- ഒരു നിയമകവചം വാള്‍മുനയില്‍
അഡ്വ. കെ ആര് ദീപ - ഭര്‍ത്താവിന്റെ വീട്ടില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ തടയാന്‍ പ്രത്യേക നിയമവ്യവസ്ഥ ഇന്ത്യയില്‍ നിലവില്‍വന്നത് 28 വര്‍ഷം മുമ്പാണ്. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ 1983ല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട 498 എ വകുപ്പാണ് ഒരു സ്ത്രീസംരക്ഷണനിയമം എന്ന പേരില്‍ ഏറെ ശ്രദ്ധേയമായത്. സ്ത്രീ സംഘടനകളുടെ ഏറെനാളത്തെ പോരാട്ടത്തിനൊടുവിലായിരുന്നു ഈ വകുപ്പ് നിയമത്തില്‍ വന്നത്. എന്നാല്‍ , ഇന്ന് ഈ നിയമവ്യവസ്ഥക്കെതിരായ നീക്കം രാജ്യത്താകെ ശക്തിപ്പെടുകയാണ്. നിയമത്തിലെ കര്‍ക്കശ വ്യവസ്ഥയുടെ പേരിലാണ് എതിര്‍പ്പ്. നിയമം ദുരുപയോഗിക്കപ്പെടുന്നു എന്നാണ് പ്രധാന ആക്ഷേപം. നിയമത്തില്‍ ഭേദഗതി വേണമെന്നാണ് ആവശ്യം. മുമ്പ് ചില "പുരുഷസേവാസംഘടന"കളുടെ വാദമായിമാത്രമാണ് ഇത് ഉയര്‍ന്നിരുന്നത്. എന്നാല്‍ , ഇന്ന് സര്‍ക്കാര്‍തലത്തിലും ഈ വഴിക്കുള്ള നീക്കം ശക്തമാവുകയാണ്.
സുപ്രീംകോടതിയില്‍നിന്നുണ്ടായ ചില വിധികളുടെകൂടി പിന്‍ബലത്തോടെയാണ് നിയമത്തിനെതിരായ പടയൊരുക്കം. ദേശീയ ലോ കമീഷന്‍തന്നെ ഒരു ചോദ്യാവലിയിലൂടെ നിയമത്തില്‍ വരുത്തേണ്ട മാറ്റത്തെപ്പറ്റി ഇപ്പോള്‍ പൊതുജനാഭിപ്രായം തേടിയിരിക്കയാണ്. ഭര്‍ത്താവിന്റെ വീടിനുള്ളിലെ പീഡനം മറ്റുതരത്തിലുള്ള അക്രമങ്ങളുമായി താരതമ്യംചെയ്യാനാവില്ല എന്നതുകൊണ്ടുതന്നെയാണ് മറ്റു വ്യവസ്ഥകളില്‍നിന്നു വ്യത്യസ്തമായ ചിലത് ആ നിയമത്തില്‍ വേണ്ടിവന്നത്. ഇവിടെ അക്രമം നടക്കുന്നത് ഇരയ്ക്ക് രക്ഷപ്പെടാന്‍പോലും പഴുതില്ലാത്ത ഒരു സംവിധാനത്തിനുള്ളിലാണ്. വിവാഹത്തിലൂടെ സ്ത്രീ എത്തിപ്പെടുന്ന "രണ്ടാംവീട്ടി"ലാണ് അവള് അക്രമത്തിനിരയാകുന്നത്. ഇവിടെയുള്ള സാഹചര്യങ്ങളെല്ലാം അവള്‍ക്കെതിരാകാന്‍ സാധ്യത കൂടുതലാണ്. അനുകൂലമായി ഹാജരാക്കാന്‍ ഒരു സാക്ഷിയെപ്പോലും അവള്‍ക്ക് അവിടെ ലഭിക്കില്ല. സ്ത്രീ സമൂഹത്തില്‍ നേരിടുന്ന രണ്ടാംതരപൗരത്വത്തിന്റെ കൂടുതല്‍ ദയനീയമായ അവസ്ഥയാണ് പീഡനമുള്ള ഒരു ഭര്‍തൃവീട്ടില്‍ അവള് നേരിടുന്നത്. അങ്ങനെ പീഡിതാവസ്ഥയിലുള്ള ഒരു ഇരയ്ക്കായി നിയമം നിര്‍മിക്കുമ്പോള്‍ ആ നിയമം ഇരയ്ക്ക് അനുകൂലമായ ചില വ്യവസ്ഥകളോടെ ഉള്ളതായേ പറ്റൂ. സാമൂഹ്യനീതിയുടെയും ലിംഗനീതിയുടെയും നടത്തിപ്പിലെ സാമാന്യതത്ത്വമാണിത്. ഭര്‍തൃവീട്ടിലെ പീഡനങ്ങള്‍ മിഥ്യയാണെന്ന് ഇന്ത്യയില്‍ ആരും പറയുന്നില്ല. പറഞ്ഞാലും കണക്കുകള്‍ അവര്‍ക്കെതിരാണ്. ദേശീയ ക്രൈം റിക്കോഡ്സ് ബ്യൂറോയുടെ രേഖകളനുസരിച്ച് രാജ്യത്താകെ 2010ല്‍ ഇത്തരത്തിലുള്ള 92574 സംഭവങ്ങളുണ്ടായി. മറ്റൊന്ന് സ്ത്രീകള്‍ ഭര്ത്താക്കന്മാര്ക്കെതിരെ ഇല്ലാത്ത പരാതിയുമായി പൊലീസ് സ്റ്റേഷന് കയറുന്നുണ്ടോ എന്ന ചോദ്യമാണ്. ഉണ്ടെന്നു തെളിയിക്കാന്‍ കണക്കുകള്‍ ആര്‍ക്കുമില്ല. 