നിര്‍ബന്ധമായും ബാധകമാണ്. എന്നാല്‍ , മറ്റേതെങ്കിലും നിയമവ്യവസ്ഥകള്‍പ്രകാരം രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുള്ള വിവാഹങ്ങള്‍ ഈ ചട്ടങ്ങളനുസരിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. അവ ആ വ്യവസ്ഥകള്‍ക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതി (ഉദാ. സ്പെഷ്യല്‍ മാര്യേജ് ആക്ട്). 
  • പഞ്ചായത്ത്/മുന്‍സിപ്പല്‍ ഡയറക്ടര്‍ക്കാണ് രജിസ്ട്രേഷന്റെ പ്രധാന ചുമതല. പഞ്ചായത്തിലെ ജനനമരണ രജിസ്ട്രാര്‍ അവരുടെ അധികാരപരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ വിവാഹ രജിസ്ട്രാര്‍ ആയിരിക്കും. വിവാഹം നടന്ന സ്ഥലത്തെ പഞ്ചായത്ത്/മുന്‍സിപ്പല്‍/കോര്‍പറേഷന്‍ ഓഫീസിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയുടെ രണ്ടുകോപ്പി വേണം. അപേക്ഷയില്‍ ഒട്ടിച്ചതുകൂടാതെ ഒരു സെറ്റ് ഫോട്ടോ ജനനതീയതി തെളിയിക്കുന്ന രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് (ജനനസര്‍ട്ടിഫിക്കറ്റ്, സ്കൂള്‍ രേഖ, പാസ്പോര്‍ട്ട്, െ്രഡെവിങ്ലൈസന്‍സ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവ) വേണം. മുസ്ലിം, ക്രിസ്ത്യന്‍ മതാചാരപ്രകാരം നടന്ന വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ മതാധികാരികളില്‍നിന്നുള്ള സാക്ഷ്യപത്രവും ക്ഷേത്രങ്ങളില്‍ നടന്ന വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ക്ഷേത്ര അധികാരിയുടെ സാക്ഷ്യപത്രവും നല്‍കണം. മറ്റേതെങ്കിലും സ്ഥാപനത്തില്‍ നടന്നവയ്ക്ക് സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം ഹാജരാക്കണം. ആദ്യവിവാഹമല്ലെങ്കില്‍ ബന്ധം വേര്‍പിരിഞ്ഞതിന്റെ/മരണപ്പെട്ടത്തിന്റെ നിയമാനുസൃതരേഖകളും ഹാജരാക്കണം. രജിസ്ട്രേഷന്‍ ഫീസായി 100 രൂപയും സര്‍ട്ടിഫിക്കറ്റ് ഫീസായി 20 രൂപയും അടയ്ക്കണം. വിവാഹം നടന്ന് 45 ദിവസത്തിനുള്ളില്‍ അപേക്ഷിക്കണം. വിവാഹം നടന്ന തീയതിമുതല്‍ ഒരു വര്‍ഷ കാലാവധി കഴിയാത്ത വിവാഹങ്ങള്‍ 100 രൂപ പിഴ ചുമത്തിയശേഷം രജിസ്റ്റര്‍ ചെയ്യാം. ഇങ്ങനെ അപേക്ഷിക്കുന്നവര്‍ നേരത്തേ പറഞ്ഞ രേഖകള്‍ക്കു പുറമേ ഫോറം 2ല്‍ എംപി/ എംഎല്‍എ/ ഗസറ്റഡ് ഓഫീസര്‍/ പഞ്ചായത്തംഗം എന്നിവരിലാരെങ്കിലും ഒപ്പിട്ട സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വൈകിയ രജിസ്ട്രേഷന്‍ അനുവദിക്കാന്‍രജിസ്ട്രാറുടെ അനുമതിക്കുള്ള അപേക്ഷയും വേണം. ഒരു വര്‍ഷത്തിനുശേഷമുള്ള രജിസ്ട്രേഷന്‍ ബന്ധപ്പെട്ട രജിസ്ട്രാര്‍ ജനറലിന്റെ അനുമതിയോടെയും 250 രൂപ പിഴയോടെയും മാത്രമേ രജിസ്റ്റര്‍ ചെയ്യാനാകൂ. 
