ജീവനാംശം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ജീവനാംശം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ബുധനാഴ്‌ച, ഡിസംബർ 14, 2011

  • തെറ്റ് കണ്ടെത്തിയാല്‍ പോര; തിരുത്തുകയും വേണം
    അഡ്വ. കെ ആര്‍ ദീപ
  • കോടതികള്‍ക്ക് തെറ്റാം. ഒരു കോടതിക്ക് പിഴച്ചാല്‍ തിരുത്താന്‍ മേല്‍കോടതിയുണ്ട്. പക്ഷേ ചിലപ്പോഴെങ്കിലും ചെയ്യേണ്ടതെന്ന് മറന്നുപോകുന്ന കോടതികളുണ്ട്. ഹര്‍ജിയുമായി എത്തിയയാളുടെ ആവശ്യവും കോടതിയുടെ നടപടികളും രണ്ടുവഴിക്ക് പോയെന്നും വരാം. ഇങ്ങനെ സ്വന്തം കടമ മറന്ന ഹൈക്കോടതിയെ സുപ്രീംകോടതിയ്ക്ക് കര്‍ശനമായി തിരുത്തേണ്ടിവന്നു; 2004ല്‍ ഒരു കേസില്‍ . ജീവനാംശം തേടി കോടതിയിലെത്തിയ യുവതിയുടെ കേസില്‍ അക്കാര്യമൊഴികെ പലതും തീര്‍പ്പാക്കാന്‍ ഹൈക്കോടതി തുനിഞ്ഞപ്പോഴായിരുന്നു സുപ്രീംകോടതിയുടെ ഇടപെടല്‍ . അഭിഭാഷകസഹായമില്ലാതെ നേരിട്ട് സുപ്രീംകോടതിയില്‍ ഹാജരായ യുവതിയുടെ അപേക്ഷ പരിഗണിച്ചായിരുന്നു സുപ്രീംകോടതി ഉത്തരവ്. ഷൈല്‍ എന്ന യുവതിയാണ് സുപ്രീംകോടതിയിലെത്തിയത്. ഷൈലിനെ മനോജ് കുമാര്‍ എന്നയാള്‍ ബലാല്‍സംഗം ചെയ്ത കേസ് നിലവിലുണ്ടായിരുന്നു. ശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ വിവാഹം കഴിച്ചുകൊള്ളാമെന്ന് പ്രതി പറഞ്ഞു. ഷൈലും സമ്മതിച്ചു. എന്നാല്‍ വിവാഹം കഴിഞ്ഞ് അധികം വൈകാതെ മനോജ് കുമാര്‍ മുങ്ങി.

    ജീവനാംശം ആവശ്യപ്പെട്ട് ഷൈല്‍ കാണ്‍പുര്‍നഗര്‍ കുടുംബകോടതിയില്‍ എത്തി. കുടുംബകോടതിയില്‍ കേസ് നീണ്ടുപോയ്ക്കൊണ്ടിരുന്നു. ഷൈല്‍ ഉത്തര്‍പ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. എത്രയുംവേഗം കേസ് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഹൈക്കോടതി കുടുംബകോടതിക്ക് നിര്‍ദേശം നല്‍കി. എന്നിട്ടും കേസ് തീര്‍പ്പായില്ല. ഷൈല്‍ കോടതിയലക്ഷ്യ ഹര്‍ജിയുമായി ഹൈക്കോടതിയിലെത്തി. കേസില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ഹൈക്കോടതി കണ്ടു. കോടതിയുടെ നിര്‍ദേശം കുടുംബകോടതി അംഗീകരിച്ചിട്ടില്ലെന്നും ഹൈക്കോടതി കണ്ടെത്തി. കുടുംബകോടതി ജഡ്ജിയോട് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടു. കോടതിയലക്ഷ്യക്കേസില്‍ കുറ്റപത്രം കേള്‍ക്കാനായാണ് ജഡ്ജിയെ വിളിപ്പിച്ചത്. ഈ ഘട്ടത്തില്‍ പുതിയ ആവലാതിയുമായി ഷൈല്‍ സുപ്രീംകോടതിയിലെത്തി. കോടതിയലക്ഷ്യനടപടികള്‍ തുടങ്ങിയതൊക്കെ നല്ല കാര്യമാണ്. പക്ഷേ തെന്‍റ പ്രശ്നം ബാക്കി നില്‍ക്കുകയാണ്- അഭിഭാഷകസഹായമില്ലാതെ നേരിട്ട് സുപ്രീംകോടതിയില്‍ ഹാജരായ ഷൈല്‍ പരാതിപ്പെട്ടു. ജീവനാംശം കിട്ടാനാണ് താന്‍ കോടതിയില്‍ പോയത്. ഇത് കൊടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിക്കുമെന്നാണു കരുതിയത്. അതുണ്ടായില്ല. അനാഥയായ തനിക്ക് അടിയന്തരമായി വേണ്ടത് ജീവനാംശമാണ്. ജീവനാംശം കിട്ടാതെ കോടതിയലക്ഷ്യവും മറ്റുമായി കേസ് നീണ്ടുപോയാല്‍ തനിക്ക് പ്രയോജനമൊന്നുമില്ല. ഈ വാദം പരിഗണിച്ചാണ് ഹൈക്കോടതികളുടെ അധികാരങ്ങള്‍ ഓര്‍മിപ്പിച്ച് സുപ്രീംകോടതി കേസ് തീര്‍പ്പാക്കിയത്. ഭരണഘടനയുടെ 227-ാം അനുഛേദം (Article 227) അനുസരിച്ച് കീഴ്കോടതികളുടെ മേല്‍നോട്ടാധികാരം ഹൈക്കോടതിക്ക് ഉണ്ട്. ഓരോ കേസിന്റെയും വസ്തുതകള്‍ പരിഗണിച്ച് കീഴ്കോടതികളും ട്രിബ്യൂണലുകളും എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് ഹൈക്കോടതിക്ക് നിര്‍ദേശിക്കാം. എന്നാല്‍ ഇതു മാത്രമല്ല ഈ അധികാരത്തിെന്‍റ പരിധിയില്‍ വരുന്നത്. കീഴ് കോടതികള്‍ എടുക്കേണ്ടിയിരുന്ന ശരിയായ തീരുമാനം എടുക്കാന്‍കൂടി ഹൈക്കോടതിക്ക് അധികാരമുണ്ട്. ഈ അധികാരം കരുതലോടെ ഉപയോഗിക്കേണ്ടതാണ്. എന്നാല്‍ ഉചിതമായ കേസുകള്‍ വരുമ്പോള്‍ ഈ അധികാരം പ്രയോഗിക്കുകതന്നെ വേണം- സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

