വ്യാഴാഴ്‌ച, ഡിസംബർ 29, 2011

  • ഒരു നിയമകവചം വാള്‍മുനയില്‍
    അഡ്വ. കെ ആര്‍ ദീപ
  • ഭര്‍ത്താവിന്റെ വീട്ടില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ തടയാന്‍ പ്രത്യേക നിയമവ്യവസ്ഥ ഇന്ത്യയില്‍ നിലവില്‍വന്നത് 28 വര്‍ഷം മുമ്പാണ്. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ 1983ല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട 498 എ വകുപ്പാണ് ഒരു സ്ത്രീസംരക്ഷണനിയമം എന്ന പേരില്‍ ഏറെ ശ്രദ്ധേയമായത്. സ്ത്രീ സംഘടനകളുടെ ഏറെനാളത്തെ പോരാട്ടത്തിനൊടുവിലായിരുന്നു ഈ വകുപ്പ് നിയമത്തില്‍ വന്നത്. എന്നാല്‍ , ഇന്ന് ഈ നിയമവ്യവസ്ഥക്കെതിരായ നീക്കം രാജ്യത്താകെ ശക്തിപ്പെടുകയാണ്. നിയമത്തിലെ കര്‍ക്കശ വ്യവസ്ഥയുടെ പേരിലാണ് എതിര്‍പ്പ്. നിയമം ദുരുപയോഗിക്കപ്പെടുന്നു എന്നാണ് പ്രധാന ആക്ഷേപം. നിയമത്തില്‍ ഭേദഗതി വേണമെന്നാണ് ആവശ്യം. മുമ്പ് ചില "പുരുഷസേവാസംഘടന"കളുടെ വാദമായിമാത്രമാണ് ഇത് ഉയര്‍ന്നിരുന്നത്. എന്നാല്‍ , ഇന്ന് സര്‍ക്കാര്‍തലത്തിലും ഈ വഴിക്കുള്ള നീക്കം ശക്തമാവുകയാണ്.

    സുപ്രീംകോടതിയില്‍നിന്നുണ്ടായ ചില വിധികളുടെകൂടി പിന്‍ബലത്തോടെയാണ് നിയമത്തിനെതിരായ പടയൊരുക്കം. ദേശീയ ലോ കമീഷന്‍തന്നെ ഒരു ചോദ്യാവലിയിലൂടെ നിയമത്തില്‍ വരുത്തേണ്ട മാറ്റത്തെപ്പറ്റി ഇപ്പോള്‍ പൊതുജനാഭിപ്രായം തേടിയിരിക്കയാണ്. ഭര്‍ത്താവിന്റെ വീടിനുള്ളിലെ പീഡനം മറ്റുതരത്തിലുള്ള അക്രമങ്ങളുമായി താരതമ്യംചെയ്യാനാവില്ല എന്നതുകൊണ്ടുതന്നെയാണ് മറ്റു വ്യവസ്ഥകളില്‍നിന്നു വ്യത്യസ്തമായ ചിലത് ആ നിയമത്തില്‍ വേണ്ടിവന്നത്. ഇവിടെ അക്രമം നടക്കുന്നത് ഇരയ്ക്ക് രക്ഷപ്പെടാന്‍പോലും പഴുതില്ലാത്ത ഒരു സംവിധാനത്തിനുള്ളിലാണ്. വിവാഹത്തിലൂടെ സ്ത്രീ എത്തിപ്പെടുന്ന "രണ്ടാംവീട്ടി"ലാണ് അവള്‍ അക്രമത്തിനിരയാകുന്നത്. ഇവിടെയുള്ള സാഹചര്യങ്ങളെല്ലാം അവള്‍ക്കെതിരാകാന്‍ സാധ്യത കൂടുതലാണ്. അനുകൂലമായി ഹാജരാക്കാന്‍ ഒരു സാക്ഷിയെപ്പോലും അവള്‍ക്ക് അവിടെ ലഭിക്കില്ല. സ്ത്രീ സമൂഹത്തില്‍ നേരിടുന്ന രണ്ടാംതരപൗരത്വത്തിന്റെ കൂടുതല്‍ ദയനീയമായ അവസ്ഥയാണ് പീഡനമുള്ള ഒരു ഭര്‍തൃവീട്ടില്‍ അവള്‍ നേരിടുന്നത്. അങ്ങനെ പീഡിതാവസ്ഥയിലുള്ള ഒരു ഇരയ്ക്കായി നിയമം നിര്‍മിക്കുമ്പോള്‍ ആ നിയമം ഇരയ്ക്ക് അനുകൂലമായ ചില വ്യവസ്ഥകളോടെ ഉള്ളതായേ പറ്റൂ. സാമൂഹ്യനീതിയുടെയും ലിംഗനീതിയുടെയും നടത്തിപ്പിലെ സാമാന്യതത്ത്വമാണിത്. ഭര്‍തൃവീട്ടിലെ പീഡനങ്ങള്‍ മിഥ്യയാണെന്ന് ഇന്ത്യയില്‍ ആരും പറയുന്നില്ല. പറഞ്ഞാലും കണക്കുകള്‍ അവര്‍ക്കെതിരാണ്. ദേശീയ ക്രൈം റിക്കോഡ്സ് ബ്യൂറോയുടെ രേഖകളനുസരിച്ച് രാജ്യത്താകെ 2010ല്‍ ഇത്തരത്തിലുള്ള 92574 സംഭവങ്ങളുണ്ടായി. മറ്റൊന്ന് സ്ത്രീകള്‍ ഭര്‍ത്താക്കന്മാര്‍ക്കെതിരെ ഇല്ലാത്ത പരാതിയുമായി പൊലീസ് സ്റ്റേഷന്‍ കയറുന്നുണ്ടോ എന്ന ചോദ്യമാണ്. ഉണ്ടെന്നു തെളിയിക്കാന്‍ കണക്കുകള്‍ ആര്‍ക്കുമില്ല. 498 എ പ്രകാരം ഒരു കേസെടുത്താല്‍ അതിന്റെ അടിസ്ഥാനത്തില്‍മാത്രം ആരും ശിക്ഷിക്കപ്പെടില്ല. സാധാരണ നിയമപ്രക്രിയയിലൂടെ തെളിവുകളുടെ ബലത്തില്‍മാത്രമേ ആരും ശിക്ഷിക്കപ്പെടുകയുള്ളു. അറസ്റ്റിനെപ്പറ്റിയാണ് ഏറെ വിവാദങ്ങള്‍ ഉയരുന്നത്. പീഡനമുണ്ടായതായി ഒരു സ്ത്രീ പൊലീസില്‍ പരാതിപ്പെട്ടാല്‍ ഭര്‍ത്താവും അമ്മായിയമ്മയും മറ്റ് ഭര്‍തൃബന്ധുക്കളും ഉടന്‍ അറസ്റ്റിലാകുമെന്നാണ് ഒരു പ്രചാരണം. ഇത് വെറുതെയാണെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അടക്കമുള്ള സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

    2009ല്‍ ഇന്ത്യന്‍ ക്രിമിനല്‍ നടപടിച്ചട്ട (സിആര്‍പിസി)ത്തില്‍ ഭേദഗതിവന്നു. അറസ്റ്റ് സംബന്ധിച്ച വ്യവസ്ഥകള്‍ക്ക് മാറ്റംവന്നു. ഏഴുകൊല്ലംവരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ക്ക് (498 എ പ്രകാരം മൂന്നുവര്‍ഷംവരെയേ തടവു കിട്ടുകയുള്ളു) കേസുണ്ടായാല്‍ അറസ്റ്റിനുമുമ്പ് പൊലീസ് ആവശ്യമായ അന്വേഷണം നടത്തിയിരിക്കണം. പ്രതികള്‍ പൊലീസുമായി സഹകരിക്കാനും തെളിവുകള്‍ നശിപ്പിക്കാതിരിക്കാനും തയ്യാറാണെങ്കില്‍ അറസ്റ്റ്തന്നെ ആവശ്യമില്ല. ഇക്കാര്യം പൊലീസിനു തീരുമാനിക്കാം. അതുകൊണ്ട് എല്ലാവരും ഉടന്‍ ജയിലില്‍പോകും എന്ന പരാതിക്ക് അടിസ്ഥാനമില്ല. ജാമ്യത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് വസ്തുത. ഏതു കേസില്‍ അറസ്റ്റിലായാലും പ്രതികളെ 24 മണിക്കൂറിനകം കോടതിയില്‍ ഹാജരാക്കണം. ഈ കേസിലും അത് വേണം. ശാരീരികമായി മുറിവേല്‍പ്പിക്കലോ മറ്റോ ഉണ്ടായിട്ടില്ലാത്ത കേസാണെങ്കില്‍ കോടതി ജാമ്യം നല്‍കുകയും ചെയ്യും. ഈ വ്യവസ്ഥകളില്‍ മാറ്റംവന്നാലത്തെ അവസ്ഥയും സ്ത്രീസംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഭര്‍തൃവീട്ടില്‍ പീഡനം നേരിടുന്ന ഒരു സ്ത്രീ പൊലീസ്സ്റ്റേഷനില്‍ പരാതി നല്‍കുന്നതുതന്നെ ഒട്ടേറെ പ്രയാസപ്പെട്ടാവും. 498 എ നിലവിലുള്ളതുകൊണ്ടുമാത്രമാണ് നടപടിക്ക് പൊലീസ് തയ്യാറാകുന്നത്. മറിച്ച് കോടതിവഴി നീതി തേടേണ്ടിവരികയാണെങ്കില്‍ സ്ത്രീക്ക് നേരിടേണ്ടിവരുന്ന കടമ്പകള്‍ അനവധിയാകും. ഓരോതവണ പീഡനമുണ്ടാകുമ്പോഴും പരാതിയുമായി അവള്‍ക്ക് കോടതിയില്‍ പോകേണ്ടിവരും. തിരിച്ചെത്തി അതേ വീട്ടില്‍ കൂടുതല്‍ പീഡനങ്ങള്‍ക്ക് ഇരയായെന്നുംവരാം. ജാമ്യമുള്ള കുറ്റമാക്കിക്കഴിഞ്ഞാല്‍ കുറ്റം എത്ര ഗുരുതരമായാലും ഒരു മജിസ്ട്രേട്ടിന്റെ ഉത്തരവുവരെ പ്രതിയെ അറസ്റ്റ്ചെയ്യാനേ കഴിയില്ല. ഇന്നത്തെ ഇന്ത്യന്‍ സാമൂഹ്യാവസ്ഥയില്‍ ഈ കാലവിളംബത്തിനിടയില്‍ സ്ത്രീക്ക് എന്തും സംഭവിക്കാം- സ്ത്രീസംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. നിയമത്തിന്റെ ദുരുപയോഗത്തെപ്പറ്റിയുള്ള വിമര്‍ശങ്ങള്‍ക്ക് മഹിളാസംഘടനകള്‍ മറുപടിനല്‍കിയിട്ടുണ്ട്. ദുരുപയോഗസാധ്യത എല്ലാ നിയമത്തിലുമുണ്ട്; ഇതിലുമുണ്ട്.