498 എ പ്രകാരം ഒരു കേസെടുത്താല്‍ അതിന്റെ അടിസ്ഥാനത്തില്‍മാത്രം ആരും ശിക്ഷിക്കപ്പെടില്ല. സാധാരണ നിയമപ്രക്രിയയിലൂടെ തെളിവുകളുടെ ബലത്തില്‍മാത്രമേ ആരും ശിക്ഷിക്കപ്പെടുകയുള്ളു. അറസ്റ്റിനെപ്പറ്റിയാണ് ഏറെ വിവാദങ്ങള്‍ ഉയരുന്നത്. പീഡനമുണ്ടായതായി ഒരു സ്ത്രീ പൊലീസില്‍ പരാതിപ്പെട്ടാല്‍ ഭര്‍ത്താവും അമ്മായിയമ്മയും മറ്റ് ഭര്‍തൃബന്ധുക്കളും ഉടന്‍ അറസ്റ്റിലാകുമെന്നാണ് ഒരു പ്രചാരണം. ഇത് വെറുതെയാണെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് അടക്കമുള്ള സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
2009ല്‍ ഇന്ത്യന്‍ ക്രിമിനല്‍ നടപടിച്ചട്ട (സിആര്‍പിസി)ത്തില്‍ ഭേദഗതിവന്നു. അറസ്റ്റ് സംബന്ധിച്ച വ്യവസ്ഥകള്‍ക്ക് മാറ്റംവന്നു. ഏഴുകൊല്ലംവരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ക്ക് (498 എ പ്രകാരം മൂന്നുവര്‍ഷംവരെയേ തടവു കിട്ടുകയുള്ളു) കേസുണ്ടായാല്‍ അറസ്റ്റിനുമുമ്പ് പൊലീസ് ആവശ്യമായ അന്വേഷണം നടത്തിയിരിക്കണം. പ്രതികള്‍ പൊലീസുമായി സഹകരിക്കാനും തെളിവുകള്‍ നശിപ്പിക്കാതിരിക്കാനും തയ്യാറാണെങ്കില്‍ അറസ്റ്റ്തന്നെ ആവശ്യമില്ല. ഇക്കാര്യം പൊലീസിനു തീരുമാനിക്കാം. അതുകൊണ്ട് എല്ലാവരും ഉടന്‍ ജയിലില്‍പോകും എന്ന പരാതിക്ക് അടിസ്ഥാനമില്ല. ജാമ്യത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് വസ്തുത. ഏതു കേസില്‍ അറസ്റ്റിലായാലും പ്രതികളെ 24 മണിക്കൂറിനകം കോടതിയില്‍ ഹാജരാക്കണം. ഈ കേസിലും അത് വേണം. ശാരീരികമായി മുറിവേല്‍പ്പിക്കലോ മറ്റോ ഉണ്ടായിട്ടില്ലാത്ത കേസാണെങ്കില്‍ കോടതി ജാമ്യം നല്‍കുകയും ചെയ്യും. ഈ വ്യവസ്ഥകളില്‍ മാറ്റംവന്നാലത്തെ അവസ്ഥയും സ്ത്രീസംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഭര്‍തൃവീട്ടില്‍ പീഡനം നേരിടുന്ന ഒരു സ്ത്രീ പൊലീസ്സ്റ്റേഷനില്‍ പരാതി നല്കുന്നതുതന്നെ ഒട്ടേറെ പ്രയാസപ്പെട്ടാവും. 498 എ നിലവിലുള്ളതുകൊണ്ടുമാത്രമാണ് നടപടിക്ക് പൊലീസ് തയ്യാറാകുന്നത്. മറിച്ച് കോടതിവഴി നീതി തേടേണ്ടിവരികയാണെങ്കില്‍ സ്ത്രീക്ക് നേരിടേണ്ടിവരുന്ന കടമ്പകള്‍ അനവധിയാകും. ഓരോതവണ പീഡനമുണ്ടാകുമ്പോഴും പരാതിയുമായി അവള്‍ക്ക് കോടതിയില്‍ പോകേണ്ടിവരും. തിരിച്ചെത്തി അതേ വീട്ടില്‍ കൂടുതല്‍ പീഡനങ്ങള്‍ക്ക് ഇരയായെന്നുംവരാം. ജാമ്യമുള്ള കുറ്റമാക്കിക്കഴിഞ്ഞാല്‍ കുറ്റം എത്ര ഗുരുതരമായാലും ഒരു മജിസ്ട്രേട്ടിന്റെ ഉത്തരവുവരെ പ്രതിയെ അറസ്റ്റ്ചെയ്യാനേ കഴിയില്ല. ഇന്നത്തെ ഇന്ത്യന്‍ സാമൂഹ്യാവസ്ഥയില്‍ ഈ കാലവിളംബത്തിനിടയില്‍ സ്ത്രീക്ക് എന്തും സംഭവിക്കാം- സ്ത്രീസംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. നിയമത്തിന്റെ ദുരുപയോഗത്തെപ്പറ്റിയുള്ള വിമര്‍ശങ്ങള്‍ക്ക് മഹിളാസംഘടനകള്‍ മറുപടിനല്‍കിയിട്ടുണ്ട്. ദുരുപയോഗസാധ്യത എല്ലാ നിയമത്തിലുമുണ്ട്; ഇതിലുമുണ്ട്.
