വെള്ളിയാഴ്‌ച, ഡിസംബർ 27, 2013

തേജ് പാലും നിയമവും

തെഹല്‍കയിലെ മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ മുഖ്യ പത്രാധിപരില്‍ നിന്നുണ്ടായ ലൈംഗികാതിക്രമത്തെപ്പറ്റി ഏറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഗോവയില്‍ തെഹല്‍ക സംഘടിപ്പിച്ച തിങ്ക് കോണ്‍ക്ലേവിനിടെയാണ് തരുണ്‍ തേജ്പാല്‍ തന്നോട് അപമര്യാദയായി പെരുമാറിയതെന്നാണ് പത്രപ്രവര്‍ത്തക പരാതിയില്‍ പറയുന്നത്. കേസിലെ പ്രതിയായ തെഹല്‍ക എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ ഇരയോട് മാപ്പുപറഞ്ഞ് ആറുമാസം അവധിയില്‍ പോയതിനാല്‍ കേസ് അവിടെ തീരേണ്ടതാണെന്നമട്ടില്‍വരെ വ്യാഖ്യാനങ്ങള്‍ വന്നുകഴിഞ്ഞു.

ഇത്തരമൊരു മാപ്പ് ലഭ്യമാക്കലിലൂടെ പ്രശ്നം "തീര്‍ക്കാന്‍" മുന്‍കൈ എടുത്ത പത്രത്തിന്റെ മാനേജിങ് എഡിറ്റര്‍ ഷോമാ ചൗധരിയെ അഭിനന്ദിക്കാനും പലരുമുണ്ടായി. എന്നാല്‍ ഇന്ത്യന്‍ നിയമപ്രകാരം തേജ്പാല്‍ കാട്ടിയ അതിക്രമം ഇത്തരത്തില്‍ ഏതെങ്കിലും മധ്യസ്ഥര്‍ക്ക് മാപ്പു വാങ്ങി തീര്‍ക്കാവുന്ന കുറ്റമല്ല. രാജ്യത്തെ നടുക്കിയ ഡല്‍ഹിയിലെ കൂട്ടബലാത്സംഗത്തെത്തുടര്‍ന്ന്് പാര്‍ലമെന്റ് പാസാക്കിയ 2013ലെ ക്രിമിനല്‍ നിയമ (ഭേദഗതി) ആക്ടിന്റെ പരിധിയില്‍വരുന്ന ക്രിമിനല്‍ കുറ്റമാണ്. ഈ നിയമം ഇന്ത്യക്കാര്‍ക്കെല്ലാം ബാധകമാണ്. മാധ്യമ മേധാവികള്‍ ഇത്തരം കുറ്റങ്ങള്‍ ചെയ്താല്‍ മാപ്പുപറഞ്ഞ് അവധിയില്‍ പോയാല്‍ മതിയാകും എന്നൊരു വകുപ്പ് ഈ നിയമത്തിലില്ല. ബലാത്സംഗത്തിന് കൂടുതല്‍ കടുത്ത ശിക്ഷ നിശ്ചയിക്കുകയും ബലാത്സംഗത്തിന്റെ നിര്‍വചനം കൂടുതല്‍ വിപുലമാക്കുകയും ഇതുവരെ ഇന്ത്യന്‍ നിയമങ്ങളില്‍ ഇല്ലാതിരുന്ന ചില കുറ്റങ്ങള്‍ ക്രിമിനല്‍ നിയമത്തില്‍ ചേര്‍ക്കുകയുമാണ് 2013ലെ നിയമം ചെയ്തത്.

ഇതിനായി ഇന്ത്യന്‍ ശിക്ഷാനിയമം, തെളിവു നിയമം, ക്രിമിനല്‍ നടപടി നിയമം എന്നിവയില്‍ പുതിയ വകുപ്പുകള്‍ ചേര്‍ക്കുകയും നിലവിലുണ്ടായിരുന്ന ചിലത് ഭേദഗതി ചെയ്യുകയുമാണ് ചെയ്തത്. ആസിഡ് ആക്രമണം, ലൈംഗികാതിക്രമം, ഒളിഞ്ഞുനോട്ടം, പിന്തുടര്‍ന്ന് ശല്യംചെയ്യല്‍ തുടങ്ങിയവയാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ പുതുതായി ചേര്‍ത്തത്. ബലാത്സംഗത്തിനു പകരമായാണ് "ലൈംഗികാതിക്രമം" എന്ന വാക്ക് നിയമത്തില്‍ ഉപയോഗിക്കുന്നത്. ബലാത്സംഗം അടക്കമുള്ള ലൈംഗികാക്രമണങ്ങളെല്ലാം ഇതിനുകീഴില്‍ പെടുത്തി നിര്‍വചനം വിപുലമാക്കിയിട്ടുണ്ട്. ബലാത്സംഗത്തിന്റെ നിര്‍വചനവുംതിരുത്തി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 375-ാം വകുപ്പില്‍ ഇതനുസരിച്ച് മാറ്റംവരുത്തിയിട്ടുണ്ട്. സാമ്പ്രദായികാര്‍ഥത്തില്‍ നടക്കുന്ന ബലപ്രയോഗത്തിലൂടെയുള്ള ലൈംഗികബന്ധത്തിനപ്പുറം പലതും ഈ നിയമപ്രകാരം ബലാത്സംഗമാണ്. ശരീരത്തിനുള്ളിലേക്കുള്ള മറ്റുതരത്തിലുള്ള കടന്നുകയറ്റങ്ങളും പുതിയ നിര്‍വചനപ്രകാരം ബലാത്സംഗമാണെന്ന് മാറ്റംവരുത്തിയശേഷമുള്ള 375-ാം വകുപ്പിലെ എ. ഉപവകുപ്പില്‍ പറയുന്നു.


ഗോവാ പൊലീസ് രേഖപ്പെടുത്തിയ എഫ്ഐആര്‍ അനുസരിച്ച് ഇത്തരത്തിലുള്ള ശാരീരിക കടന്നാക്രമണങ്ങള്‍ തേജ്പാലില്‍നിന്നുണ്ടായി. അതുകൊണ്ട് തേജ്പാലിനെതിരായ കുറ്റം ബലാത്സംഗമാണ്. നിയമത്തിലെ 376-ാം വകുപ്പില്‍ ബലാത്സംഗത്തില്‍ത്തന്നെ കൂടുതല്‍ ശിക്ഷ നല്‍കേണ്ട കുറ്റങ്ങള്‍ വിവരിക്കുന്നുണ്ട്. ജയിലിലും പൊലീസ് കസ്റ്റഡിയിലും മറ്റും നടക്കുന്ന ബലാത്സംഗങ്ങളെയാണ് മുഖ്യമായും ഇക്കൂട്ടത്തില്‍ പെടുത്തുന്നത്. ഈ പട്ടികയില്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്ന ആറാമത്തെ വിഭാഗമായി പറയുന്നത് ഇങ്ങനെയാണ്: ബലാത്സംഗംചെയ്യുന്നയാള്‍ ഇരയുടെ ബന്ധുവോ രക്ഷിതാവോ അധ്യാപകനോ ഇരയ്ക്ക് വിശ്വാസമുള്ള വ്യക്തിയോ ഇരയുടെ മേല്‍ അധികാരമുള്ള വ്യക്തിയോ നടത്തുന്ന ബലാത്സംഗം. ഇത്തരക്കാര്‍ കുറ്റംചെയ്താല്‍ കുറഞ്ഞ ശിക്ഷയായി 10 വര്‍ഷത്തെ കഠിനതടവാണ് നിയമം പറയുന്നത്. ഇത് ജീവിതകാലം മുഴുവന്‍ നീളുന്ന ജീവപര്യന്തംവരെയും ആകാമെന്നും നിയമം വ്യക്തമാക്കുന്നു.


തേജ്പാലിന്റേത് ഇത്തരത്തില്‍പെടുന്ന കുറ്റമാണ്. പരാതിക്കാരിയുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിയുന്നയാളും മേലധികാരിയുമാണ് തേജ്പാല്‍. കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തംവരെ ശിക്ഷ കിട്ടാവുന്ന പ്രതി മാത്രമാണ് നിയമത്തിനു മുന്നില്‍ തേജ്പാല്‍. തൊഴിലിടങ്ങളിലെ ലൈംഗികപീഡനവും ഈ കേസിലുണ്ട്. അതുകൊണ്ട് തൊഴിലിടങ്ങളിലെ ലൈംഗികപീഡനങ്ങള്‍ തടയാനുള്ള നിയമപ്രകാരം ഓഫീസിലെ തര്‍ക്കപരിഹാര കമ്മിറ്റിക്ക് വിചാരണചെയ്തു തീര്‍ക്കാവുന്ന കുറ്റമാണെന്ന വാദവും ചിലര്‍ ഉയര്‍ത്തുന്നു. ഇതിനു നിയമപരമായ നിലനില്‍പ്പില്ല. തൊഴിലിടങ്ങളിലെ ലൈംഗികപീഡനങ്ങള്‍ തടയാന്‍ ഇന്ത്യയില്‍ പ്രത്യേക നിയമം ഉണ്ടായിരുന്നില്ല. വിശാഖ കേസിലെ സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി എടുത്തുവന്നിരുന്നത്.


എന്നാല്‍ 2013 ഏപ്രില്‍ 23ന് ഇതിനായി പുതിയ നിയമം(The Sexual Harassment of Women at Workplace (PREVENTION, PROHIBITION and REDRESSAL) Act, 2013)   നിലവില്‍ വന്നു. ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നത് ലൈംഗികപീഡന (Sexual harassment)മാണ്. പ്രത്യക്ഷവും പരോക്ഷവുമായ മോശം പെരുമാറ്റം, സ്പര്‍ശനം, ലൈംഗികാഭ്യര്‍ഥന നടത്തല്‍, അശ്ലീലച്ചുവയുള്ള പരാമര്‍ശം, അശ്ലീലം പ്രദര്‍ശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങള്‍. ഇത്തരം കുറ്റങ്ങള്‍ ഉണ്ടായാല്‍ ചെയ്യേണ്ട കാര്യം ഈ നിയമത്തില്‍ പറയുന്നു. ഏറെയും സ്ഥാപനത്തിനുള്ളില്‍ ചെയ്യേണ്ട കാര്യങ്ങള്‍.

ശിക്ഷ കിട്ടേണ്ട കുറ്റങ്ങള്‍ പൊലീസിനെ തൊഴിലുടമ അറിയിക്കണമെന്നും വ്യവസ്ഥയുണ്ട്. 50,000 രൂപവരെ പിഴശിക്ഷ കിട്ടാവുന്ന കുറ്റങ്ങളേ ഈ നിയമത്തിന്റെ പരിധിയില്‍ വരൂ. ഓഫീസില്‍ ഒരു യുവതി കൊലചെയ്യപ്പെട്ടാല്‍ ഈ നിയമപ്രകാരം കമ്മിറ്റികൂടി നടപടിയെടുത്താല്‍ പോര. ബലാത്സംഗം നടന്നാലും അതുപോര. അതേപ്പറ്റി കമ്മിറ്റിക്ക് അന്വേഷിക്കുകയും സ്ഥാപനത്തിനുള്ളില്‍ വേണ്ട നടപടി സ്വീകരിക്കുകയുമാകാം. പക്ഷേ അത് ലൈംഗികാതിക്രമ (Sexual offence)മാണ്. അതിന് കേസ് വേറെ നടക്കണം. കുറ്റം തെളിഞ്ഞാല്‍ പ്രതിക്ക് 2013ലെ ക്രിമിനല്‍ നിയമ (ഭേദഗതി) പ്രകാരമുള്ള ശിക്ഷ കിട്ടുകയും വേണം. ഗോവ പൊലീസ് കേസെടുത്ത സാഹചര്യത്തില്‍ തേജ്പാലിനെതിരെ ആ നിയമനടപടി തുടങ്ങിക്കഴിഞ്ഞു.

തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം: ഒടുവില്‍ ചട്ടമായി

തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ തടയാന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന് ചട്ടങ്ങളായി. നിയമം പ്രാബല്യത്തില്‍വന്ന് ഏഴരമാസങ്ങള്‍ക്കു ശേഷമാണ് ചട്ടങ്ങള്‍ rules) വിജ്ഞാപനം ചെയ്യുന്നത്. ചട്ടങ്ങള്‍ ഇല്ലാത്തതിനാല്‍ നിയമം ഇതുവരെ ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. ചട്ടങ്ങള്‍ വൈകുന്നതില്‍ മഹിളാ സംഘടനകള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.


കേന്ദ്രസര്‍ക്കാരിന്റെ സ്ത്രീ-ശിശു ക്ഷേമ മന്ത്രാലയം 2013 ഡിസംബര്‍ ഒമ്പതിന് ഇറക്കിയ വിജ്ഞാപനത്തിലാണ് ചട്ടങ്ങള്‍ ഉള്ളത്. തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ തടയാന്‍ ഇന്ത്യയില്‍ പ്രത്യേക നിയമം (The Sexual Harassment of Women at Workplace (PREVENTION, PROHIBITION and REDRESSAL) Act, 2013) വന്നത് 2013 ഏപ്രില്‍ 23നാണ്. അതുവരെ വിശാഖ കേസിലെ സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി എടുത്തിരുന്നത്. പരാതി പരിഹരിക്കാന്‍ രണ്ടുതരത്തിലുള്ള കമ്മിറ്റികള്‍ രൂപീകരിക്കാനാണ് നിയമത്തില്‍ വ്യവസ്ഥയുള്ളത്.

പത്തു പേരില്‍ കൂടുതല്‍ ജോലിചെയ്യുന്ന എല്ലാ സ്ഥാപനത്തിലും അതതിടത്തുതന്നെ പരാതികള്‍ പരിഗണിക്കാനും പരിഹരിക്കാനുമുള്ള കമ്മിറ്റി (ഇന്റേണല്‍ കമ്മിറ്റി)കള്‍ വേണം. ജീവനക്കാര്‍ പത്തില്‍ കുറവുള്ള സ്ഥാപനങ്ങളിലെ പരാതികള്‍ പരിശോധിക്കാന്‍ ജില്ലാതലത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന പ്രാദേശിക സമിതി (ലോക്കല്‍ കംപ്ലയിന്റ്സ് കമ്മിറ്റി)യും ഉണ്ടാകും. 10 പേരില്‍ കൂടുതലുള്ള സ്ഥാപനത്തിലെ തൊഴിലുടമയ്ക്കെതിരായ പരാതിയുംഈ കമ്മിറ്റി പരിഗണിക്കും. വീട്ടുജോലി ചെയ്യുന്നവരുടെ പരാതികളും ഈ കമ്മിറ്റിക്കാണ്. ഈ കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുന്നവരുടെ അലവന്‍സ് സംബന്ധിച്ചാണ് ചട്ടങ്ങളില്‍ ആദ്യം പറയുന്നത്.


സ്ഥാപനങ്ങളിലെ ഇന്റേണല്‍ കമ്മിറ്റികളില്‍ ഒരുസര്‍ക്കാരിതര സംഘടനാ പ്രതിനിധി വേണം. ഈ അംഗത്തിന് കമ്മിറ്റി ചേരുന്ന ദിവസം 200 രൂപ ബത്ത നല്‍കണം. യാത്രാപ്പടിയും അനുവദിക്കണം. തൊഴിലുടമയാണ് തുക നല്‍കേണ്ടത്. സിറ്റിങ്ങുള്ളപ്പോള്‍ ലോക്കല്‍ കമ്മിറ്റികളിലെ ചെയര്‍മാന് പ്രതിദിനം 250 രൂപയും അംഗങ്ങള്‍ക്ക് 200 രൂപയും ബത്തയായും പുറമെ യാത്രാപ്പടിയും നല്‍കണം. കമ്മിറ്റികളിലേക്ക് നിയോഗിക്കുന്ന സര്‍ക്കാരിതര സംഘടനാപ്രതിനിധികളുടെ യോഗ്യത സംബന്ധിച്ചും ചട്ടങ്ങളില്‍ വ്യക്തത വരുത്തുന്നു. ഇവര്‍ ലൈംഗിക പീഡനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരിചയമുള്ളവരാകണം എന്ന് നിയമം പറയുന്നുണ്ട്. ഇവര്‍ സാമൂഹ്യപ്രവര്‍ത്തനത്തില്‍ അഞ്ചുവര്‍ഷമെങ്കിലും പരിചയമുള്ളവരാകണമെന്ന് ചട്ടടങ്ങളില്‍ പറയുന്നു.


സ്ത്രീശാക്തീകരണത്തിന് ഉതകുന്നതും തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം കൈകാര്യംചെയ്യുന്നതുമാകണം  സാമൂഹ്യപ്രവര്‍ത്തനം. തൊഴില്‍, സര്‍വീസ്, സിവില്‍ അല്ലെങ്കില്‍ ക്രിമിനല്‍ നിയമങ്ങളില്‍ പ്രാവീണ്യം ഉള്ളവരെയും പരിഗണിക്കാം. പരാതി നല്‍കേണ്ട സ്ത്രീക്ക് ശാരീരിക വിഷമതകള്‍മൂലം അത് ചെയ്യാനാകുന്നില്ലെങ്കില്‍ ബന്ധു അല്ലെങ്കില്‍ സുഹൃത്ത്, സഹപ്രവര്‍ത്തക/പ്രവര്‍ത്തകന്‍, ദേശീയ-സംസ്ഥാന വനിതാ കമീഷനുകളിലെ ഉദ്യോഗസ്ഥര്‍, പരാതിയെപ്പറ്റി അറിയാവുന്ന മറ്റുള്ളവര്‍ എന്നിവര്‍ക്ക് കമ്മിറ്റിക്ക് പരാതി നല്‍കാം.


പരാതിക്കാരിയുടെ രേഖാമൂലമുള്ള അനുമതിയോടെയാകണം ഇത്. മാനസികശേഷിക്കുറവുകൊണ്ട് നേരിട്ട് പരാതി നല്‍കാന്‍ കഴിയാതെവന്നാലും ഇത്തരത്തില്‍ മറ്റുള്ളവര്‍ മുഖേന പരാതി നല്‍കാം. ബന്ധു അല്ലെങ്കില്‍ സുഹൃത്ത്, മാനസികപ്രശ്നമുള്ളവരെ പരിശീലിപ്പിക്കുന്നവര്‍ (സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍), യോഗ്യതയുള്ള മനോരോഗവിദഗ്ധന്‍(Psychiatrist)  അല്ലെങ്കില്‍ മനഃശാസ്ത്രജ്ഞന്‍ (Psychologist), പരാതിക്കാരിക്ക് ചികിത്സയോ പരിചരണമോ നല്‍കുന്ന വ്യക്തി എന്നിവര്‍ മുഖേന പരാതി നല്‍കാം. അതുപോലെ സംഭവത്തെപ്പറ്റി അറിവുള്ള ആര്‍ക്കും പരാതി നല്‍കാനും കഴിയും പക്ഷേ അങ്ങനെ ചെയ്യുമ്പോള്‍ മുകളില്‍ പറഞ്ഞ ആരെങ്കിലുംകൂടി ഒപ്പമുണ്ടാകണം.