  • പഴയകാല സിനിമകളില്‍ കാണുംപോലെ ഒളിച്ചോടി രജിസ്റ്റര്‍ ഓഫീസില്‍ ചെന്നു നടത്തുന്ന ഉടമ്പടി കല്യാണങ്ങള്‍ ഇതിനിടെ സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. ഇതിനായി ചട്ടങ്ങളില്‍ മാറ്റം വരുത്തിക്കഴിഞ്ഞു. ഇത്തരം വിവാഹങ്ങള്‍ക്ക് നേരത്തേത്തന്നെ നിയമസാധുതയില്ലായിരുന്നു. ഫലത്തില്‍ രണ്ടുപേരെ ഒന്നിച്ചു ജീവിക്കാന്‍ തയ്യാറാക്കുന്ന കരാര്‍ മാത്രമാണിത്. 50 രൂപ മുദ്രപ്പത്രത്തില്‍ രണ്ടു സാക്ഷികളുടെ സാന്നിധ്യത്തിലുണ്ടാക്കുന്ന ഒരു ഉടമ്പടി. മറ്റു കരാറുകള്‍പോലെ ഒരാള്‍ക്ക് ഇതില്‍നിന്നു പിന്മാറാന്‍ പ്രയാസമുണ്ടാകുമായിരുന്നില്ല. ഇതിനു നിയമസാധുതയില്ലെന്നു ഹൈക്കോടതി വിധിക്കുകയും ഈ സമ്പ്രദായം അവസാനിപ്പിക്കുന്നതിന്റെ സാധ്യത ആരായാന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ചട്ടം ഭേദഗതി ചെയ്തത്. മുന്‍കൂര്‍ നോട്ടീസ് ഇല്ലാതെ വിവാഹ ഉടമ്പടി രജിസ്റ്റര്‍ ചെയ്യുന്നതു വിലക്കിയാണ് രജിസ്ട്രേഷന്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്തത്. എന്നാല്‍ , ഇപ്പോഴും "രജിസ്റ്റര്‍ വിവാഹങ്ങള്‍" സാധ്യമാണ്. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്ട്രാര്‍മാര്‍ക്കു വിവാഹം രജിസ്റ്റര്‍ ചെയ്തു കൊടുക്കാന്‍ കഴിയും. അങ്ങനെ മാത്രമേ കഴിയൂ. ഈ ആക്ട് പ്രകാരം വിവാഹിതരാകാന്‍ ഉദ്ദേശിക്കുന്നവരില്‍ ഒരാള്‍ അവരുടെ പ്രദേശത്തെ രജിസ്ട്രാര്‍ ഓഫീസില്‍ ഇക്കാര്യം കാണിച്ച് 30 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണം. ഈ നോട്ടീസിനെതിരെ ആരും പരാതി നല്‍കിയില്ലെങ്കില്‍ പ്രായം കാണിക്കുന്ന രേഖകളുമായി എത്തിയാല്‍ സാക്ഷികളുടെ സാന്നിധ്യത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാം.
  •  ഇങ്ങനെ നടക്കുന്ന വിവാഹങ്ങള്‍ തദ്ദേശഭരണ സ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ , ചില വിദേശരാജ്യങ്ങളില്‍ ജോലി തേടിയോ മറ്റോ എത്തുന്നവരോട് തദ്ദേശഭരണ സ്ഥാപനങ്ങളിലെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്തന്നെ ആവശ്യപ്പെടുന്ന സ്ഥിതിയുണ്ട്. അങ്ങനെ വരുമ്പോള്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് സബ് രജിസ്ട്രാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് തെളിവായി ഹാജരാക്കി തദ്ദേശസ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്യാം.

ഞായറാഴ്‌ച, ഒക്‌ടോബർ 23, 2011

മിശ്രവിവാഹം
മതനിയമപ്രകാരമായാല്‍
അസാധുവാകും

അഡ്വ. കെ ആര്‍ ദീപ

വിവാഹം എങ്ങനെയുമാകാം. പക്ഷേ വിവാഹത്തിന് നിയമസാധുതവേണമെന്ന് ആഗ്രഹിക്കുന്നവര്‍ പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടിവരും. സാധുതയില്ലാത്ത വിവാഹങ്ങള്‍ പലപ്പോഴും കുഴപ്പത്തിലാക്കുക സ്ത്രീകളെ ആയിരിക്കും. ഉപേക്ഷിക്കുന്ന ഭര്‍ത്താവില്‍ നിന്ന് ജീവനാംശം നേടാനോ കുട്ടികളുടെ സംരക്ഷണം ആവശ്യപ്പെടാനോ വിവാഹത്തിന് നിയമ പിന്‍ബലം വേണ്ടിവരും. മതേതര രാജ്യമെങ്കിലും വിവിധ സമുദായങ്ങള്‍ക്ക് വ്യത്യസ്ത വ്യക്തിനിയമങ്ങളുടെ പിന്‍ബലത്തില്‍ വ്യത്യസ്ത വിവാഹനിയമങ്ങളും ഇന്ത്യയില്‍ നിലനില്‍ക്കുന്നു. ഈ വിവാഹനിയമങ്ങള്‍ ആ മതവിഭാഗക്കാര്‍ക്കേ ബാധകമാകൂ. അതുകൊണ്ടുതന്നെ മിശ്രവിവാഹങ്ങള്‍ ഏതെങ്കിലും ഒരു മതനിയമപ്രകാരം നടത്തിയാല്‍ അതു പിന്നീട് നിയമത്തര്‍ക്കമായി മാറാം. സ്പെഷ്യല്‍ മാര്യേജ് ആക്ടനുസരിച്ചാണ് ഇത്തരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതെങ്കില്‍ തര്‍ക്കം വരില്ല.