മറ്റ് നിയമങ്ങളുടെ ദുരുപയോഗം ചര്‍ച്ചയാകുമ്പോള്‍ ആരും നിയമം മാറ്റണമെന്ന് ആവശ്യപ്പെടുന്നില്ല. സ്ത്രീപക്ഷ നിയമങ്ങളുടെ കാര്യത്തില്‍ മാത്രമാണ് ഈ മുറവിളി. എന്നാല്‍ , ഇത്തരം നിയമങ്ങളെപ്പറ്റിത്തന്നെ അറിവില്ലാത്തവരാണ് ഇന്ത്യയിലെ 70 ശതമാനം സ്ത്രീകളെന്നാണ് സര്‍വേകള്‍ വ്യക്തമാക്കുന്നത്. അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ താരതമ്യേന മെച്ചപ്പെട്ട ജീവിതനിലവാരമുള്ള ഡല്‍ഹിയിലെ സ്ത്രീകള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലെ കണക്കാണ് ഇത്. ഈ സാഹചര്യത്തില്‍ ദുരുപയോഗത്തെപ്പറ്റിയുള്ള ഊതിവീര്‍പ്പിച്ച കണക്കുകള്‍ വിശ്വസനീയമല്ല. ഉയര്‍ന്ന സാമ്പത്തികസ്ഥിതിയുള്ള കുടുംബങ്ങള്‍ക്കിടയിലും മറ്റും പണംതട്ടിക്കാനായും മറ്റും വകുപ്പിന്റെ ദുരുപയോഗം നടക്കുന്നുണ്ടാകാം. എന്നാല്‍ , അത്തരം കേസുകള്‍ അതതിന്റെ വസ്തുതകള്‍ പരിശോധിച്ച് തീര്‍പ്പാക്കണം. അല്ലാതെ അതിന്റെപേരില്‍ പീഡനങ്ങള്‍ക്കെതിരെ ഒരുപരിധിവരെയെങ്കിലും കവചമായി നില്ക്കുന്ന നിയമം മാറ്റുകയല്ല വേണ്ടത്- സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
സ്ത്രീകളെ ബാധിക്കുന്ന നിയമപ്രശ്നങ്ങളെപ്പറ്റി പലപ്പോഴായി തയ്യാറാക്കിയ കുറിപ്പുകളാണിവിടെ....