    മറ്റ് നിയമങ്ങളുടെ ദുരുപയോഗം ചര്‍ച്ചയാകുമ്പോള്‍ ആരും നിയമം മാറ്റണമെന്ന് ആവശ്യപ്പെടുന്നില്ല. സ്ത്രീപക്ഷ നിയമങ്ങളുടെ കാര്യത്തില്‍ മാത്രമാണ് ഈ മുറവിളി. എന്നാല്‍ , ഇത്തരം നിയമങ്ങളെപ്പറ്റിത്തന്നെ അറിവില്ലാത്തവരാണ് ഇന്ത്യയിലെ 70 ശതമാനം സ്ത്രീകളെന്നാണ് സര്‍വേകള്‍ വ്യക്തമാക്കുന്നത്. അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ താരതമ്യേന മെച്ചപ്പെട്ട ജീവിതനിലവാരമുള്ള ഡല്‍ഹിയിലെ സ്ത്രീകള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലെ കണക്കാണ് ഇത്. ഈ സാഹചര്യത്തില്‍ ദുരുപയോഗത്തെപ്പറ്റിയുള്ള ഊതിവീര്‍പ്പിച്ച കണക്കുകള്‍ വിശ്വസനീയമല്ല. ഉയര്‍ന്ന സാമ്പത്തികസ്ഥിതിയുള്ള കുടുംബങ്ങള്‍ക്കിടയിലും മറ്റും പണംതട്ടിക്കാനായും മറ്റും വകുപ്പിന്റെ ദുരുപയോഗം നടക്കുന്നുണ്ടാകാം. എന്നാല്‍ , അത്തരം കേസുകള്‍ അതതിന്റെ വസ്തുതകള്‍ പരിശോധിച്ച് തീര്‍പ്പാക്കണം. അല്ലാതെ അതിന്റെപേരില്‍ പീഡനങ്ങള്‍ക്കെതിരെ ഒരുപരിധിവരെയെങ്കിലും കവചമായി നില്‍ക്കുന്ന നിയമം മാറ്റുകയല്ല വേണ്ടത്- സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
സ്ത്രീ സംവരണനിയമം ഇനിയും ബാക്കി
അഡ്വ. കെ ആര്‍ ദീപ
Posted on: 27-Dec-2011 10:57 AM
2011ലും സ്ത്രീകള്‍ക്കായുള്ള നിയമനിര്‍മാണങ്ങളുടെ ബാക്കിപത്രത്തില്‍ മുഖ്യം പാസാകാത്ത സ്ത്രീസംവരണ നിയമംതന്നെ. നിയമരംഗത്ത് കാര്യമായ സ്ത്രീപക്ഷചലനങ്ങളില്ലാതെ കടന്നുപോയ വര്‍ഷത്തില്‍ ചില പുതിയ നിയമനിര്‍മാണങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ മാത്രമാണ് പ്രതീക്ഷ നല്‍കുന്നത്. എന്നാല്‍ , നിലവിലുള്ള നിയമങ്ങളിലെ സ്ത്രീരക്ഷാ വകുപ്പുകള്‍തന്നെ ഭേദഗതി ചെയ്യാനുള്ള നീക്കം ആശങ്കയും പകരുന്നു. സ്ത്രീകള്‍ക്ക് നിയമനിര്‍മാണസഭകളില്‍ മൂന്നിലൊന്നു സീറ്റുകള്‍ സംവരണംചെയ്യുന്ന ബില്‍ പാര്‍ലമെന്റില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടിട്ട് 15 വര്‍ഷമായി. 2010ല്‍ അന്താരാഷ്ട്ര വനിതാദിനത്തിന്റെ പിറ്റേന്ന് രാജ്യസഭ പാസാക്കിയ ഈ നിയമം ഇപ്പോഴും ലോക്സഭയില്‍ പാസാക്കാനായിട്ടില്ല. ലോക്സഭയില്‍ ബില്‍ അവതരിപ്പിക്കാന്‍പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. 
2011ല്‍ സ്ത്രീജീവിതത്തില്‍ മാറ്റമുണ്ടാക്കിയേക്കാവുന്ന നിയമങ്ങളൊന്നും പാസാക്കപ്പെട്ടിട്ടില്ല. എന്നാല്‍ , തൊഴിലിടങ്ങളിലെ സ്ത്രീപീഡനം തടയാനുള്ള ബില്‍ തയ്യാറായിട്ടുണ്ട്. ഈ വര്‍ഷം അത് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയിലുണ്ട്. തൊഴിലിടങ്ങളിലെ പീഡനം തടയാന്‍ പ്രത്യേക നിയമം ഇന്ത്യയിലില്ല. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകള്‍ പ്രയോഗിച്ചാണ് പ്രതികളെ ശിക്ഷിക്കുന്നത്. 1997ലെ വിശാഖ കേസിലെ സുപ്രീംകോടതി വിധിയില്‍ തൊഴിലിടങ്ങളിലെ പീഡനം എങ്ങനെ നേരിടണം എന്നതിന് ഏറെ മാര്‍ഗനിര്‍ദേശങ്ങളുണ്ടായിരുന്നു. എന്നാല്‍ , നിയമനിര്‍മാണം ആ വഴിക്കുണ്ടായില്ല. ഇപ്പോള്‍ നിയമം തയ്യാറായി. കഴിഞ്ഞ ലോക്സഭയില്‍ അവതരിപ്പിക്കപ്പെട്ട ബില്‍ ഇപ്പോള്‍ അവസാനഘട്ട പരിഗണനയിലാണ്. വീട്ടുജോലിചെയ്യുന്നവരെ നിയമപരിധിയില്‍നിന്ന് ഒഴിവാക്കിയതും പരാതിക്കാരെ ശിക്ഷിക്കാന്‍ വകുപ്പ് ചേര്‍ത്തതും എതിര്‍പ്പിനിടയാക്കിയിട്ടുണ്ടെങ്കിലും നിയമം പൊതുവേ സ്വാഗതംചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ 1983ല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട 498 എ വകുപ്പാണ് 2011ല്‍ വെല്ലുവിളി നേരിട്ട സ്ത്രീരക്ഷാനിയമം. ഭര്‍തൃവീട്ടിലെ പീഡനം തടയാന്‍ സഹായിക്കുന്ന വകുപ്പാണിത്. നിയമത്തിലെ കര്‍ക്കശവ്യവസ്ഥയുടെ പേരില്‍ നിയമം മാറ്റാന്‍ നീക്കം നടക്കുന്നു. ദേശീയ ലോ കമീഷന്‍തന്നെ ഒരു ചോദ്യാവലിയിലൂടെ നിയമത്തില്‍ വരുത്തേണ്ട മാറ്റത്തെപ്പറ്റി പൊതുജനാഭിപ്രായം തേടിയത് ഈ വര്‍ഷമാണ്.
സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ഇന്നും കല്‍പ്പിച്ചുകിട്ടുന്ന രണ്ടാംപദവി മറികടക്കാനുതകുന്ന കാര്യമായ വിധികള്‍ അധികം ഇക്കൊല്ലം ഉണ്ടായിട്ടില്ല. എടുത്തുപറയാവുന്ന ഏകവിധി എയര്‍ ഇന്ത്യയിലെ എയര്‍ ഹോസ്റ്റസുമാര്‍ സ്ഥാനക്കയറ്റത്തില്‍ അവര്‍ നേരിടുന്ന വിവേചനത്തിനെതിരെ സുപ്രീംകോടതിയില്‍ നിന്നുനേടിയ വിധിയാണ്. ഫ്ളൈറ്റ് സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് പുരുഷന്മാരെ മാത്രമേ നിയമിക്കാവൂ എന്ന വ്യവസ്ഥക്കെതിരെയായിരുന്നു എയര്‍ഹോസ്റ്റസുമാരുടെ പോരാട്ടം. വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി നവംബര്‍ 17ന് ഈ വ്യവസ്ഥ റദ്ദാക്കി. മുമ്പ് അമ്പതുകഴിഞ്ഞാല്‍ പറക്കാന്‍ പാടില്ലെന്നും തൂക്കം കൂടിയാല്‍ രാജിവയ്ക്കണമെന്നും മറ്റുമുള്ള വിവേചനവ്യവസ്ഥകള്‍ക്കെതിരെ കോടതി വിധി നേടിയ ചരിത്രമുള്ള എയര്‍ഹോസ്റ്റസ് സമൂഹത്തിന് ഈ വിധിയിലൂടെ ഒരുകാര്യത്തില്‍കൂടി തുല്യത നേടാനായി. 
സുപ്രീംകോടതിയില്‍ ഒരു വനിതാ ജഡ്ജികൂടി എത്തിയെന്ന പ്രത്യേകത 2011നുണ്ട്. മുംബൈ ഹൈക്കോടതി ജഡ്ജി രഞ്ജനാ ദേശായിയാണ് ആഗസ്തില്‍ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്. നിലവിലുള്ള ജ. ഗ്യാന്‍സുധ മിശ്രയ്ക്കൊപ്പം ഇവര്‍കൂടി എത്തിയതോടെ സുപ്രീംകോടതിയില്‍ ആകെയുള്ള ജഡ്ജിമാരില്‍ രണ്ട് സ്ത്രീകളായി. സുപ്രീംകോടതിയില്‍ രണ്ട് വനിതാജഡ്ജിമാര്‍ ഒരേ സമയമുണ്ടാകുന്നത് ആദ്യമായാണ്. ഇന്നേവരെ ആകെ അഞ്ചു സ്ത്രീകള്‍ (ജ. ഫാത്തിമ ബീവീ, ജ. സുജാത മനോഹര്‍ , ജ. റുമാപാല്‍ , ജ. ഗ്യാന്‍സുധ മിശ്ര, ജ. രഞ്ജന ദേശായി) മാത്രമേ സുപ്രീംകോടതിയില്‍ ജഡ്ജിമാരായിട്ടുള്ളൂ. സുപ്രീംകോടതി നിലവില്‍ വന്ന 1950 മുതല്‍ ഇതുവരെ ജഡ്ജിമാരായ 134 പേരില്‍ ബാക്കി 129 പേരും പുരുഷന്മാരായിരുന്നു. കേരള ഹൈക്കോടതിക്ക് വനിതാ ആക്ടിങ് ചീഫ് ജസ്റ്റിസിനെ ലഭിച്ചത് ഈ വര്‍ഷമാണ്. ജ. മഞ്ജുള ചെല്ലൂര്‍ നവംബറിലാണ് സ്ഥാനമേറ്റത്. ജ. കെ ഹേമയാണ് കേരള ഹൈക്കോടതിയില്‍ ഇപ്പോഴുള്ള മറ്റൊരു വനിതാ ജഡ്ജി.

ബുധനാഴ്‌ച, ഡിസംബർ 14, 2011

  • തെറ്റ് കണ്ടെത്തിയാല്‍ പോര; തിരുത്തുകയും വേണം
    അഡ്വ. കെ ആര്‍ ദീപ
  • കോടതികള്‍ക്ക് തെറ്റാം. ഒരു കോടതിക്ക് പിഴച്ചാല്‍ തിരുത്താന്‍ മേല്‍കോടതിയുണ്ട്. പക്ഷേ ചിലപ്പോഴെങ്കിലും ചെയ്യേണ്ടതെന്ന് മറന്നുപോകുന്ന കോടതികളുണ്ട്. ഹര്‍ജിയുമായി എത്തിയയാളുടെ ആവശ്യവും കോടതിയുടെ നടപടികളും രണ്ടുവഴിക്ക് പോയെന്നും വരാം. ഇങ്ങനെ സ്വന്തം കടമ മറന്ന ഹൈക്കോടതിയെ സുപ്രീംകോടതിയ്ക്ക് കര്‍ശനമായി തിരുത്തേണ്ടിവന്നു; 2004ല്‍ ഒരു കേസില്‍ . ജീവനാംശം തേടി കോടതിയിലെത്തിയ യുവതിയുടെ കേസില്‍ അക്കാര്യമൊഴികെ പലതും തീര്‍പ്പാക്കാന്‍ ഹൈക്കോടതി തുനിഞ്ഞപ്പോഴായിരുന്നു സുപ്രീംകോടതിയുടെ ഇടപെടല്‍ . അഭിഭാഷകസഹായമില്ലാതെ നേരിട്ട് സുപ്രീംകോടതിയില്‍ ഹാജരായ യുവതിയുടെ അപേക്ഷ പരിഗണിച്ചായിരുന്നു സുപ്രീംകോടതി ഉത്തരവ്. ഷൈല്‍ എന്ന യുവതിയാണ് സുപ്രീംകോടതിയിലെത്തിയത്. ഷൈലിനെ മനോജ് കുമാര്‍ എന്നയാള്‍ ബലാല്‍സംഗം ചെയ്ത കേസ് നിലവിലുണ്ടായിരുന്നു. ശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ വിവാഹം കഴിച്ചുകൊള്ളാമെന്ന് പ്രതി പറഞ്ഞു. ഷൈലും സമ്മതിച്ചു. എന്നാല്‍ വിവാഹം കഴിഞ്ഞ് അധികം വൈകാതെ മനോജ് കുമാര്‍ മുങ്ങി.

    ജീവനാംശം ആവശ്യപ്പെട്ട് ഷൈല്‍ കാണ്‍പുര്‍നഗര്‍ കുടുംബകോടതിയില്‍ എത്തി. കുടുംബകോടതിയില്‍ കേസ് നീണ്ടുപോയ്ക്കൊണ്ടിരുന്നു. ഷൈല്‍ ഉത്തര്‍പ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. എത്രയുംവേഗം കേസ് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഹൈക്കോടതി കുടുംബകോടതിക്ക് നിര്‍ദേശം നല്‍കി. എന്നിട്ടും കേസ് തീര്‍പ്പായില്ല. ഷൈല്‍ കോടതിയലക്ഷ്യ ഹര്‍ജിയുമായി ഹൈക്കോടതിയിലെത്തി. കേസില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ഹൈക്കോടതി കണ്ടു. കോടതിയുടെ നിര്‍ദേശം കുടുംബകോടതി അംഗീകരിച്ചിട്ടില്ലെന്നും ഹൈക്കോടതി കണ്ടെത്തി. കുടുംബകോടതി ജഡ്ജിയോട് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടു. കോടതിയലക്ഷ്യക്കേസില്‍ കുറ്റപത്രം കേള്‍ക്കാനായാണ് ജഡ്ജിയെ വിളിപ്പിച്ചത്. ഈ ഘട്ടത്തില്‍ പുതിയ ആവലാതിയുമായി ഷൈല്‍ സുപ്രീംകോടതിയിലെത്തി. കോടതിയലക്ഷ്യനടപടികള്‍ തുടങ്ങിയതൊക്കെ നല്ല കാര്യമാണ്. പക്ഷേ തെന്‍റ പ്രശ്നം ബാക്കി നില്‍ക്കുകയാണ്- അഭിഭാഷകസഹായമില്ലാതെ നേരിട്ട് സുപ്രീംകോടതിയില്‍ ഹാജരായ ഷൈല്‍ പരാതിപ്പെട്ടു. ജീവനാംശം കിട്ടാനാണ് താന്‍ കോടതിയില്‍ പോയത്. ഇത് കൊടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിക്കുമെന്നാണു കരുതിയത്. അതുണ്ടായില്ല. അനാഥയായ തനിക്ക് അടിയന്തരമായി വേണ്ടത് ജീവനാംശമാണ്. ജീവനാംശം കിട്ടാതെ കോടതിയലക്ഷ്യവും മറ്റുമായി കേസ് നീണ്ടുപോയാല്‍ തനിക്ക് പ്രയോജനമൊന്നുമില്ല. ഈ വാദം പരിഗണിച്ചാണ് ഹൈക്കോടതികളുടെ അധികാരങ്ങള്‍ ഓര്‍മിപ്പിച്ച് സുപ്രീംകോടതി കേസ് തീര്‍പ്പാക്കിയത്. ഭരണഘടനയുടെ 227-ാം അനുഛേദം (Article 227) അനുസരിച്ച് കീഴ്കോടതികളുടെ മേല്‍നോട്ടാധികാരം ഹൈക്കോടതിക്ക് ഉണ്ട്. ഓരോ കേസിന്റെയും വസ്തുതകള്‍ പരിഗണിച്ച് കീഴ്കോടതികളും ട്രിബ്യൂണലുകളും എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് ഹൈക്കോടതിക്ക് നിര്‍ദേശിക്കാം. എന്നാല്‍ ഇതു മാത്രമല്ല ഈ അധികാരത്തിെന്‍റ പരിധിയില്‍ വരുന്നത്. കീഴ് കോടതികള്‍ എടുക്കേണ്ടിയിരുന്ന ശരിയായ തീരുമാനം എടുക്കാന്‍കൂടി ഹൈക്കോടതിക്ക് അധികാരമുണ്ട്. ഈ അധികാരം കരുതലോടെ ഉപയോഗിക്കേണ്ടതാണ്. എന്നാല്‍ ഉചിതമായ കേസുകള്‍ വരുമ്പോള്‍ ഈ അധികാരം പ്രയോഗിക്കുകതന്നെ വേണം- സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

    ഈ കേസില്‍ പരാതിക്കാരിയുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അവരെ ഇങ്ങനെ ഒരു വാതിലില്‍നിന്ന് മറ്റൊരു വാതിലിലേക്കു പറഞ്ഞുവിട്ട് വിഷമിപ്പിക്കുന്നതു ശരിയല്ലെന്നും അഭിപ്രായമുണ്ടെങ്കില്‍ അവര്‍ക്ക് ജീവനാംശം നല്‍കാന്‍ ഹൈക്കോടതിക്കു തന്നെ ഉത്തരവിടാമായിരുന്നു. കീഴ് കോടതിയുടെ വീഴ്ച ഇത്തരത്തില്‍ തീരുത്തേണ്ടതായിരുന്നു. കേസിന്റെ അടുത്ത വിചാരണ തീയതിയില്‍ ഇത്തരത്തില്‍ ഉത്തരവിടാന്‍ ഹൈക്കോടതി ഉദ്ദേശിച്ചിരുന്നിരിക്കാം. എന്നാല്‍ കാത്തിരിക്കാന്‍ ക്ഷമയില്ലാത്തതുകൊണ്ടാകാം പരാതിക്കാരി സുപ്രീംകോടതിയിലെത്തിയത്. കേസിെന്‍റ അടുത്ത തിയതിയില്‍ ഹര്‍ജിക്കാരി ഹൈക്കോടതിയില്‍ ഹാജരായി ജീവനാംശം അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിക്കണം. ഈ ആവശ്യങ്ങള്‍ ഹൈക്കോടതി അംഗീകരിക്കാതിരിക്കുമെന്നു കരുതുന്നില്ല. സുപ്രീംകോടതി ജഡ്ജിമാരായ ജ. ആര്‍ സി ലഗോട്ടി, ജ. അശോക് ഭാന്‍ , ജ. അരുണ്‍കുമാര്‍ എന്നിവര്‍ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. 2004 മാര്‍ച്ച് 29നായിരുന്നു വിധി.