    ഈ കേസില്‍ പരാതിക്കാരിയുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അവരെ ഇങ്ങനെ ഒരു വാതിലില്‍നിന്ന് മറ്റൊരു വാതിലിലേക്കു പറഞ്ഞുവിട്ട് വിഷമിപ്പിക്കുന്നതു ശരിയല്ലെന്നും അഭിപ്രായമുണ്ടെങ്കില്‍ അവര്‍ക്ക് ജീവനാംശം നല്‍കാന്‍ ഹൈക്കോടതിക്കു തന്നെ ഉത്തരവിടാമായിരുന്നു. കീഴ് കോടതിയുടെ വീഴ്ച ഇത്തരത്തില്‍ തീരുത്തേണ്ടതായിരുന്നു. കേസിന്റെ അടുത്ത വിചാരണ തീയതിയില്‍ ഇത്തരത്തില്‍ ഉത്തരവിടാന്‍ ഹൈക്കോടതി ഉദ്ദേശിച്ചിരുന്നിരിക്കാം. എന്നാല്‍ കാത്തിരിക്കാന്‍ ക്ഷമയില്ലാത്തതുകൊണ്ടാകാം പരാതിക്കാരി സുപ്രീംകോടതിയിലെത്തിയത്. കേസിെന്‍റ അടുത്ത തിയതിയില്‍ ഹര്‍ജിക്കാരി ഹൈക്കോടതിയില്‍ ഹാജരായി ജീവനാംശം അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിക്കണം. ഈ ആവശ്യങ്ങള്‍ ഹൈക്കോടതി അംഗീകരിക്കാതിരിക്കുമെന്നു കരുതുന്നില്ല. സുപ്രീംകോടതി ജഡ്ജിമാരായ ജ. ആര്‍ സി ലഗോട്ടി, ജ. അശോക് ഭാന്‍ , ജ. അരുണ്‍കുമാര്‍ എന്നിവര്‍ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. 2004 മാര്‍ച്ച് 29നായിരുന്നു വിധി.

ഞായറാഴ്‌ച, ഒക്‌ടോബർ 23, 2011


മുസ്ളീം സ്ത്രീക്ക് ജീവനാംശം എത്രകാലം?



അഡ്വ. കെ ആര്‍ ദീപ
വിവാഹമോചിതയാകുന്ന മുസ്ളീം സ്ത്രീക്ക് ജീവനാംശം നിഷേധിക്കുന്ന തരത്തിലുള്ള നിയമവ്യാഖ്യാനങ്ങള്‍ ഇന്ത്യയില്‍ പലപ്പോഴും ഉണ്ടാകുന്നു. ഷാബാനുകേസില്‍ മുസ്ളീം സ്ത്രീയുടെ വിവാഹമോചനകാര്യത്തില്‍ സ്ത്രീക്കനുകൂലമായ വിധി 1985 ല്‍ സുപ്രീകോടതിയില്‍ നിന്നുണ്ടായി. എന്നാല്‍ ചില മുസ്ളീം സംഘടനകളുടെ എതിര്‍പ്പിനെതുടര്‍ന്ന് വന്ന നിയമത്തിലൂടെ ഈ വിധിയുടെ ഗുണം ഇല്ലാതായി.