വ്യാഴാഴ്ച, ഡിസംബർ 29, 2011
സ്ത്രീ സംവരണനിയമം ഇനിയും ബാക്കി
അഡ്വ. കെ ആര് ദീപ
Posted on: 27-Dec-2011 10:57 AM
2011ലും സ്ത്രീകള്‍ക്കായുള്ള നിയമനിര്‍മാണങ്ങളുടെ ബാക്കിപത്രത്തില്‍ മുഖ്യം പാസാകാത്ത സ്ത്രീസംവരണ നിയമംതന്നെ. നിയമരംഗത്ത് കാര്യമായ സ്ത്രീപക്ഷചലനങ്ങളില്ലാതെ കടന്നുപോയ വര്‍ഷത്തില്‍ ചില പുതിയ നിയമനിര്‍മാണങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ മാത്രമാണ് പ്രതീക്ഷ നല്‍കുന്നത്. എന്നാല്‍ , നിലവിലുള്ള നിയമങ്ങളിലെ സ്ത്രീരക്ഷാ വകുപ്പുകള്‍തന്നെ ഭേദഗതി ചെയ്യാനുള്ള നീക്കം ആശങ്കയും പകരുന്നു. സ്ത്രീകള്‍ക്ക് നിയമനിര്‍മാണസഭകളില്‍ മൂന്നിലൊന്നു സീറ്റുകള്‍ സംവരണംചെയ്യുന്ന ബില്‍ പാര്‍ലമെന്റില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടിട്ട് 15 വര്‍ഷമായി. 2010ല്‍ അന്താരാഷ്ട്ര വനിതാദിനത്തിന്റെ പിറ്റേന്ന് രാജ്യസഭ പാസാക്കിയ ഈ നിയമം ഇപ്പോഴും ലോക്സഭയില്‍ പാസാക്കാനായിട്ടില്ല. ലോക്സഭയില്‍ ബില്‍ അവതരിപ്പിക്കാന്‍പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
2011ല്‍ സ്ത്രീജീവിതത്തില് മാറ്റമുണ്ടാക്കിയേക്കാവുന്ന നിയമങ്ങളൊന്നും പാസാക്കപ്പെട്ടിട്ടില്ല. എന്നാല്‍ , തൊഴിലിടങ്ങളിലെ സ്ത്രീപീഡനം തടയാനുള്ള ബില്‍ തയ്യാറായിട്ടുണ്ട്. ഈ വര്‍ഷം അത് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയിലുണ്ട്. തൊഴിലിടങ്ങളിലെ പീഡനം തടയാന്‍ പ്രത്യേക നിയമം ഇന്ത്യയിലില്ല. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകള്‍ പ്രയോഗിച്ചാണ് പ്രതികളെ ശിക്ഷിക്കുന്നത്. 1997ലെ വിശാഖ കേസിലെ സുപ്രീംകോടതി വിധിയില്‍ തൊഴിലിടങ്ങളിലെ പീഡനം എങ്ങനെ നേരിടണം എന്നതിന് ഏറെ മാര്‍ഗനിര്‍ദേശങ്ങളുണ്ടായിരുന്നു. എന്നാല്‍ , നിയമനിര്‍മാണം ആ വഴിക്കുണ്ടായില്ല. ഇപ്പോള്‍ നിയമം തയ്യാറായി. കഴിഞ്ഞ ലോക്സഭയില്‍ അവതരിപ്പിക്കപ്പെട്ട ബില്‍ ഇപ്പോള്‍ അവസാനഘട്ട പരിഗണനയിലാണ്. വീട്ടുജോലിചെയ്യുന്നവരെ നിയമപരിധിയില്‍നിന്ന് ഒഴിവാക്കിയതും പരാതിക്കാരെ ശിക്ഷിക്കാന്‍ വകുപ്പ് ചേര്‍ത്തതും എതിര്‍പ്പിനിടയാക്കിയിട്ടുണ്ടെങ്കിലും നിയമം പൊതുവേ സ്വാഗതംചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ 1983ല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട 498 എ വകുപ്പാണ് 2011ല്‍ വെല്ലുവിളി നേരിട്ട സ്ത്രീരക്ഷാനിയമം. ഭര്‍തൃവീട്ടിലെ പീഡനം തടയാന്‍ സഹായിക്കുന്ന വകുപ്പാണിത്. നിയമത്തിലെ കര്‍ക്കശവ്യവസ്ഥയുടെ പേരില്‍ നിയമം മാറ്റാന്‍ നീക്കം നടക്കുന്നു. ദേശീയ ലോ കമീഷന്‍തന്നെ ഒരു ചോദ്യാവലിയിലൂടെ നിയമത്തില്‍ വരുത്തേണ്ട മാറ്റത്തെപ്പറ്റി പൊതുജനാഭിപ്രായം തേടിയത് ഈ വര്‍ഷമാണ്.
സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ഇന്നും കല്‍പ്പിച്ചുകിട്ടുന്ന രണ്ടാംപദവി മറികടക്കാനുതകുന്ന കാര്യമായ വിധികള്‍ അധികം ഇക്കൊല്ലം ഉണ്ടായിട്ടില്ല. എടുത്തുപറയാവുന്ന ഏകവിധി എയര്‍ ഇന്ത്യയിലെ എയര്‍ ഹോസ്റ്റസുമാര്‍ സ്ഥാനക്കയറ്റത്തില്‍ അവര്‍ നേരിടുന്ന വിവേചനത്തിനെതിരെ സുപ്രീംകോടതിയില്‍ നിന്നുനേടിയ വിധിയാണ്. ഫ്ളൈറ്റ് സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് പുരുഷന്മാരെ മാത്രമേ നിയമിക്കാവൂ എന്ന വ്യവസ്ഥക്കെതിരെയായിരുന്നു എയര്‍ഹോസ്റ്റസുമാരുടെ പോരാട്ടം. വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി നവംബര്‍ 17ന് ഈ വ്യവസ്ഥ റദ്ദാക്കി. മുമ്പ് അമ്പതുകഴിഞ്ഞാല് പറക്കാന്‍ പാടില്ലെന്നും തൂക്കം കൂടിയാല്‍ രാജിവയ്ക്കണമെന്നും മറ്റുമുള്ള വിവേചനവ്യവസ്ഥകള്‍ക്കെതിരെ കോടതി വിധി നേടിയ ചരിത്രമുള്ള എയര്‍ഹോസ്റ്റസ് സമൂഹത്തിന് ഈ വിധിയിലൂടെ ഒരുകാര്യത്തില്‍കൂടി തുല്യത നേടാനായി.