ഇത്തരത്തിലൊരു തര്‍ക്കം 2008ല്‍ സുപ്രീംകോടതിയിലെത്തി. 'ഹിന്ദു വിവാഹനിയമ'പ്രകാരം ഒരു  ക്രിസ്ത്യാനി ഹിന്ദുവിനെ വിവാഹം ചെയ്താല്‍ അതിന് നിയമപരമായ നിലനില്‍പ്പുണ്ടോ എന്നായിരുന്നു ചോദ്യം. നിയമനിര്‍വ്വചനം സൂക്ഷ്മമായി പരിശോധിച്ച് കോടതി തീര്‍പ്പാക്കി: ഇത്തരം വിവാഹം നിയമപരമായി നിലനില്‍ക്കില്ല; അത് അസാധുവാണ്.
ആന്ധ്രാ സ്വദേശികളുടെ വിവാഹമാണ് വിവാദമായത്. റോമന്‍ കത്തോലിക്കനാണ് വരന്‍. വധു ഹിന്ദുവും. കല്ല്യാണം അമ്പലത്തില്‍ നടത്തി. താലിയും കെട്ടി. വീട്ടുകാര്‍ സഹകരിച്ചില്ല. അതുകൊണ്ട് മറ്റ് ചടങ്ങുകള്‍ ഉണ്ടായില്ല. വിവാഹം ഹിന്ദു നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 1955ലെ ഹിന്ദു വിവാഹ നിയമ (Hindu Marriage Act)ത്തിലെ എട്ടാം വകുപ്പനുസരിച്ചായിരുന്നു രജിസ്ട്രേഷന്‍.
ആദ്യം കോടതിയിലെത്തിയത് വധുവാണ്. വിവാഹം കഴിഞ്ഞ് അഞ്ചുമാസം തികയും മുമ്പാണിത്. കുടുംബകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വിവാഹം അസാധുവായി പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം. വരന്‍ അയാളുടെ സാമൂഹ്യപദവി തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം നടത്തിയതെന്നായിരുന്നു മുഖ്യവാദം. കുടുംബകോടതി കേസ് തള്ളി. ഹൈക്കോടതിയില്‍ ഹര്‍ജിക്കാരി അപ്പീല്‍ നല്‍കി. വിവാഹം തുടക്കത്തിലേ തന്നെ നിലനില്‍ക്കാത്തതാണെന്നായിരുന്നു ഹൈക്കോടതി വിധി. ഈ വിധിക്ക് ശേഷം സ്ത്രീ വേറെ വിവാഹവും കഴിച്ചു.
എന്നാല്‍ ഹൈക്കോടതി വിധിക്കെതിരെ 'ആദ്യവരന്‍' സുപ്രീംകോടതിയിലെത്തി. വിവാഹം നടക്കുമ്പോള്‍ താന്‍ ക്രിസ്ത്യാനിയാണെന്നതോ വിവാഹം നടന്നത് ഹിന്ദു നിയമപ്രകാരം ആണെന്നതോ അയാള്‍ നിഷേധിച്ചില്ല. എന്നാല്‍ വിവാഹം കഴിക്കുന്നവര്‍ ഹിന്ദുവാകണം എന്ന് നിര്‍ബ്ബന്ധിക്കുന്ന വ്യവസ്ഥ നിയമത്തിലില്ലെന്നായിരുന്നു വാദം. നിയമത്തിന്റെ ആമുഖം തന്നെ ഇക്കാര്യം വ്യക്തമാക്കുന്നതായി എതിര്‍വാദവും വന്നു. ഹിന്ദുവിന് ക്രിസ്ത്യാനിയെ വിവാഹം കഴിയ്ക്കാം; പക്ഷേ അത് രജിസ്റ്റര്‍ ചെയ്യേണ്ടത് സ്പെഷ്യല്‍ മാര്യേജ് ആക്ടനുസരിച്ചാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. എല്ലാ മതങ്ങള്‍ക്കും വിവാഹ നിയമങ്ങള്‍ ഇന്ത്യയിലുണ്ട് ഇതില്‍ ഓരോ നിയമവും അന്യ മതക്കാര്‍ ഈ നിയമപ്രകാരം വിവാഹിതരാകുന്നത് വിലക്കുന്നുണ്ട് എന്നും വാദമുണ്ടായി.