ചൊവ്വാഴ്ച, ഡിസംബർ 06, 2011

അമ്മ, നയം, നിയമം
അഡ്വ. കെ ആര്‍ ദീപ
Posted on: 06-Dec-2011 11:36 AM
ര്‍ഭപാത്രം വാടകയ്ക്കു നല്‍കിയുള്ള ഗര്‍ഭധാരണം (Surrogacy) ഇന്ത്യയില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ രംഗത്ത് നിയമനിര്‍മാണത്തിന് ഒരുക്കം അവസാനഘട്ടത്തിലെത്തി. ഇതിനുള്ള ബില്‍ (Assisted Reproductive Technology Bill ) ഇപ്പോള്‍ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലാണ്. മന്ത്രിസഭ അംഗീകരിച്ചാല്‍ ഇത് പാര്‍ലമെന്റിലെത്തും.

 വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വാടക അമ്മമാരെ തേടിയെത്തുന്നവരുടെ എണ്ണം വര്‍ഷം തോറും വര്‍ധിക്കുകയാണ്. കുട്ടികളെ ആവശ്യമുള്ള ദമ്പതിമാരുടെ ബീജവും അണ്ഡവും സംയോജിപ്പിച്ച് മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് വളര്‍ത്തി പ്രസവിച്ചശേഷം കൈമാറുന്ന രീതിയാണ് നിലവിലുള്ളത്. ഇത്തരത്തിലുള്ള ഗര്‍ഭധാരണവും ഇങ്ങനെ ഉണ്ടാകുന്ന കുട്ടികളുടെ കൈമാറ്റവും നിയന്ത്രിക്കാന്‍ നിലവില്‍ ഇന്ത്യയില്‍ നിയമങ്ങളില്ല. ഒരു നിയമവും ഇത് വിലക്കുന്നുമില്ല. 2005ല്‍ പുറപ്പെടുവിച്ച ചില മാര്‍ഗനിര്‍ദേശങ്ങള്‍ മാത്രമാണ്
നിലവിലുള്ളത്. ചെലവ് കുറവും ശക്തമായ നിയമങ്ങളില്ലാത്തതും തന്നെയാണ് ഇന്ത്യയെ ഒരു "ഗര്‍ഭപാത്ര വിപണി"എന്ന നിലയില്‍ വിദേശികള്‍ക്ക് പ്രിയങ്കരമാക്കുന്നത്. അമേരിക്കയില്‍ ഒരുലക്ഷം ഡോളര്‍ (50 ലക്ഷം രൂപ) മുടക്കിയാലേ ഇത്തരത്തില്‍ ഒരമ്മയെ വാടകയ്ക്ക് കിട്ടുകയുള്ളൂ. ഇവിടെ ചെലവ് അതിന്റെ നാലിലൊന്നേ വരൂ. നിയന്ത്രണങ്ങള്‍ ഇല്ലാത്തതുകൊണ്ടുതന്നെ ഇത് സംബന്ധിച്ച കണക്കുകളൊന്നും സര്‍ക്കാരിന്റെ പക്കലില്ല.

ഈ സാഹചര്യത്തിലാണ് 2009 ആഗസ്ത് അഞ്ചിന് കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ച 228-ാമത് റിപ്പോര്‍ട്ടില്‍ പുതിയ നിയമം വേണമെന്ന നിര്‍ദേശം ദേശീയ ലോ കമീഷന്‍ മുന്നോട്ടുവച്ചത്. വന്‍തോതില്‍ വാണിജ്യവല്‍ക്കരിക്കപ്പെടുന്ന ഈ രംഗത്ത് നിയന്ത്രണങ്ങള്‍ ആവശ്യമുണ്ടെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി ജ. ഡോ. എ ആര്‍ ലക്ഷ്മണന്‍ അധ്യക്ഷനായ കമീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

"ഇതില്‍ ഏറെ മനുഷ്യാവകാശപ്രശ്നങ്ങളും ധാര്‍മികവിഷയങ്ങളും ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. നിയമപരമായ ചട്ടക്കൂട്ടിലല്ലെങ്കില്‍ ഒട്ടേറെ സങ്കീര്‍ണതകള്‍ ഉണ്ടാകാം. എന്നാല്‍ , അവ്യക്തമായ "ധാര്‍മിക" കാരണങ്ങള്‍ പറഞ്ഞ് ഇത്തരം ഗര്‍ഭധാരണങ്ങള്‍ നിരോധിക്കുന്നതിന് അര്‍ഥമില്ല"- കമീഷന്‍ വ്യക്തമാക്കി. നിയമത്തില്‍ ഉണ്ടാകേണ്ടത് എന്തെല്ലാമെന്ന് കമീഷന്‍ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്.

വ്യക്തമായ കരാറിലൂടെയാകണം ഗര്‍ഭധാരണം. ഗര്‍ഭധാരണത്തിനു തയ്യാറാകുന്ന സ്ത്രീയുടെ സമ്മതം കരാറിലുണ്ടാകണം. അവരുടെ ഭര്‍ത്താവും കുടുംബാംഗങ്ങളും ഇതിന് സമ്മതം നല്‍കണം. കൃത്രിമ ഗര്‍ഭധാരണത്തിനുള്ള സമ്മതവും കരാറിലുണ്ടാകണം.കുട്ടിയെ ആഗ്രഹിക്കുന്ന ദമ്പതികളില്‍ ഒരാളുടെ അണ്ഡമോ/ബീജമോ ഉപയോഗിച്ചുതന്നെയാകണം കൃത്രിമ ഗര്‍ഭധാരണം. കുട്ടിയുമായി രക്ഷിതാക്കള്‍ക്ക് ജൈവശാസ്ത്രപരമായ ബന്ധം രൂപപ്പെടാന്‍ ഇതാവശ്യമാണെന്ന് കമ്മീഷന്‍ കാണുന്നു.പ്രസവചെലവുകളെല്ലാം കുട്ടിയെ ലഭിക്കേണ്ട കുടുംബം വഹിക്കണം. കുട്ടിയെ ആ രക്ഷിതാക്കള്‍ക്കോ രക്ഷിതാവിനോ വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് ഗര്‍ഭം ധരിക്കുന്ന സ്ത്രീയും കരാറില്‍ വ്യക്തമാക്കണം. എന്നാല്‍ ,ഈ ഏര്‍പ്പാടുകളൊന്നും വാണിജ്യലക്ഷ്യത്തോടെയാകരുത്.

കുട്ടിയുടെ സാമ്പത്തികരക്ഷ ഉറപ്പാക്കാന്‍ വ്യവസ്ഥ വേണം. കുട്ടിയെ ഏറ്റെടുക്കേണ്ടയാള്‍ മരിക്കുകയോ ദമ്പതികളാണെങ്കില്‍ അവര്‍ വേര്‍പിരിയുകയോ ചെയ്താല്‍ കുട്ടി അനാഥ/അനാഥനാകരുത്. ഗര്‍ഭം ധരിക്കുന്ന സ്ത്രീയുടെ ജീവന്‍ ഇന്‍ഷുര്‍ ചെയ്യാനും വ്യവസ്ഥ ഉണ്ടാകണം. ഏറ്റെടുക്കുന്ന ദമ്പതികളുടെ കുട്ടി എന്നതു തന്നെയായിരിക്കണം ഇത്തരത്തില്‍ കൈമാറുന്ന കുട്ടിയുടെ നിയമപരമായ അസ്തിത്വം. ദത്തെടുക്കലിന്റെയോ രക്ഷിതാവായി പ്രഖ്യാപിക്കലിന്റെയോ ആവശ്യം ഉണ്ടാകരുത്. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ഏറ്റെടുക്കുന്ന ദമ്പതികളായിരിക്കണം അച്ഛനമ്മമാര്‍ . ഗര്‍ഭം ധരിക്കുന്ന സ്ത്രീയുടെയും കുട്ടിയെ ഏറ്റെടുക്കുന്ന കുടുംബത്തിന്റെയും വിവരങ്ങള്‍ രഹസ്യമായിരിക്കണം. ഇത്തരത്തിലുള്ള വ്യവസ്ഥകളോടെ നിയമം നിര്‍മിക്കണമെന്നാണ് കമീഷന്‍ നിര്‍ദേശിച്ചത്.

ഈ നിര്‍ദേശങ്ങള്‍ അംഗീകരിച്ചാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചി (icmr) നെ ബില്‍ തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. പഠനങ്ങള്‍ക്കും തെളിവെടുപ്പുകള്‍ക്കും ശേഷം തയ്യാറാക്കിയ ബില്ലാണ് ഇപ്പോള്‍ പാര്‍ലമെന്റിലെത്തുന്നത്.

ഈ മേഖലയില്‍ മേല്‍നോട്ടത്തിനായി കേന്ദ്രആരോഗ്യ സെക്രട്ടറി ചെയര്‍മാനായി ഒരു 21അംഗ ഉപദേശക സമിതി രൂപീകരിക്കാന്‍ ബില്‍ നിര്‍ദേശിക്കുന്നു. സംസ്ഥാനത്തും സമാനമായ സമിതികള്‍ നിലവില്‍ വരും. ഈ രംഗത്തെ് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെല്ലാം രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും. ലോ കമീഷന്‍ ശുപാര്‍ശ ചെയ്ത മറ്റു വ്യവസ്ഥകളും നിയമത്തിലുണ്ടാകുമെന്നാണ് സൂചന.

 


"മാറ്റമ്മ"മാരുടെ ആനന്ദ്

ഇന്ത്യയില്‍ ഇന്ന് വാടകപ്രസവത്തിന്റെ കേന്ദ്രമായി അറിയപ്പെടുന്നത് ഗുജറാത്തിലെ ആനന്ദ് നഗരമാണ്. പാല്‍ സഹകരണ വിപണന സംഘമായ അമൂലിന്റെ ആസ്ഥാനമായ ഇവിടം ഇന്ന് ഗര്‍ഭപാത്ര വിപണിയെന്ന നിലയിലും പേരെടുത്തുകഴിഞ്ഞു.

ഡോ. നയനാ പട്ടേല്‍ നടത്തുന്ന കൈവാല്‍ ക്ലിനിക്കാണ് ആനന്ദില്‍ ഈ രംഗത്തെ മുഖ്യസ്ഥാപനം. 2005 മുതല്‍ ഇവിടെ വാടകപ്രസവം നടത്തിക്കൊടുക്കുന്നുണ്ട്. അമേരിക്ക, ബ്രിട്ടണ്‍ , ആസ്ത്രേലിയ, കനഡ, ഇസ്രയേല്‍ , സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍നിന്ന് ദമ്പതികള്‍ ഇവിടേയ്ക്കെത്തുന്നു. 500ലേറെ കുട്ടികള്‍ ഇവിടെ ഇത്തരത്തില്‍ പ്രസവിച്ച് കൈമാറിക്കഴിഞ്ഞു.

ദരിദ്രകുടുംബങ്ങളില്‍നിന്നുള്ള സ്ത്രീകളാണ് അമ്മമാരാകാന്‍ എത്തുന്നവരേറെയും ഗര്‍ഭകാലം മുഴുവന്‍ ഇവര്‍ ആശുപത്രിയില്‍ കഴിയേണ്ടിവരും. ഇടനിലക്കാരുടെ ചൂഷണം ശക്തമായതിനാല്‍ വിദേശദമ്പതികള്‍ ആശുപത്രിക്ക് നല്‍കുന്ന തുകയുടെ ഒരുപങ്കേ പ്രസവിക്കുന്ന സ്ത്രീക്ക് ലഭിക്കുകയുള്ളൂ. എങ്കിലും പലര്‍ക്കും അവരുടെ ജീവിത പ്രാരാബ്ദങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ "അമ്മയാകല്‍" തുണയാകും. ഗര്‍ഭധാരണത്തിനും പ്രസവത്തിനും "സമയം കളയാനില്ലാത്ത" ദമ്പതികള്‍ മുതല്‍ ആരോഗ്യപ്രശ്നങ്ങളാല്‍ പ്രസവം സാധിക്കാത്ത സ്ത്രീകള്‍ വരെ ഈ രീതി തേടി എത്തുന്നു. രോഗിയായ മകളുടെ കുട്ടിയെ പ്രസവിക്കാന്‍ തയ്യാറായിവന്ന അമ്മയായിരുന്നു ഡോ നയന പട്ടേലിന്റെ ക്ലിനിക്കിലെ ആദ്യത്തെ "മാറ്റമ്മ" (surrogate mother).

ഇരുപത്തിയഞ്ചിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയാണ് ക്ളിനിക്കില്‍ അമ്മമാരായി തെരഞ്ഞെടുക്കുന്നത്. വിവാഹിതരും ഒരു കുട്ടിയെങ്കിലും ഉള്ള സ്ത്രീകളാകണം. കുട്ടിയെ വേണ്ടട ദമ്പതിമാര്‍ക്ക് ഇവരെ കാണാനും പരിചയപ്പെടാനുമൊക്കെ ആശുപത്രി അധികൃതര്‍ സൌകര്യം ചെയ്യും. പ്രസവം ഏറെയും ശസ്ത്രക്രിയയിലൂടെയാകും. വിദേശ ദമ്പതികള്‍ക്ക് വന്നുപോകാന്‍ പറ്റുന്ന തീയതി നോക്കി ശസ്ത്രക്രിയ നടത്തുകയാണ് പതിവ്. ഇരട്ടകുട്ടികളെ പ്രസവിക്കേണ്ടിവരുന്ന വാടക അമ്മമാരുമുണ്ട്. 


മഞ്ജി കുരുങ്ങിയ കുരുക്ക്

വാടക അമ്മമാര്‍ക്ക് പിറക്കുന്ന കുഞ്ഞുങ്ങളുടെ പൗരത്വം മുതല്‍ പിതൃത്വം വരെ നിയമക്കുരുക്കുകളില്‍ എത്താനുള്ള സാധ്യതയേറെയാണ്. പലരാജ്യങ്ങളിലും ഇത് സംഭവിക്കുന്നുമുണ്ട്. ഇന്ത്യയില്‍ ഇത്തരത്തിലൊരു കേസില്‍ തീര്‍പ്പുണ്ടാക്കിയത് സുപ്രീംകോടതിയാണ്. 2008ല്‍ ആയിരുന്നു ഇത്.