മറ്റേതെങ്കിലും സാഹചര്യത്തില്‍ പരാതി നല്‍കാനാകാത്ത സ്ഥിതി ഉണ്ടെങ്കിലും മറ്റാരെങ്കിലും മുഖേന പരാതി നല്‍കാം. പരാതിക്കാരിയുടെ രേഖാമൂലമുള്ള അനുമതിയോടെയാകണം ഇതും. പരാതിക്കാരി മരിച്ചെങ്കില്‍ സംഭവം അറിയാവുന്ന ആര്‍ക്കും പരാതി നല്‍കാം. പരാതിക്കാരിയുടെ നിയമപരമായ അവകാശി (Legal Heir) യുടെ രേഖാമൂലമുള്ള സമ്മതത്തോടെയാകണം. പരാതിയെക്കുറിച്ച് അന്വേഷണം എങ്ങനെ വേണമെന്നും ചട്ടങ്ങളിലുണ്ട്. പരാതിയുടെ ആറു പകര്‍പ്പും പരാതിക്ക് അനുകൂലമായ രേഖകളും സാക്ഷികളുടെ പേരും വിലാസവും പരാതിക്കാരി കമ്മിറ്റിക്കു നല്‍കണം. പരാതി കിട്ടിയാല്‍ അതിന്റെ ഒരു പകര്‍പ്പ് ഏഴു പ്രവൃത്തിദിവസങ്ങള്‍ക്കുള്ളില്‍ പരാതിയില്‍ കുറ്റാരോപിതനായ വ്യക്തി (എതിര്‍കക്ഷി)ക്ക് കമ്മിറ്റി അയച്ചുകൊടുക്കണം.


പകര്‍പ്പു കിട്ടിക്കഴിഞ്ഞാല്‍ എതിര്‍കക്ഷിക്ക് പറയാനുള്ള കാര്യങ്ങളും അതിനനുകൂലമായ രേഖകളും സാക്ഷികളുണ്ടെങ്കില്‍ അവരുടെ പേരും വിലാസവും 10 ദിവസത്തിനകം കമ്മിറ്റിക്ക് നല്‍കണം. സാമാന്യനീതി (Natural Justice)ക്ക് ഉതകുന്നവിധത്തില്‍ പരാതിയെപ്പറ്റി അന്വേഷണം നടത്തണം. തുടര്‍ച്ചയായ മൂന്നു തെളിവെടുപ്പുകളില്‍ പരാതിക്കാരിയോ എതിര്‍കക്ഷിയോ ഹാജരാകാതിരുന്നാല്‍ അന്വേഷണം അവസാനിപ്പിക്കാനോ ഹാജരാകാത്തവരെ കേള്‍ക്കാതെ (ex-parte) കേസ് തീര്‍പ്പാക്കാനോകമ്മിറ്റിക്ക് അധികാരമുണ്ടാകും.

കക്ഷികള്‍ക്കുവേണ്ടി അഭിഭാഷകര്‍ക്ക് ഹാജരാകാനാകില്ലെന്നും ചട്ടങ്ങളിലുണ്ട്. കമ്മിറ്റി പരാതി പരിഗണിക്കുമ്പോള്‍ ചെയര്‍മാനടക്കം മൂന്നുപേരെങ്കിലും ഹാജരുണ്ടാകണം. പരാതി തീര്‍പ്പാകുന്നതുവരെയുള്ള കാലയളവില്‍ പരാതിക്കാരിക്ക് മറ്റു തരത്തില്‍ ആശ്വാസം നല്‍കാനുള്ള വ്യവസ്ഥയും ചട്ടങ്ങളിലുണ്ട്. പരാതിക്കാരി രേഖാമൂലം ആവശ്യപ്പെട്ടാല്‍ പരാതിയിലെ എതിര്‍കക്ഷിയെ പരാതിക്കാരിയുടെ ജോലി വിലയിരുത്തുന്ന ചുമതലയില്‍നിന്നു മാറ്റി ആ ചുമതല മറ്റൊരാളെ ഏല്‍പ്പിക്കാന്‍ കമ്മിറ്റിക്ക് തൊഴിലുടമയോട് ശുപാര്‍ശ ചെയ്യാനാകും. ഒരു വിദ്യാഭ്യാസ സ്ഥാപനമാണെങ്കില്‍ പരാതിക്കാരിയുടെ അക്കാദമിക്ക് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതില്‍നിന്ന് എതിര്‍കക്ഷിയെ മാറ്റിനിര്‍ത്താം.


പരാതി ശരിയെന്നു കണ്ടാല്‍ ശിക്ഷയ്ക്കുള്ള നടപടിക്രമങ്ങളും ചട്ടങ്ങളിലുണ്ട്. സര്‍വീസ് ചട്ടങ്ങളില്ലാത്ത സ്ഥാപനങ്ങളിലാണ് ഈ വ്യവസ്ഥകള്‍ ബാധകമാകുക. രേഖാമൂലം ക്ഷമാപണം, താക്കീത്, ശാസന, ശമ്പള വര്‍ധനയോ ഇന്‍ക്രിമെന്റോ തടഞ്ഞുവയ്ക്കല്‍ എന്നീ ശിക്ഷകള്‍ കൂടാതെ പിരിച്ചുവിടല്‍വരെ ശിക്ഷയാകാം. കുറ്റക്കാരനെ കൗണ്‍സലിങ്ങിനു വിധേയനാക്കാനോ&ാറമവെ;സാമൂഹ്യസേവനം ചെയ്യാനോനിര്‍ദേശിക്കാം. ചട്ടങ്ങളില്‍ പറയുന്ന ഈ ശിക്ഷകള്‍ കൂടാതെ പ്രതിയില്‍നിന്ന് ഇരയ്ക്ക് നഷ്ടപരിഹാരം വാങ്ങി നല്‍കാനുള്ള വ്യവസ്ഥ നിയമത്തില്‍ത്തന്നെയുണ്ട്. പരാതി വ്യാജമോ ദുരുദ്ദേശ്യപരമോ എന്നു തെളിഞ്ഞാല്‍ പരാതിക്കാരിക്കും ശിക്ഷ നല്‍കാം. സര്‍വീസ്ചട്ടങ്ങളില്ലാത്തിടത്ത് അതും പിരിച്ചുവിടല്‍വരെയാകാം. (എന്നാല്‍ ദുരുദ്ദേശ്യം തെളിയിക്കാന്‍ അന്വേഷണം വേണം. ആരോപണം തെറ്റെന്ന കാരണത്താല്‍ മാത്രം ശിക്ഷിക്കാനാകില്ലെന്ന് നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.) അപ്പീല്‍ നല്‍കാനുള്ള അപ്പീല്‍ അധികാരിയെ സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നും ചട്ടങ്ങള്‍ പറയുന്നു.

പരാതി പരിഗണിക്കുന്ന വേളയില്‍ പരാതിക്കാരിയെയും എതിര്‍കക്ഷിയെയും സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുന്നവര്‍ക്ക് 5000 രൂപ പിഴ നല്‍കാമെന്നും ചട്ടം പറയുന്നു. ലൈംഗിക പീഡനങ്ങള്‍ക്കെതിരായി ബോധവല്‍ക്കരണം നടത്തുന്നതു സംബന്ധിച്ച വിശദാംശങ്ങളും ചട്ടങ്ങളിലുണ്ട്. കമ്മിറ്റികള്‍ പരിഗണിച്ച കേസുകളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി വാര്‍ഷിക

തിങ്കളാഴ്‌ച, സെപ്റ്റംബർ 30, 2013

കുട്ടിയും ശിക്ഷയും

കേസുകളില്‍ പ്രതിയാകുന്ന കുട്ടികളുടെ പ്രായം തര്‍ക്കമായാല്‍ എന്തുചെയ്യും? കുട്ടികള്‍ക്കുള്ള ശിക്ഷകള്‍ എത്രത്തോളമാകാം? ബാലനീതി നിയമത്തിലെ വ്യവസ്ഥകളെപ്പറ്റി...

കുട്ടികള്‍ കുറ്റംചെയ്താല്‍ അവര്‍ക്കെതിരെ എന്തൊക്കെ നിയമ നടപടികളാകാം എന്ന പ്രശ്നം എപ്പോഴും ചര്‍ച്ചചെയ്യപ്പെടുന്നത് കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെടുത്തിയാണ്. കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ഐക്യരാഷ്ട്രസഭാ പ്രഖ്യാപനം (Declaration of the Rights of the Child)  വന്നത് 1959 നവംബര്‍ 20നാണ്. പിന്നീട് 1985ല്‍ ബീജിങ് ചട്ടങ്ങളും 1990ല്‍ റിയാദ് ചട്ടങ്ങളും വന്നു. ലോകത്താകെ കുട്ടികളുടെ കുറ്റങ്ങള്‍ സര്‍ക്കാരുകള്‍ നേരിടുന്നത് ഈ മൂന്നു രേഖകളുടെ ചട്ടക്കൂട്ടില്‍ നിന്നാണ്.

മുതിര്‍ന്നവര്‍ കുറ്റംചെയ്യുമ്പോള്‍ നേരിടുന്ന രീതിയില്‍ കുട്ടികളുടെ കുറ്റങ്ങളെ നേരിടരുത് എന്നതുതന്നെയാണ് അടിസ്ഥാന തത്വം. കുറ്റംചെയ്യുന്ന കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക നിയമനിര്‍മാണംതന്നെ വേണമെന്ന നിര്‍ദേശം ബീജിങ് ചട്ടങ്ങളിലാണ് ഉണ്ടായത്. കുറ്റംചെയ്യുന്നവര്‍ കുട്ടികളാണോ എന്നു തീരുമാനിക്കാനുള്ള പ്രായം നിര്‍ണയിക്കുമ്പോള്‍ അത് തീരെ കുറച്ചാകരുതെന്ന് ഈ ചട്ടങ്ങളില്‍ പറഞ്ഞു. കുട്ടികളുടെ മാനസികവും ബുദ്ധിപരവും വൈകാരികവുമായ പക്വതയെ അടിസ്ഥാനമാക്കി വേണം ഇതെന്നും നിര്‍ദേശിക്കപ്പെട്ടു. ബീജിങ് ചട്ടങ്ങള്‍ നിലവില്‍വന്ന് നാലുവര്‍ഷത്തിനുശേഷമാണ് ഐക്യരാഷ്ട്ര പൊതുസഭ കുട്ടികളുടെ അവകാശങ്ങള്‍ അംഗീകരിക്കുന്ന പ്രമേയം പാസാക്കിയത്. 1990 സെപ്തംബര്‍ രണ്ടിന് ഇത് നിലവില്‍വന്നു. ഇന്ത്യ പ്രമേയത്തില്‍ ഒപ്പുവച്ച രാജ്യമായിരുന്നില്ല. പക്ഷേ 1992 ഡിസംബറില്‍ പ്രമേയം അംഗീകരിച്ചു. 2000ല്‍ നിലവില്‍വന്ന ജുവനൈല്‍ ജസ്റ്റിസ് ആക്ടി (ബാലനീതി നിയമം)ന്റെ തുടക്കം അവിടെനിന്നാണ്.

സമഗ്രമായ ബാലനീതി നിയമം (The Juvenile Justice (Care and Protection of Children) Act 2000) 2003 ഏപ്രില്‍ 10ന് പ്രാബല്യത്തിലായി. 2006ല്‍ ഇതിനു ദേഭഗതിയും വന്നു. കുട്ടികള്‍ കുറ്റംചെയ്താല്‍ ശിക്ഷ തീരുമാനിക്കാന്‍ ഈ നിയമം മാത്രമാണ് ബാധകം. അതിനുമുമ്പ് നിലവിലുണ്ടായിരുന്ന 1986ലെ ബാലനീതി നിയമം ഈ നിയമത്തോടെ ഇല്ലാതായി. കൂടുതല്‍ ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളുടെയും കുറ്റംചെയ്യാനിടയാകുന്ന കുട്ടികളുടെയും പുനരധിവാസം, സംരക്ഷണം തുടങ്ങിയവ സംബന്ധിച്ച വ്യവസ്ഥകളും ഈ നിയമത്തിലുണ്ട്.

കുട്ടികള്‍ ചെയ്യുന്ന കുറ്റങ്ങളെയും അവയ്ക്കുള്ള ശിക്ഷയെയുംപറ്റിയുള്ള കാര്യങ്ങള്‍ മാത്രമേ ഈ കുറിപ്പിന് വിഷയമാകുന്നുള്ളു. ശിക്ഷ എന്നതുതന്നെ കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാനുള്ള പുനരധിവാസ നടപടിയായാണ് നിയമം കണക്കാക്കുന്നത്.

ഒരു കുട്ടിയും ഒരു സാഹചര്യത്തിലും ജയിലിലോ ലോക്കപ്പിലോ കഴിയാനിടയാകരുതെന്ന് നിയമം ആഗ്രഹിക്കുന്നു. 18 വയസ്സു തികയാത്തവരാണ് നിയമത്തിലെ നിര്‍വചനപ്രകാരം കുട്ടിയാകുന്നത്. ഈ 18 വയസ്സാണ് അടുത്തിടെ നിയമതര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയത്. ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതികളിലൊരാളുടെ പ്രായത്തെച്ചൊല്ലിയായിരുന്നു വിവാദം. 18 വയസ്സു തികഞ്ഞിട്ടില്ലെന്ന് സ്കൂള്‍രേഖകളില്‍നിന്ന് വ്യക്തമായി. എങ്കിലും ഇത്തരത്തിലൊരു കൃത്യം ചെയ്ത പ്രതിയെ കുട്ടിയായി പരിഗണിച്ചാല്‍ മതിയോ എന്നതാണ് തര്‍ക്കമായത്.2000ലെ ബാലനീതി നിയമംതന്നെ അസാധുവാക്കണമെന്ന ആവശ്യവും ഉയര്‍ന്നു. ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീം കോടതിയിലെത്തി.

2013 ജൂലൈ 13ന് കോടതി കേസുകള്‍ തീര്‍പ്പാക്കി നിയമം ശരിവച്ചു. പ്രതിയെ "കുട്ടി"യായി കരുതിത്തന്നെ ശിക്ഷ വിധിക്കാന്‍ കോടതി ഉത്തരവിട്ടു. ഇതനുസരിച്ച് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ബാലനീതി നിയമപ്രകാരം കേസ് പരിഗണിച്ച് നല്‍കാവുന്ന പരമാവധി ശിക്ഷയായ മൂന്നുകൊല്ലത്തെ സ്പെഷ്യല്‍ ഹോം വാസം പ്രതിക്ക് നല്‍കുകയും ചെയ്തു.

പതിനെട്ടു വയസ്സുവരെ ഒരാളുടെ തലച്ചോറിന് വളര്‍ച്ചയുണ്ടാകുന്നുണ്ടെന്ന് ശാസ്ത്രീയ പഠനങ്ങള്‍ പറയുന്നതായി സുപ്രീം കോടതി ആ വിധിയില്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ പതിനെട്ടിലെത്തുമ്പോള്‍ മാത്രമേ ഒരാളെ അയാളുടെ ചെയ്തികള്‍ക്ക് ഉത്തരവാദിയായി കാണാനാകൂ ശാരീരിക വളര്‍ച്ചയ്ക്കൊപ്പം മാനസിക വളര്‍ച്ചയും പക്വത നിര്‍ണയിക്കുന്നതിന് അടിസ്ഥാനമാകണം. കുട്ടികളുമായി ബന്ധപ്പെട്ട പല നിയമങ്ങളും 18 വയസ്സാണ് പ്രായപൂര്‍ത്തിയെത്തുന്ന പ്രായമായി നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ട് 18 എന്ന പ്രായനിബന്ധന ന്യായമാണ്- സുപ്രീം കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍, ജ. സുരീന്ദര്‍സിങ് നിജ്ജാര്‍, ജ. ജെ ചെലമേശ്വര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വിധിയില്‍ പറഞ്ഞു.

പതിനെട്ടു വയസ്സുവരെയുള്ള കുട്ടികള്‍ കുറ്റംചെയ്താലും അവരെ കുറ്റവാസനകളില്‍നിന്നു പിന്തിരിപ്പിക്കാനാകുമെന്നും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പാര്‍ലമെന്റ് 18 എന്ന വയസ്സില്‍ ഉറച്ചത് ബോധപൂര്‍വമാണ്. 1986ലെ ബാലനീതി നിയമത്തില്‍ നിശ്ചയിച്ചിരുന്ന 16 വയസ്സ് ഉയര്‍ത്തി നിശ്ചയിച്ചാണ് 2000ലെ നിയമം പാസാക്കിയത്. അതുകൊണ്ട് പാര്‍ലമെന്റിന്റെ ഇക്കാര്യത്തിലെ വ്യക്തത പ്രകടമാണ്- വിധിയില്‍ ചൂണ്ടിക്കാട്ടി.പുതിയ നിയമം വന്നശേഷം കുട്ടികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ കൂടിയതായി കണക്കില്ലെന്നും കോടതി പറഞ്ഞു. കുറഞ്ഞതായാണ് കണക്ക്. ഈ സാഹചര്യത്തില്‍ 18 എന്ന പ്രായനിബന്ധന മാറ്റേണ്ടതില്ല- സുപ്രീം കോടതി വിധിയില്‍ പറഞ്ഞു.

സുപ്രീം കോടതി കേസ് തീര്‍പ്പാക്കിയെങ്കിലും ബാലനീതി നിയമത്തിനെതിരെ വിമര്‍ശങ്ങള്‍ ഇപ്പോഴും ഉയരുന്നുണ്ട്. പതിനാറു വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ കൊടുംകുറ്റങ്ങളില്‍ ഏര്‍പ്പെട്ടാല്‍, അവര്‍ക്ക് മൂന്നുകൊല്ലത്തെ സ്പെഷ്യല്‍ ഹോം വാസം മാത്രം മതിയോ ശിക്ഷയായി എന്ന ചോദ്യം ഉയരുന്നുണ്ട്. യുഎന്‍ പ്രമേയം അംഗീകരിക്കുന്ന രാജ്യങ്ങള്‍പോലും ഇത്തരം കുറ്റങ്ങള്‍ക്ക് കൂടുതല്‍ ശിക്ഷ നല്‍കുന്നുണ്ടെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയില്‍ പല സംസ്ഥാനത്തും പതിമൂന്നോ പതിനഞ്ചേ വയസ്സില്‍ കൂടുതലുള്ള കുട്ടികള്‍ കടുത്ത കുറ്റങ്ങള്‍ ചെയ്താല്‍ ബാലനീതി നിയമത്തിന്റെ പരിഗണന അവര്‍ക്കു കിട്ടില്ല. ബ്രിട്ടനില്‍ കുട്ടികളുടെ വിചാരണ നടത്തുന്നത് അവര്‍ക്കായുള്ള പ്രത്യേക കോടതിയായ യൂത്ത് കോര്‍ട്ടിലാണ്. പക്ഷേ കൊലപാതകമോ, ബലാത്സംഗമോ മറ്റോ ആണ് കുറ്റമെങ്കില്‍ കേസ് മജിസ്ട്രേട്ട് കോടതിക്കു കൈമാറും. കൂടുതല്‍ ശിക്ഷ അവര്‍ക്ക് നല്‍കുകയുമാകാം.