സുപ്രീംകോടതിയില്‍ ഒരു വനിതാ ജഡ്ജികൂടി എത്തിയെന്ന പ്രത്യേകത 2011നുണ്ട്. മുംബൈ ഹൈക്കോടതി ജഡ്ജി രഞ്ജനാ ദേശായിയാണ് ആഗസ്തില്‍ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്. നിലവിലുള്ള ജ. ഗ്യാന്‍സുധ മിശ്രയ്ക്കൊപ്പം ഇവര്‍കൂടി എത്തിയതോടെ സുപ്രീംകോടതിയില്‍ ആകെയുള്ള ജഡ്ജിമാരില്‍ രണ്ട് സ്ത്രീകളായി. സുപ്രീംകോടതിയില്‍ രണ്ട് വനിതാജഡ്ജിമാര്‍ ഒരേ സമയമുണ്ടാകുന്നത് ആദ്യമായാണ്. ഇന്നേവരെ ആകെ അഞ്ചു സ്ത്രീകള്‍ (ജ. ഫാത്തിമ ബീവീ, ജ. സുജാത മനോഹര്‍ , ജ. റുമാപാല്‍ , ജ. ഗ്യാന്‍സുധ മിശ്ര, ജ. രഞ്ജന ദേശായി) മാത്രമേ സുപ്രീംകോടതിയില്‍ ജഡ്ജിമാരായിട്ടുള്ളൂ. സുപ്രീംകോടതി നിലവില്‍ വന്ന 1950 മുതല്‍ ഇതുവരെ ജഡ്ജിമാരായ 134 പേരില്‍ ബാക്കി 129 പേരും പുരുഷന്മാരായിരുന്നു. കേരള ഹൈക്കോടതിക്ക് വനിതാ ആക്ടിങ് ചീഫ് ജസ്റ്റിസിനെ ലഭിച്ചത് ഈ വര്‍ഷമാണ്. ജ. മഞ്ജുള ചെല്ലൂര്‍ നവംബറിലാണ് സ്ഥാനമേറ്റത്. ജ. കെ ഹേമയാണ് കേരള ഹൈക്കോടതിയില്‍ ഇപ്പോഴുള്ള മറ്റൊരു വനിതാ ജഡ്ജി.
ബുധനാഴ്ച, ഡിസംബർ 14, 2011
- തെറ്റ് കണ്ടെത്തിയാല്‍ പോര; തിരുത്തുകയും വേണം
അഡ്വ. കെ ആര് ദീപ - കോടതികള്‍ക്ക് തെറ്റാം. ഒരു കോടതിക്ക് പിഴച്ചാല്‍ തിരുത്താന്‍ മേല്‍കോടതിയുണ്ട്. പക്ഷേ ചിലപ്പോഴെങ്കിലും ചെയ്യേണ്ടതെന്ന് മറന്നുപോകുന്ന കോടതികളുണ്ട്. ഹര്‍ജിയുമായി എത്തിയയാളുടെ ആവശ്യവും കോടതിയുടെ നടപടികളും രണ്ടുവഴിക്ക് പോയെന്നും വരാം. ഇങ്ങനെ സ്വന്തം കടമ മറന്ന ഹൈക്കോടതിയെ സുപ്രീംകോടതിയ്ക്ക് കര്‍ശനമായി തിരുത്തേണ്ടിവന്നു; 2004ല്‍ ഒരു കേസില്‍ . ജീവനാംശം തേടി കോടതിയിലെത്തിയ യുവതിയുടെ കേസില്‍ അക്കാര്യമൊഴികെ പലതും തീര്‍പ്പാക്കാന്‍ ഹൈക്കോടതി തുനിഞ്ഞപ്പോഴായിരുന്നു സുപ്രീംകോടതിയുടെ ഇടപെടല്‍ . അഭിഭാഷകസഹായമില്ലാതെ നേരിട്ട് സുപ്രീംകോടതിയില്‍ ഹാജരായ യുവതിയുടെ അപേക്ഷ പരിഗണിച്ചായിരുന്നു സുപ്രീംകോടതി ഉത്തരവ്. ഷൈല്‍ എന്ന യുവതിയാണ് സുപ്രീംകോടതിയിലെത്തിയത്. ഷൈലിനെ മനോജ് കുമാര്‍ എന്നയാള്‍ ബലാല്‍സംഗം ചെയ്ത കേസ് നിലവിലുണ്ടായിരുന്നു. ശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ വിവാഹം കഴിച്ചുകൊള്ളാമെന്ന് പ്രതി പറഞ്ഞു. ഷൈലും സമ്മതിച്ചു. എന്നാല്‍ വിവാഹം കഴിഞ്ഞ് അധികം വൈകാതെ മനോജ് കുമാര്‍ മുങ്ങി.