ജപ്പാനിലെ ദമ്പതികളായ ഇക്കുഫുമി യമാദയും ഭാര്യ ഡോ. യുക്കി യമാദയും ഇന്ത്യയില്‍നിന്ന് ഒരമ്മയെ വാടകയ്ക്കെടുക്കാന്‍ തീരുമാനിച്ചു. ബീജം ഇക്കുഫുമി യമാദയില്‍നിന്നുതന്നെയായിരുന്നു. എന്നാല്‍ , അണ്ഡം യുക്കി യമാദയുടേതായിരുന്നില്ല. അത് മറ്റൊരു സ്ത്രീയില്‍നിന്നായിരുന്നു. ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കിയ അമ്മ ഗുജറാത്തിലെ ആനന്ദ് സ്വദേശിനി. പ്രസവം ഈ മേഖലയില്‍ ശ്രദ്ധേയയായ ഡോ. നയന പട്ടേലിന്റെ ആശുപത്രിയില്‍ .
കുട്ടി ഉണ്ടായപ്പോഴേക്കും ഇക്കുഫുമി യമാദയും ഭാര്യയും തമ്മില്‍ ബന്ധം മോശമായി. അവര്‍ വേര്‍പിരിഞ്ഞു. 2008 ജൂലൈ 25ന് കുട്ടി ജനിച്ചു. മഞ്ജി എന്നു പേരുമിട്ടു. യമാദ കുട്ടിയുടെ പാസ്പോര്‍ട്ടിനു ശ്രമിച്ചു. എന്നാല്‍ ജപ്പാന്‍ എംബസി നല്‍കിയില്ല. കുട്ടി ഏത് നാട്ടുകാരിയാണെന്ന് നിശ്ചയിക്കാനാകാത്തതാണ് പ്രശ്നമായത്. ജനിച്ചത് ഇന്ത്യക്കാരിക്കായതിനാല്‍ കുട്ടിയ്ക്ക് പാസ്പോര്‍ട്ട് നല്‍കാനാകില്ലെന്ന് എംബസി പറഞ്ഞു. എന്നാല്‍ കുട്ടിയെ ദത്തെടുക്കാമെന്നായി യമാദ. അത് ഇന്ത്യന്‍ നിയമം അനുവദിക്കുന്നില്ല. വിഭാര്യനായ ആള്‍ക്ക് പെണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ ഗാര്‍ഡിയന്‍സ് ആന്റ് വാര്‍ഡ്സ് ആക്ടില്‍ വിലക്കുണ്ട്. ഇന്ത്യന്‍ പാസ്പോര്‍ട്ടിനുള്ള ശ്രമവും പരാജയപ്പെട്ടു. ആനന്ദ് മുനിസിപ്പാലിറ്റി നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റില്‍ അമ്മയുടെ പേരില്ലാത്തതായിരുന്നു തടസ്സം.

ഇതിനിടെ വിസ കാലാവധി തീര്‍ന്നതിനാല്‍ ഇക്കുഫുമി യമാദയ്ക്ക് ജപ്പാനിലേക്ക് മടങ്ങേണ്ടിവന്നു. കുട്ടിയെ ഏറ്റെടുക്കാനായി യമാദയുടെ അമ്മ എമിക്കോ യമാദ ജപ്പാനില്‍നിന്നു പറന്നെത്തി.
അപ്പോള്‍ പുതിയ പ്രശ്നം. ഈ ഇടപാട് മുഴുവന്‍ നിയമവിരുദ്ധമാണെന്നും അനധികൃതമായി കുട്ടികളെ ജനിപ്പിച്ച് അവരെ വിദേശികള്‍ക്ക് വില്‍ക്കുന്ന റാക്കറ്റിന്റെ ഭാഗമാണ് പ്രസവം നടന്ന ആശുപത്രിയിലെ ഡോക്ടര്‍ നയന പട്ടേലും മറ്റുമെന്നാരോപിച്ച് ഒരു സന്നദ്ധസംഘടന ഗുജറാത്ത് ഹൈക്കോടതിയിലെത്തി. ഹൈക്കോടതി കുട്ടിയെ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവായി. എന്നാല്‍ ഇക്കുഫുമി നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി കേസില്‍ ഇടപെട്ടു. ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. എന്നാല്‍ പൗരത്വപ്രശ്നം സുപ്രീംകോടതിക്കും തലവേദനയായി.

കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ദേശീയ കമീഷന്റെ അഭിപ്രായംകൂടി മാനിച്ച് ഒടുവില്‍ മഞ്ജിക്ക് പാസ്പോര്‍ട്ട് നല്‍കാന്‍ തീരുമാനമായി. അമ്മയുടെ പേരോ പൗരത്വമോ വ്യക്തമാക്കാത്ത ഒരു സര്‍ട്ടിഫിക്കറ്റ് രാജസ്ഥാന്‍ പാസ്പോര്‍ട്ട് ഓഫീസില്‍നിന്ന് നല്‍കിയാണ് പാസ്പോര്‍ട്ട് ലഭ്യമാക്കിയത്. ഇത്തരത്തിലൊരു സര്‍ട്ടിഫിക്കറ്റ് ഇന്ത്യന്‍ ചരിത്രത്തിലാദ്യം. ജപ്പാനിലേക്ക് പോകാന്‍ മാത്രം ഉപയോഗിക്കാവുന്ന ഒരു ട്രാവല്‍ വിസയും നല്‍കി. രണ്ടര മാസം നീണ്ട നിയമക്കുരുക്കുകള്‍ അഴിച്ച് 2008 സപ്തംബര്‍ 15ന് അമ്മൂമ്മ കുട്ടിയുമായി ജപ്പാനിലെ ഒസാക്കയിലേക്ക് പോയി. ഇതിനിടെ അവിടെ കുട്ടിക്ക് പൗരത്വം നല്‍കാനാകുമെന്ന് ജപ്പാന്‍ സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. പ്രശ്നം തല്‍ക്കാലം പരിഹരിക്കപ്പെട്ടു. എന്നാല്‍ ഇനിയും ഒരു മഞ്ജി പ്രശ്നമുണ്ടായാല്‍ ഇതേ നിയമക്കുരുക്കുകള്‍ വീണ്ടും ഉണ്ടാകും എന്നതാണ് സ്ഥിതി.
വരുമാനമില്ലാത്ത ഭാര്യയുടെ ഫോണിന് കുടിശ്ശിക വന്നാല്‍ ...
അഡ്വ. കെ ആര്‍ ദീപ
Posted on: 30-Nov-2011 09:45 AM
സ്വന്തമായി വരുമാനമില്ലാത്ത ഭാര്യയുടെ പേരിലുള്ള ഫോണിന് കുടിശ്ശിക വന്നാല്‍ എന്തുചെയ്യും? ഫോണ്‍ കട്ടാക്കാമെന്നത് ശരി. എന്നാല്‍ കുടിശ്ശിക കിട്ടണ്ടേ? അതിനെന്താണ് എളുപ്പവഴി? പൊതുമേഖലാസ്ഥാപനമായ മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ് പ്രശ്നം പരിഹരിക്കാന്‍ വഴി കണ്ടുപിടിച്ചു. അതേവീട്ടില്‍ ഭര്‍ത്താവിന്റെ പേരിലും ഫോണുണ്ട്. അവര്‍ അത് കട്ട് ചെയ്തു. ഭര്‍ത്താവ് വിട്ടില്ല. അദ്ദേഹം കേസിനുപോയി. കേസ് സുപ്രീംകോടതി വരെ നീണ്ടു. ഒടുവില്‍ സുപ്രീംകോടതി പ്രശ്നത്തില്‍ അന്തിമ തീര്‍പ്പുണ്ടാക്കി. വീട്ടമ്മയായ ഭാര്യയുടെ പേരിലുള്ള ടെലിഫോണ്‍ ബില്ലിന് കുടിശ്ശിക അടയ്ക്കാതിരുന്നാല്‍ ഭര്‍ത്താവിന്റെ പേരിലുള്ള ഫോണ്‍ കട്ട്ചെയ്യാം- കോടതി വിധിച്ചു. 
സുര്‍ജിത് സിങ്ങും ഭാര്യയും ഡല്‍ഹിയില്‍ ഒരു വീട്ടിലാണ് താമസം. ഈ വീട്ടില്‍ രണ്ട് ഫോണുണ്ട്. ഒരെണ്ണം സിങ്ങിന്റെ പേരില്‍ത്തന്നെ. രണ്ടാമത്തേത് ഭാര്യയുടെ പേരിലും. സിങ്ങിന്റെ പേരില്‍ ത്തന്നെ മൂന്നാമത്തെ ഫോണുണ്ട്. അത് ഓഫീസിലാണ്. ഭാര്യയുടെ പേരിലുള്ള ഫോണിനാണ് കുടിശ്ശിക വന്നത്. അടയ്ക്കാതെ വന്നപ്പോള്‍ സിങ്ങിന്റെ പേരിലുള്ള രണ്ട്ഫോണും അധികൃതര്‍ കട്ടാക്കി. സിങ്ങ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഭാര്യയും താനും നിയമപരമായി വേറിട്ട വ്യക്തിത്വങ്ങളായതിനാല്‍ ഭാര്യയുടെ തെറ്റിന് തന്നെ ശിക്ഷിക്കാനാകില്ലെന്നായിരുന്നു സിങ്ങിന്റെ വാദം. കോടതി ഹര്‍ജി തള്ളി. അപ്പീലും തള്ളപ്പെട്ടു. തുടര്‍ന്നാണ് സിങ് സുപ്രീംകോടതിയിലെത്തിയത്. ബോംബെ ഹൈക്കോടതിയുടെ ഒരു വിധിയും വാദത്തിനനുകൂലമായി സിങ്ങിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ഉദ്ധരിച്ചു. അച്ഛന്റെ പേരിലുള്ള ഫോണിന്റെ ബില്ലടയ്ക്കാത്തതിന് മകന്റെ പേരിലുള്ള ഫോണ്‍ കട്ട്ചെയ്തതിനെതിരെയായിരുന്നു ആ വിധി.
എന്നാല്‍ ആ കേസിലെ സ്ഥിതിയല്ല സിങ്ങിന്റെ കേസിലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അവിടെ അച്ഛന്‍ സാമ്പത്തികമായി മകനെ ആശ്രയിച്ച് ജീവിക്കുന്ന വ്യക്തിയാണെന്ന വാദം ഉണ്ടായിരുന്നില്ല. ആ നിലയ്ക്ക് ആ വാദം ഈ കേസില്‍ നിലനില്‍ക്കില്ല. ഇതു തമ്മില്‍ വ്യത്യാസമുണ്ട്. സ്വന്തം വരുമാനം കൊണ്ട് ജീവിക്കുന്ന ബന്ധു ഫോണ്‍ ബില്‍ കുടിശ്ശിക വരുത്തിയാല്‍ അതിന്റെ പേരില്‍ അതേ വിലാസത്തില്‍ പ്രവര്‍ത്തിക്കുന്നതാണെങ്കില്‍പ്പോലും മറ്റൊരാളുടെ ഫോണ്‍ കട്ടാക്കാനാകില്ല. എന്നാല്‍ ഫോണ്‍ കണക്ഷന്‍ എടുത്തിരിക്കുന്നയാള്‍ മറ്റേയാളെ സാമ്പത്തികമായി ആശ്രയിച്ച് ജീവിക്കുകയാണെങ്കില്‍ സ്ഥിതി വ്യത്യസ്തമാണ്. ഉദാഹരണത്തിന് പ്രായപൂര്‍ത്തിയാകാത്ത മകന്റെ പേരിലും അച്ഛന്റെ പേരിലും ഒരേ വിലാസത്തില്‍ ഫോണുണ്ടെങ്കില്‍ രണ്ടിന്റെയും ബില്ലടയ്ക്കുന്നത് അച്ഛനായിരിക്കുമല്ലോ. അപ്പോള്‍ ഇതിലൊരു ഫോണില്‍ കുടിശ്ശിക വന്നാല്‍ മറ്റേ ഫോണ്‍ കട്ട്ചെയ്യാം. ഭാര്യയുടെയും ഭര്‍ത്താവിന്റെയും കാര്യത്തിലും സമാന സ്ഥിതിയുണ്ട്. ഭാര്യയും ഭര്‍ത്താവും സ്വന്തമായി വരുമാനമുള്ളവരും ഇരുവരുടെയും പേരില്‍ ഫോണുണ്ടാകുകയും ചെയ്താല്‍ ഒരെണ്ണത്തിന് കുടിശ്ശിക വന്നതിന്റെ പേരില്‍ മറ്റേത് റദ്ദാക്കിക്കൂടാ. ആന്ധ്രാ ഹൈക്കോടതിയിലെ മറ്റൊരു വിധികൂടി ഹര്‍ജിക്കാരന്‍ ഉദ്ധരിച്ചു. അവിടെ അമ്മയുടെ പേരിലുള്ള ഫോണിന് കുടിശ്ശിക വന്നതിന് മകന്റെ ഫോണ്‍ കട്ട്ചെയ്ത നടപടിയാണ് കോടതി റദ്ദാക്കിയത്. ആ കേസിലും അമ്മ മകനെ സാമ്പത്തികമായി ആശ്രയിച്ചിരുന്നതായി പറയുന്നില്ല. അവര്‍ സാമ്പത്തികമായി ആശ്രയിച്ചിരുന്നത് ഭര്‍ത്താവിനെയാകാം. ഒരുപക്ഷേ അവര്‍ക്ക് സ്വന്തമായി തൊഴിലുണ്ടായിരുന്നിരിക്കാം. അക്കാര്യങ്ങള്‍ വ്യക്തമാകാത്തിടത്തോളം ഈ കേസില്‍ അത് ബാധകമാകില്ല. 
കുടിശ്ശിക വന്നാല്‍ "ഉപഭോക്താവി"ന്റെ ഫോണ്‍ കട്ട്ചെയ്യാം എന്നേ ഇന്ത്യന്‍ ടെലിഗ്രാഫ് നിയമ(Indian telegraph Act)ത്തില്‍ പറയുന്നുള്ളൂ എന്നൊരു വാദം സുര്‍ജിത് സിങ്ങ് ഉയര്‍ത്തി. ചട്ടങ്ങളുടെ വാച്യാര്‍ഥമെടുത്താല്‍ തന്റെ വാദം അംഗീകരിക്കേണ്ടി വരുമെന്നായിരുന്നു സിങ്ങിന്റെ നിലപാട്. പക്ഷേ നിയമത്തില്‍ വാച്യാര്‍ഥം മാത്രം പരിഗണിച്ചാല്‍ പോരാ എന്ന് മുന്‍കാല വിധികള്‍ ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി. 2008 ഏപ്രില്‍ 21ന് ജ. എച്ച് കെ സേമ, ജ. മാര്‍ക്കണ്ഡേയ കട്ജു എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതായിരുന്നു വിധി.

ശനിയാഴ്‌ച, നവംബർ 26, 2011

ചികിത്സാപിഴവിന് 1.73 കോടി നഷ്ടപരിഹാരം
അഡ്വ: കെ ആര്‍ ദീപ
Posted on: 24-Nov-2011 05:48 PM
ഭാര്യയുടെ മരണം ചികിത്സയിലെ വീഴ്ചകൊണ്ടാണെന്നാരോപിച്ച് ഭര്‍ത്താവ് നല്‍കിയ കേസില്‍ ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷന്‍ 1.73 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു. ഇന്ത്യയില്‍ ചികിത്സാപിഴവു കേസുകളിലെ ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാര തുകയാണിത്. ഇതിനുമുമ്പ് 2009ല്‍ ഒരു കേസില്‍ സുപ്രീം കോടതി ഒരുകോടി രൂപ നഷ്ടപരിഹാരം വിധിച്ചിട്ടുണ്ട്. പതിമൂന്നുവര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ 2011 ഒക്ടോബര്‍ 21നുണ്ടായ ഈ വിധി ഇതിനകം ഏറെ ചര്‍ച്ചയായിട്ടുണ്ട്.

നഷ്ടപരിഹാര തുക ഉപയോഗിച്ച് കേസിലെ വാദിയായ ഡോ. കുനാല്‍ സാഹ സ്ഥാപിച്ച പീപ്പിള്‍ ഫോര്‍ ബെറ്റര്‍ ട്രീറ്റ്മെന്റ് (PBT) എന്ന സംഘടന സാമൂഹ്യപ്രശ്നങ്ങളില്‍ ഇടപെട്ടുതുടങ്ങി. ബംഗാളില്‍ ബി സി റോയി ആശുപത്രിയിലുണ്ടായ ശിശുമരണത്തെപ്പറ്റി അന്വേഷണം ആവശ്യപ്പെട്ട് ആദ്യം രംഗത്തുവന്ന സംഘടനകളിലൊന്ന് പിബിടിയായിരുന്നു. ചികിത്സാരീതിയിലെ പിഴവും ചികിത്സിച്ച ഡോക്ടര്‍മാരുടെ അനാസ്ഥയുംമൂലമാണ് മരണമുണ്ടായതെന്നു കാട്ടി ഡോ. കുനാല്‍ കേസ് കൊടുക്കുകയായിരുന്നു. ആദ്യം കേസ് പരിഗണിച്ച ദേശീയ ഉപഭോക്തൃ കമീഷന്‍ (ആവശ്യപ്പെട്ട നഷ്ടപരിഹാര തുക ഉയര്‍ന്നതായതിനാല്‍ കേസ് ആദ്യംതന്നെ ദേശീയ കമീഷനില്‍തന്നെയാണ് എത്തിയത്.) കേസ് തള്ളി. ഡോക്ടര്‍മാര്‍ കുറ്റക്കാരല്ലെന്നു&ാറമവെ; വിധിച്ചു. എന്നാല്‍ കുനാല്‍ സാഹ നല്‍കിയ അപ്പീലില്‍ സുപ്രീം കോടതി വിധി തിരുത്തി. നഷ്ടപരിഹാര തുക നിശ്ചയിക്കാനായി കേസ് ദേശീയ കമീഷനിലേക്ക് തിരിച്ചയച്ചു. ദേശീയ കമീഷന്‍ 1.73 കോടി രൂപ നഷ്ടപരിഹാരം വിധിക്കുകയും ചെയ്തു. ആദ്യം ചികിത്സിച്ച ഡോ. മുഖര്‍ജി അനുരാധയ്ക്ക് ത്വക്ക്രോഗമാണെന്നു മനസ്സിലാക്കി. എന്നാല്‍ ത്വക്ക്രോഗ വിദഗ്ധനെ കാണാന്‍ നിര്‍ദേശിച്ചില്ല. പകരം അമിതമായ അളവില്‍ ഡെപ്പോമെട്രോള്‍ നല്‍കി. മരുന്നുണ്ടാക്കുന്ന കമ്പനി പറഞ്ഞ അളവുപോലും മറികടന്നു. ഇത് ആ ഡോക്ടറുടെ വീഴ്ചയാണ്. ഈ മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ പരിഗണിച്ചതേയില്ല. ടിഇഎന്‍ (TEN) ഉള്ളയാള്‍ക്ക് ഇത്രയും അളവില്‍ സ്റ്റെറോയ്ഡ് കൊടുക്കാനേ പാടില്ല. ഇക്കാര്യങ്ങള്‍ ഡോ. മുഖര്‍ജി കണക്കിലെടുത്തില്ല. ഐവി ഫ്ളൂയിഡ് കൊടുക്കുക, രക്തപരിശോധന നടത്തുക തുടങ്ങിയ കാര്യങ്ങളിലെല്ലാം വീഴ്ചവന്നു. ടിഇഎന്‍ ആണ് അസുഖമെന്നു മനസ്സിലാക്കിയ മറ്റൊരു ഡോക്ടറായ അബനി റോയ് ചൗധരിയും ഇക്കാര്യങ്ങളൊന്നും ശ്രദ്ധിച്ചില്ല. മൂന്നാമത്തെ ഡോക്ടറായ ഡോ. ബല്‍റാം പ്രസാദിനും വീഴ്ചവന്നു.

ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച കമീഷന്‍ നഷ്ടപരിഹാര തുക നിര്‍ണയിക്കാന്‍ അനുരാധയുടെ ജോലിയും വരുമാനവും കണക്കിലെടുത്തു. ജോലിചെയ്തിരുന്നത് അമേരിക്കയിലായതിനാലും അവിടെ ലഭിച്ചിരുന്ന വേതനം ഉയര്‍ന്നതായതിനാലും ഉയര്‍ന്ന തുകതന്നെ നഷ്ടപരിഹാരമായി നിശ്ചയിച്ചു. ആദ്യം പരിശോധിച്ച ഡോ. സുകുമാര്‍ മുഖര്‍ജി 40,40,000 രൂപയും എഎംആര്‍ഐയിലെ ഡോക്ടര്‍മാരായ ബില്‍ ഹല്‍ദാറും ബല്‍റാം പ്രസാദും 26,93,000 രൂപവീതവും നല്‍കണം. എഎംആര്‍ഐ ആശുപത്രി 40,40,000 രൂപയും നല്‍കണം.

ചികിത്സയുടെ ചില ഘട്ടങ്ങളില്‍ അനുരാധയുടെ ഭര്‍ത്താവും കേസിലെ വാദിയുമായ ഡോ. കുനാല്‍ നടത്തിയ ഇടപെടലുകള്‍മൂലം നഷ്ടപരിഹാര തുകയില്‍ 10 ശതമാനം കുറവുചെയ്യുന്നതായും കമീഷന്‍ വ്യക്തമാക്കി. ഈ കുറവിനെതിരെയും കമീഷന്റെ പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടാനും ഡോ. കുനാല്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ദേശീയ കമീഷന്‍ അധ്യക്ഷന്‍ ആര്‍ സി ജയിനും അംഗം എസ് കെ നായിക്കും അടങ്ങിയ ബെഞ്ചാണ് കേസില്‍ വിധിപറഞ്ഞത്.

വ്യാഴാഴ്‌ച, നവംബർ 24, 2011

  • ദത്തെടുക്കാന്‍ ഒരുങ്ങുമ്പോള്‍
    അഡ്വ. കെ ആര്‍ ദീപ
  • ദത്തെടുക്കല്‍ ഇന്ന് അപൂര്‍വ്വമല്ല. സ്വത്ത് സംരക്ഷിക്കാനും "പരമ്പര നിലനിര്‍ത്താനു"മൊക്കെ രഹസ്യമായി ചെയ്തിരുന്ന ഒന്നായിരുന്നു പണ്ട് ദത്തെടുക്കല്‍ . ഇന്നത് മാറി. കുട്ടികളില്ലാത്തവര്‍ക്ക് ഒരു കുഞ്ഞിനേയും കുഞ്ഞിന് ഒരു വീടും നല്‍കുന്ന ദത്തെടുക്കലിന് ഇന്ന് വ്യവസ്ഥാപിത മാര്‍ഗങ്ങളുണ്ട്. എന്നാല്‍ എല്ലാ മതവിഭാഗക്കാര്‍ക്കും ബാധകമായ ഒരു ഏകീകൃത ദത്തെടുക്കല്‍ നിയമം ഇന്ത്യയില്‍ ഇപ്പോഴും ഇല്ല. ദി ഹിന്ദു അഡോപ്ഷന്‍ ആന്റ് മെയിന്റനന്‍സ് ആക്ട് (Hindu Adoptions and Maintanance Act 1956) ആണ് ദത്തെടുക്കലിനായി മാത്രമുള്ള ഏക നിയമം. ഈ നിയമം ഹിന്ദുക്കള്‍ , ജൈനര്‍ , ബുദ്ധര്‍ , സിഖുകാര്‍ എന്നിവര്‍ക്ക് ബാധകം. ഈ നിയമപ്രകാരം ഒരാള്‍ക്ക് ഒരാണ്‍കുഞ്ഞിനേയും പെണ്‍കുഞ്ഞിനേയും മാത്രമേ ദത്തെടുക്കാനാവൂ. സ്വന്തമായി ഒരു ആണ്‍കുട്ടി/ദത്തെടുത്ത ആണ്‍കുട്ടി ഉണ്ടെങ്കില്‍ പിന്നീട് ദത്തെടുക്കാന്‍ അനുവദിക്കുന്നത് പെണ്‍കുട്ടിയെ മാത്രമായിരിക്കും. ദി ഗാര്‍ഡിയന്‍സ് ആന്‍ഡ് വാര്‍ഡ്സ് ആക്ട് (The Guardians and Wards Act 1890) ആണ് ഹിന്ദുക്കളല്ലാത്തവരുടെ കാര്യത്തില്‍ ദത്തെടുക്കലിനായി ഉപയോഗിക്കുന്നത്. ക്രിസ്ത്യാനികള്‍ , പാഴ്സികള്‍ , മുസ്ളീം, ജൂതന്മാര്‍ എന്നിവര്‍ക്ക് ഈ നിയമപ്രകാരം ദത്തെടുക്കാം. എന്നാല്‍ ഈ നിയമം കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഒന്നല്ല. വീട്ടിലെ കുഞ്ഞിനുള്ള അതേ പദവി ഈ നിയമം കുട്ടിക്ക് നല്‍കുന്നില്ല. ഒരു രക്ഷകര്‍ത്തൃബന്ധം മാത്രമാണുണ്ടാകുക. കുട്ടിക്ക് 18 വയസാകുമ്പോള്‍ മാതാപിതാക്കളെ വിട്ടുപോകേണ്ടി വരും. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ദത്തെടുക്കല്‍ ഇന്ത്യയില്‍ നടക്കുന്നത് ഈ ആക്ടിന്റെ കീഴിലാണ്. ജൂവനൈല്‍ ജസ്റ്റീസ് കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ആക്ടാ (Juvenile Justice (Care and Protection of Children) Act 2000)ണ് ദത്തെടുക്കലിന് ബാധകമായ മറ്റൊരു നിയമം.
    എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും നിയമം ബാധകമാണ്. ഒരേ ലിംഗത്തിലുള്ള രണ്ടു കുട്ടികളെ ഈ നിയമപ്രകാരം ദത്തെടുക്കാം. രക്ഷകര്‍ത്താവും രക്ഷകര്‍ത്താവിന്റെ സംരക്ഷണയിലുള്ള കുട്ടിയും എന്ന സ്ഥാനം അല്ലാതെ മാതാപിതാക്കളും കുട്ടിയും എന്ന സ്ഥാനം നല്‍കുന്നു. സ്വന്തം കുഞ്ഞിനുള്ള അതേ അവകാശം ദത്തെടുത്ത കുഞ്ഞിനും ഈ നിയമം നല്‍കുന്നു. വ്യക്തികള്‍ക്കും ദമ്പതിമാര്‍ക്കും ദത്തെടുക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. വിവാഹശേഷം മൂന്നു വര്‍ഷം ഒന്നിച്ചു ജീവിക്കുന്ന ദമ്പതിമാര്‍ക്കും അവിവാഹിതര്‍ , വിധവകള്‍ , വിഭാര്യര്‍ , വിവാഹമോചിതര്‍ തുടങ്ങിയവര്‍ക്കും ദത്തെടുക്കാം. കുട്ടികളുണ്ടാവാത്ത ദമ്പതിമാര്‍ക്ക് മുന്‍ഗണന ലഭിക്കും. സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സി(CARA)യാണ് ദത്തെടുക്കലിന് മാര്‍ഗനിര്‍ദേശങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ വകുപ്പിന് കീഴിലുള്ള സ്ത്രീകളുടേയും കുട്ടികളുടേയും സ്വയംഭരണസ്ഥാപനമാണിത്. ദത്തെടുക്കല്‍ സംബന്ധമായ കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര അതോറിറ്റിയായും നോഡല്‍ സ്ഥാപനമായും ഇത് പ്രവര്‍ത്തിക്കുന്നു. ഇവര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ച് ദമ്പതിമാരുടെ പ്രായം കൂട്ടിയാല്‍ തൊണ്ണൂറ് കവിയാന്‍ പാടില്ല. ഓരോരുത്തരുടെയും പ്രായം നാല്പത്തഞ്ച് കടക്കുകയുമരുത്. (അംഗീകൃത ഏജന്‍സിയുടെ കുടുംബപഠന റിപ്പോര്‍ട്ട് പ്രകാരം ഇതില്‍ ഇളവ് നല്‍കാമെങ്കിലും ദമ്പതിമാരില്‍ ഒരാള്‍ക്കും അമ്പത്തഞ്ചിനപ്പുറം പ്രായം പാടില്ല.) ദമ്പതികളില്‍ ഒരാളെങ്കിലും പത്താംതരം പാസാവണം എന്നൊരു നിബന്ധന കേരളത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇതിലും ഇളവിന് വ്യവസ്ഥയുണ്ട്. ദമ്പതിമാര്‍ക്ക് സ്വന്തമായി വീടോ അല്ലെങ്കില്‍ പ്രതിമാസം അയ്യായിരം രൂപയെങ്കിലും പ്രതിഫലം ലഭിക്കുന്ന ജോലിയോ ഉണ്ടാവണം. അവരുടെ ശാരീരികമാനസികാരോഗ്യനില തൃപ്തികരമാവണം. ദാമ്പത്യബന്ധം ദൃഢമാകണം. ഒറ്റരക്ഷാകര്‍ത്താവിന് ദത്തെടുക്കാന്‍ നിബന്ധനകള്‍ കൂടുതലുണ്ട്. വയസ്സ് നാല്പത്തഞ്ച് കഴിയാന്‍ പാടില്ല. മുപ്പതു വയസ്സായാലേ ദത്തെടുക്കാവൂ. ദത്തെടുക്കുന്നയാളും കുട്ടിയും തമ്മില്‍ ഇരുപത്തൊന്നു വയസ്സിന്റെ വ്യത്യാസം വേണം. സ്ത്രീകള്‍ക്ക് ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ദത്തെടുക്കാമെങ്കിലും പുരുഷന്മാര്‍ക്ക് ആണ്‍കുട്ടികളെ മാത്രമേ ദത്ത് നല്‍കൂ. ലൈംഗിക ചൂഷണവും മറ്റും തടയാനാണ് ഈ വ്യവസ്ഥ. സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സിയുടെ അംഗീകാരമുള്ള കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്താണ് ദത്തെടുക്കലിന്റെ നടപടിക്രമങ്ങള്‍ തുടങ്ങേണ്ടത്. രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ സോഷ്യല്‍വര്‍ക്കര്‍ കുടുംബ പഠന റിപ്പോര്‍ട്ട് തയ്യാറാക്കും. ദമ്പതിമാരെയും ബന്ധുക്കളെയും അയല്‍ക്കാരെയും കണ്ട് സംസാരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഈ റിപ്പോര്‍ട്ട് അനുകൂലമായാലേ മറ്റ് കാര്യങ്ങള്‍ നടക്കുകയുള്ളൂ. അനുകൂലമായാല്‍ കുഞ്ഞിനെ കാണാന്‍ അവസരം ലഭിക്കും.
    ദത്തെടുക്കാന്‍ തീരുമാനിച്ചുകഴിഞ്ഞാല്‍ രേഖകള്‍ നല്‍കണം. രക്ഷിതാക്കളുടെ പ്രായം, വിദ്യാഭ്യാസയോഗ്യത, ആരോഗ്യം, വരുമാനം, സ്വത്ത് എന്നിവയൊക്കെ തെളിയിക്കണം. ജീവിതനിലവാരം സാക്ഷ്യപ്പെടുത്തി, രണ്ട് പ്രമുഖരുടെ സാക്ഷ്യപത്രം, കുട്ടിയെ സംരക്ഷിക്കാമെന്ന സത്യവാങ്മൂലം, കുടുംബ പഠന റിപ്പോര്‍ട്ട്, കുട്ടിയുടെ പേരില്‍ 25,000 രൂപയെങ്കിലും നിക്ഷേപിച്ചതിന്റെ രേഖ തുടങ്ങിയവയും അപേക്ഷകരുടെ ചിത്രങ്ങളും നല്‍കേണ്ടിവരും. സുപ്രീംകോടതിയുടേയും മാര്‍ഗ്ഗരേഖകള്‍ക്കനുസൃതമായി ദത്തെടുക്കലിന് ചെലവായ മൊത്തം തുക ബന്ധപ്പെട്ട ഏജന്‍സികള്‍ ദത്തെടുത്ത രക്ഷിതാക്കളില്‍ നിന്നും ഈടാക്കും. കുഞ്ഞ് ആ സ്ഥാപനത്തില്‍ ഉണ്ടായിരുന്ന കാലയളവിനനുസരിച്ച് ഒരു ദിവസം 50 രൂപ വീതം പരമാവധി 15,000 രൂപ വരെ ദത്തെടുക്കല്‍ കേന്ദ്രത്തിന് ഈടാക്കാം. ഈ സംഘടന കുട്ടിയുടെ ചികിത്സക്കായി പണം ചെലവഴിച്ചിട്ടുണ്ടെങ്കില്‍ ഈ പണവും ഈടാക്കാം. ഇത് 9000 രൂപ വരെ ആകാം. കൂടാതെ ഫാമിലി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള യാത്രാ ചെലവിനത്തില്‍ 1000 രൂപ അധികം നല്‍കേണ്ടി വരും. ചില സ്ഥാപനങ്ങള്‍ അഭിഭാഷകന് നല്‍കേണ്ട ഫീസും വാങ്ങും.