ഫ്രാന്‍സിലും പോളണ്ടിലും 13 വയസ്സാണ് കുട്ടിയെ നിര്‍ണയിക്കാനുള്ള പ്രായപരിധി. നോര്‍വേയില്‍ 14ഉം ഡെന്‍മാര്‍ക്കിലും സ്വീഡനിലും 15ഉം ആണ്. ഇസ്രയേലില്‍ ഒമ്പതു വയസ്സും ഗ്രീസില്‍ 12ഉം ആണ് ഈ പ്രായപരിധി.

നിലവിലുള്ള ശിക്ഷാ രീതിയില്‍ മാറ്റം വേണ്ടെന്നു വാദിക്കുന്നവര്‍പോലും ഇപ്പോഴത്തെ ഒബ്സര്‍വേഷന്‍ ഹോമുകളിലെയും സ്പെഷ്യല്‍ ഹോമുകളിലെയും അവസ്ഥയെപ്പറ്റി വിമര്‍ശം ഉയര്‍ത്തുന്നുണ്ട്. കുട്ടികള്‍ കൊടും കുറ്റവാളികളായി പുറത്തുവരാന്‍ ഇടയാക്കുന്ന സാഹചര്യമാണ് ഇവയില്‍ പലതിലും ഉള്ളതെന്നാണ് വിമര്‍ശം. കൗണ്‍സലിങ്ങും പുനരധിവാസവുമൊക്കെ കടലാസില്‍ ഒതുങ്ങുന്നു. ആവശ്യത്തിന് സ്പെഷ്യല്‍ ഹോമുകള്‍ ഇല്ലാത്ത അവസ്ഥയുമുണ്ട്.

നടപടികള്‍ ഇങ്ങനെ

കുട്ടികള്‍ പ്രതികളായാല്‍ കോടതിയല്ല, ബാലനീതി നിയമപ്രകാരം കേസുകള്‍ പരിഗണിക്കുന്നത്. ഇതിനായി പ്രത്യേകം രൂപീകരിച്ച ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളാകും കേസ് കേള്‍ക്കുക. എല്ലാ ജില്ലയിലും ഒന്നോ അതിലധികമോ ബോര്‍ഡുകളാകാം.

ഒരു ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ടും രണ്ട് സാമൂഹ്യപ്രവര്‍ത്തകരുമാകും ബോര്‍ഡ് അംഗങ്ങള്‍. സാമൂഹ്യപ്രവര്‍ത്തകരില്‍ ഒരാളെങ്കിലും സ്ത്രീ ആകണം. മജിസ്ട്രേട്ടിനും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും കുട്ടികളുടെ മനഃശാസ്ത്രത്തിലും ശിശുക്ഷേമത്തിലും അറിവും പരിശീലനവും ഉണ്ടാകണം.

ബോര്‍ഡ് അംഗങ്ങള്‍ക്ക് ഒന്നിച്ചും കൂട്ടായും കേസുകള്‍ പരിഗണിക്കാനാകും. തര്‍ക്കം വന്നാല്‍ ഭൂരിപക്ഷാടിസ്ഥാനത്തില്‍ തീരുമാനിക്കാം.

ഒരു കേസില്‍ ഹാജരാക്കിയ പ്രതി കുട്ടിയാണെന്ന് ഏതെങ്കിലും മജിസ്ട്രേട്ടിനു ബോധ്യമായാല്‍ ആ കുട്ടിയുടെ കേസ് പരിഗണിക്കാന്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലേക്ക് അയക്കണം.

കുറ്റംചെയ്യുമ്പോള്‍ പ്രതി കുട്ടിയായിരുന്നുവെന്ന് ഏതെങ്കിലും കേസില്‍ സംശയമുണ്ടായാല്‍ കേസ് പരിഗണിക്കുന്ന കോടതി അതേപ്പറ്റി അന്വേഷണം നടത്തണം. പ്രതി കുട്ടിയാണെന്ന് ബോധ്യമായാല്‍ അത് രേഖപ്പെടുത്തി കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലേക്ക് അയക്കണം.

കേസിന്റെ ഏതു ഘട്ടത്തിലായാലും കേസ് തീര്‍പ്പാക്കിക്കഴിഞ്ഞായാലും പ്രതി കുറ്റംചെയ്യുമ്പോള്‍ കുട്ടിയായിരുന്നുവെന്നു തെളിഞ്ഞാല്‍ കേസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ പരിഗണനയ്ക്ക് അയക്കണം. ഈ കുട്ടിയുടെ കാര്യത്തില്‍ മറ്റു കോടതികള്‍ നിശ്ചയിച്ച ശിക്ഷയൊന്നും പിന്നെ നിലനില്‍ക്കില്ല.

പ്രതിയായ കുട്ടികളെ കേസിന്റെ പരിഗണനാവേളയില്‍ പാര്‍പ്പിക്കാന്‍ ഒബ്സര്‍വേഷന്‍ ഹോമുകള്‍ ഉണ്ടാകണം.

കേസ് പൂര്‍ത്തിയാകുമ്പോള്‍ ബോര്‍ഡിന്റെ ഉത്തരവുണ്ടായാല്‍ അതനുസരിച്ച് കുട്ടികളെ പാര്‍പ്പിക്കാനുള്ള സ്പെഷ്യല്‍ ഹോമുകള്‍ ഉണ്ടാകണം.

ഏതെങ്കിലും കേസില്‍ പിടിയിലാകുന്നത് കുട്ടികളാണെങ്കില്‍ അവരെ 24 മണിക്കൂറിനകം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാകണം. ഒരുകാരണവശാലും അവരെ ലോക്കപ്പിലോ ജയിലിലോ താമസിപ്പിച്ചുകൂട.

ജാമ്യം കൊടുക്കാവുന്ന കേസില്‍ ജാമ്യം കൊടുക്കണം. ജാമ്യമില്ലെങ്കില്‍ ഒബ് സര്‍വേഷന്‍ ഹോമിലേക്ക് അയക്കണം.

കുട്ടികളെ അറസ്റ്റ്ചെയ്താല്‍ മാതാപിതാക്കളെ (അവരെ കണ്ടെത്താനാകുമെങ്കില്‍) അറിയിക്കണം. ബോര്‍ഡിനു മുമ്പില്‍ കുട്ടിയെ ഹാജരാക്കുമ്പോള്‍ അവിടെ എത്താനും അവരോട് നിര്‍ദേശിക്കണം.

ബോര്‍ഡിനു മുമ്പില്‍ കേസില്‍ പ്രതിയായി ഒരു കുട്ടിയെ ഹാജരാക്കിയാല്‍ ബോര്‍ഡ് കുട്ടിക്കെതിരായ കുറ്റത്തെപ്പറ്റി അന്വേഷണം നടത്തണം. നാലുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം.

കുട്ടി കുറ്റംചെയ്തതായി അന്വേഷണത്തില്‍ ബോധ്യമായാല്‍ ഏഴു തരത്തില്‍ ബോര്‍ഡിന് തീരുമാനമെടുക്കാം.
1. താക്കീതു നല്‍കി വീട്ടില്‍ വിടാം. കുട്ടിക്കും മാതാപിതാക്കള്‍ക്കും കൗണ്‍സലിങ് നല്‍കാം.
2. കൂട്ടായ കൗണ്‍സലിങ് പോലെയുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ കുട്ടിക്ക് നിര്‍ദേശം നല്‍കാം.
3. കുട്ടിയെ സാമൂഹ്യസേവനത്തിന് അയക്കാം.
4. പിഴവിധിക്കാം. കുട്ടി സ്വയം സമ്പാദിക്കുന്നുണ്ടെങ്കിലേ ഇതു പാടുള്ളു. 14 വയസ്സിനു മുകളില്‍ പ്രായമുണ്ടാകുകയും വേണം.
5. മൂന്നുകൊല്ലത്തില്‍ കുറയാത്ത കാലത്തേക്ക് നല്ലനടപ്പിനു വിധിക്കാം. ഇക്കാലയളവില്‍ കുട്ടിയുടെ ക്ഷേമവും നല്ല പെരുമാറ്റവും രക്ഷിതാക്കള്‍ ഉറപ്പുവരുത്തണം.
6. രക്ഷിതാക്കള്‍ക്കു പകരം ഏതെങ്കിലും സ്ഥാപനത്തിന്റെ ഉറപ്പിലും കുട്ടിയെ നല്ലനടപ്പിനു നിര്‍ദേശിച്ച് അയക്കാം.
7. മൂന്നുകൊല്ലത്തേക്ക് കുട്ടിയെ ഒരു സ്പെഷ്യല്‍ ഹോമില്‍ പാര്‍പ്പിക്കാന്‍ നിര്‍ദേശിക്കാം.


ഒരു കുറ്റത്തിനും കുട്ടികള്‍ക്കെതിരെ വധശിക്ഷയോ ജീവപര്യന്തം തടവുശിക്ഷയോ മറ്റു ശിക്ഷകളോ വിധിക്കാന്‍പാടില്ല. 16 വയസ്സു തികഞ്ഞ ഏതെങ്കിലും കുട്ടിയെ സ്പെഷ്യല്‍ ഹോമില്‍ പാര്‍പ്പിക്കുന്നത് അവിടെയുള്ള മറ്റു കുട്ടികളെ ദോഷകരമായി ബാധിക്കുമെന്ന് ബോര്‍ഡിനു തോന്നിയാല്‍ അവരെ മറ്റെവിടെയെങ്കിലും സുരക്ഷിതമായ സ്ഥലത്ത് പാര്‍പ്പിക്കാന്‍ ബോര്‍ഡിന് നിര്‍ദേശിക്കാം. ഇതനുസരിച്ച് സര്‍ക്കാര്‍ സ്ഥലം നിശ്ചയിക്കണം.

ഏതു കേസിലായാലും ഒരു കുട്ടിയെ കുട്ടിയല്ലാത്ത ഒരാള്‍ക്കൊപ്പം പ്രതിയാക്കുകയോ വിചാരണചെയ്യാനോ പാടില്ല.

ഏതെങ്കിലും കേസില്‍ ഉള്‍പ്പെടുന്ന കുട്ടിയെ തിരിച്ചറിയാനാകുംവിധം വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാന്‍പാടില്ല. ചെയ്താല്‍ 20,000 രൂപവരെ പിഴ വിധിക്കാം.
Email:advocatekrdeepa@gmail.com

പ്രായം തര്‍ക്കമാകുമ്പോള്‍

കേസുകളില്‍ പ്രതിയാകുന്ന കുട്ടികളുടെ പ്രായം തര്‍ക്കമായാല്‍ കോടതികള്‍ക്ക്/ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകള്‍ക്ക് തീര്‍പ്പാക്കേണ്ടിവരും. ഇക്കാര്യത്തില്‍ രേഖാമൂലമുള്ള തെളിവുതന്നെയാണ് പ്രധാനമെന്ന് ചട്ടങ്ങളില്‍ പറയുന്നു.

എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്പോലുള്ളവ ഉണ്ടെങ്കില്‍ അവ ആധാരമാക്കാം. ഇല്ലെങ്കില്‍ ആദ്യം പഠിച്ച സ്കൂളില്‍നിന്നുള്ള ജനനത്തീയതി രേഖ പരിഗണിക്കാം. തദ്ദേശഭരണ സ്ഥാപനങ്ങളില്‍നിന്നുള്ള ഈ സര്‍ട്ടിഫിക്കറ്റുകള്‍ വയസ്സുനിര്‍ണയത്തിന് അടിസ്ഥാനമാക്കാം. ഇതൊന്നും ലഭ്യമല്ലെങ്കില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ പരിഗണനയ്ക്കു വിടാം. അവിടെയും ഏകദേശ പ്രായനിര്‍ണയമാണ് ഉണ്ടാകുന്നതെങ്കില്‍ കോടതിക്ക് യുക്തമായ തീരുമാനത്തിലെത്താം. ഇങ്ങനെ വിവേചനാധികാരം പ്രയോഗിക്കുമ്പോള്‍ മെഡിക്കല്‍ പരിശോധനയില്‍നിന്നു തെളിഞ്ഞ പ്രായപരിധിയിലെ കുറഞ്ഞപ്രായത്തിന് കോടതികള്‍ മുന്‍ഗണന നല്‍കണം. പരമാവധി ഒരുകൊല്ലംവരെ ഇത്തരത്തില്‍ ആനുകൂല്യം നല്‍കാം.

രേഖകള്‍ ലഭ്യമായിട്ടും കുറ്റത്തിന്റെ ഗൗരവം നോക്കി "ഈ കുറ്റം ഒരു കുട്ടിക്ക് ചെയ്യാനാവില്ല. അതുകൊണ്ട് ചെയ്തയാള്‍ കുട്ടിയല്ല" എന്ന മട്ടില്‍ നിഗമനങ്ങള്‍ നടത്തുന്ന രീതി കോടതികള്‍ക്കുണ്ടായിരുന്നു. ഇത്തരത്തിലുണ്ടായ പല വിധികളും സുപ്രീം കോടതിതന്നെ തിരുത്തിയിട്ടുണ്ട്. പ്രായനിര്‍ണയം തര്‍ക്കത്തിലായാല്‍ സംശയത്തിന്റെ ആനുകൂല്യം (Benefit of Doubt) കുട്ടിക്കു നല്‍കണമെന്നും സുപ്രീം കോടതി വിധിച്ചിട്ടുണ്ട്.

എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് എതിരായിരിക്കുമ്പോള്‍ റേഷന്‍കാര്‍ഡിലെ പ്രായവും മറ്റും അടിസ്ഥാനമാക്കി പ്രതിയെ കുട്ടിയാണെന്ന് വിധിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

എല്ലു നോക്കി പ്രായം

പ്രായനിര്‍ണയത്തിനുള്ള ശാസ്ത്രീയ മാര്‍ഗങ്ങളിലൊന്ന് എല്ലു പരിശോധനയാണ്. കലകള്‍ എല്ലുകളായി രൂപപ്പെടുന്ന പ്രക്രിയ (Ossification) യാണ് പഠനത്തിന്റെ അടിത്തറ.

ഓസ്റ്റിയോബ്ലാസ്റ്റസ് കലകള്‍ ചേര്‍ന്നാണ് എല്ലുകള്‍ രൂപപ്പെടുന്നത്. എല്ലാകല്‍ പ്രക്രിയ മനുഷ്യരില്‍ 25 വയസ്സോടെ ഏറെക്കുറെ പൂര്‍ത്തിയാകും. അതുകൊണ്ട് ഇത് ഏതു ഘട്ടത്തിലെത്തി എന്നു നോക്കിയാല്‍ ഏറെക്കുറെ പ്രായമറിയാം. ഇതു പക്ഷേ കൃത്യമാകണമെന്നില്ല. രണ്ടുകൊല്ലംവരെ പിശകിന് സാധ്യതയുണ്ട്.

ആണ്‍കുട്ടികളില്‍ അഞ്ചുമുതല്‍ 14 വയസ്സുവരെയാണ് എല്ലുകളുടെ ബലപ്പെടല്‍ സജീവമാകുന്നത്. പെണ്‍കുട്ടികളില്‍ അഞ്ചിനും 12നും ഇടയിലും. 17 മുതല്‍ 20 വരെയുള്ള പ്രായത്തിനിടയിലാണ് കൈകളിലെയും തോളെല്ലിലെയും അസ്ഥികള്‍ ഉറയ്ക്കുന്നത്.

കാലുകളിലെയും അരക്കെട്ടിലെയും എല്ലുകള്‍ പൂര്‍ണമായും ബലപ്പെടുന്നത് 18 മുതല്‍ 23 വരെ വയസ്സിനിടയിലാണ്. 23നും 25നും ഇടയില്‍ നെഞ്ചിലെയും നട്ടെല്ലിലെയും എല്ലുകള്‍ ബലപ്പെടും.

25 വയസ്സോടെ എല്ലാ എല്ലുകളും ബലപ്പെടും. ഇത് അടിസ്ഥാനമാക്കിയാണ് എല്ലുകളുടെ പരിശോധനയിലൂടെ ഒരുപരിധിവരെ പ്രായനിര്‍ണയം സാധിക്കുന്നത്.

2012ല്‍ ആകെ കേസ്  31973

ദേശീയ കുറ്റവിവര ശേഖരണ വിഭാഗ (National Crimes Record Bureau)  ത്തിന്റെ കണക്കനുസരിച്ച് കുട്ടികള്‍ പ്രതികളായ കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധന ഇന്ത്യയിലുണ്ടായിട്ടില്ല. കഴിഞ്ഞ 10 വര്‍ഷമായി മൊത്തം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കുറ്റങ്ങളില്‍ ഒരു ശതമാനത്തിനും 1.2 ശതമാനത്തിനും ഇടയിലാണ് കുട്ടികള്‍ പ്രതിയായ കേസുകള്‍. 2012ലെ ആകെ കേസുകളുടെ എണ്ണം 31973 ആണ്. ഇത്രയും കേസുകളിലായി അറസ്റ്റ് ചെയ്യപ്പെട്ടവര്‍ 39822 പേരാണ്. ഇവരില്‍ 1672 പെണ്‍കുട്ടികളുമുണ്ട്. കേസുകളുടെ കണക്ക് ചുവടെ: (വിചാരണ ചെയ്യപ്പെടാവുന്ന കുറ്റങ്ങള്‍ ഉള്‍പ്പെട്ട കേസുകള്‍ മാത്രമാണിത്)

വര്‍ഷം    കേസുകള്‍   ശതമാനം
2002        18560             1.0
2003         17819            1.0
2004        19229             1.0
2005         18939            1.0
2006          21088           1.1
2007          22865            1.1
2008           24535           1.2
2009           23926           1.1
2010           22740           1.0
2011            25125          1.1
2012            27936          1.2

മൊത്തം കേസുകളുടെ എണ്ണം അധികം കൂടിയിട്ടില്ലെങ്കിലും ബലാത്സംഗ കേസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന അഞ്ച് കൊല്ലത്തിനിടെ ഉണ്ടായി. ഇത്തരം കേസുകളില്‍ 2007 മുതല്‍ 2011 വരെയുള്ള ശരാശരി 865 ആണ്. എന്നാല്‍ 2012ല്‍ കേസുകളുടെ എണ്ണം 1175 ആയി. 35.8 ശതമാനമാണ് വര്‍ധന. 2002നെ അപേക്ഷിച്ച് 142.3 ശതമാനം വര്‍ധനയുണ്ട്. ബലാത്സംഗ കേസില്‍ ഉള്‍പ്പെട്ട 1316 പേരില്‍ 881 പേര്‍ 16 നും 18നും ഇടയ്ക്ക് പ്രായമുള്ളവരാണ്.

കേസുകളുടെ എണ്ണത്തില്‍ മധ്യപ്രദേശാണ് മുന്നില്‍. ആകെ 5677 കേസുകള്‍. ഇതില്‍161 കൊലപാതകവും 249 ബലാല്‍ത്സംഗവുമുണ്ട്.