എങ്കിലും വിവാഹമോചിതയാകുന്ന മുസ്ളിംസ്ത്രീ പുനര്‍വിവാഹം കഴിക്കുംവരെ മുന്‍ഭര്‍ത്താവില്‍നിന്ന് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ച് വിധിച്ചിട്ടുണ്ട്.  പലപ്പോഴും തീര്‍പ്പാക്കിയിട്ടുള്ള കാര്യമാണെങ്കിലും ഇടയ്ക്കിടെ ഇക്കാര്യത്തില്‍ വ്യത്യസ്തമായ വിധികള്‍ വരും.  ജീവനാംശം 'ഇദ്ദ' കാലത്തേക്കു മാത്രം മതി എന്ന നിലപാടാണ് ചിലപ്പോള്‍ ചില കോടതികള്‍ എടുക്കുക.  ഭര്‍ത്താവിന്റെ മരണത്തിനോ വിവാഹമോചനത്തിനോശേഷം ഒരു സ്ത്രീക്ക് കാത്തിരിപ്പിനായി മതവിശ്വാസപ്രകാരം നിശ്ചയിക്കപ്പെട്ട സമയമാണ് ഇദ്ദ (iddah or iddat). ഈ കാലയളവില്‍ പുനര്‍വിവാഹം കഴിക്കാന്‍ പാടില്ല. വിവാഹമോചനത്തിനുശേഷം മൂന്ന് ആര്‍ത്തവചക്രങ്ങള്‍ക്കു ശേഷമേ ഈ കാലാവധി തീരുകയുള്ളു (അല്ലെങ്കില്‍ 3 മാസം). ഭര്‍ത്താവിന്റെ മരണത്തിനുശേഷം നാലുമാസവും 10 ദിവസവുമാണ് ഇദ്ദ കാലയളവായി നിശ്ചയിച്ചിട്ടുള്ളത്.  ഈ വ്യവസ്ഥ അംഗീകരിക്കപ്പെട്ടാല്‍ ഫലത്തില്‍ ജീവനാംശം നാലുമാസമായി ചുരുങ്ങും.  2009ല്‍ ഗ്വാളിയറില്‍ നിന്നുള്ള ഒരുവിവാഹമോചന കേസ് സുപ്രീംകോടതിയിലെത്തി. ജീവനാംശം 'ഇദ്ദ' കാലത്തേക്കു മാത്രമായി ചുരുക്കിയത് അംഗീകരിച്ച മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെയായിരുന്നു അപ്പീല്‍. ആ കേസില്‍ മുസ്ളീം സ്ത്രീകളുടെ ജീവനാംശത്തിന് കോടതി കുറേക്കൂടി വ്യക്തത വരുത്തി.

മുസ്ളിംസ്ത്രീയുടെ വിവാഹമോചനം 'കുടുംബകോടതി നിയമ'പ്രകാരം തീര്‍പ്പാക്കാനാകില്ലെന്ന വാദം തള്ളിയായിരുന്നു കോടതിയുടെ വിധി.  ഇത്തരം കേസുകളിലെ ജീവനാംശം  ക്രിമിനല്‍ നടപടി നിയമസംഹിത (സിആര്‍പിസി)യിലെ 125-ാം വകുപ്പനുസരിച്ച്  തീരുമാനിക്കാനാകില്ലെന്ന വാദവും കോടതി തള്ളി.

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടുള്ള മര്‍ദനവും ക്രൂരതയും നേരിടേണ്ടിവന്ന സ്ത്രീയായിരുന്നു ഹര്‍ജിക്കാരി. പ്രസവത്തിന് സ്വന്തം വീട്ടില്‍പോയ അവരെ ഭര്‍ത്താവ് പിന്നീട് അന്വേഷിച്ചില്ല. കുട്ടിയുണ്ടായശേഷവും വരാതായപ്പോള്‍ ഗ്വാളിയര്‍ കുടുംബകോടതിയില്‍ പരാതി നല്‍കി. സിആര്‍പിസിയിലെ 125-ാം വകുപ്പനുസരിച്ച് പ്രതിമാസം 3000 രൂപ ജീവനാംശം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