  • ദത്തെടുക്കാന്‍ ഒരുങ്ങുമ്പോള്‍
    അഡ്വ. കെ ആര്‍ ദീപ
  • ദത്തെടുക്കല്‍ ഇന്ന് അപൂര്‍വ്വമല്ല. സ്വത്ത് സംരക്ഷിക്കാനും "പരമ്പര നിലനിര്‍ത്താനു"മൊക്കെ രഹസ്യമായി ചെയ്തിരുന്ന ഒന്നായിരുന്നു പണ്ട് ദത്തെടുക്കല്‍ . ഇന്നത് മാറി. കുട്ടികളില്ലാത്തവര്‍ക്ക് ഒരു കുഞ്ഞിനേയും കുഞ്ഞിന് ഒരു വീടും നല്‍കുന്ന ദത്തെടുക്കലിന് ഇന്ന് വ്യവസ്ഥാപിത മാര്‍ഗങ്ങളുണ്ട്. എന്നാല്‍ എല്ലാ മതവിഭാഗക്കാര്‍ക്കും ബാധകമായ ഒരു ഏകീകൃത ദത്തെടുക്കല്‍ നിയമം ഇന്ത്യയില്‍ ഇപ്പോഴും ഇല്ല. ദി ഹിന്ദു അഡോപ്ഷന്‍ ആന്റ് മെയിന്റനന്‍സ് ആക്ട് (The Hindu Adoption and Maintenance Act 1956-HAMA) ആണ് ദത്തെടുക്കലിനായി മാത്രമുള്ള ഏക നിയമം.

    ഈ നിയമം ഹിന്ദുക്കള്‍ , ജൈനര്‍ , ബുദ്ധര്‍ , സിഖുകാര്‍ എന്നിവര്‍ക്ക് ബാധകം. ഈ നിയമപ്രകാരം ഒരാള്‍ക്ക് ഒരാണ്‍കുഞ്ഞിനേയും പെണ്‍കുഞ്ഞിനേയും മാത്രമേ ദത്തെടുക്കാനാവൂ. സ്വന്തമായി ഒരു ആണ്‍കുട്ടി/ദത്തെടുത്ത ആണ്‍കുട്ടി ഉണ്ടെങ്കില്‍ പിന്നീട് ദത്തെടുക്കാന്‍ അനുവദിക്കുന്നത് പെണ്‍കുട്ടിയെ മാത്രമായിരിക്കും. ദി ഗാര്‍ഡിയന്‍സ് ആന്‍ഡ് വാര്‍ഡ്സ് ആക്ട് (The Guardians and Wards Act,1890 ) ആണ് ഹിന്ദുക്കളല്ലാത്തവരുടെ കാര്യത്തില്‍ ദത്തെടുക്കലിനായി ഉപയോഗിക്കുന്നത്. ക്രിസ്ത്യാനികള്‍ , പാഴ്സികള്‍ , മുസ്ളീം, ജൂതന്മാര്‍ എന്നിവര്‍ക്ക് ഈ നിയമപ്രകാരം ദത്തെടുക്കാം. എന്നാല്‍ ഈ നിയമം കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഒന്നല്ല. വീട്ടിലെ കുഞ്ഞിനുള്ള അതേ പദവി ഈ നിയമം കുട്ടിക്ക് നല്‍കുന്നില്ല. ഒരു രക്ഷകര്‍ത്തൃബന്ധം മാത്രമാണുണ്ടാകുക. കുട്ടിക്ക് 18 വയസാകുമ്പോള്‍ മാതാപിതാക്കളെ വിട്ടുപോകേണ്ടി വരും. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ദത്തെടുക്കല്‍ ഇന്ത്യയില്‍ നടക്കുന്നത് ഈ ആക്ടിന്റെ കീഴിലാണ്. ജൂവനൈല്‍ ജസ്റ്റീസ് കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ആക്ടാ (Juvenile Justice (Care and Protection of Children) Act, 2000)ണ് ദത്തെടുക്കലിന് ബാധകമായ മറ്റൊരു നിയമം.

    എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും നിയമം ബാധകമാണ്. ഒരേ ലിംഗത്തിലുള്ള രണ്ടു കുട്ടികളെ ഈ നിയമപ്രകാരം ദത്തെടുക്കാം. രക്ഷകര്‍ത്താവും രക്ഷകര്‍ത്താവിന്റെ സംരക്ഷണയിലുള്ള കുട്ടിയും എന്ന സ്ഥാനം അല്ലാതെ മാതാപിതാക്കളും കുട്ടിയും എന്ന സ്ഥാനം നല്‍കുന്നു. സ്വന്തം കുഞ്ഞിനുള്ള അതേ അവകാശം ദത്തെടുത്ത കുഞ്ഞിനും ഈ നിയമം നല്‍കുന്നു. വ്യക്തികള്‍ക്കും ദമ്പതിമാര്‍ക്കും ദത്തെടുക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. വിവാഹശേഷം മൂന്നു വര്‍ഷം ഒന്നിച്ചു ജീവിക്കുന്ന ദമ്പതിമാര്‍ക്കും അവിവാഹിതര്‍ , വിധവകള്‍ , വിഭാര്യര്‍ , വിവാഹമോചിതര്‍ തുടങ്ങിയവര്‍ക്കും ദത്തെടുക്കാം. കുട്ടികളുണ്ടാവാത്ത ദമ്പതിമാര്‍ക്ക് മുന്‍ഗണന ലഭിക്കും. സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സി(CARA)യാണ് ദത്തെടുക്കലിന് മാര്‍ഗനിര്‍ദേശങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ വകുപ്പിന് കീഴിലുള്ള സ്ത്രീകളുടേയും കുട്ടികളുടേയും സ്വയംഭരണസ്ഥാപനമാണിത്. ദത്തെടുക്കല്‍ സംബന്ധമായ കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര അതോറിറ്റിയായും നോഡല്‍ സ്ഥാപനമായും ഇത് പ്രവര്‍ത്തിക്കുന്നു. ഇവര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ച് ദമ്പതിമാരുടെ പ്രായം കൂട്ടിയാല്‍ തൊണ്ണൂറ് കവിയാന്‍ പാടില്ല. ഓരോരുത്തരുടെയും പ്രായം നാല്പത്തഞ്ച് കടക്കുകയുമരുത്. (അംഗീകൃത ഏജന്‍സിയുടെ കുടുംബപഠന റിപ്പോര്‍ട്ട് പ്രകാരം ഇതില്‍ ഇളവ് നല്‍കാമെങ്കിലും ദമ്പതിമാരില്‍ ഒരാള്‍ക്കും അമ്പത്തഞ്ചിനപ്പുറം പ്രായം പാടില്ല.) ദമ്പതികളില്‍ ഒരാളെങ്കിലും പത്താംതരം പാസാവണം എന്നൊരു നിബന്ധന കേരളത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇതിലും ഇളവിന് വ്യവസ്ഥയുണ്ട്. ദമ്പതിമാര്‍ക്ക് സ്വന്തമായി വീടോ അല്ലെങ്കില്‍ പ്രതിമാസം അയ്യായിരം രൂപയെങ്കിലും പ്രതിഫലം ലഭിക്കുന്ന ജോലിയോ ഉണ്ടാവണം. അവരുടെ ശാരീരികമാനസികാരോഗ്യനില തൃപ്തികരമാവണം. ദാമ്പത്യബന്ധം ദൃഢമാകണം. ഒറ്റരക്ഷാകര്‍ത്താവിന് ദത്തെടുക്കാന്‍ നിബന്ധനകള്‍ കൂടുതലുണ്ട്. വയസ്സ് നാല്പത്തഞ്ച് കഴിയാന്‍ പാടില്ല. മുപ്പതു വയസ്സായാലേ ദത്തെടുക്കാവൂ. ദത്തെടുക്കുന്നയാളും കുട്ടിയും തമ്മില്‍ ഇരുപത്തൊന്നു വയസ്സിന്റെ വ്യത്യാസം വേണം. സ്ത്രീകള്‍ക്ക് ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ദത്തെടുക്കാമെങ്കിലും പുരുഷന്മാര്‍ക്ക് ആണ്‍കുട്ടികളെ മാത്രമേ ദത്ത് നല്‍കൂ. ലൈംഗിക ചൂഷണവും മറ്റും തടയാനാണ് ഈ വ്യവസ്ഥ. സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സിയുടെ അംഗീകാരമുള്ള കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്താണ് ദത്തെടുക്കലിന്റെ നടപടിക്രമങ്ങള്‍ തുടങ്ങേണ്ടത്. രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ സോഷ്യല്‍വര്‍ക്കര്‍ കുടുംബ പഠന റിപ്പോര്‍ട്ട് തയ്യാറാക്കും. ദമ്പതിമാരെയും ബന്ധുക്കളെയും അയല്‍ക്കാരെയും കണ്ട് സംസാരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഈ റിപ്പോര്‍ട്ട് അനുകൂലമായാലേ മറ്റ് കാര്യങ്ങള്‍ നടക്കുകയുള്ളൂ. അനുകൂലമായാല്‍ കുഞ്ഞിനെ കാണാന്‍ അവസരം ലഭിക്കും.

    ദത്തെടുക്കാന്‍ തീരുമാനിച്ചുകഴിഞ്ഞാല്‍ രേഖകള്‍ നല്‍കണം. രക്ഷിതാക്കളുടെ പ്രായം, വിദ്യാഭ്യാസയോഗ്യത, ആരോഗ്യം, വരുമാനം, സ്വത്ത് എന്നിവയൊക്കെ തെളിയിക്കണം. ജീവിതനിലവാരം സാക്ഷ്യപ്പെടുത്തി, രണ്ട് പ്രമുഖരുടെ സാക്ഷ്യപത്രം, കുട്ടിയെ സംരക്ഷിക്കാമെന്ന സത്യവാങ്മൂലം, കുടുംബ പഠന റിപ്പോര്‍ട്ട്, കുട്ടിയുടെ പേരില്‍ 25,000 രൂപയെങ്കിലും നിക്ഷേപിച്ചതിന്റെ രേഖ തുടങ്ങിയവയും അപേക്ഷകരുടെ ചിത്രങ്ങളും നല്‍കേണ്ടിവരും. സുപ്രീംകോടതിയുടേയും മാര്‍ഗ്ഗരേഖകള്‍ക്കനുസൃതമായി ദത്തെടുക്കലിന് ചെലവായ മൊത്തം തുക ബന്ധപ്പെട്ട ഏജന്‍സികള്‍ ദത്തെടുത്ത രക്ഷിതാക്കളില്‍ നിന്നും ഈടാക്കും. കുഞ്ഞ് ആ സ്ഥാപനത്തില്‍ ഉണ്ടായിരുന്ന കാലയളവിനനുസരിച്ച് ഒരു ദിവസം 50 രൂപ വീതം പരമാവധി 15,000 രൂപ വരെ ദത്തെടുക്കല്‍ കേന്ദ്രത്തിന് ഈടാക്കാം. ഈ സംഘടന കുട്ടിയുടെ ചികിത്സക്കായി പണം ചെലവഴിച്ചിട്ടുണ്ടെങ്കില്‍ ഈ പണവും ഈടാക്കാം. ഇത് 9000 രൂപ വരെ ആകാം. കൂടാതെ ഫാമിലി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള യാത്രാ ചെലവിനത്തില്‍ 1000 രൂപ അധികം നല്‍കേണ്ടി വരും. ചില സ്ഥാപനങ്ങള്‍ അഭിഭാഷകന് നല്‍കേണ്ട ഫീസും വാങ്ങും.