കേരളത്തിലെ ആകെ കേസുകളുടെ എണ്ണം 2012ല്‍ 578 ആണ്. ഇതില്‍ 12 കൊലപാതകവും 13 കൊലപാതക ശ്രമവും 25 ബലാത്സംഗവും 10 തട്ടിക്കൊണ്ടുപോകലും ഉള്‍പ്പെടുന്നു. ആകെ 916 കുട്ടികളാണ് ഈ കേസുകളിലായി പിടിയിലായത്. ഇവരില്‍ 11 പെണ്‍കുട്ടികളുമുണ്ട്.


ശനിയാഴ്‌ച, ജനുവരി 19, 2013

പ്രതിദിനം 66 ബലാത്സംഗം; ശിക്ഷ കിട്ടുന്നത് നാലിലൊന്നില്‍

അഡ്വ. കെ ആര്‍ ദീപ

ഇന്ത്യയില്‍ ബലാത്സംഗക്കേസുകള്‍ എല്ലാവര്‍ഷവും കൂടുകയാണ്. ഇന്ത്യന്‍ ക്രൈംസ് റെക്കോഡ്സ്് ബ്യൂറോയുടെ കണക്കുമാത്രം മതി ഇതിനു തെളിവിന്. (പട്ടിക കാണുക). 2010ല്‍ 21,603 കേസാണ് ഉണ്ടായതെങ്കില്‍ 2011ല്‍ ഇത് 24,206 ആണ്. അതായത് രാജ്യത്ത് പ്രതിദിനം 66 ബലാത്സംഗംവീതം നടക്കുന്നു. ഇതുകൂടാതെ തട്ടിക്കൊണ്ടുപോകല്‍, മാനഭംഗശ്രമം, ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പീഡനം തുടങ്ങിയ മറ്റ് കുറ്റകൃത്യങ്ങളുടെ എണ്ണം 2,28,650 വരും. ഇതൊക്കെ പൊലീസ്സ്റ്റേഷന്‍വരെ എത്തുന്ന കുറ്റങ്ങളുടെ കണക്കുമാത്രമാണ്.

ബലാത്സംഗക്കേസുകളില്‍ ശിക്ഷിക്കപ്പെടല്‍ ഇപ്പോഴും വളരെ കുറവാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കോടതികളിലെത്തുന്ന മുക്കാല്‍ഭാഗത്തോളം കേസിലും പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ലെന്ന് ക്രൈംസ് റെക്കോഡ്സ്ബ്യൂറോയുടെ കണക്കുതന്നെ പറയുന്നു. 2011ല്‍ വിധിപറഞ്ഞ കേസുകളില്‍ 26.4 ശതമാനത്തില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. 2011ല്‍ ആകെ കോടതിയിലെത്തിയത് 15,423 കേസുകളാണ്. ഇതില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടത് 4072 കേസില്‍ മാത്രം. 11,351 കേസില്‍ പ്രതികളെ കോടതി വിട്ടയച്ചു. 2010ലും ഏറെക്കുറെ ഇതേ സ്ഥിതിയായിരുന്നു. ആ വര്‍ഷം കോടതി തീര്‍പ്പാക്കിയത്് 14,263 കേസാണ്. ശിക്ഷ ഉണ്ടായത് 3,788 കേസിലും (ശതമാനം 26.6).

ശിക്ഷ കുറയുന്നതിനു കാരണം അനേകമുണ്ട്. പ്രഥമവിവര റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ഉണ്ടാകുന്ന തിരിമറിമുതല്‍ ആണ്‍കോയ്മയുടെ നീതിബോധം മാത്രമുള്ള ജഡ്ജിമാര്‍വരെ കാരണമാകാം. അതുകൊണ്ടുതന്നെയാണ് നീതിനടത്തിപ്പില്‍ ഇത്തരത്തിലുള്ള വീഴ്ചകള്‍ വരില്ലെന്ന് ഉറപ്പാക്കുന്ന വ്യവസ്ഥകള്‍ നിയമത്തില്‍ത്തന്നെ വേണമെന്ന് ആവശ്യമുയരുന്നത്.

""കൊലപാതകി അയാളുടെ ഇരയുടെ ഭൗതികശരീരം മാത്രമാണ് നശിപ്പിക്കുന്നത്. ഒരു ബലാത്സംഗത്തില്‍ നിസ്സഹായയായ ഒരു സ്ത്രീയുടെ ആത്മാവുതന്നെ നശിപ്പിക്കപ്പെടുകയാണ്"" എന്നു പറഞ്ഞത് ഇന്ത്യന്‍ സുപ്രീം കോടതിയാണ്. ബലാത്സംഗത്തെ മറ്റു കുറ്റകൃത്യങ്ങളില്‍നിന്നു വേര്‍തിരിച്ചു കാണേണ്ടതാണെന്ന തിരിച്ചറിവ് കോടതികള്‍ ഏറെക്കാലമായി പ്രകടിപ്പിക്കാറുമുണ്ട്. എന്നാല്‍ ഇടയ്ക്കിടെയുണ്ടാകുന്ന ചില വിധികളും ഉന്നത നിയമജ്ഞരുടെതന്നെ ചില "വെളിപാടു"കളും ഇരകള്‍ക്ക് നീതിനിഷേധത്തിന് വഴിവയ്ക്കുന്നു.

"ഒത്തുതീര്‍ക്കാവുന്" തര്‍ക്കമായും ഇരയെ വിവാഹംകഴിച്ചാല്‍ തീരുന്ന "പാപ"മായും ചില കോടതികള്‍ ബലാത്സംഗത്തെ നിര്‍വചിക്കുന്നു. കുറഞ്ഞ ശിക്ഷ നിയമത്തിലുള്ളപ്പോഴും ഒഴികഴിവുകള്‍ കണ്ടെത്തി അതിലും കുറഞ്ഞ ശിക്ഷ നല്‍കുന്ന കോടതികളും ഇന്ത്യയിലുണ്ട്. അതുകൊണ്ടാണ്് ഇങ്ങനെ ശിക്ഷാഇളവ് അരുതെന്ന് നിയമത്തില്‍ത്തന്നെ വ്യവസ്ഥ വേണമെന്ന് സിപിഐ എമ്മും വിവിധ വനിതാസംഘടനകളും ആവശ്യപ്പെടുന്നത്.

1956ലാണ് ആദ്യമായി ശ്രദ്ധേയമായ ബലാത്സംഗക്കേസ് (ഘനശ്യാം മിശ്ര വേഴ്സസ് ദി സ്റ്റേറ്റ്) സുപ്രീം കോടതിയിലെത്തിയത്. 10 വയസ്സുകാരിയായ പെണ്‍കുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്. അധ്യാപകനായിരുന്നു പ്രതി. അയാള്‍ ശിക്ഷിക്കപ്പെട്ടു. എന്നാല്‍ കേസിലെ ഇരയുടെ ഓരോ മൊഴിക്കും ബലംനല്‍കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞതുകൊണ്ടു മാത്രമായിരുന്നു ഇത്. അങ്ങനെ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ അന്ന് പ്രതി ശിക്ഷിക്കപ്പെടുമായിരുന്നുള്ളൂ. എന്നാല്‍ ബലാത്സംഗക്കേസുകളില്‍ ഈ സമീപനം കോടതികള്‍ പിന്നീട് ഉപേക്ഷിച്ചു. ഇരയുടെ മൊഴിതന്നെ ആധാരമാക്കി പ്രതിയെ ശിക്ഷിക്കാമെന്ന് സുപ്രീം കോടതി ആവര്‍ത്തിച്ചു വിധിച്ചു.

""ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെ കുറ്റത്തിലെ കൂട്ടാളിയായല്ല കാണേണ്ടത്; മറ്റൊരാളുടെ ക്രൂരതയുടെ ഇരയായാണ്""- 2011 ഒക്ടോബറിലെ ഒരു കേസിലും സുപ്രീം കോടതി വ്യക്തമാക്കി. ""സാധാരണ നിലയില്‍ പരിക്കേറ്റ ഒരു സാക്ഷിയുടെ മൊഴിപോലെയല്ല അവളുടെ മൊഴികള്‍ കാണേണ്ടത്. അവള്‍ വൈകാരികമായിക്കൂടി പരിക്കേല്‍പ്പിക്കപ്പെട്ടിരിക്കുകയാണ്. ഒരു കുറ്റകൃത്യത്തിലെ കൂട്ടാളിയുടെ മൊഴി പരിഗണിക്കുന്നതുപോലെ സംശയത്തോടെയല്ല ആ മൊഴി കാണേണ്ടത്""- ജസ്റ്റിസ് പി സദാശിവവും ജസ്റ്റിസ് ബി എസ് ചൗഹാനും ഉള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.

സ്ത്രീയുടെ സ്വഭാവം "മോശ"മാണെന്നു മുദ്രകുത്തി ബലാത്സംഗക്കേസിലെ പ്രതികളെ വിട്ടയക്കുന്ന പ്രവണതയും സുപ്രീം കോടതി വിലക്കിയിട്ടുണ്ട്. ബലാത്സംഗ കേസുകളില്‍ നിയമം നിര്‍ദേശിക്കുന്നതിലും കുറഞ്ഞ ശിക്ഷ നല്‍കിയ ഹൈക്കോടതികളെ സുപ്രീം കോടതി പലവട്ടം വിമര്‍ശിച്ചു. 2005ല്‍ മധ്യപ്രദേശില്‍നിന്ന് ഇത്തരത്തിലൊരു കേസുണ്ടായി. ഹൈക്കോടതിയാണ് പ്രതിയെ ഒമ്പതരമാസത്തെ തടവിനുശേഷം വിട്ടയച്ചത്. സെഷന്‍സ് കോടതി 10 കൊല്ലം തടവിനുശിക്ഷിച്ച പ്രതിയെയാണ് വിട്ടത്. തെളിവുകളുടെ വിശദപരിശോധനപോലും നടത്താതെയുള്ള ഈ നടപടി സുപ്രീം കോടതി റദ്ദാക്കി. അന്നത്തെ ചീഫ് ജസ്റ്റിസ് ആര്‍ സി ലഹോട്ടിയും ജസ്റ്റിസ് ജി പി മാത്തൂരും ജസ്റ്റിസ് പി കെ ബാലസുബ്രഹ്മണ്യവും ഉള്‍പ്പെട്ട ബെഞ്ചിന്റേതായിരുന്നു വിധി. കേസ് വീണ്ടും പരിഗണിച്ച് നിയമപ്രകാരം ശിക്ഷ നല്‍കാന്‍ നിര്‍ദേശിച്ചാണ് സുപ്രീം കോടതി കേസ് തീര്‍പ്പാക്കിയത്.

""ഇത്തരത്തിലൊരു കുറ്റത്തിന് നിയമത്തില്‍ പറയുന്ന പരമാവധി ശിക്ഷയോ കുറഞ്ഞ ശിക്ഷയോ നല്‍കാം. പക്ഷേ കുറഞ്ഞ ശിക്ഷയിലും താഴെ നല്‍കരുത്. കേസ് നീണ്ടുപോയതോ, ഇരയെ വിവാഹംകഴിക്കാമെന്ന പ്രതിയുടെ വാഗ്ദാനമോ അക്രമിയുടെ പ്രായമോ ഒന്നും അങ്ങനെ ശിക്ഷ കുറയ്ക്കാന്‍ മതിയായ കാരണമാകില്ല""- കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ 2005ലെ ഈ വിധി നിലനില്‍ക്കെ പല സംസ്ഥാനങ്ങളിലും ഇരയെ വിവാഹം കഴിക്കാന്‍ "സമ്മതിച്ച" പ്രതികളെ വിട്ടയക്കുന്ന സ്ഥിതിയുണ്ടായി.

ഒറീസയില്‍ ജയില്‍ അധികൃതരുടെ മുന്‍കൈയില്‍ ഇത്തരത്തില്‍ ഒന്നിലേറെ വിവാഹം നടത്തുകയും പ്രതികളെ പിന്നിട്, മോചിപ്പിക്കുകയും ചെയ്തു. 2010ല്‍ അന്നത്തെ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണനില്‍നിന്നുണ്ടായ ഒരു പരാമര്‍ശവും ഈ നിയമവിരുദ്ധ ചെയ്തികള്‍ക്കു പിന്‍ബലമായി. ബലാത്സംഗത്തിനിരയായ സ്ത്രീ ആഗ്രഹിക്കുന്നുവെങ്കില്‍ ബലാത്സംഗം ചെയ്തയാളെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഈ പരാമര്‍ശം. ബലാത്സംഗത്തിലൂടെ ഇര ഗര്‍ഭിണിയായിട്ടുണ്ടെങ്കില്‍ കുഞ്ഞിന് അച്ഛനെ കിട്ടുമല്ലോ എന്ന വാദവും അദ്ദേഹത്തില്‍നിന്നുണ്ടായി. അന്ന് വനിതാസംഘടനകള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി.


2011 ഫെബ്രുവരിയില്‍ സുപ്രീം കോടതിയില്‍നിന്നുതന്നെ ഉണ്ടായ മറ്റൊരു വിധിയും ഏറെ വിമര്‍ശിക്കപ്പെട്ടു.ബലാത്സംഗക്കേസില്‍ ശിക്ഷ അനുഭവിച്ചിരുന്ന മൂന്നുപേരെ കോടതി അതുവരെയുള്ള ശിക്ഷ (മൂന്നരവര്‍ഷം) മതിയെന്നു ചൂണ്ടിക്കാട്ടി വിട്ടയച്ചതാണ് വിവാദമായത്. പഞ്ചാബില്‍നിന്നുള്ള ഈ കേസില്‍ പ്രതികളും ഇരയുമായി ധാരണയിലെത്തിയെന്ന ന്യായമാണ് കോടതി പറഞ്ഞത്. ഒത്തുതീര്‍പ്പിലൂടെ ധാരണയുണ്ടാക്കി തീര്‍ക്കാവുന്ന "കുറ്റ"മായി ബലാത്സംഗത്തെ ലളിതവല്‍ക്കരിക്കുകയാണ് സുപ്രീം കോടതി ചെയ്തതെന്ന ശക്തമായ വിമര്‍ശം അന്നുണ്ടായി. ഇര പ്രതിയെ വിവാഹം കഴിക്കാന്‍ തയ്യാറാവുന്നെങ്കില്‍ അത് ഇരയെന്ന നിലയില്‍ സമൂഹത്തില്‍ അവള്‍ നേരിടുന്ന തുടര്‍പീഡനങ്ങള്‍ ഭയന്നും നിസ്സഹായതകൊണ്ടും മാത്രമാകും. ബലാത്സംഗത്തിനിരയാകുന്ന പെണ്‍കുട്ടികള്‍ "ഒളിവില്‍" പോകേണ്ടിവരികയും പ്രതികള്‍ സമൂഹത്തില്‍ ഞെളിഞ്ഞുനടക്കുകയും ചെയ്യുന്നത് കേരളത്തില്‍പ്പോലും അപൂര്‍വമല്ലല്ലോ. അതുകൊണ്ടുതന്നെയാണ് ബലാത്സംഗത്തിനിരയാകുന്നവരുടെ പുനരധിവാസം സര്‍ക്കാരിന്റെ ഉത്തരവാദിത്തമായി മാറ്റിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ പരിഹാരം ഉണ്ടാക്കാന്‍ കഴിയൂവെന്ന് സ്ത്രീസംഘടനകള്‍ പറയുന്നത്.


നിയമം ഇങ്ങനെ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 375-ാം വകുപ്പിലാണ് ബലാത്സംഗത്തിന്റെ നിര്‍വചനം.സ്ത്രീയുടെ താല്‍പ്പര്യത്തിനു വിരുദ്ധമായും അവളുടെ അനുമതി ഇല്ലാതെയും പുരുഷന്‍ അവളുമായി നടത്തുന്ന ലൈംഗികവേഴ്ചയാണ് ബലാത്സംഗത്തെ നിര്‍വചിക്കുന്നത്. സമ്മതം എന്നത് ഏതൊക്കെ സാഹചര്യത്തില്‍ സ്വീകാര്യമാകില്ലെന്നും ഇവിടെ പറയുന്നു. ഭീഷണിയിലൂടെ നേടിയെടുക്കുന്ന സമ്മതം സമ്മതമാകില്ല. വേണ്ടപ്പെട്ട ആരെയെങ്കിലും അപായപ്പെടുത്തുമെന്നു ഭയപ്പെടുത്തി നേടുന്ന സമ്മതവും ഇതിന്റെ പരിധിയില്‍വരും.വിവാഹവാഗ്ദാനം നല്‍കിയും വിവാഹം കഴിച്ചതായി തെറ്റിദ്ധരിപ്പിച്ചും നേടുന്ന അനുമതിയും സമ്മതമാകില്ല. മാനസിക സ്ഥിരതയില്ലാത്തതോ ലഹരിപദാര്‍ഥങ്ങളുടെ സ്വാധീനത്തിലുള്ളതോ ആയ സ്ത്രീയുമായി നടത്തുന്ന ലൈംഗിക ബന്ധവും ഈ സെക്ഷന്‍പ്രകാരം ബലാത്സംഗത്തിന്റെ പരിധിയില്‍വരും. ഇവിടെയും സമ്മതം ഉണ്ടോ ഇല്ലയോ എന്നത് പ്രസക്തമല്ല. 16-ല്‍ത്താഴെ പ്രായമുള്ള പെണ്‍കുട്ടിയുമായുള്ള ഏതു ലൈംഗികബന്ധവും ബലാത്സംഗമാണ്. ഇവിടെയും സമ്മതത്തിന് പ്രസക്തിയില്ല.

ബലാത്സംഗത്തിന് ശിക്ഷ നിര്‍ദേശിക്കുന്നത് 376-ാം വകുപ്പിലാണ്. കുറഞ്ഞത് ഏഴു വര്‍ഷം തടവും പിഴയുമാണ് ബലാത്സംഗത്തിനുള്ള ശിക്ഷ. പൊലീസ് കസ്റ്റഡിയിലിരിക്കുമ്പോഴോ ജയിലിലോ ആശുപത്രിയിലോ ആയിരിക്കുമ്പോഴോ അധികാരം ദുരുപയോഗംചെയ്ത് നടത്തുന്ന ബലാത്സംഗത്തിന് കുറഞ്ഞ ശിക്ഷ 10 വര്‍ഷം കഠിനതടവും പിഴയുമാണ്. മേലുദ്യോസ്ഥന്‍ ആ അധികാരം ഉപയോഗിച്ച് കീഴ് ജീവനക്കാരിയെ തടഞ്ഞുവച്ച് ബലാത്സംഗത്തിന് ഇരയാക്കിയാലും ഇതേ ശിക്ഷ കിട്ടും.