എന്നാല്‍ മുസ്ളിം വ്യക്തിനിയമപ്രകാരം ഭാര്യയെ താന്‍ മൊഴിചൊല്ലിക്കഴിഞ്ഞെന്നും മുസ്ളിംസ്ത്രീ (വിവാഹമോചിതരുടെ അവകാശസംരക്ഷണ) നിയമത്തിലെ വ്യവസ്ഥയനുസരിച്ച് ഇദ്ദ കാലം കഴിഞ്ഞാല്‍ ജീവനാംശത്തിന് അര്‍ഹതയില്ലെന്നും ഭര്‍ത്താവ് വാദിച്ചു. ഭാര്യ കുട്ടികള്‍ക്ക് ട്യൂഷനെടുക്കുന്നുണ്ടെന്നും അങ്ങനെ പണം കിട്ടുന്നതിനാല്‍ ജീവിക്കാന്‍ പ്രയാസമില്ലെന്നും വാദം വന്നു. സ്വന്തം തീരുമാനപ്രകാരം സ്വര്‍ണവും 1000 രൂപയുമായി വീട്ടിലേക്കു പോയ ഭാര്യ ആവര്‍ത്തിച്ച് നോട്ടീസയച്ചിട്ടും തന്റെ വീട്ടിലേക്കു വന്നില്ലെന്നും പരാതിപ്പെട്ടു.
കേസ് കേട്ട കുടുംബകോടതി പ്രതിമാസം 2000 രൂപ വീതം ജീവനാംശം അനുവദിച്ചു. പക്ഷേ പരാതി നല്‍കിയ തിയതിമുതല്‍ വിവാഹമോചനം നടന്ന തിയതിവരെയും ആ തിയതിമുതല്‍ 'ഇദ്ദ' കാലം കഴിയുന്നതുവരെയും ജീവനാംശം നല്‍കിയാല്‍ മതിയെന്ന് കോടതി
പറഞ്ഞു. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയര്‍ ബെഞ്ചില്‍ നല്‍കി അപ്പീലും തള്ളപ്പെട്ടു.കുടുംബകോടതി ഉത്തരവ് ഹൈക്കോടതിയുംശരിവച്ചു. ഇതിനെതിരെ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.

മുസ്ളിം ഭാര്യയെ വിവാഹമോചനം ചെയ്താല്‍ സിആര്‍പിസിയിലെ 125-ാം വകുപ്പ്, അവര്‍ നല്‍കുന്ന ജീവനാംശ പരിരക്ഷ നിലനില്‍ക്കില്ലെന്ന തെറ്റായ ധാരണയാണ് കുടുംബകോടതിയും ഹൈക്കോടതിയും പുലര്‍ത്തിയതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇരു കോടതികളും 1984ലെ കുടുംബകോടതി നിയമത്തിലെ പ്രസക്തമായ വകുപ്പ് കാണാതെപോയി.
കുടുംബകോടതി നിയമം, അതിനുമുമ്പ് പാസാക്കിയ സമാനവ്യവസ്ഥകളുള്ള നിയമങ്ങള്‍ക്കുമേല്‍ പ്രാബല്യമുള്ളതാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് സിആര്‍പിസിയിലെ 125-ാം വകുപ്പനുസരിച്ച് ജീവനാംശം നല്‍കാനുള്ള ഉത്തരവിടാന്‍ കുടുംബകോടതിക്ക് അവകാശമുണ്ട്. ഇക്കാര്യം മുന്‍കാലവിധികളില്‍ സുപ്രീംകോടതിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേസില്‍ വാദിയായ സ്ത്രീയ്ക്ക് ജീവനാംശം നല്‍കേണ്ടതാണ്. അതുകൊണ്ട് ഗ്വാളിയറിലെ കുടുംബകോടതി കേസ് നിയമാനുസൃതം പരിഗണിച്ച് എത്രയുംവേഗം തീര്‍പ്പാക്കാനും സുപ്രീംകോടതി വിധിച്ചു. ജ. ബി സുദര്‍ശനറെഡ്ഡി, ജ. ദീപക്വര്‍മ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതായിരുന്നു വിധി.

*ഇദ്ദ: ഭര്‍ത്താവിന്റെ മരണത്തിനോ വിവാഹമോചനത്തിനോശേഷം ഒരു സ്ത്രീക്ക് കാത്തിരിപ്പിനായി നിശ്ചയിക്കപ്പെട്ട സമയമാണ് ഇദ്ദ (iddah or iddat). ഈ കാലയളവില്‍ പുനര്‍വിവാഹം കഴിക്കാന്‍ പാടില്ല. വിവാഹമോചനത്തിനുശേഷം മൂന്ന് ആര്‍ത്തവചക്രങ്ങള്‍ക്കു ശേഷമേ ഈ കാലാവധി തീരുകയുള്ളു (അല്ലെങ്കില്‍ 3 മാസം). ഭര്‍ത്താവിന്റെ മരണത്തിനുശേഷം നാലുമാസവും 10 ദിവസവുമാണ് ഇദ്ദ കാലയളവായി നിശ്ചയിച്ചിട്ടുള്ളത്.