ജീവനാംശം ആവശ്യപ്പെട്ട് ഷൈല്‍ കാണ്‍പുര്‍നഗര്‍ കുടുംബകോടതിയില്‍ എത്തി. കുടുംബകോടതിയില്‍ കേസ് നീണ്ടുപോയ്ക്കൊണ്ടിരുന്നു. ഷൈല്‍ ഉത്തര്‍പ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. എത്രയുംവേഗം കേസ് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഹൈക്കോടതി കുടുംബകോടതിക്ക് നിര്‍ദേശം നല്കി. എന്നിട്ടും കേസ് തീര്‍പ്പായില്ല. ഷൈല്‍ കോടതിയലക്ഷ്യ ഹര്‍ജിയുമായി ഹൈക്കോടതിയിലെത്തി. കേസില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ഹൈക്കോടതി കണ്ടു. കോടതിയുടെ നിര്‍ദേശം കുടുംബകോടതി അംഗീകരിച്ചിട്ടില്ലെന്നും ഹൈക്കോടതി കണ്ടെത്തി. കുടുംബകോടതി ജഡ്ജിയോട് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടു. കോടതിയലക്ഷ്യക്കേസില്‍ കുറ്റപത്രം കേള്‍ക്കാനായാണ് ജഡ്ജിയെ വിളിപ്പിച്ചത്. ഈ ഘട്ടത്തില്‍ പുതിയ ആവലാതിയുമായി ഷൈല്‍ സുപ്രീംകോടതിയിലെത്തി. കോടതിയലക്ഷ്യനടപടികള്‍ തുടങ്ങിയതൊക്കെ നല്ല കാര്യമാണ്. പക്ഷേ തെന്റ പ്രശ്നം ബാക്കി നില്‍ക്കുകയാണ്- അഭിഭാഷകസഹായമില്ലാതെ നേരിട്ട് സുപ്രീംകോടതിയില്‍ ഹാജരായ ഷൈല്‍ പരാതിപ്പെട്ടു. ജീവനാംശം കിട്ടാനാണ് താന്‍ കോടതിയില്‍ പോയത്. ഇത് കൊടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിക്കുമെന്നാണു കരുതിയത്. അതുണ്ടായില്ല. അനാഥയായ തനിക്ക് അടിയന്തരമായി വേണ്ടത് ജീവനാംശമാണ്. ജീവനാംശം കിട്ടാതെ കോടതിയലക്ഷ്യവും മറ്റുമായി കേസ് നീണ്ടുപോയാല്‍ തനിക്ക് പ്രയോജനമൊന്നുമില്ല. ഈ വാദം പരിഗണിച്ചാണ് ഹൈക്കോടതികളുടെ അധികാരങ്ങള്‍ ഓര്‍മിപ്പിച്ച് സുപ്രീംകോടതി കേസ് തീര്‍പ്പാക്കിയത്. ഭരണഘടനയുടെ 227-ാം അനുഛേദം (Article 227) അനുസരിച്ച് കീഴ്കോടതികളുടെ മേല്‍നോട്ടാധികാരം ഹൈക്കോടതിക്ക് ഉണ്ട്. ഓരോ കേസിന്റെയും വസ്തുതകള്‍ പരിഗണിച്ച് കീഴ്കോടതികളും ട്രിബ്യൂണലുകളും എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് ഹൈക്കോടതിക്ക് നിര്‍ദേശിക്കാം. എന്നാല്‍ ഇതു മാത്രമല്ല ഈ അധികാരത്തിെന്റ പരിധിയില്‍ വരുന്നത്. കീഴ് കോടതികള്‍ എടുക്കേണ്ടിയിരുന്ന ശരിയായ തീരുമാനം എടുക്കാന്‍കൂടി ഹൈക്കോടതിക്ക് അധികാരമുണ്ട്. ഈ അധികാരം കരുതലോടെ ഉപയോഗിക്കേണ്ടതാണ്. എന്നാല്‍ ഉചിതമായ കേസുകള്‍ വരുമ്പോള്‍ ഈ അധികാരം പ്രയോഗിക്കുകതന്നെ വേണം- സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ഈ കേസില്‍ പരാതിക്കാരിയുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അവരെ ഇങ്ങനെ ഒരു വാതിലില്‍നിന്ന് മറ്റൊരു വാതിലിലേക്കു പറഞ്ഞുവിട്ട് വിഷമിപ്പിക്കുന്നതു ശരിയല്ലെന്നും അഭിപ്രായമുണ്ടെങ്കില്‍ അവര്‍ക്ക് ജീവനാംശം നല്കാന് ഹൈക്കോടതിക്കു തന്നെ ഉത്തരവിടാമായിരുന്നു. കീഴ് കോടതിയുടെ വീഴ്ച ഇത്തരത്തില്‍ തീരുത്തേണ്ടതായിരുന്നു. കേസിന്റെ അടുത്ത വിചാരണ തീയതിയില്‍ ഇത്തരത്തില്‍ ഉത്തരവിടാന്‍ ഹൈക്കോടതി ഉദ്ദേശിച്ചിരുന്നിരിക്കാം. എന്നാല്‍ കാത്തിരിക്കാന്‍ ക്ഷമയില്ലാത്തതുകൊണ്ടാകാം പരാതിക്കാരി സുപ്രീംകോടതിയിലെത്തിയത്. കേസിെന്റ അടുത്ത തിയതിയില്‍ ഹര്‍ജിക്കാരി ഹൈക്കോടതിയില്‍ ഹാജരായി ജീവനാംശം അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിക്കണം. ഈ ആവശ്യങ്ങള്‍ ഹൈക്കോടതി അംഗീകരിക്കാതിരിക്കുമെന്നു കരുതുന്നില്ല. സുപ്രീംകോടതി ജഡ്ജിമാരായ ജ. ആര് സി ലഗോട്ടി, ജ. അശോക് ഭാന്‍ , ജ. അരുണ്‍കുമാര്‍ എന്നിവര്‍ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. 2004 മാര്‍ച്ച് 29നായിരുന്നു വിധി.
ചൊവ്വാഴ്ച, ഡിസംബർ 06, 2011
അമ്മ, നയം, നിയമം
അഡ്വ. കെ ആര് ദീപ
Posted on: 06-Dec-2011 11:36 AM
ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കിയുള്ള ഗര്‍ഭധാരണം (Surrogacy) ഇന്ത്യയില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ രംഗത്ത് നിയമനിര്‍മാണത്തിന് ഒരുക്കം അവസാനഘട്ടത്തിലെത്തി. ഇതിനുള്ള ബില്‍ (Assisted Reproductive Technology Bill ) ഇപ്പോള്‍ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലാണ്. മന്ത്രിസഭ അംഗീകരിച്ചാല്‍ ഇത് പാര്‍ലമെന്റിലെത്തും.

നിലവിലുള്ളത്. ചെലവ് കുറവും ശക്തമായ നിയമങ്ങളില്ലാത്തതും തന്നെയാണ് ഇന്ത്യയെ ഒരു "ഗര്‍ഭപാത്ര വിപണി"എന്ന നിലയില്‍ വിദേശികള്‍ക്ക് പ്രിയങ്കരമാക്കുന്നത്. അമേരിക്കയില്‍ ഒരുലക്ഷം ഡോളര്‍ (50 ലക്ഷം രൂപ) മുടക്കിയാലേ ഇത്തരത്തില്‍ ഒരമ്മയെ വാടകയ്ക്ക് കിട്ടുകയുള്ളൂ. ഇവിടെ ചെലവ് അതിന്റെ നാലിലൊന്നേ വരൂ. നിയന്ത്രണങ്ങള്‍ ഇല്ലാത്തതുകൊണ്ടുതന്നെ ഇത് സംബന്ധിച്ച കണക്കുകളൊന്നും സര്‍ക്കാരിന്റെ പക്കലില്ല.
ഈ സാഹചര്യത്തിലാണ് 2009 ആഗസ്ത് അഞ്ചിന് കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ച 228-ാമത് റിപ്പോര്‍ട്ടില്‍ പുതിയ നിയമം വേണമെന്ന നിര്‍ദേശം ദേശീയ ലോ കമീഷന് മുന്നോട്ടുവച്ചത്. വന്‍തോതില്‍ വാണിജ്യവല്‍ക്കരിക്കപ്പെടുന്ന ഈ രംഗത്ത് നിയന്ത്രണങ്ങള്‍ ആവശ്യമുണ്ടെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി ജ. ഡോ. എ ആര് ലക്ഷ്മണന് അധ്യക്ഷനായ കമീഷന് ചൂണ്ടിക്കാട്ടിയിരുന്നു.
"ഇതില്‍ ഏറെ മനുഷ്യാവകാശപ്രശ്നങ്ങളും ധാര്‍മികവിഷയങ്ങളും ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. നിയമപരമായ ചട്ടക്കൂട്ടിലല്ലെങ്കില്‍ ഒട്ടേറെ സങ്കീര്‍ണതകള്‍ ഉണ്ടാകാം. എന്നാല്‍ , അവ്യക്തമായ "ധാര്‍മിക" കാരണങ്ങള്‍ പറഞ്ഞ് ഇത്തരം ഗര്‍ഭധാരണങ്ങള്‍ നിരോധിക്കുന്നതിന് അര്‍ഥമില്ല"- കമീഷന് വ്യക്തമാക്കി. നിയമത്തില്‍ ഉണ്ടാകേണ്ടത് എന്തെല്ലാമെന്ന് കമീഷന് റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്.