ഇര ഗര്‍ഭിണിയോ 12 വയസ്സിനു താഴെയുള്ള പെണ്‍കുട്ടിയോ ആയാലും കുറഞ്ഞ ശിക്ഷ 10 വര്‍ഷമാണ്. കൂട്ടബലാത്സംഗം നടത്തിയാലും 10 വര്‍ഷംമുതല്‍ ശിക്ഷിക്കാം. ഈ കുറ്റങ്ങള്‍ക്കെല്ലാം ജീവപര്യന്തംവരെയാകാം. വിവാഹമോചന നടപടികള്‍ക്കിടെ അകന്നു താമസിക്കുന്ന ഭാര്യയുമായി അവരുടെ അനുമതിയില്ലാതെ ലൈംഗികബന്ധം നടത്തിയാല്‍ ഭര്‍ത്താവിന് ശിക്ഷകിട്ടുന്ന വകുപ്പ് 376-എ ആയി നിയമത്തിലുണ്ട്. 1983ല്‍ കൂട്ടിച്ചേര്‍ത്ത വ്യവസ്ഥയാണിത്. ഇരയുടെ, പേരോ, വിലാസമോ, തിരിച്ചറിയാന്‍ കഴിയുംവിധമുള്ള വിവരങ്ങളോ പ്രസിദ്ധപ്പെടുത്തുകയോ അച്ചടിക്കുകയോ ചെയ്താല്‍ ശിക്ഷ നല്‍കാനും നിയമമുണ്ട്. കുറ്റം തെളിഞ്ഞാല്‍ രണ്ടു വര്‍ഷം തടവും പിഴയുമാണ് ശിക്ഷ.

ഈ നിയമവ്യവസ്ഥകള്‍ പരിഷ്കരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക നിയമംതന്നെ രൂപപ്പെടുത്തുകയാണ്. ഇതിനുള്ള കരടുബില്ലിനെപ്പറ്റി പൊതുജനാഭിപ്രായം തേടിയിട്ടുണ്ട്. കരടുബില്ലില്‍ നിര്‍ദേശിച്ചിട്ടുള്ള കുറഞ്ഞ ശിക്ഷ വര്‍ധിപ്പിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടിട്ടുണ്ട്. കൂട്ടബലാത്സംഗം, കുട്ടികളെ ബലാത്സംഗം ചെയ്യല്‍, കസ്റ്റഡി ബലാത്സംഗം തുടങ്ങിയ നിഷ്ഠുരമായ ലൈംഗികാതിക്രമങ്ങള്‍ ചെയ്യുന്നവര്‍ക്ക് ജീവിതകാലം മുഴുവന്‍ കഠിനതടവ് നല്‍കണമെന്നും മറ്റ് ലൈംഗികാതിക്രമ കേസുകളില്‍ പരമാവധി ശിക്ഷ ജീവപര്യന്തം ആക്കണമെന്നും സിപിഐ എം നിര്‍ദേശിച്ചിട്ടുണ്ട്.

കേരളത്തില്‍ ഇരട്ടിയായി
 ബലാത്സംഗക്കേസുകള്‍ കേരളത്തില്‍ 2010നെ അപേക്ഷിച്ച് ഇരട്ടിയായതായി ഇന്ത്യന്‍ ക്രൈംസ് റെക്കോഡ്സ്് ബ്യൂറോയുടെ കണക്ക് വ്യക്തമാക്കുന്നു. 2010ല്‍ 634 ബലാത്സംഗക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2011ല്‍ ഇത് 1132 ആയി.

ശനിയാഴ്‌ച, ഫെബ്രുവരി 25, 2012

Hindu sucession Act

ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമവും സ്ത്രീകളും
അഡ്വ. കെ ആര്‍ ദീപ
Posted on: 21-Feb-2012 02:08 PM

സ്ത്രീകളുടെ അരക്ഷിതാവസ്ഥയാണ് അവരെ രണ്ടാംതരം പൗരന്മാരാക്കുന്നതെന്ന കാര്യത്തില്‍ ആരും ഇന്ന് തര്‍ക്കിക്കില്ല. അതുകൊണ്ടുതന്നെ അവരുടെ സാമൂഹ്യരക്ഷ ഉറപ്പാക്കാന്‍ അവരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കണമെന്നതും ഇന്ന് അംഗീകരിക്കപ്പെട്ട കാര്യം. സ്വത്തവകാശം ഇന്നും മതാധിഷ്ഠിതമാണ്. ഓരോ സമുദായത്തിലും അവരവരുടെ വ്യക്തിനിയമങ്ങള്‍ക്ക് അനുസരിച്ചാണ് സ്വത്തവകാശം. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിയെ വ്യവസ്ഥകളാണ് ഈ കുറിപ്പില്‍ വിഷയമാകുന്നത്. ഹിന്ദുകുടുംബ വ്യവസ്ഥയില്‍ മക്കത്തായ(അച്ഛനിലൂടെയുള്ള അവകാശം)വും മരുമക്കത്തായ(അമ്മ വഴിയുള്ള അവകാശം)വും നിലനിന്നിരുന്നു.
മരുമക്കത്തായികള്‍ സാമ്പത്തികമായി കൂടുതല്‍ സ്വതന്ത്രരായിരുന്നുവെന്ന് പറയാം. മരുമക്കത്തായത്തില്‍ അമ്മയ്ക്കും പെണ്‍മക്കള്‍ക്കും വലിയ സ്ഥാനം കല്‍പ്പിച്ചിരുന്നു. സ്തീകള്‍വഴി മാത്രം പിന്തുടര്‍ച്ചാവകാശികളെ നിശ്ചയിക്കുന്ന അവകാശക്രമമാണ് മരുമക്കത്തായം. ഒരു സ്ത്രീയുടെ മക്കളും അവരുടെ പെണ്‍മക്കളുടെ മക്കളും എന്ന ക്രമത്തിനുളള അംഗങ്ങളുടെ കൂട്ടായ കുടുംബത്തിന് മരുമക്കത്തായ തറവാട് എന്നു പറയുന്നു. തറവാട് ഭാഗിക്കുമ്പോള്‍ ഓരോ ശാഖകളോ താവഴികളോ ആയി പിരിയുന്നു. ശാഖയിലെ ഓരോ അംഗത്തിനും വീതം കൊടുക്കുന്നതാണ് ആളോഹരിഭഭാഗം. പ്രധാനമായും നായര്‍ കുടുംബങ്ങളാണ് മരുമക്കത്തായം പിന്തുടര്‍ന്നിരുന്നത്. മറ്റു ഹിന്ദുക്കള്‍ പ്രധാനമായും പിന്തുടര്‍ന്നത് മിതാക്ഷര നിയമമാണ്. അച്ഛനും ആണ്‍മക്കളും അവരുടെ ആണ്‍ സന്താനങ്ങളും അടങ്ങുന്ന മക്കത്തായ കുടുംബം. മിതാക്ഷര നിയമം സ്ത്രീകള്‍ക്ക് പുരുഷനു തുല്യമായ അവകാശം കൊടുത്തിരുന്നില്ല. സ്ത്രീകള്‍ക്ക് ലഭിക്കുന്ന സ്വത്തില്‍ പൂര്‍ണാവകാശമില്ലായിരുന്നു.

ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം
1956ല്‍ നടപ്പില്‍ വന്ന ഹിന്ദു പിന്തുടര്‍ച്ചാവകാശനിയമവും തുടര്‍ന്നുളള ഭേദഗതികളുംമൂലം മിതാക്ഷരനിയമത്തിന് ഇപ്പോള്‍ പ്രസക്തിയില്ല. 1976 ഡിസംബര്‍ ഒന്നിന് കൂട്ടുകുടുംബം നിര്‍ത്തലാക്കല്‍ നിയമവും പ്രാബല്യത്തില്‍ വന്നു. മരുമക്കത്തായ സമ്പ്രദായവും ഏതാണ്ട് അവസാനിച്ചു. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമമനുസരിച്ചുളള അവകാശികള്‍ക്കാണ് ഇപ്പോള്‍ വീതപ്രകാരം സ്വത്തുക്കള്‍ കിട്ടുന്നത്. 1976 ഡിസംബര്‍ ഒന്നിനുശേഷം ജനിക്കുന്ന കുട്ടികള്‍ക്ക് പൂര്‍വികമായി ഭാഗിക്കാതെ കിടക്കുന്ന കുടുംബസ്വത്തില്‍ അവകാശം ലഭിക്കുകയില്ല. എല്ലാ ഹിന്ദുക്കള്‍ക്കും ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം ബാധകമാണ്. ആരൊക്കെയാണ് ഉള്‍പ്പെടുകയെന്ന് വിശദമായി ഹിന്ദു വിവാഹനിയമത്തിലെ ഹിന്ദുവിന്റെ നിര്‍വചനത്തില്‍പ്പെട്ടവര്‍ക്കെല്ലാം നിയമം ബാധകമാണ്. അതായത് ക്രിസ്ത്യാനികള്‍ക്കും മുസ്ലീമിനും പാഴ്സിക്കും ഈ നിയമം ബാധകമല്ല. മറ്റെല്ലാവര്‍ക്കും ബാധകമാണ്.

അവകാശികള്‍
അവകാശികളെ പ്രത്യേകം തരംതിരിച്ച് ഒരു പട്ടികയുണ്ടാക്കി ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. ആദ്യത്തെ വിഭാഗത്തില്‍ പെടുന്നവര്‍ ; മകന്‍ , മകള്‍ , വിധവ, അമ്മ, നേരത്തേ മരിച്ചുപോയ മകന്റെ മകനും മകളും, നേരത്തേ മരിച്ചുപോയ മകന്റെ ഭഭാര്യ, നേരത്തേ മരിച്ചുപോയ മകന്റെ മകനും നേരത്തേ മരിച്ചുപോയിട്ടുണ്ടെങ്കില്‍ മരുമകന്റെ മകനും മകളും വിധവയും. ഒരാള്‍ മരിച്ചാല്‍ മരിക്കുന്ന സമയത്ത് മേല്‍പ്പറഞ്ഞ പട്ടികയില്‍പ്പെട്ടവര്‍ക്ക് എല്ലാവര്‍ക്കുംകൂടി സ്വത്തു തുല്യമായി ലഭിക്കുന്നു. എന്നാല്‍ , മരിച്ചുപോയ മകളുടെ കാര്യത്തില്‍ അവരുടെ അവകാശികള്‍ക്ക് മകനോ മകള്‍ക്കോ കിട്ടുമായിരുന്ന ഒരു തുല്യ ഓഹരി മാത്രമേ കിട്ടുകയുളളൂ. ആദ്യത്തെ വിഭാഗത്തില്‍ അവകാശികള്‍ ആരും ഇല്ലെങ്കില്‍ രണ്ടാമത്തെ വിഭാഗത്തിലെ അവകാശികള്‍ക്ക് ക്രമമനുസരിച്ച് സ്വത്ത് ലഭിക്കും. രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ട അവകാശികളെ മുല്‍ഗണനാക്രമമനുസരിച്ച് താഴെ ചേര്‍ത്തിരിക്കുന്നു.
ഒന്ന്: അച്ഛന്‍
രണ്ട്: മകന്റെ മകളുടെ മകന്‍ , മകന്റെ മകളുടെ മകള്‍ , സഹോദരന്‍ , സഹോദരി
മൂന്ന്: മകളുടെ മകന്റെ മകന്‍ , മകളുടെ മകന്റെ മകള്‍ , മകളുടെ മകളുടെ മകന്‍ , മകളുടെ മകള്‍
നാല്: സഹോദരന്റെ മകന്‍ , സഹോദരിയുടെ മകന്‍ , സഹോദരന്റെ മകള്‍ , സഹോദരിയുടെ മകള്‍ അഞ്ച്: അച്ഛന്റെ അച്ഛന്‍ , അച്ഛന്റെ അമ്മ
ആറ്: അച്ഛന്റെ വിധവ, സഹോദരന്റെ വിധവ ഏഴ്: അച്ഛന്റെ സഹോദരന്‍ , അച്ഛന്റെ സഹോദരി
എട്ട്: അമ്മയുടെ അച്ഛന്‍ , അമ്മയുടെ മാതാവ്
ഒമ്പത്: അമ്മയുടെ സഹോദരന്‍ , അമ്മയുടെ സഹോദരി.

മുന്‍ഗണനാക്രമം
രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണനാക്രമത്തിലാണ് അവകാശം ലഭിക്കുക. ആദ്യമായി സ്വത്ത് അച്ഛനു ലഭിക്കുന്നു. അച്ഛനില്ലെങ്കില്‍ അടുത്ത പട്ടികയില്‍പ്പെട്ട അവകാശികള്‍ക്ക് തുല്യമായി ലഭിക്കുന്നു. ഉദാഹരണമായി വിവാഹം കഴിക്കാതെ മരിക്കുന്ന ഒരാളുടെ സ്വത്ത് അമ്മയുണ്ടെങ്കില്‍ അമ്മയ്ക്ക് ലഭിക്കുന്നു. അമ്മയില്ലെങ്കില്‍ അച്ഛനു ലഭിക്കുന്നു. അച്ഛനും അമ്മയും ഇല്ലെങ്കില്‍ അവിവാഹിതനായി മരിച്ച ഒരാളിന്റെ സ്വത്ത് സഹോദരനും സഹോദരിക്കും ലഭിക്കുന്നു. അവകാശികളോ അടുത്ത ബന്ധുക്കളോ ഇല്ലെങ്കില്‍ സ്വത്ത് സര്‍ക്കാരിലേക്ക് ലയിക്കുന്നതാണ്. ഒരു ഹിന്ദു സ്ത്രീ സമ്പാദിക്കുന്ന സ്വത്തില്‍ അവര്‍ക്ക് പരിപൂര്‍ണ അവകാശം ഉണ്ടായിരിക്കും. സ്ത്രീയുടെ കാര്യത്തില്‍ അവകാശക്രമത്തിന് അല്‍പ്പം മാറ്റമുണ്ട്. സ്ത്രീ മരിച്ചാല്‍ അവരുടെ സ്വത്ത് മക്കളും (മരിച്ചുപോയ മക്കളുടെ മക്കള്‍ ഉള്‍പ്പെടെ) ഭഭര്‍ത്താവുംകൂടി തുല്യമായി വീതിക്കുന്നു. ഭര്‍ത്താവിനും മകനോ മകള്‍ക്കോ കിട്ടുന്ന ഓഹരി കിട്ടുന്നു. മക്കളും ഭര്‍ത്താവും ഇല്ലെങ്കില്‍ഭഭര്‍ത്താവിന്റെ അനന്തരാവകാശികള്‍ക്ക് ഈ സ്വത്ത് ലഭിക്കും. ഭര്‍ത്താവിന്റെ അവകാശികള്‍ ആരുമില്ലെങ്കില്‍ അച്ഛനും അമ്മയ്ക്കുംകൂടി മരിച്ച സ്ത്രീയുടെ സ്വത്ത് കിട്ടും. അവരുമില്ലെങ്കില്‍ മരിച്ച സ്ത്രീയുടെ അമ്മയുടെ അവകാശികള്‍ക്ക് സ്വത്ത് ലഭിക്കും. ഒരാള്‍ മരിക്കുമ്പോള്‍ അയാളുടെ അവകാശിയായി ഗര്‍ഭസ്ഥ ശിശുവുണ്ടെങ്കില്‍ ആ ശിശുവിനും വീതം ലഭിക്കും.