ഹിന്ദുവായ ഒരാള്‍ മറ്റൊരു മതത്തില്‍ നിന്ന് നടത്തുന്ന വിവാഹത്തെ വിലക്കുന്നതല്ല 1955ലെ ഹിന്ദുവിവാഹ നിയമം എന്ന വാദത്തോട് ഒട്ടും യോജിക്കാനാവില്ലെന്ന് വാദങ്ങളെല്ലാം കേട്ട ശേഷം സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ആ നിയമത്തിന്റെ രൂപഘടന തന്നെ ഇത് വ്യക്തമാക്കുന്നു. നിയമത്തിന്റെ ആമുഖം ഇങ്ങനെയാണ്:"ഹിന്ദുക്കള്‍ തമ്മിലുള്ള വിവാഹങ്ങള്‍ക്കുള്ള നിയമങ്ങള്‍ ഭേദഗതിപ്പെടുത്താനും ക്രോഡീകരിക്കാനുമാണ് ഈ നിയമം''.
ആമുഖത്തില്‍ ഇങ്ങനെ പറഞ്ഞശേഷം നിയമത്തിന്റെ രണ്ടാം വകുപ്പ് ഇതിന് അടിവരയിടുന്നു.
അഞ്ചാം വകുപ്പില്‍ പറയുന്നത് അവിടെ കൊടുത്തിരിക്കുന്ന വ്യവസ്ഥകള്‍ പാലിക്കപ്പെട്ടാല്‍ രണ്ടു ഹിന്ദുക്കള്‍ തമ്മിലുള്ള വിവാഹം ഈ നിയമപ്രകാരം നടത്തിക്കൊടുക്കാം എന്നാണ്.'നടത്തികൊടുക്കാം'(may be solemnized) എന്നു പറയുന്നതിനാല്‍ അതില്‍ നിര്‍ബ്ബന്ധത്തിന്റെ അംശമില്ലെന്നും അതൊരു ഐഛിക (optional) വ്യവസ്ഥയാണെന്നുമുള്ള വാദം കോടതി തള്ളി. ഇവിടെ നിയമം നിര്‍ബ്ബന്ധത്തിന്റെ ഭാഷ തന്നെയാണ് ഉപയോഗിക്കുന്നത്. നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെ നടത്തുന്ന വിവാഹം അസാധുവാണെന്നു തന്നെയാണ് പറയുന്നത്്. നിയമത്തിന്റെ ഏഴാം വകുപ്പില്‍ പറയുന്നത് അഞ്ചാം വകുപ്പിലെ വ്യവസ്ഥകള്‍ പാലിച്ചുള്ള ഒരു വിവാഹം ഏഴാം വകുപ്പിലെ ചടങ്ങുകള്‍ പാലിച്ച് നടത്താമെന്നാണ്.
തര്‍ക്കമായ വിവാഹം നടക്കുമ്പോള്‍ വരന്‍ ക്രിസ്ത്യാനിയായിരുന്നു. അതിനാല്‍ ഹിന്ദു ആചാരപ്രകാരം നടത്തിയ ആ വിവാഹം അസാധുവാണ്.  ഹിന്ദു നിയമത്തിലെ എട്ടാം വകുപ്പനുസരിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്തതും അസാധുവാണ്.-ജ. അല്‍തമാസ് കബീര്‍, ജ. അഫ്ത്താബ് ആലം എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.
പുനര്‍വിവാഹത്തിനെതിരെ ചില വാദങ്ങള്‍ പരാതിക്കാരന്‍ ഉന്നയിച്ചിരുന്നു. ഈ വാദങ്ങള്‍ അപ്രസക്തമാണെന്ന് വിധിയില്‍ പറഞ്ഞു. ആദ്യ വിവാഹം തന്നെ അസാധുവാണ്. അതുകൊണ്ട് പുനര്‍വിവാഹത്തിന്റെ സാധുതയെപ്പറ്റി ചര്‍ച്ച വേണ്ട- 2008 ഡിസംബര്‍ നാലിന്റെ വിധിയില്‍ കോടതി വ്യക്തമാക്കി.