ബുധനാഴ്‌ച, നവംബർ 16, 2011

  • കുട്ടി തര്‍ക്കവസ്തു ആകുമ്പോള്‍
    അഡ്വ. കെ ആര്‍ ദീപ
  • കുടുംബകേസുകളില്‍ മിക്കപ്പോഴും തര്‍ക്കത്തിലാകുന്ന വിഷയമാണ് കുട്ടികള്‍ ആര്‍ക്കൊപ്പം എന്നത്. നീണ്ട വാദപ്രതിവാദങ്ങള്‍ക്കും കുട്ടിയെ കടുത്ത മാനസികസമ്മര്‍ദത്തിലാക്കുന്ന ചോദ്യങ്ങള്‍ക്കും ശേഷമാകും തീരുമാനമുണ്ടാകുക. വിവാഹമോചനക്കേസുകളില്‍ മാത്രമല്ല ഇത്തരം തര്‍ക്കങ്ങള്‍ ഉണ്ടാകാറുള്ളത്. പ്രസവത്തിനൊപ്പം അമ്മ മരിച്ചാല്‍ . അച്ഛനും അമ്മയും മരിച്ചാല്‍ ഒക്കെ കുട്ടികള്‍ ആര്‍ക്കൊപ്പം എന്ന തര്‍ക്കം ഉയരാം. കുട്ടിയോടുള്ള സ്നേഹത്തില്‍ നിന്നുയരുന്ന ആവശ്യങ്ങള്‍ മുതല്‍ കുട്ടിയെ വിട്ടുകിട്ടുന്നത് അഭിമാനപ്രശ്നമായി കരുതുന്നവരുടെ അവകാശവാദങ്ങള്‍ വരെ കോടതികള്‍ക്കു മുന്നിലെത്തും. പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഇത്തരത്തിലൊരു തര്‍ക്കവസ്തു ആകുമ്പോള്‍ കോടതി എന്തൊക്കെയാണ് പരിഗണിക്കേണ്ടത്?. ഇത്തരത്തില്‍ പല കേസുകളും സുപ്രീംകോടതി തന്നെ തീര്‍പ്പാക്കിയിട്ടുണ്ട്.
  • കുട്ടികളെ ആര്‍ക്കൊപ്പം വിടണമെന്ന് തീരുമാനിക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ക്ഷേമംതന്നെയാകണം കോടതികള്‍ മുഖ്യമായി പരിഗണിക്കേണ്ടതെന്ന് എല്ലാ വിധിയിലും കോടതി ഉറപ്പിക്കുന്നു. ഇക്കാര്യത്തില്‍ രക്ഷിതാക്കളുടെ അവകാശം മാത്രം പരിഗണിച്ചാല്‍ പോരെന്നും കോടതി ആവര്‍ത്തിച്ച്് വിധിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍നിന്നുള്ള ഒരു കേസില്‍ 2009 ഏപ്രില്‍ 17നുണ്ടായ വിധി ഇത്തരം കേസുകളിലെ സങ്കീര്‍ണതകള്‍ വ്യക്തമാക്കുന്നതാണ്. ജ. എച്ച് എല്‍ ദത്തുവും ജ. തരുണ്‍ ബാനര്‍ജിയും ഉള്‍പ്പെട്ട ബെഞ്ചിന്റേതായിരുന്നു വിധി. കുട്ടിയുടെ അച്ഛനും അമ്മയുടെ അമ്മയും തമ്മിലാണ് തര്‍ക്കമുണ്ടായത്. കുട്ടിയുടെ അമ്മ പ്രസവത്തോടെ മരിച്ചിരുന്നു. മാസമെത്താതെയായിരുന്നു കുട്ടിയുടെ ജനനം. 45 ദിവസം ആശുപത്രിയില്‍ സൂക്ഷിച്ചശേഷം അവളെ അമ്മയുടെ വീട്ടിലേക്കു മാറ്റി. കുട്ടിയുടെ അച്ഛന്‍ കുട്ടിയെ വിട്ടുകിട്ടാനായി ഗാര്‍ഡിയന്‍ ആന്‍ഡ് വാര്‍ഡ്സ് ആക്ടിലെ വ്യവസ്ഥയനുസരിച്ച് കുടുംബകോടതിയില്‍ ഹര്‍ജി നല്‍കി. ഭാര്യയുടെ വീട്ടില്‍ കുട്ടിയെ നന്നായി നോക്കുന്നില്ലെന്നും അവിടെ തുടരുന്നത് കുട്ടിയുടെ ജീവനുതന്നെ ആപത്താണെന്നും വാദിച്ചായിരുന്നു ഹര്‍ജി. പലവട്ടം ആവശ്യപ്പെട്ടിട്ടും കുട്ടിയെ വിട്ടുനല്‍കിയില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുമ്പോള്‍പോലും കുഞ്ഞിനെ കാണാന്‍ അച്ഛന്‍ വന്നിട്ടില്ലെന്ന് മുത്തശ്ശി കോടതിയില്‍ പറഞ്ഞു. അയാള്‍ ഒറ്റയ്ക്കാണ് താമസം. പലപ്പോഴും വീട്ടിലുണ്ടാകില്ല. സാമ്പത്തികസ്ഥിതി മോശമാണ്. ഒട്ടേറെപ്പേരോട് വായ്പ വാങ്ങിയിട്ടുണ്ട്. പലപ്പോഴും ഭാര്യവീട്ടുകാരുടെ സാമ്പത്തികസഹായം തേടിയിട്ടുണ്ട്. കുട്ടിയെ അച്ഛനൊപ്പം വിടുന്നത് കുട്ടിയുടെ ക്ഷേമത്തിന് സഹായകമല്ല- മുത്തശ്ശിക്കുവേണ്ടി വാദമുയര്‍ന്നു. കുടുംബകോടതി കുട്ടിയുടെ അച്ഛന്റെ വാദങ്ങളില്‍ ന്യായം കണ്ടു. പലരോടും പണം കടം വാങ്ങിയിട്ടുണ്ടെങ്കിലും മകളെ വളര്‍ത്താനും അവളുടെ വിദ്യാഭ്യാസച്ചെലവുകള്‍ നടത്താനും അയാള്‍ക്ക് ശേഷിയുണ്ട്- കോടതി അഭിപ്രായപ്പെട്ടു.
  • കുട്ടിയെ അച്ഛനൊപ്പം വിടാന്‍ കുടുംബകോടതി വിധിച്ചു. മുത്തശ്ശി ഹൈക്കോടതിയെ സമീപിച്ചു. കുട്ടിയെ അച്ഛനൊപ്പം വിടാതിരിക്കാന്‍ ന്യായമൊന്നുമില്ലെന്ന് ഹൈക്കോടതിയും അഭിപ്രായപ്പെട്ടു. കുഞ്ഞ് തീരെ ചെറുതായിരിക്കുമ്പോള്‍ത്തന്നെ അച്ഛന്‍ അതിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഭാര്യാമാതാവ് ചെറുക്കുകയായിരുന്നു. ഭാര്യയുടെ അച്ഛന്‍കൂടി മരിച്ചതോടെ ഭാര്യാമാതാവിന്റെ സാമ്പത്തികസ്ഥിതി അത്ര മെച്ചമല്ല. അതുകൊണ്ട് കുട്ടി നന്നായി വളരാനും അതിന്റെ ക്ഷേമത്തിനും കുട്ടിയെ അച്ഛനൊപ്പം വിടുന്നതാണ് നല്ലത്- ഹൈക്കോടതി വിധിച്ചു. ഈ വിധിക്കെതിരെയാണ് കുട്ടിയുടെ മുത്തശ്ശി സുപ്രീംകോടതിയിലെത്തിയത്. സുപ്രീംകോടതി കേസ് ഫയലില്‍ സ്വീകരിച്ച് അയച്ച നോട്ടീസ് കുട്ടിയുടെ അച്ഛന്‍ കൈപ്പറ്റിയില്ല. രണ്ടു പത്രത്തില്‍ പരസ്യംചെയ്തു. അതിനും പ്രതികരണമുണ്ടായില്ല. അതുകൊണ്ട് എതിര്‍ഭാഗത്തിന്റെയോ അഭിഭാഷകന്റെയോ സഹായമില്ലാതെ കേസ് തീര്‍പ്പാക്കുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ ബന്ധുക്കള്‍ക്കൊപ്പമാണ് കുട്ടി കഴിയുന്നതെന്നും അവര്‍ക്ക് നല്ലനിലയില്‍ നടക്കുന്ന വസ്ത്രവ്യാപാരമുണ്ടെന്നും അവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കുട്ടി അറിയപ്പെടുന്ന പബ്ലിക് സ്കൂളിലാണ് പഠിക്കുന്നത്. അവള്‍ സന്തോഷവതിയാണ്. കുട്ടിയുടെ അച്ഛന് പ്രതിമാസ വരുമാനം 5500 രൂപയാണ്. കുട്ടിയെ നന്നായി നോക്കാന്‍ പ്രയാസമാണ്. ഹൈക്കോടതി ഉത്തരവിനുശേഷം കുട്ടിയെ അന്വേഷിച്ച് അച്ഛന്റെ വീട്ടുകാരാരും വന്നിട്ടില്ല. ഇപ്പോള്‍ കേസിലോ മകളുടെ കാര്യത്തിലോ അയാള്‍ക്ക് താല്‍പ്പര്യമില്ല. 2007ല്‍ രണ്ടാം വിവാഹവും കഴിച്ചിട്ടുണ്ട്- സുപ്രീംകോടതിയില്‍ മുത്തശ്ശിക്കുവേണ്ടിയുള്ള വാദങ്ങള്‍ ഇത്തരത്തിലായിരുന്നു.
  • 1890ലെ ഗാര്‍ഡിയന്‍ ആന്‍ഡ് വാര്‍ഡ്സ് ആക്ട് അനുസരിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ രക്ഷിതാവ് അച്ഛനാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ രക്ഷിതാവാകാന്‍ അച്ഛന്‍ യോഗ്യനല്ലെന്നു വന്നാല്‍ മാത്രമേ ഇതില്‍ മാറ്റംവരുത്താനാകൂ. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ രക്ഷിതാക്കളുടെ അവകാശം മാത്രം പരിഗണിച്ചാല്‍ പോരാ. കുട്ടിയുടെ ക്ഷേമംകൂടി നോക്കണമെന്ന് സുപ്രീംകോടതിതന്നെ മുമ്പ് വ്യക്തമാക്കിയിട്ടുണ്ടെന്ന് പഴയ വിധികളിലൊന്ന് ഉദ്ധരിച്ച് (സുമേധ നാഗ്പാല്‍ വേഴ്സസ് സ്റ്റേറ്റ് ഓഫ് ഡല്‍ഹി) വിധിയില്‍ പറഞ്ഞു. കുട്ടിയെ ആര്‍ക്കൊപ്പം വിടണമെന്ന് തീരുമാനിക്കുന്നതിനുള്ള രണ്ട് പ്രധാനഘടകങ്ങളുണ്ട്-കോടതി ചൂണ്ടിക്കാട്ടി.. ഇതിലൊന്ന് രക്ഷിതാവിന്റെ യോഗ്യതയും മറ്റൊന്ന് കുട്ടിയുടെ താല്‍പ്പര്യവുമാണ്. കുട്ടികള്‍ രക്ഷിതാക്കളുടെ ജംഗമസ്വത്തോ കളിപ്പാട്ടമോ അല്ല. അവരുടെ ഭാവിക്കുമേല്‍ രക്ഷിതാക്കള്‍ക്കുള്ള പരമമായ അവകാശം ആധുനികകാല സാമൂഹ്യസാഹചര്യത്തിനനുസരിച്ച് പരിഗണിക്കണം. സമൂഹത്തിന് പ്രയോജനപ്പെടുന്ന വ്യക്തികളെന്ന നിലയില്‍ സന്തുലിതമായ അന്തരീക്ഷത്തില്‍ വളര്‍ന്നുവരാന്‍ അവര്‍ക്ക് കഴിയണം- മുമ്പ് വിധികളില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ഉദ്ധരിച്ച് കോടതി പറഞ്ഞു. മദ്രാസ് ഹൈക്കോടതിയുടെ ഒരുവിധിയും സുപ്രീംകോടതി പരാമര്‍ശിച്ചു. ഒരു കുട്ടി ചെറുപ്രായംമുതല്‍ കുറേവര്‍ഷം അച്ഛന്റെയോ അമ്മയുടെയോ മാതാപിതാക്കള്‍ക്കൊപ്പമോ അവരുടെ ബന്ധുക്കള്‍ക്കൊപ്പമോ കഴിയുകയും ആ കാലയളവില്‍ അച്ഛന്‍ കുട്ടിയുടെ കാര്യത്തില്‍ താല്‍പ്പര്യം കാട്ടാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അക്കാര്യങ്ങള്‍ കുട്ടിയെ ആര്‍ക്കൊപ്പം വിടണമെന്ന് തീരുമാനിക്കുമ്പോള്‍ പ്രധാനമാണെന്നാണ് മദ്രാസ് ഹൈക്കോടതി പറഞ്ഞത്. ഈ കേസിലും ആ വിധിയിലെ നിഗമനങ്ങള്‍ പ്രസക്തമാണെന്ന് സുപ്രീംകോടതി കണ്ടു. അമേരിക്കയിലേയും ന്യൂസിലാന്‍ഡിലേയും ചില കേസുകളിലെ വിധികളും കോടതി പരാമര്‍ശിച്ചു. കുട്ടിയുടെ ക്ഷേമം എന്നത് സാങ്കേതികാര്‍ഥത്തില്‍ മാത്രം കണ്ടുകൂടെന്ന് ആ വിധികളിലും പറയുന്നു. എല്ലാ അര്‍ഥത്തിലുമുള്ള ക്ഷേമം പരിഗണിച്ചുവേണം തീരുമാനമെടുക്കാന്‍ . സാമ്പത്തികഘടകം മാത്രം കണക്കിലെടുത്താല്‍ പോരാ. സുരക്ഷിതത്വം, കുട്ടിയുടെ സ്വഭാവവികാസം, ലഭിക്കുന്ന സ്നേഹം, പരിഗണന ഇതൊക്കെ കണക്കിലെടുക്കണം. ഇപ്പോഴത്തെ കേസില്‍ ജനിച്ചപ്പോള്‍മുതല്‍ അമ്മയുടെ രക്ഷിതാക്കള്‍ക്കൊപ്പമാണ് കുട്ടി കഴിഞ്ഞുവന്നതെന്നു വ്യക്തം.
  • തീവ്രപരിചരണവിഭാഗത്തില്‍ കഴിയുമ്പോഴും അവരാണ് കുട്ടിയെ ശുശ്രൂഷിച്ചത്. കുട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ വാദത്തിനു തെളിവായി ഹാജരാക്കിയിട്ടുണ്ട്. അതേപ്പറ്റി തര്‍ക്കമൊന്നും ഉന്നയിക്കപ്പെട്ടിട്ടില്ല. ദാരുണമായ സാഹചര്യത്തില്‍ ഏക മകളെ നഷ്ടമായ അമ്മയുടെ മാനസികാവസ്ഥ പരിഗണിക്കണം. ആ മകളുടെ പ്രതിരൂപമാണ് ചെറുമകളില്‍ മുത്തശ്ശി കാണുന്നത്. ചെറുപ്പംമുതല്‍ മുത്തശ്ശിക്കൊപ്പം വളര്‍ന്നതുകൊണ്ട് കുട്ടിക്ക് മുത്തശ്ശിയുമായി ഗാഢമായ സ്നേഹബന്ധമുണ്ട്. ഒരു സ്ത്രീയെന്ന നിലയില്‍ കുട്ടിയുടെ ആവശ്യങ്ങള്‍ അറിഞ്ഞ് പെരുമാറാനും അവര്‍ക്കു കഴിയും. സാമ്പത്തികമായും അവരുടെ സ്ഥിതി മെച്ചമാണ്. മറിച്ച് കുട്ടിയുടെ അച്ഛന്റെ സ്ഥിതി വ്യത്യസ്തമാണ്. പലരില്‍ നിന്നും കടംവാങ്ങിയിട്ടുള്ള നിലയിലും കുറഞ്ഞ വരുമാനക്കാരനായതിനാലും കുട്ടിക്ക് സുരക്ഷിതമായ ജീവിതം നല്‍കാന്‍ അയാള്‍ക്ക് കഴിയില്ല. കോടതി നോട്ടീസുകളയച്ചിട്ടും വക്കില്‍ മുഖേനയോ നേരിട്ടോ കുട്ടിയുടെ അച്ഛന്‍ കോടതിയില്‍ ഹാജരായില്ല. താല്‍പ്പര്യക്കുറവാണ് പ്രകടമായത്. അയാള്‍ രണ്ടാംവിവാഹം കഴിച്ചതായി കോടതിയില്‍ വ്യക്തമാക്കപ്പെട്ടു. അതിലൊരു കുട്ടിയുമുണ്ട്. ബിസിനസുകാരനായതിനാല്‍ എപ്പോഴും വീട്ടിലുണ്ടാകില്ല. കുട്ടി രണ്ടാനമ്മയുടെ സംരക്ഷണയിലാകും വളരേണ്ടിവരിക.
  • സാധാരണഗതിയില്‍ ഗാര്‍ഡിയന്‍ ആന്‍ഡ് വാര്‍ഡ്സ് ആക്ടനുസരിച്ച് രക്ഷിതാവിന് കുട്ടിയെ വിട്ടുകിട്ടാന്‍ അവകാശമുണ്ട്. എന്നാല്‍ ഇത് പരമമായ അവകാശമല്ല. ഈ കേസില്‍ കുട്ടി മുത്തശ്ശിക്കൊപ്പമാണ് വളരുന്നത്. അവളുടെ വളര്‍ച്ചയ്ക്ക് സഹായകരമായ അന്തരീക്ഷത്തിലാണ് അവള്‍ ഉള്ളത്. ആ സാഹചര്യത്തില്‍നിന്നു മാറ്റുന്നത് ഗുണകരമാകില്ല. അതുകൊണ്ട് കുട്ടി മുത്തശ്ശിയുടെ ഒപ്പംതന്നെ വളരട്ടെ- കോടതി വിധിച്ചു.