ശനിയാഴ്‌ച, ഫെബ്രുവരി 18, 2012

Marriage registration

  • വിവാഹം പഞ്ചായത്തില്‍ നടക്കുമ്പോള്‍
    കെ ആര്‍ ദീപ
  • വിവാഹരജിസ്ട്രേഷന്‍ കേരളത്തില്‍ നിര്‍ബന്ധമാക്കിയിട്ട് ഈ ഫെബ്രുവരിയില്‍ നാലുവര്‍ഷം തികയുകയാണ്. മിക്കവാറും എല്ലാ സംസ്ഥാനങ്ങളും വിവാഹരജിസ്ട്രേഷന്‍ സംബന്ധിച്ച ചട്ടങ്ങള്‍ക്ക് ഇപ്പോള്‍ രൂപം നല്‍കിയിട്ടുണ്ട്. 2006ല്‍ സീമ വേഴ്സസ് അശ്വനികുമാര്‍ എന്ന കേസിലെ സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ് എല്ലാ സംസ്ഥാനങ്ങളും വിവാഹ രജിസ്ട്രേഷന് നടപടി തുടങ്ങിയത്. 
  • വിവാഹം രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നത് ദോഷകരമായി ബാധിക്കുന്നത് ഏറെയും സ്ത്രീകളെയാണെന്ന് സുപ്രീംകോടതിയും ദേശീയ വനിതാകമീഷനും ചൂണ്ടിക്കാട്ടിയിരുന്നു. വിവാഹംതന്നെ നിഷേധിച്ച് ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കാന്‍ വിസമ്മതിക്കുന്ന പുരുഷന്മാരില്‍നിന്ന് രക്ഷയ്ക്ക് രജിസ്ട്രേഷന്‍ ഒരുപരിധിവരെ സഹായിക്കുമെന്ന് കോടതി കണ്ടു. സ്വത്തവകാശത്തര്‍ക്കങ്ങളിലും വിവാഹത്തിന്റെ തെളിവ് പലപ്പോഴും വേണ്ടിവരും. കേരളസര്‍ക്കാര്‍ കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ചെയ്യല്‍ (പൊതു) ചട്ടങ്ങള്‍ അസാധാരണ ഗസറ്റായി പ്രസിദ്ധീകരിച്ചത് 2008 ഫെബ്രുവരി 29നായിരുന്നു. എല്ലാ മതക്കാര്‍ക്കും ബാധകമാണെന്നതാണ് ഈ ചട്ടങ്ങളുടെ പ്രത്യേകത. 2008 ഫെബ്രുവരി 29നുശേഷം വിവാഹിതരാകുന്ന എല്ലാവര്‍ക്കും ഈ ചട്ടങ്ങള്‍ നിര്‍ബന്ധമായും ബാധകമാണ്. എന്നാല്‍ , മറ്റേതെങ്കിലും നിയമവ്യവസ്ഥകള്‍പ്രകാരം രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുള്ള വിവാഹങ്ങള്‍ ഈ ചട്ടങ്ങളനുസരിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. അവ ആ വ്യവസ്ഥകള്‍ക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതി (ഉദാ. സ്പെഷ്യല്‍ മാര്യേജ് ആക്ട്). 
  • പഞ്ചായത്ത്/മുന്‍സിപ്പല്‍ ഡയറക്ടര്‍ക്കാണ് രജിസ്ട്രേഷന്റെ പ്രധാന ചുമതല. പഞ്ചായത്തിലെ ജനനമരണ രജിസ്ട്രാര്‍ അവരുടെ അധികാരപരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ വിവാഹ രജിസ്ട്രാര്‍ ആയിരിക്കും. വിവാഹം നടന്ന സ്ഥലത്തെ പഞ്ചായത്ത്/മുന്‍സിപ്പല്‍/കോര്‍പറേഷന്‍ ഓഫീസിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയുടെ രണ്ടുകോപ്പി വേണം. അപേക്ഷയില്‍ ഒട്ടിച്ചതുകൂടാതെ ഒരു സെറ്റ് ഫോട്ടോ ജനനതീയതി തെളിയിക്കുന്ന രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് (ജനനസര്‍ട്ടിഫിക്കറ്റ്, സ്കൂള്‍ രേഖ, പാസ്പോര്‍ട്ട്, െ്രഡെവിങ്ലൈസന്‍സ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവ) വേണം. മുസ്ലിം, ക്രിസ്ത്യന്‍ മതാചാരപ്രകാരം നടന്ന വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ മതാധികാരികളില്‍നിന്നുള്ള സാക്ഷ്യപത്രവും ക്ഷേത്രങ്ങളില്‍ നടന്ന വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ക്ഷേത്ര അധികാരിയുടെ സാക്ഷ്യപത്രവും നല്‍കണം. മറ്റേതെങ്കിലും സ്ഥാപനത്തില്‍ നടന്നവയ്ക്ക് സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം ഹാജരാക്കണം. ആദ്യവിവാഹമല്ലെങ്കില്‍ ബന്ധം വേര്‍പിരിഞ്ഞതിന്റെ/മരണപ്പെട്ടത്തിന്റെ നിയമാനുസൃതരേഖകളും ഹാജരാക്കണം. രജിസ്ട്രേഷന്‍ ഫീസായി 100 രൂപയും സര്‍ട്ടിഫിക്കറ്റ് ഫീസായി 20 രൂപയും അടയ്ക്കണം. വിവാഹം നടന്ന് 45 ദിവസത്തിനുള്ളില്‍ അപേക്ഷിക്കണം. വിവാഹം നടന്ന തീയതിമുതല്‍ ഒരു വര്‍ഷ കാലാവധി കഴിയാത്ത വിവാഹങ്ങള്‍ 100 രൂപ പിഴ ചുമത്തിയശേഷം രജിസ്റ്റര്‍ ചെയ്യാം. ഇങ്ങനെ അപേക്ഷിക്കുന്നവര്‍ നേരത്തേ പറഞ്ഞ രേഖകള്‍ക്കു പുറമേ ഫോറം 2ല്‍ എംപി/ എംഎല്‍എ/ ഗസറ്റഡ് ഓഫീസര്‍/ പഞ്ചായത്തംഗം എന്നിവരിലാരെങ്കിലും ഒപ്പിട്ട സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വൈകിയ രജിസ്ട്രേഷന്‍ അനുവദിക്കാന്‍രജിസ്ട്രാറുടെ അനുമതിക്കുള്ള അപേക്ഷയും വേണം. ഒരു വര്‍ഷത്തിനുശേഷമുള്ള രജിസ്ട്രേഷന്‍ ബന്ധപ്പെട്ട രജിസ്ട്രാര്‍ ജനറലിന്റെ അനുമതിയോടെയും 250 രൂപ പിഴയോടെയും മാത്രമേ രജിസ്റ്റര്‍ ചെയ്യാനാകൂ. 
  • പഴയകാല സിനിമകളില്‍ കാണുംപോലെ ഒളിച്ചോടി രജിസ്റ്റര്‍ ഓഫീസില്‍ ചെന്നു നടത്തുന്ന ഉടമ്പടി കല്യാണങ്ങള്‍ ഇതിനിടെ സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. ഇതിനായി ചട്ടങ്ങളില്‍ മാറ്റം വരുത്തിക്കഴിഞ്ഞു. ഇത്തരം വിവാഹങ്ങള്‍ക്ക് നേരത്തേത്തന്നെ നിയമസാധുതയില്ലായിരുന്നു. ഫലത്തില്‍ രണ്ടുപേരെ ഒന്നിച്ചു ജീവിക്കാന്‍ തയ്യാറാക്കുന്ന കരാര്‍ മാത്രമാണിത്. 50 രൂപ മുദ്രപ്പത്രത്തില്‍ രണ്ടു സാക്ഷികളുടെ സാന്നിധ്യത്തിലുണ്ടാക്കുന്ന ഒരു ഉടമ്പടി. മറ്റു കരാറുകള്‍പോലെ ഒരാള്‍ക്ക് ഇതില്‍നിന്നു പിന്മാറാന്‍ പ്രയാസമുണ്ടാകുമായിരുന്നില്ല. ഇതിനു നിയമസാധുതയില്ലെന്നു ഹൈക്കോടതി വിധിക്കുകയും ഈ സമ്പ്രദായം അവസാനിപ്പിക്കുന്നതിന്റെ സാധ്യത ആരായാന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ചട്ടം ഭേദഗതി ചെയ്തത്. മുന്‍കൂര്‍ നോട്ടീസ് ഇല്ലാതെ വിവാഹ ഉടമ്പടി രജിസ്റ്റര്‍ ചെയ്യുന്നതു വിലക്കിയാണ് രജിസ്ട്രേഷന്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്തത്. എന്നാല്‍ , ഇപ്പോഴും "രജിസ്റ്റര്‍ വിവാഹങ്ങള്‍" സാധ്യമാണ്. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്ട്രാര്‍മാര്‍ക്കു വിവാഹം രജിസ്റ്റര്‍ ചെയ്തു കൊടുക്കാന്‍ കഴിയും. അങ്ങനെ മാത്രമേ കഴിയൂ. ഈ ആക്ട് പ്രകാരം വിവാഹിതരാകാന്‍ ഉദ്ദേശിക്കുന്നവരില്‍ ഒരാള്‍ അവരുടെ പ്രദേശത്തെ രജിസ്ട്രാര്‍ ഓഫീസില്‍ ഇക്കാര്യം കാണിച്ച് 30 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണം. ഈ നോട്ടീസിനെതിരെ ആരും പരാതി നല്‍കിയില്ലെങ്കില്‍ പ്രായം കാണിക്കുന്ന രേഖകളുമായി എത്തിയാല്‍ സാക്ഷികളുടെ സാന്നിധ്യത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാം.
  •  ഇങ്ങനെ നടക്കുന്ന വിവാഹങ്ങള്‍ തദ്ദേശഭരണ സ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ , ചില വിദേശരാജ്യങ്ങളില്‍ ജോലി തേടിയോ മറ്റോ എത്തുന്നവരോട് തദ്ദേശഭരണ സ്ഥാപനങ്ങളിലെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്തന്നെ ആവശ്യപ്പെടുന്ന സ്ഥിതിയുണ്ട്. അങ്ങനെ വരുമ്പോള്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് സബ് രജിസ്ട്രാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് തെളിവായി ഹാജരാക്കി തദ്ദേശസ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്യാം.

ബുധനാഴ്‌ച, ജനുവരി 25, 2012

സാമ്പത്തികവും വൈകാരികവും ശാരീരികവും ലൈംഗികവുമായ അക്രമങ്ങളും അപമാനിക്കലും അപമാന‘ഭീഷണിയുമെല്ലാം അടങ്ങുന്ന ഗാര്‍ഹിക പീഡനങ്ങള്‍ ഈ നിയമത്തിന് കീഴില്‍ വരുന്നു.  നിയമവിരുദ്ധമായി സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കപ്പെട്ട സ്ത്രീകള്‍ അല്ലെങ്കില്‍ അവരുടെ ബന്ധുക്കള്‍ കൂടി ഗാര്‍ഹികപീഡനത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നുണ്ട്.



ഗാര്‍ഹിക പീഡനം തടയാന്‍
ഈ നിയമവും


അഡ്വ. കെ ആര്‍ ദീപ

വീട്ടിനുള്ളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ ഇന്ന് വെറും വീട്ടുകാര്യമല്ല. നാട്ടുനടപ്പ് എന്ന മട്ടില്‍ പുരുഷകേന്ദ്രീകൃത സമൂഹം എഴുതിതളളിയിരുന്ന ഈ പീഡനങ്ങള്‍ തടയാന്‍ ഇന്ന് പ്രത്യേക നിയമം  (The Protection Of Women From Domestic Violence Act-2005) തന്നെയുണ്ട്. 

2005 സപ്തംബര്‍ 13നാണ് നിയമത്തിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചത്. 2006 ഒക്ടോബര്‍ 26 നാണ് പ്രാബല്യത്തില്‍ വന്നതെങ്കിലും ഇപ്പോഴും വേണ്ടത്ര വ്യാപകമായി ഈ നിയമം ഉപയോഗിക്കപ്പെട്ടുതുടങ്ങിയിട്ടില്ല. സ്ത്രീകള്‍ക്കെതിരായ എല്ലാത്തരം വിവേചനങ്ങളും അവസാനിപ്പിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ ഉടമ്പടി ഇന്ത്യയ്ക്കും ബാധകമാണ്. ഇതനുസരിച്ച് രൂപപ്പെടുത്തിയതാണ്  നിയമം. സ്ത്രീസംഘടനകളുടെ ദീര്‍ഘകാല പോരാട്ടത്തിന്റെ ഫലമായികൂടിയാണ് നിയമം നിലവില്‍ വന്നത്.

പങ്കാളിയായ ‘ഭര്‍ത്താവില്‍ നിന്നും അവരുടെ ബന്ധുക്കളില്‍ നിന്നും സ്ത്രീക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നതാണ് നിയമം.  ‘എന്നാല്‍ ഭര്‍ത്താവിന്റെ ബന്ധുക്കളായ സ്ത്രീകള്‍ക്കെതിരെ നിയമപ്രകാരം കേസെടുക്കാമോ എന്ന തര്‍ക്കം നിലനിന്നിരുന്നു. 2011 മാര്‍ച്ചില്‍ ഈ തര്‍ക്കം സുപ്രീംകോടതി തീര്‍പ്പാക്കി. ‘സ്ത്രീ പരാതി നല്‍കിയാല്‍  ഭര്‍ത്താവിന്റെ ബന്ധുക്കളായ സ്ത്രീകളും പ്രതികളാകുമെന്ന് ജസ്റിസുമാരായ അല്‍തമാസ് കബീറും സിറിയക് ജോസഫും ഉള്‍പ്പെട്ട ബെഞ്ച് വിധിച്ചു. ഭര്‍ത്താവിന്റെ ബന്ധുക്കളായ സ്ത്രീകള്‍ക്കെതിരേ കേസെടുക്കാന്‍ നിയമം പഴുതുനല്‍കുന്നില്ലെന്ന സെഷന്‍സ് കോടതിയുടേയും ബോംബെ ഹൈക്കോടതിയുടേയും വിധികള്‍ തിരുത്തിയായിരുന്നു സുപ്രീം കോടതി വിധി. 2005ലെ നിയമത്തില്‍ ‘ബന്ധു’ എന്ന വാക്കിനു പുരുഷനെന്നോ സ്ത്രീയെന്നോ നിര്‍വചനം നല്‍കിയിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

സാമ്പത്തികവും വൈകാരികവും ശാരീരികവും ലൈംഗികവുമായ അക്രമങ്ങളും അപമാനിക്കലും അപമാന‘ഭീഷണിയുമെല്ലാം അടങ്ങുന്ന ഗാര്‍ഹിക പീഡനങ്ങള്‍ ഈ നിയമത്തിന് കീഴില്‍ വരുന്നു.  നിയമവിരുദ്ധമായി സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കപ്പെട്ട സ്ത്രീകള്‍ അല്ലെങ്കില്‍ അവരുടെ ബന്ധുക്കള്‍ കൂടി ഗാര്‍ഹികപീഡനത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നുണ്ട്.
പരാതിക്കാരിയെ മാനസികമോ, ശാരീരികമോ ആയി മുറിവേല്‍പ്പിക്കുന്നതോ വേദനിപ്പിക്കുന്നതോ പീഡനമാണ്. അവളുടെ ആരോഗ്യം, സുരക്ഷ, സ്വാസ്ഥ്യം, ശാരീരികാവയങ്ങള്‍ എന്നിവയെ അപകടത്തിലാക്കുന്നതും ശിക്ഷാര്‍ഹമാകും.

    പരാതിക്കാരിക്ക് ശാരീരിക വേദനയോ, ഉപദ്രവമോ, അവളുടെ ജീവനോ, അവയവത്തിനോ, ആരോഗ്യത്തിനോ അപകടമോ ഉണ്ടാക്കുന്ന ഏത് പ്രവ്യത്തിയോ, പെരുമാറ്റമോ, അതിക്രമമോ, ആക്രമണാത്മകമായ ബലപ്രയോഗമോ, ‘ഭീഷണിയോ  ശാരീരിക പീഡനം ആകാം.
ലൈംഗിക പീഡനത്തിന്റെ പരിധിയില്‍ ലൈംഗിക സ്വഭാവമുള്ള അംഗവിക്ഷേപം, അപമാനിക്കല്‍, സ്ത്രീയുടെ മാന്യതയ്ക്ക് ഭംഗം വരുത്തുന്ന പ്രവ്യത്തികള്‍ എന്നിവയൊക്കെ ഉള്‍പ്പെടും.
നാണം കെടുത്തല്‍, കളിയാക്കി പേരുവിളിക്കല്‍, കുഞ്ഞില്ലാത്തതിന്റെ പേരില്‍ അധിക്ഷേപിക്കല്‍, പരാതിക്കാരിക്ക് താല്പര്യമുള്ള ഏതെങ്കിലും വ്യക്തിയെ ഉപദ്രവിക്കുമെന്ന ‘ഭീഷണി എന്നിവ വാചികവും വൈകാരികവുമായ പീഡനത്തില്‍ ഉള്‍പ്പെടും.
പരാതിക്കാരിക്ക്  അര്‍ഹതയുള്ള സ്ത്രീധനമോ, സ്വത്തോ, ജീവനാംശമോ, പങ്കിട്ടുപാര്‍ക്കുന്ന വീടിന്റെ വാടകയോ അപഹരിക്കുക, നിഷേധിക്കുക, ലഭിക്കുന്നത് തടയുക, പരാതിക്കാരിയുടെ സ്വത്തുക്കള്‍ കൈവശപ്പെടുത്തുക തുടങ്ങിയവ സാമ്പത്തിക പീഡനമാകും.
 ‘ഭാര്യമാത്രമല്ല, ഒരു പുരുഷന്റെ ലൈംഗികപങ്കാളിയായിട്ടും ഭാര്യയായി അംഗീകരിക്കപ്പെടാത്ത സ്ത്രീയും നിയമത്തിന്റെ പരിഗണനയില്‍ വരും.

ഗാര്‍ഹിക പീഡനത്തിന് ഇരയാക്കപ്പെടുന്ന സ്ത്രീക്കോ, അവര്‍ക്കുവേണ്ടി മറ്റൊരാള്‍ക്കോ നിയമപ്രകാരം പരാതി നല്‍കാം. പീഡനം നടക്കുന്ന വിവരം അറിയാവുന്ന ആര്‍ക്കും പരാതി/വിവരം നല്‍കാം. നിയമം അനുസരിച്ച് പരാതി നല്‍കാന്‍ സ്ത്രീക്ക് മാത്രമേ കഴിയുകയുള്ളൂ. പരാതി ഇതിനായി ചുമതലപ്പെട്ട സംരക്ഷണോദ്യോഗസ്ഥ/ന്‍, സേവനദാതാക്കള്‍, പോലീസ്, മജിസ്ട്രേറ്റ് എന്നിവര്‍ക്ക് നല്‍കാം. എല്ലാപരാതിയും മജിസ്ട്രേറ്റായിരിക്കും ഒടുവില്‍ തീര്‍പ്പാക്കുക. സംരക്ഷണോദ്യോഗസ്ഥ/ന്‍, സേവനദാതാക്കള്‍ എന്നിവര്‍ക്ക് ഫോണിലൂടെയും പരാതി നല്‍കാം.
 ഗാര്‍ഹിക പീഡനത്തിന് ഇരയാക്കപ്പെടുന്നവരുടെ സഹായത്തിനായി നിയമിക്കപ്പെടുന്ന വ്യക്തിയാണ് സംരക്ഷണോദ്യോഗസ്ഥ/ന്‍. കഴിവതും ഒരു സ്ത്രീയെതന്നെ ഇങ്ങനെ ചുമതലപ്പെടുത്തണം എന്ന് നിയമം അനുശാസിക്കുന്നു. കേരളത്തില്‍ സാമൂഹ്യക്ഷേമ വകുപ്പ് അതത് ജില്ലകളിലെ പ്രൊബേഷന്‍ ഓഫീസര്‍മാരെ ഈ നിയമ പ്രകാരമുള്ള സംരക്ഷണോദ്യോഗസ്ഥപദവിയില്‍ നിയോഗിച്ചിട്ടുണ്ട്.

 നിയമപ്രകാരം രജിസ്റര്‍ ചെയ്യപ്പെട്ട സന്നദ്ധ സംഘടനകള്‍ക്കാണ്്് ഈ നിയമത്തിന്റെ കീഴില്‍ സേവനദാതാവായി രജിസ്റര്‍ ചെയ്യാം. വീട്ടിലുണ്ടായ കാര്യങ്ങളുടെ വിവരണം (ഡൊമസ്റിക് ഇന്‍സിഡന്റ് റിപ്പോര്‍ട്ട്) പരാതിക്കാരിക്കുവേണ്ടി തയ്യാറാക്കുക, വൈദ്യപരിശോധനയ്ക്ക് സംവിധാനമൊരുക്കുക, ആവശ്യമെങ്കില്‍ സുരക്ഷിതമായ താമസം ഏര്‍പ്പാടാക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇവര്‍ക്ക് ചെയ്യാം.

പരാതി സമര്‍പ്പിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ ആദ്യ ഹിയറിങ്ങിന് വിളിക്കണമെന്നും അന്നുമുതലുള്ള 60 ദിവസ കാലാവധിക്കുള്ളില്‍ ഓരോ കേസും തീര്‍ക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
ഈ നിയമപ്രകാരം ഒരു ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് വിവിധ ഉത്തരവുകള്‍ നല്‍കാം. അതിക്രമങ്ങള്‍ തടഞ്ഞുകൊണ്ടുള്ള സംരക്ഷണ ഉത്തരവ്, പങ്കിട്ടുപാര്‍ക്കുന്ന വീട്ടില്‍ നിന്നും ഇറക്കിവിടരുതെന്നുള്ള ഉത്തരവ്, ധനസഹായം/ജീവനാംശം നല്‍കണമെന്ന ഉത്തരവ്, കുട്ടികളുടെ താല്‍ക്കാലിക സംരക്ഷണ ഉത്തരവ്, നഷ്ടപരിഹാര ഉത്തരവ് തുടങ്ങിയ ഉത്തരവുകള്‍ക്ക് മജിസ്ട്രേറ്റിന് അധികാരമുണ്ട്.  കോടതി ഉത്തരവുകള്‍ എതിര്‍കക്ഷി ലംഘിച്ചാല്‍ അത് ജാമ്യം ലഭിക്കാത്ത കുറ്റമാകും. കോടതിയുത്തരവ് ലംഘിച്ചാല്‍ ഹര്‍ജിക്കാരിയുടെ പരാതിയില്‍ എതിര്‍കക്ഷിയെ പോലീസിന് അറസ്റ് ചെയ്യുകയുമാകാം. പരാതിക്കാരിക്ക് ആവശ്യമെങ്കില്‍ സൌജന്യ നിയമസഹായത്തിനും വ്യവസ്ഥയുണ്ട്. സംരക്ഷണ ഉത്തരവോ ഇടക്കാലസംരക്ഷണ ഉത്തരവോ ലംഘിച്ചാല്‍ ഒരു വര്‍ഷം വരെ നീളാവുന്ന തടവും  20,000 രൂപവരെ പിഴയും ചിലപ്പോള്‍ ഇവ രണ്ടും കൂടിയുംശിക്ഷയായി ലഭിക്കാം.

   സംരക്ഷണോദ്യോഗസ്ഥരുടെ
    വിലാസം
ഗാര്‍ഹികപീഡനത്തില്‍ നിന്ന് സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമമനുസരിച്ച് സാമൂഹ്യക്ഷേമ വകുപ്പ് സംരക്ഷണോദ്യോഗസ്ഥ (പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍)രായി വിവിധ ജില്ലകളില്‍ നിയമിച്ചിട്ടുള്ളവരുടെ മേല്‍വിലാസവും ഫോണ്‍ നമ്പറും ചുവടെ:

തിരുവനന്തപുരം: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് 1, പൂജപ്പുര, തിരുവനന്തപുരം
കേരള, ഫോണ്‍. 0471 2342786

കൊല്ലം: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് 2, സിവില്‍ സ്റ്റേഷന്‍, കൊല്ലം,
ഫോണ്‍. 0474 2794029

പത്തനംതിട്ട: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ്1, മിനി സിവില്‍ സ്റ്റേഷന്‍, പത്തനംതിട്ട ,
ഫോണ്‍. 0468 2325242

ആലപ്പുഴ: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് 1,കോര്‍ട്ട് ബില്‍ഡിങ്ങ്, ആലപ്പുഴ
ഫോണ്‍. 0477 2238450

കോട്ടയം: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ്  1, ടി.ബി. റോഡ്, സൌത്ത് പി.ഒ., കോട്ടയം
ഫോണ്‍ . 0481 2300548

ഇടുക്കി: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് 1,
മിനി സിവില്‍സ്റ്റേഷന്‍ , തൊടുപുഴ പി.ഒ., ഇടുക്കി,
ഫോണ്‍. 0486 2220126

എറണാകുളം: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് 1,കോര്‍പ്പറേഷന്‍ ഷോപ്പിങ്ങ് കോംപ്ളക്സ്
ഹൈക്കോര്‍ട്ട് (ഈസ്റ്) എറണാകുളം,
ഫോണ്‍. 0484 2396649

തൃശൂര്‍: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ്1, സിവില്‍ സ്റ്റേഷന്‍, തൃശൂര്‍,
ഫോണ്‍. 0487 2363999

പാലക്കാട്: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് 1,സിവില്‍ സ്റ്റേഷന്‍, പാലക്കാട്,
ഫോണ്‍. 0491 2505275

മലപ്പുറം: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് 1, കോര്‍ട്ട് ബില്‍ഡിങ്ങ് , മഞ്ചേരി , മലപ്പുറം ,
ഫോണ്‍. 0483 2777494

കോഴിക്കോട്: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ്  1, സിവില്‍ സ്റ്റേഷന്‍ , കോഴിക്കോട് ,
ഫോണ്‍. 0495 2373575

വയനാട്: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ്  1, കല്‍പ്പറ്റ,വയനാട് ,
ഫോണ്‍. 0493 6207157

കണ്ണൂര്‍: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ്  1 (ഇന്‍ ചാര്‍ജ്ജ്)     തലശ്ശേരി , കണ്ണൂര്‍ ,
ഫോണ്‍. 0490 2344433

കാസര്‍ഗോഡ്: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ്1, സിവില്‍ സ്റ്റേഷന്‍, വിദ്യാനഗര്‍ പി.ഒ.
കാസര്‍ഗോഡ്, ഫോണ്‍. 0499 4255366










വെള്ളിയാഴ്‌ച, ജനുവരി 20, 2012

തൊഴിലുറപ്പു നിയമം എങ്ങനെയൊക്കെ?
അഡ്വ. കെ ആര്‍ ദീപ
Posted on: 17-Jan-2012 09:52 AM
ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം(National  Rural Employment Guarantee Act 2005)നിയമം നടപ്പായിട്ട് ഫെബ്രുവരിയില്‍ അഞ്ചുകൊല്ലം തികയുകയാണ്. 2005 ആഗസ്ത് 23നാണ് ലോക്സഭ ഇതിനുള്ള ബില്‍ പാസാക്കിയത്. 2006 ഫെബ്രുവരി രണ്ടിനാണ് രാജ്യത്തെ 200 ജില്ലകളില്‍ നിയമം പ്രാബല്യത്തില്‍ വന്നത്. 2008 ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്തെ മുഴുവന്‍ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിച്ചു. നിയമപ്രകാരം തൊഴിലുറപ്പു പദ്ധതിക്ക് (Employment Guarantee Scheme)രൂപം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഏറെ പോരായ്മകളുണ്ടെങ്കിലും പദ്ധതി ഇന്ന് ഇന്ത്യന്‍ ഗ്രാമജീവിതത്തിന്റെ ഭാഗമാണ്. സ്ത്രീകള്‍ക്ക് മുന്‍ഗണനയുള്ള ഈ തൊഴില്‍ദാന പദ്ധതിയില്‍ കേരളത്തില്‍ പണിയെടുക്കുന്നത് 90 ശതമാനവും സ്ത്രീകളാണെന്ന് ഗ്രാമവികസനവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. നിയമത്തെപ്പറ്റി സാധാരണ ഉയരുന്ന ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് ഇവിടെ.
പദ്ധതിയുടെ അടിസ്ഥാന ആശയം എന്താണ്?
താല്‍ക്കാലിക കായികാധ്വാനം ചെയ്യാന്‍ തയ്യാറുള്ള ആര്‍ക്കും നിയമപ്രകാരമുള്ള മിനിമം വേതനത്തിന് തൊഴില്‍ ലഭിക്കും എന്നുറപ്പാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം. നിയമപ്രകാരം ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്ക് വൈകാതെ തൊഴില്‍ നല്‍കണമെന്ന് നിയമം വ്യവസ്ഥചെയ്യുന്നു.

സാധാരണ സര്‍ക്കാര്‍ തൊഴില്‍ പദ്ധതികളും എന്‍ആര്‍ഇജിപി പ്രകാരമുള്ള തൊഴില്‍ പദ്ധതികളുമായി എന്താണ് വ്യത്യാസം?
എന്‍ആര്‍ഇജിപിയില്‍ നിയമപരമായി തൊഴില്‍ ഉറപ്പാക്കുന്നു എന്നതുതന്നെയാണ് പ്രത്യേകത. തൊഴില്‍ നല്‍കേണ്ടത് സര്‍ക്കാരിന്റെ നിയമപരമായ ഉത്തരവാദിത്തമാക്കിയിരിക്കുന്നു.
ആര്‍ക്കാണ് തൊഴിലിന് അര്‍ഹത?
ഗ്രാമീണമേഖലയില്‍ താമസിക്കുന്ന 18 വയസ്സ് കഴിഞ്ഞ ആര്‍ക്കും തൊഴിലിന് അര്‍ഹതയുണ്ട്.
ആര്‍ക്കാണ് പദ്ധതിയില്‍ അംഗത്വം?
എല്ലാ പ്രദേശങ്ങളിലേയും ഗ്രാമീണ കുടുംബങ്ങള്‍ക്ക് പദ്ധതിയില്‍ അംഗത്വം ലഭിക്കും. അംഗത്വം ആവശ്യമുള്ള കുടുംബങ്ങള്‍ ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവരാകണം. തത്ക്കാലം അവിടെനിന്നു മാറിത്താമസിക്കുന്നവര്‍ക്കും അംഗത്വം ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഒരു കുടുംബത്തിലെ പ്രായപൂര്‍ത്തിയായ എല്ലാ അംഗങ്ങള്‍ക്കും ജോലിക്കായി അപേക്ഷ നല്‍കാം. ഒരു സാമ്പത്തികവര്‍ഷത്തില്‍ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കുമായി ഒരേ സമയത്തോ പലപ്പോഴായോ 100 ദിവസം ഈ പദ്ധതിമൂലം തൊഴില്‍ ലഭിക്കും.

തൊഴില്‍ കാര്‍ഡ് ആരുനല്‍കും?
രജിസ്ട്രേഷന്‍ ലഭിക്കുന്ന എല്ലാ കുടുംബത്തിനും ഓരോ തൊഴില്‍ കാര്‍ഡ് ലഭിക്കും. കുടുംബത്തില്‍നിന്ന് അപേക്ഷിച്ച എല്ലാവരുടേയും ഫോട്ടോ കാര്‍ഡില്‍ പതിച്ചിരിക്കും. ഈ തൊഴില്‍ കാര്‍ഡിന്റെ കാലാവധി അഞ്ചുവര്‍ഷം ആയിരിക്കും. ഈ കാലയളവില്‍ ഏതെങ്കിലും അംഗത്തെ മാറ്റുകയോ പുതിയതായി ചേര്‍ക്കുകയോ ചെയ്യാം. കാര്‍ഡ് വിതരണത്തിന്റെ വിവരങ്ങള്‍ ഗ്രാമസഭകളില്‍ ലഭിക്കും അപേക്ഷ നല്‍കിയിട്ട് കാര്‍ഡ് ലഭിച്ചിട്ടില്ല എങ്കില്‍ ബ്ലോക്ക്ജില്ലാ പഞ്ചായത്തുകളില്‍ പരാതി നല്‍കാം. പരാതിയില്‍ 15 ദിവസത്തിനുള്ളില്‍ തീര്‍പ്പുണ്ടാക്കണം.

എങ്ങനെയാണ് ജോലിക്ക് അപേക്ഷിക്കേണ്ടത്?
ആദ്യം ഗ്രാമപഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ മതി. തൊഴില്‍ ആവശ്യമുള്ളപ്പോള്‍ പഞ്ചായത്തില്‍ത്തന്നെ അപേക്ഷ നല്‍കണം.

എപ്പോഴാണ് തൊഴില്‍ ലഭിക്കുക?
അപേക്ഷിച്ച് 15 ദിവസത്തിനകം സര്‍ക്കാര്‍ തൊഴില്‍ നല്‍കണം. എവിടെയാണ് തൊഴില്‍ ലഭിക്കുക? കഴിവതും അപേക്ഷകനോ അപേക്ഷകയോ താമസിക്കുന്ന സ്ഥലത്തിന് അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ജോലി നല്‍കണം. സ്ത്രീകള്‍ക്ക്, പ്രത്യേകിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ക്കും പ്രായം കൂടിയവര്‍ക്കും അവരവരുടെ താമസസ്ഥലത്തിനടുത്തുതന്നെ തൊഴില്‍ നല്‍കാന്‍ ശ്രമിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്തായാലും താമസിക്കുന്ന ബ്ലോക്കില്‍ ജോലി നല്‍കണം. തൊഴിലിടം താമസസ്ഥലത്തിന് അഞ്ചു കിലോമീറ്ററില്‍ അകലെയാണെങ്കില്‍ പത്തുശതമാനം അധികവേതനത്തിനും അര്‍ഹതയുണ്ട്. യാത്രപ്പടിയും നല്‍കണം.
എത്രയാണ് വേതനം?
സ്ത്രീപുരുഷന്മാര്‍ക്ക് മിനിമം തുല്യവേതനം ഉറപ്പ് നല്‍കുവെന്നത് ഈ പദ്ധതിയുടെ പ്രത്യേകതയാണ്. നിരന്തരം പൊതുജന ജാഗ്രതക്കായ് സാമൂഹിക ഓഡിറ്റ് നടത്തുക എന്നതും ഈ നിയമത്തിന്റേയും പദ്ധതിയുടേയും പ്രധാന സവിശേഷതകള്‍ ആണ്. ഇപ്പോള്‍ കൂലി 150 രൂപ.

വേതനം എപ്പോള്‍ ലഭിക്കും?
ഒരാഴ്ചയ്ക്കുള്ളില്‍ വേതനം നല്‍കണം. രണ്ടാഴ്ചയ്ക്കപ്പുറം വൈകാന്‍ പാടില്ല. മുന്‍കൂട്ടി നിശ്ചയിച്ച ദിവസം ഒരു പൗരപ്രമുഖന്റെ മുന്നില്‍വച്ച് തൊഴിലാളിക്ക് നേരിട്ടുതന്നെ വേതനം നല്‍കണം. വേതനം 25 ശതമാനമെങ്കിലും പണമായിരിക്കണം. ബാക്കി ഭക്ഷ്യധാന്യമായി നല്‍കാം.
തൊഴില്‍ നല്‍കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ലെങ്കില്‍ എന്തെങ്കിലും പരിഹാരവ്യവസ്ഥയുണ്ടോ?
ഉണ്ട്. 15 ദിവസത്തിനകം തൊഴില്‍ നല്‍കിയില്ലെങ്കില്‍ സര്‍ക്കാര്‍ തൊഴിലില്ലായ്മ വേതനം നല്‍കണം. ആദ്യത്തെ 30 ദിവസം ആകെ വേതനത്തിന്റെ നാലിലൊന്നും അതിനുശേഷം പകുതിയും നല്‍കണം.

എന്തൊക്കെ ജോലികള്‍ പദ്ധതിപ്രകാരം ഏറ്റെടുക്കാം?
നിയമത്തിന്റെ ഒന്നാം പട്ടികയില്‍ ഏറ്റെടുക്കാവുന്ന തൊഴിലുകള്‍ കൊടുത്തിട്ടുണ്ട്. ജലസംരക്ഷണം, ചെറുകിട ജലസേചനം, ഭൂമിവികസനം, ഗ്രാമീണ റോഡ് നിര്‍മാണം തുടങ്ങിയവയാണിവ. കാലാകാലങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ച് വിജ്ഞാപനം ചെയ്യുന്ന മറ്റു ജോലികളും ഏറ്റെടുക്കാം.
കരാറുകാര്‍ക്ക് പണി ഏറ്റെടുക്കാമോ?
പാടില്ല. സ്വകാര്യ കരാറുകാരെ പണി ഏല്‍പ്പിച്ചുകൂടാ എന്ന് നിയമത്തില്‍ വിലക്കുണ്ട്.
സ്ത്രീകള്‍ക്ക് എന്തെങ്കിലും മുന്‍ഗണന ഉണ്ടോ?
ഉണ്ട്. തൊഴില്‍ ലഭിക്കുന്നവരില്‍ മൂന്നിലൊന്നെങ്കിലും സ്ത്രീകളായിരിക്കുംവിധം സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് നിയമത്തിലുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യവേതനമായിരിക്കും. പദ്ധതിയുടെ ചെലവ് ഏതു സര്‍ക്കാരാണ് വഹിക്കുക? കൂലി പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ നല്‍കണം. നിര്‍മാണസാമഗ്രികളുടെ ചെലവിന്റെ 75 ശതമാനവും കേന്ദ്രംതന്നെ വഹിക്കണം. സാമഗ്രികളുടെ 25 ശതമാനവും തൊഴില്‍ നല്‍കാനായില്ലെങ്കില്‍ നല്‍കേണ്ട നഷ്ടപരിഹാരവും സംസ്ഥാന സര്‍ക്കാര്‍ നല്‍കണം.

പദ്ധതി നടത്തിപ്പിന്റെ ചുമതല ആര്‍ക്കാണ്?
ഗ്രാമപഞ്ചായത്താണ് പരമപ്രധാനമായ ഏജന്‍സി. മറ്റു തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും പങ്കുണ്ടാകാം. മരാമത്തുവകുപ്പ്, വനം വകുപ്പ്, സര്‍ക്കാരിതര സംഘടനകള്‍ എന്നിവയെയും നിര്‍വഹണ ഏജന്‍സികളാക്കാം എന്ന് നിയമം പറയുന്നു.

ചൊവ്വാഴ്ച, ജനുവരി 10, 2012

ബലാല്‍സംഗം: നിയമം
അയയുന്നുവോ?


 "കൊലപാതകി അയാളുടെ ഇരയുടെ ഭൌതികശരീരം മാത്രമാണ് നശിപ്പിക്കുന്നത്. ഒരു ബലാല്‍സംഗത്തില്‍ നിസ്സഹായയായ ഒരു സ്ത്രീയുടെ ആത്മാവ് തന്നെ നശിപ്പിക്കപ്പെടുകയാണ്''- എന്ന് പറഞ്ഞത് ഇന്ത്യന്‍ സുപ്രിംകോടതിയാണ്. ബലാല്‍സംഗത്തെ മറ്റ് കുറ്റകൃത്യങ്ങളില്‍ നിന്ന് വേര്‍തിരിച്ചുകാണേണ്ടതാണെന്ന തിരിച്ചറിവ് കോടതികള്‍ ഏറെക്കാലമായി പ്രകടിപ്പിക്കാറുമുണ്ട്. എന്നാല്‍
അടുത്തിടെയുണ്ടായ ചില വിധികളും ഉന്നത നിയമജ്ഞരുടെ 'വെളിപാടു'കളും കോടതികളുടെ സമീപനത്തിലെ മാറ്റം പ്രകടമാക്കുന്നു. 'ഒത്തുതീര്‍ക്കാവുന്ന'
തര്‍ക്കമായും ഇരയെ വിവാഹം കഴിച്ചാല്‍ തീരുന്ന 'പാപ'മായും കോടതികള്‍ ബലാല്‍സംഗത്തെ നിര്‍വചിച്ചുതുടങ്ങി
ഈ നിയമനീക്കങ്ങളുടെ ആപത്തിനെപ്പറ്റി...




അഡ്വ. കെ ആര്‍ ദീപ

1956ലാണ് ആദ്യമായി ശ്രദ്ധേയമായ ഒരു ബലാല്‍സംഗകേസ് (ഘനശ്യാം മിശ്ര വേഴ്സ്സ് ദ സ്റ്റേറ്റ്) സുപ്രീകോടതിയിലെത്തിയത്. പത്തുവയസ്സുകാരിയായ പെണ്‍കുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്. അധ്യാപകനായിരുന്നു പ്രതി. അയാള്‍ ശിക്ഷിക്കപ്പെട്ടു. എന്നാല്‍ കേസിലെ ഇരയുടെ ഓരോ മൊഴിക്കും ബലം നല്‍കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞതുകൊണ്ടു മാത്രമായിരുന്നു ഇത്. അങ്ങനെ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ അന്ന് പ്രതി ശിക്ഷിക്കപ്പെടുമായിരുന്നുള്ളൂ.
എന്നാല്‍ ബലാല്‍സംഗ കേസുകളില്‍ ഈ സമീപനം കോടതികള്‍ പിന്നീട് ഉപേക്ഷിച്ചു. ഇരയുടെ മൊഴിതന്നെ ആധാരമാക്കി പ്രതിയെ ശിക്ഷിക്കാമെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ചു വിധിച്ചു."ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീയെ കുറ്റത്തിലെ കൂട്ടാളിയായല്ല കാണേണ്ടത്; മറ്റൊരാളുടെ ക്രൂരതയുടെ ഇരയായാണ്.''- ഏറ്റവും ഒടുവില്‍ 2011 ഒക്ടോബറിലെ ഒരു കേസിലും സുപ്രീം കോടതി വ്യക്തമാക്കി. "സാധാരണ നിലയില്‍ പരിക്കേറ്റ ഒരു സാക്ഷിയുടെ മൊഴിപോലെയല്ല അവളുടെ മൊഴികള്‍ കാണേണ്ടത്. അവള്‍ വൈകാരികമായികൂടി പരിക്കേല്‍പ്പിക്കപ്പെട്ടിരിക്കുകയാണ്. ഒരുകുറ്റകൃത്യത്തിലെ കൂട്ടാളിയുടെ മൊഴി പരിഗണിക്കുന്നതുപോലെ സംശയത്തേടെയല്ല ആ മൊഴികളെ കാണേണ്ടത്.'' -ജ. പി സദാശിവവും ജ. ബി എസ് ചൌഹാനും ഉള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.
 ബലാല്‍സംഗ കേസുകളില്‍ നിയമം നിര്‍ദേശിക്കുന്നതിലും കുറഞ്ഞ ശിക്ഷകള്‍ നല്‍കിയ ഹൈക്കോടതികളെ സുപ്രീംകോടതി പലവട്ടം വിമര്‍ശിച്ചു.