ചൊവ്വാഴ്ച, നവംബർ 01, 2011

ഭാര്യ ഭര്‍തൃവീട്ടില്‍ത്തന്നെ താമസിക്കണോ?

"വാഴ്ത്തപ്പെട്ട വീട്ടുജോലിക്കാരി" എന്ന പദവിയില്‍ ഇനി ഭാര്യയെ പരിഗണിക്കാന്‍ കഴിയില്ല. ദമ്പതികള്‍ താമസസ്ഥലം തെരഞ്ഞെടുക്കുന്നതില്‍ പുരുഷാധിപത്യപരമായ സമീപനവും അംഗീകരിക്കാനാവില്ല. ഈ തീരുമാനത്തില്‍ ഭാര്യക്കും പങ്കുണ്ടാകണം. അല്ലാതെ "യജമാനനാ"യ ഭര്‍ത്താവിന്റെ ഉത്തരവുകള്‍ അനുസരിക്കുന്നവളായിക്കൂടാ ഭാര്യ.



ഭാര്യ ഭര്‍തൃവീട്ടില്‍ത്തന്നെ താമസിക്കണോ?
കെ ആര്‍ ദീപ
Posted on: 01-Nov-2011 10:28 AM
"വിവാഹം കഴിഞ്ഞാല്‍ ഭാര്യ ഭര്‍ത്താവിന്റെ വീട്ടിലുണ്ടാകണം. ഭര്‍ത്താവുണ്ടെങ്കിലും ഇല്ലെങ്കിലും അതാണ് പിന്നെ അവളുടെ വീട്." ഇതൊക്കെ അംഗീകൃത വ്യവസ്ഥകളെന്ന മട്ടില്‍ കേട്ടുപഠിച്ചുവരുന്നവരാണ് സ്ത്രീകളേറെയും. തര്‍ക്കമില്ലാത്ത കാര്യങ്ങളെന്ന മട്ടിലാണ് ഇക്കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത്. എന്നാല്‍ നിയമത്തിനുമുന്നില്‍ ഇതിനൊക്കെ എന്താണ് നിലനില്‍പ്പ്? സാധാരണഗതിയില്‍ ഭാര്യയും ഭര്‍ത്താവും ഒന്നിച്ചുകഴിയണം എന്നുതന്നെയാണ് നിയമവും പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഭര്‍ത്താവ് ദീര്‍ഘകാലം വീട്ടില്‍വരാന്‍ കഴിയാതെ ദൂരസ്ഥലത്ത് ജോലിചെയ്യുന്നയാളായാലോ? ഭര്‍ത്താവിന്റെ വീട്ടിലെ അന്തരീക്ഷം സ്വസ്ഥമായി ജീവിക്കാന്‍ പറ്റാത്തതാണെന്ന പരാതികൂടി ഭാര്യക്ക് ഉണ്ടെങ്കിലോ?.

ഇത്തരം ചോദ്യങ്ങള്‍ കോടതികള്‍ക്കുമുന്നിലെത്താറുണ്ട്. 2006ല്‍ ഇത്തരത്തിലൊരു കേസ് കേരള ഹൈക്കോടതിയിലെത്തി. ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാന്‍ വിസ്സമ്മതിക്കുന്നതിന്റെ പേരില്‍ ഭാര്യക്ക് ചെലവിന് (ജീവനാംശം) നല്‍കാനാകില്ലെന്ന ഒരാളുടെ വാദമാണ് കോടതി പരിഗണിച്ചത്. വിവാഹത്തെപ്പറ്റിയും ഭാര്യാപദവിയെപ്പറ്റിയുമൊക്കെ ഏറെ ശ്രദ്ധേയമായ നിരീക്ഷണങ്ങളോടെയാണ് കേസ് ജ. ആര്‍ ബസന്ത് തീര്‍പ്പാക്കിയത്. ചെലവിനുനല്‍കാന്‍ അത്തരത്തിലൊരു വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നുതന്നെ കോടതി തീര്‍ത്തുപറഞ്ഞു. 2006 ഡിസംബര്‍ പതിനെട്ടിനായിരുന്നു വിധി. ഭര്‍ത്താവിന് ജോലി മുംബൈയില്‍ ഹോട്ടലിലാണ്. വര്‍ഷത്തിലൊരിക്കലേ നാട്ടില്‍ വരാന്‍ കഴിയൂ. ഭാര്യയും മക്കളും കാസര്‍കോടാണ്. അവിടെ ഇവര്‍ തന്റെ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കണമെന്നാണ് ഭര്‍ത്താവിന്റെ ആവശ്യം. എന്നാല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പീഡനങ്ങള്‍ നേരിടേണ്ടിവരുന്നതിനാല്‍ അവിടെ താമസിക്കാനാകില്ലെന്ന് ഭാര്യയും നിലപാടെടുത്തു. എങ്കില്‍ ജീവനാംശം തരില്ലെന്നായി ഭര്‍ത്താവ്. ഭാര്യ കോടതിയിലെത്തി. പ്രത്യേകം താമസിച്ചാല്‍ ഭാര്യക്ക് ജീവനാംശത്തിന് അര്‍ഹതയില്ലെന്ന് കീഴ്ക്കോടതി വിധിച്ചു. എന്നാല്‍ ഭാര്യ നല്‍കിയ അപ്പീലില്‍ സെഷന്‍സ് കോടതി ഈ വിധി റദ്ദാക്കി. ആയിരം രൂപ പ്രതിമാസം ഭാര്യക്ക് ചെലവിനു നല്‍കാന്‍ വിധിച്ചു. ഇതിനെതിരെ ഭര്‍ത്താവാണ് ഹൈക്കോടതിയിലെത്തിയത്.

ഭര്‍ത്താവിന്റെ കുടുംബവീട്ടില്‍ താമസിക്കാന്‍ തയ്യാറാകാത്ത നിലയ്ക്ക് ഭാര്യക്ക് ജീവനാംശത്തിന് അര്‍ഹതയില്ലെന്നായിരുന്നു ഭര്‍ത്താവിനു വേണ്ടി മുഖ്യമായി ഉയര്‍ന്ന വാദം. ജീവനാംശം സംബന്ധിച്ച വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 125ാം വകുപ്പ് കോടതി പരിശോധിച്ചു. ഈ വകുപ്പിലെ നാലും അഞ്ചും ഉപവകുപ്പുകളില്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ട സാഹചര്യം പറയുന്നുണ്ട്. "ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ തൃപ്തികരമായ കാരണമില്ലാതെ ഭാര്യ വിസമ്മതിച്ചാല്‍" ജീവനാംശം നല്‍കേണ്ടതില്ലെന്ന് ഇവിടെ പറയുന്നുണ്ട്. 1973ല്‍ ക്രിമിനല്‍ നടപടിച്ചട്ടങ്ങളില്‍ മാറ്റങ്ങള്‍ വന്നശേഷം ഒരാള്‍ അച്ഛനും അമ്മയ്ക്കും ജീവനാംശം നല്‍കാന്‍കൂടി ബാധ്യസ്ഥനാണ്. എന്നാല്‍ ഇവര്‍ അയാള്‍ക്കൊപ്പംതന്നെ താമസിക്കണമെന്ന് നിര്‍ബന്ധമില്ല. പക്ഷേ ഭാര്യയുടെ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. ഭാര്യാഭര്‍തൃ ബന്ധത്തെ സവിശേഷമായാണ് നിയമം കാണുന്നത്. ഭാര്യ തന്നോടൊപ്പം താമസിക്കണമെന്ന് ആവശ്യപ്പെടാന്‍ ഭര്‍ത്താവിന് അവകാശമുണ്ട്. ജീവനാംശം നല്‍കണമെങ്കില്‍ ഒപ്പം താമസിക്കണമെന്നും ആവശ്യപ്പെടാം. അതായത് ദൈവശാസ്ത്ര പ്രകാരമായാലും സാമൂഹ്യശാസ്ത്രപ്രകാരമായാലും ദമ്പതികള്‍ കഴിയേണ്ടത് ഒന്നിച്ചാണ്; അതായത്, ഒരു കൂരയ്ക്കു കീഴില്‍ - ജ. ബസന്ത് ചൂണ്ടിക്കാട്ടി. "ഭര്‍ത്താവിനൊപ്പം താമസിക്കുക" എന്ന് നിയമം വിവക്ഷിക്കുന്നത് ഒരു വീട്ടില്‍ ഭാര്യയും ഭര്‍ത്താവും ഒന്നിച്ചുകഴിയുക എന്നുതന്നെയാണ്. എന്നാല്‍ 24 മണിക്കൂറും 365 ദിവസവും ഒന്നിച്ചുണ്ടാകണം എന്ന് ഇതിനര്‍ഥമില്ല. ജോലിയുടെ ആവശ്യത്തിനുംമറ്റും കുറേക്കാലം അകന്നുനില്‍ക്കേണ്ടിവരാം. അപ്പോഴെല്ലാം ഒപ്പം കഴിയണമെന്ന് ആവശ്യപ്പെടാനാവില്ല. എന്നാല്‍ സ്ഥിരമായി രണ്ടിടത്ത് താമസിക്കുന്നത് ഒന്നിച്ച് താമസിക്കലായി കരുതാന്‍ കഴിയില്ല. രാജ്യത്തുതന്നെ ദൂരെ നഗരങ്ങളിലോ വിദേശത്തോ ജോലിചെയ്യുന്ന ഭര്‍ത്താവിന് ഭാര്യ തന്റെ മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഒപ്പംതന്നെ താമസിക്കണമെന്ന് ശഠിക്കാനാവില്ല.

സ്ഥിരമായോ മുറയ്ക്കെങ്കിലുമോ ഭാര്യക്കൊപ്പം താമസിക്കാനോ ഭാര്യയെ സന്ദര്‍ശിക്കാനോ സാധിക്കാത്ത ഭര്‍ത്താവിന് ഇത്തരമൊരാവശ്യം ഉന്നയിക്കാനാവില്ല. വിവാഹത്തെപ്പറ്റിയും ഭാര്യാപദവിയെപ്പറ്റിയുമൊക്കെയുള്ള പഴയ ധാരണകള്‍ സമൂഹത്തിന്റെ പുരോഗതിക്കൊപ്പം മാറിക്കഴിഞ്ഞു. പണ്ടത്തെപ്പോലെ തന്റെ രക്ഷിതാക്കളെയും മക്കളെയും നോക്കാനായി വീട്ടിലേക്ക് കൊണ്ടുവന്ന "വാഴ്ത്തപ്പെട്ട വീട്ടുജോലിക്കാരി" എന്ന പദവിയില്‍ ഇനി ഭാര്യയെ പരിഗണിക്കാന്‍ കഴിയില്ല. ദമ്പതികള്‍ താമസസ്ഥലം തെരഞ്ഞെടുക്കുന്നതില്‍ പുരുഷാധിപത്യപരമായ സമീപനവും അംഗീകരിക്കാനാവില്ല. ഈ തീരുമാനത്തില്‍ ഭാര്യക്കും പങ്കുണ്ടാകണം. അല്ലാതെ "യജമാനനാ"യ ഭര്‍ത്താവിന്റെ ഉത്തരവുകള്‍ അനുസരിക്കുന്നവളായിക്കൂടാ ഭാര്യ. കേരളത്തില്‍ പലതരത്തില്‍ സ്ത്രീകള്‍ കൈവരിച്ച സാമൂഹ്യ മുന്നേറ്റത്തിന്റെകൂടി പശ്ചാത്തലത്തില്‍ വേണം നിയമവ്യവസ്ഥകള്‍ വ്യാഖ്യാനിക്കാനെന്നും ജ. ബസന്ത് വ്യക്തമാക്കി.

ഈ സാഹചര്യത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചാലേ ജീവനാംശം തരൂ എന്ന ഭര്‍ത്താവിന്റെ വാദം നിലനില്‍ക്കില്ല. ജീവനാംശം നല്‍കാന്‍ അയാള്‍ തയ്യാറായേ തീരൂ. ഭര്‍തൃവീട്ടില്‍ കഴിയുന്നതിലെ പ്രയാസങ്ങള്‍ ഭാര്യ വിവരിച്ചിട്ടുണ്ട്. കാസര്‍കോട്ടുതന്നെ മറ്റൊരു വീട്ടില്‍ താമസിക്കാമെന്നും സമ്മതിക്കുന്നു. ഇത് അംഗീകരിക്കാവുന്നതാണ്. ഈ കേസില്‍ ഭാര്യക്ക് നോട്ടീസയക്കണമെന്ന ആവശ്യവും കോടതി സ്വീകരിച്ചില്ല. "അനാവശ്യമായ ഒരു കോടതി നോട്ടീസ് കിട്ടുന്നയാളുടെ പ്രയാസങ്ങള്‍ കണക്കിലെടുക്കാതെ വയ്യ. അനാഥത്വം ഒഴിവാക്കാന്‍ നിയമപരമായ നഷ്ടപരിഹാരം തേടിയതിന്റെ പേരില്‍ ഒരു സ്ത്രീയെ ഹൈക്കോടതിവരെ യാത്രചെയ്യാനും ഒരു വക്കീലിനെ നിയോഗിക്കാനും അതിനൊക്കെ പണം ചെലവാക്കാനും നിര്‍ബന്ധിക്കുന്ന അവസ്ഥ വന്നുകൂടാ. നിയമസംവിധാനം കോടതിക്കും അഭിഭാഷകര്‍ക്കും വേണ്ടിയുള്ളതല്ല; നീതി തേടുന്നവര്‍ക്കായുള്ളതാണ്"- ജ. ബസന്ത് വിധിന്യായത്തില്‍ പറഞ്ഞു.