2005ല്‍ മധ്യപ്രദേശില്‍ നിന്ന് ഇത്തരത്തിലൊരു കേസുണ്ടായി.  ഹൈക്കോടതിയാണ് പ്രതിയെ ഒമ്പതരമാസത്തെ തടവിനുശേഷം വിട്ടയച്ചത്. സെഷന്‍സ് കോടതി 10 കൊല്ലം തടവിനുശിക്ഷിച്ച പ്രതിയെയാണ് വിട്ടത്. തെളിവുകളുടെ വിശദപരിശോധനപോലും നടത്താതെയയുള്ള ഈ നടപടി സുപ്രിംകോടതി റദ്ദാക്കി. അന്നത്തെ ചീഫ് ജസ്റ്റിസ്  ആര്‍ സി ലഹോട്ടിയും ജ. ജി പി മാത്തൂരും ജ. പി കെ ബാലസുബ്രഹ്മണ്യവും ഉള്‍പ്പെട്ട ബെഞ്ചിന്റെതായിരുന്നു വിധി. കേസ് വീണ്ടും പരിഗണിച്ച് നിയമപ്രകാരം ശിക്ഷ നല്‍കാന്‍ നിര്‍ദേശിച്ചാണ് സുപ്രിംകോടതി കേസ് തീര്‍പ്പാക്കിയത്.

അന്നത്തെ വിധി രണ്ടായിട്ടായിരുന്നു. ചീഫ് ജസ്റ്റിസും ജ. ഡി പി മാത്തൂരും ചേര്‍ന്നൊരു വിധി. അതിനോട്ു യോജിച്ചുകൊണ്ടുതന്നെ ജ. പി കെ ബാലസുബ്രഹ്മണ്യത്തിന്റെ അനുബന്ധ വിധി കൂടി ഉണ്ടായിരുന്നു. "ഇവിടെ കുറ്റം ബലാല്‍സംഗമാണ്. തികച്ചും ഹീനമായ കുറ്റം. സമൂഹത്തിനും മനുഷ്യന്റെ അന്തസിനും എതിരായ കുറ്റം. മനുഷ്യനെ മൃഗമാക്കുന്ന തരത്തിലുള്ള കുറ്റം'' - ജ. ബാലസുബ്രഹ്മണ്യം എഴുതി. "ഇത്തരത്തിലൊരു കുറ്റത്തിന് നിയമത്തില്‍ പറയുന്ന പരമാവധി ശിക്ഷയോ കുറഞ്ഞ ശിക്ഷയോ നല്‍കാം. പക്ഷേ കുറഞ്ഞശിക്ഷയിലും താഴെ നല്‍കിയാല്‍, അതിനു കാരണം പറയണം. കാരണങ്ങള്‍ കൃത്യവും വ്യക്തവുമാകണം. കേസ് നീണ്ടുപോയതോ, ഇരയെ വിവാഹം കഴിക്കാമെന്ന പ്രതിയുടെ വാഗ്ദാനമോ, അക്രമിയുടെ പ്രായമോ ഒന്നും ഇവിടെ മതിയായ കാരണമാകില്ല'' - അദ്ദേഹം ചൂണ്ടിക്കാട്ടി.

 എന്നാല്‍ 2005ലെ ഈ വിധി നിലനില്‍ക്കെ പല സംസ്ഥാനങ്ങളിലും ഇരയെ വിവാഹം കഴിക്കാന്‍ 'സമ്മതിച്ച' പ്രതികളെ വിട്ടയക്കുന്ന സ്ഥിതിയുണ്ടായി. ഒറീസയില്‍ ജയില്‍ അധികൃതരുടെ മുന്‍കയ്യില്‍ ഇത്തരത്തില്‍ ഒന്നിലേറെ വിവാഹങ്ങള്‍ നടത്തുകയും പ്രതികളെ പിന്നിട്, മോചിപ്പിക്കുകയും ചെയ്തു. 2010ല്‍ അന്നത്തെ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ജ. കെ ജി ബാലകൃഷ്ണനില്‍ നിന്നുണ്ടായ ഒരു പരാമര്‍ശവും ഈ നിയമവിരുദ്ധ ചെയ്തികള്‍ക്ക് പിന്‍ബലമായി. ബലാല്‍സംഗത്തിനിരയായ സ്ത്രീ ആഗ്രഹിക്കുന്നുവെങ്കില്‍ ബലാല്‍സംഗം ചെയ്തയാളെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഈ പരാമര്‍ശം. ബലാല്‍സംഗത്തിലൂടെ ഇര ഗര്‍ഭിണിയായിട്ടുണ്ടെങ്കില്‍ കുഞ്ഞിന് അഛനെ കിട്ടുമല്ലോ എന്ന വാദവും അദ്ദേഹത്തില്‍ നിന്നുണ്ടായി. വനിതാസംഘടനകള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി. ബലാല്‍സംഗകേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടാത്തതിനെപ്പറ്റി ശക്തമായ വിമര്‍ശനം ഉയരന്നതിനിടയില്‍ ചീഫ് ജസ്റ്റിസ് നടത്തിയ ഈ പരാമര്‍ശം അസ്ഥാനത്തായി എന്ന് വൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി.
2011 ഫെബ്രുവരിയില്‍ സുപ്രിംകോടതിയില്‍ നിന്ന് മറ്റൊരു വിധി കൂടിയുണ്ടായി. ഒരു ബലാല്‍സംഗകേസില്‍ ശിക്ഷ അനുഭവിച്ചിരുന്ന മൂന്നുപേരെ കോടതി അതുവരെയുള്ള ശിക്ഷ (മൂന്നരവര്‍ഷം) മതിയെന്ന് ചൂണ്ടിക്കാട്ടി വിട്ടയച്ചു.  പഞ്ചാബില്‍ നിന്നുള്ള ഈകേസില്‍ പ്രതികളും ഇരയുമായി ധാരണയിലെത്തിയെന്ന ന്യായമാണ് കോടതി പറഞ്ഞത്. ഒത്തുതീര്‍പ്പിലൂടെ ധാരണയുണ്ടാക്കി തീര്‍ക്കാവുന്ന 'കുറ്റ'മായി ബലാല്‍സംഗത്തെ ലളിതവല്‍ക്കരിക്കുകയാണ് സുപ്രിംകോടതി ചെയ്തതെന്ന ശക്തമായ വിമര്‍ശനം അന്നുണ്ടായി.

ഒരു ഇര പ്രതിയെ വിവാഹം കഴിക്കാന്‍ തയ്യാറാവുന്നെങ്കില്‍ അത് ഇരയെന്ന നിലയില്‍ സമൂഹത്തില്‍ അവള്‍ നേരിടുന്ന തുടര്‍പീഡനങ്ങള്‍ ഭയന്നും നിസ്സഹായത കൊണ്ടും മാത്രമാകും. ബലാല്‍സംഗത്തിനിരയാകുന്ന പെണ്‍കുട്ടികള്‍ 'ഒളിവില്‍' പോകേണ്ടിവരികയും പ്രതികള്‍ സമൂഹത്തില്‍ ഞെളിഞ്ഞുനടക്കുകയും ചെയ്യുന്നത് കേരളത്തില്‍ പോലും ഇന്ന് അപുര്‍വ്വമല്ലല്ലോ. അതുകൊണ്ടുതന്നെ ഇത്തരം ഒത്തുതിര്‍പ്പുകളെ ഉദാത്തവല്‍ക്കരിക്കാന്‍ നിയമപീഠം തന്നെ തുനിഞ്ഞാല്‍ അത് വലിയ ആപത്തിനിടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബലാല്‍സംഗമെന്ന അതിനീചമായ കുറ്റകൃത്യത്തില്‍ നിന്ന് ഒരു വിവാഹവാഗ്ദാനമോ ഒത്തുതീര്‍പ്പോ കൊണ്ടു രക്ഷപ്പെടാവുന്നതേയുള്ളു എന്ന ധാരണ ബലപ്പെടാനുംഅതിടവരുത്തും. ബലാല്‍സംഗത്തിനിരയാകുന്നവരുടെ പുനരധിവാസം സര്‍ക്കാരിന്റെ ഉത്തരവാദിത്തമായി മാറ്റിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ പരിഹാരം ഉണ്ടാക്കാന്‍ കഴിയൂ എന്ന് സ്ത്രീസംഘടനകള്‍ പറയുന്നത് അതുകൊണ്ടുകൂടിയാണ്.






നിക്ഷേപം സംയുക്തമാണെങ്കില്‍ ഒറ്റയ്ക്ക് പണയപ്പെടുത്താനാകില്ല
അഡ്വ. കെ ആര്‍ ദീപ
Posted on: 04-Jan-2012 12:33 PM
ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് ബാങ്കില്‍ തുടങ്ങിയ സ്ഥിരം നിക്ഷേപം ഭാര്യ അറിയാതെ ഭര്‍ത്താവ് പണയപ്പെടുത്തിയാല്‍ എന്താകും നിയമപരിഹാരം? ഇത്തരത്തിലൊരു കേസ് 2004ല്‍ സുപ്രീകോടതിയിലെത്തി. കോടതി തീര്‍പ്പ് വ്യക്തമായിരുന്നു: അക്കൗണ്ട് ഇരുവരുടെയും പേരിലാണെങ്കില്‍ ഒറ്റയ്ക്കൊരാള്‍ അത് പണയപ്പെടുത്തിയാല്‍ ആ പണയം നിയമപരമായി നിലനില്‍ക്കില്ല. ഓരോരുത്തര്‍ക്കും തനിച്ചും ഒരാള്‍ മരിച്ചാല്‍ മറ്റേയാള്‍ക്കും (either or survivor)  ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന വ്യവസ്ഥയോടെ ആരംഭിച്ച സ്ഥിരംനിക്ഷേപം സംബന്ധിച്ചാണ് ഈ വിധി. 
 
സംസ്ഥാന ഉപഭോക്തൃ കമീഷനും ദേശീയകമീഷനും തെറ്റായ നിഗമനങ്ങളിലാണെത്തിയതെന്ന് കണ്ടെത്തിയാണ് കേസ് സുപ്രിംകോടതി തീര്‍പ്പാക്കിയത്. 
 
മാംചന്ദും ഭാര്യ അനുമതിയും ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കിലാണ് അക്കൗണ്ട് തുടങ്ങിയത്. 1988 മെയ് 31 മുതല്‍ ഏഴുകൊല്ലംകൊണ്ട് കാലാവധി തികയുന്ന ഒരു സ്ഥിരം നിക്ഷേപം അവര്‍ ബാങ്കിലിട്ടിരുന്നു. 1995 മെയ് 31ന് കാലാവധി തികയുമ്പോള്‍ ബാങ്ക് ഇവര്‍ക്ക് 39,930/- രൂപ നല്‍കണമായിരുന്നു. ഇതിനിടെ, ഖേംചന്ദ് എന്നൊരാള്‍ ഒരു വ്യവസായസ്ഥാപനത്തിെന്‍റ പേരില്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് എടുത്ത വായ്പയ്ക്ക് മാംചന്ദ് ജാമ്യം നിന്നിരുന്നു. ഈ വായ്പ തിരിച്ചടയ്ക്കാതെവന്നപ്പോള്‍ ബാങ്ക് കേസ് കൊടുത്തു.ജാമ്യക്കാരുടെ വസ്തുവകകളില്‍നിന്ന് കുടിശിക ഈടാക്കാന്‍ ഉത്തരവായി. 
 
അതേസമയം തങ്ങളുടെ സ്ഥിരംനിക്ഷേപം കാലാവധി തീരുംമുമ്പ് തിരികെ വേണമെന്നാവശ്യപ്പെട്ട് മാംചന്ദും ഭാര്യയും ബാങ്കിന് അപേക്ഷ നല്‍കി. ബാങ്ക് പ്രതികരിച്ചില്ല. അവര്‍ കോടതിയിലെത്തി. കേസ് പരിഗണനക്കെത്തിയപ്പോള്‍ ഈ സ്ഥിരംനിക്ഷേപം ബാങ്കില്‍ പണയപ്പെടുത്തിയതാണെന്ന വാദമാണ് ബാങ്ക് ഉന്നയിച്ചത്. എന്നു മാത്രമല്ല ഈ സ്ഥിരം നിക്ഷേപത്തിലുണ്ടായിരുന്ന പണം മാംചന്ദ് ജാമ്യക്കാരനായ വായ്പയുടെ കുടിശികതീര്‍ക്കാന്‍ ബാങ്ക് എടുത്തതായും വെളിവാക്കപ്പെട്ടു. സ്ഥിരംനിക്ഷേപത്തിെന്‍റ രസീത് മാംചന്ദ് പണയംവെച്ചതിന് രേഖയുണ്ടെന്നും ബാങ്ക് അവകാശപ്പെട്ടു. ആദ്യം കേസ് പരിഗണിച്ച കോടതി ബാങ്കിെന്‍റ വാദം അംഗീകരിച്ച് സ്ഥിരം നിക്ഷേപം കടംവീട്ടാനായി ഉപയോഗിച്ച ബാങ്കിെന്‍റ നടപടി ശരിവെച്ചു. മാംചന്ദ് ഇതിനെതിരെ റിവിഷന്‍ ഹര്‍ജി നല്‍കി. ഇതു പരിഗണിച്ച കോടതി കീഴ്കോടതിയുടെ നടപടി തെറ്റാണെന്നു കണ്ടു. എന്നാല്‍ സിവില്‍ നടപടിച്ചട്ടത്തില്‍ വരുത്തിയ ഭേദഗതി പരിഗണിച്ച് കേസില്‍ കോടതി ഇടപെട്ടില്ല. മാംചന്ദിെന്‍റ ഭാര്യ ഈ ഘട്ടത്തില്‍ ജില്ലാ ഉപഭോക്തൃഫോറത്തില്‍ പരാതി നല്‍കി. ഭര്‍ത്താവിനു മാത്രമായി സ്ഥിരനിക്ഷേപം പണയപ്പെടുത്താന്‍ അവകാശമില്ലെന്നായിരുന്നു അവരുടെ വാദം. എന്നാല്‍ രണ്ടുപേരും ചേര്‍ന്നുള്ള അക്കൗണ്ടായിരുന്നതിനാല്‍ ഒരാള്‍ സമ്മതിച്ചാല്‍ അത് പണയമായി സ്വീകരിക്കാമെന്ന്&യൗഹഹ;ബാങ്ക് വാദിച്ചു. രണ്ടുപേരുടെയുംകൂടി സമ്മതമില്ലാതെ സ്ഥിരം നിക്ഷേപം ബാങ്ക് പണയമായി സ്വീകരിക്കാന്‍ പാടില്ലായിരുന്നുവെന്നതായി ജില്ലാഫോറത്തിെന്‍റ നിഗമനം. ഈ സാഹചര്യത്തില്‍ സ്ഥിരംനിക്ഷേപത്തിെന്‍റ പകുതി തുകയും അതിന് 17 ശതമാനം പലിശയും, നഷ്ടപരിഹാരവും കോടതിച്ചെലവുമായി 4000 രൂപയും പരാതിക്കാരിക്കു നല്‍കാന്‍ ഫോറം വിധിച്ചു. ബാങ്ക് സംസ്ഥാന ഉപഭോക്തൃകമീഷനെ സമീപിച്ചു. നിക്ഷേപം ആരംഭിച്ചപ്പോഴത്തെ വ്യവസ്ഥയനുസരിച്ച് രണ്ടുപേരില്‍ ആര്‍ക്കും തുക പിന്‍വലിക്കാമെന്നിരിക്കേ ഒരാള്‍ക്കു മാത്രമായി നിക്ഷേപം പണയപ്പെടുത്താനും അവകാശമുണ്ടെന്ന് സംസ്ഥാന കമീഷന്‍ വിധിച്ചു. ദേശീയകമീഷനും ഇതു ശരിവെച്ചു. ഈ സാഹചര്യത്തിലാണ് മാംചന്ദിെന്‍റ ഭാര്യ അനുമതി സുപ്രിംകോടതിയെ സമീപിച്ചത്. സുപ്രിംകോടതി കേസിെന്‍റ വിവിധ വശങ്ങള്‍ പരിശോധിച്ചു. മുമ്പുണ്ടായിട്ടുള്ള വിധിന്യായങ്ങളും പരിഗണിച്ചു. ഈ കേസില്‍ സ്ഥിരം നിക്ഷേപവുമായി ബന്ധപ്പെട്ട് ബാങ്കിെന്‍റ കരാര്‍ മാംചന്ദും ഭാര്യയുമായിട്ടാണെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. മാംചന്ദിനു മാത്രമായി ബാങ്ക് തിരിച്ചുകൊടുക്കേണ്ടതല്ല ഈ നിക്ഷേപത്തിലെ പണം. അതുകൊണ്ടുതന്നെ മാംചന്ദ് തനിച്ചുവരുത്തിയ ഒരു കടം തീര്‍ക്കാന്‍ ഇത് ഉപയോഗിക്കാന്‍ പാടില്ല. നിക്ഷേപകാലാവധി പൂര്‍ത്തിയാകുമ്പോള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ മാംചന്ദിന് ആ പണം ലഭിക്കും എന്നു മാത്രമാണ് നിക്ഷേപത്തിെന്‍റ കരാര്‍വ്യവസ്ഥ. ഇതേ അവകാശം ഭാര്യക്കുമുണ്ട്. എന്നാല്‍ നിക്ഷേപകാലാവധി പൂര്‍ത്തിയാവുംമുമ്പ് മാംചന്ദ് മരിച്ചാല്‍ ആ തുക കിട്ടാന്‍ അര്‍ഹതപ്പെട്ട ഏക വ്യക്തി ഭാര്യ അനുമതിയാണ്. അവരുടെ അനുവാദമില്ലാതെ അവര്‍ക്കുള്ള ഈ അവകാശം കവര്‍ന്നെടുക്കാന്‍ ബാങ്കിനു കഴിയില്ല. കുടിശിക വന്ന വായ്പയ്ക്ക് രണ്ടുപേരും ജാമ്യം നിന്നിരുന്നെങ്കില്‍ സ്ഥിതി വ്യത്യസ്തമാകുമായിരുന്നുവെന്ന് കോടതി പറഞ്ഞു. അത്തരമൊരു കേസില്‍ സ്ഥിരംനിക്ഷേപം കടംവീട്ടാനായി ഈടാക്കിയ ബാങ്ക് നടപടി സുപ്രിംകോടതി ശരിവെച്ചിട്ടുണ്ടെന്നും വിധിയില്‍ പറഞ്ഞു. നിക്ഷേപത്തിെന്‍റ പകുതി തുകയും പലിശയും നഷ്ടപരിഹാരവും കോടതിച്ചെലവും ബാങ്ക് ഹര്‍ജിക്കാരിക്കു നല്‍കണമെന്ന് വിധിയില്‍ നിര്‍ദേശിച്ചു.