കുട്ടിയുടെ സാമ്പത്തികരക്ഷ ഉറപ്പാക്കാന്‍ വ്യവസ്ഥ വേണം. കുട്ടിയെ ഏറ്റെടുക്കേണ്ടയാള്‍ മരിക്കുകയോ ദമ്പതികളാണെങ്കില്‍ അവര്‍ വേര്‍പിരിയുകയോ ചെയ്താല്‍ കുട്ടി അനാഥ/അനാഥനാകരുത്. ഗര്‍ഭം ധരിക്കുന്ന സ്ത്രീയുടെ ജീവന് ഇന്‍ഷുര്‍ ചെയ്യാനും വ്യവസ്ഥ ഉണ്ടാകണം. ഏറ്റെടുക്കുന്ന ദമ്പതികളുടെ കുട്ടി എന്നതു തന്നെയായിരിക്കണം ഇത്തരത്തില്‍ കൈമാറുന്ന കുട്ടിയുടെ നിയമപരമായ അസ്തിത്വം. ദത്തെടുക്കലിന്റെയോ രക്ഷിതാവായി പ്രഖ്യാപിക്കലിന്റെയോ ആവശ്യം ഉണ്ടാകരുത്. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ഏറ്റെടുക്കുന്ന ദമ്പതികളായിരിക്കണം അച്ഛനമ്മമാര്‍ . ഗര്‍ഭം ധരിക്കുന്ന സ്ത്രീയുടെയും കുട്ടിയെ ഏറ്റെടുക്കുന്ന കുടുംബത്തിന്റെയും വിവരങ്ങള്‍ രഹസ്യമായിരിക്കണം. ഇത്തരത്തിലുള്ള വ്യവസ്ഥകളോടെ നിയമം നിര്‍മിക്കണമെന്നാണ് കമീഷന് നിര്‍ദേശിച്ചത്.
ഈ നിര്‍ദേശങ്ങള്‍ അംഗീകരിച്ചാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചി (icmr) നെ ബില്‍ തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. പഠനങ്ങള്‍ക്കും തെളിവെടുപ്പുകള്‍ക്കും ശേഷം തയ്യാറാക്കിയ ബില്ലാണ് ഇപ്പോള്‍ പാര്‍ലമെന്റിലെത്തുന്നത്.
ഈ മേഖലയില്‍ മേല്‍നോട്ടത്തിനായി കേന്ദ്രആരോഗ്യ സെക്രട്ടറി ചെയര്‍മാനായി ഒരു 21അംഗ ഉപദേശക സമിതി രൂപീകരിക്കാന്‍ ബില്‍ നിര്‍ദേശിക്കുന്നു. സംസ്ഥാനത്തും സമാനമായ സമിതികള്‍ നിലവില്‍ വരും. ഈ രംഗത്തെ് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെല്ലാം രജിസ്ട്രേഷന് നിര്‍ബന്ധമാക്കും. ലോ കമീഷന് ശുപാര്‍ശ ചെയ്ത മറ്റു വ്യവസ്ഥകളും നിയമത്തിലുണ്ടാകുമെന്നാണ് സൂചന.

"മാറ്റമ്മ"മാരുടെ ആനന്ദ്
ഇന്ത്യയില്‍ ഇന്ന് വാടകപ്രസവത്തിന്റെ കേന്ദ്രമായി അറിയപ്പെടുന്നത് ഗുജറാത്തിലെ ആനന്ദ് നഗരമാണ്. പാല് സഹകരണ വിപണന സംഘമായ അമൂലിന്റെ ആസ്ഥാനമായ ഇവിടം ഇന്ന് ഗര്‍ഭപാത്ര വിപണിയെന്ന നിലയിലും പേരെടുത്തുകഴിഞ്ഞു.
ഡോ. നയനാ പട്ടേല്‍ നടത്തുന്ന കൈവാല്‍ ക്ലിനിക്കാണ് ആനന്ദില്‍ ഈ രംഗത്തെ മുഖ്യസ്ഥാപനം. 2005 മുതല്‍ ഇവിടെ വാടകപ്രസവം നടത്തിക്കൊടുക്കുന്നുണ്ട്. അമേരിക്ക, ബ്രിട്ടണ് , ആസ്ത്രേലിയ, കനഡ, ഇസ്രയേല്‍ , സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍നിന്ന് ദമ്പതികള്‍ ഇവിടേയ്ക്കെത്തുന്നു. 500ലേറെ കുട്ടികള്‍ ഇവിടെ ഇത്തരത്തില്‍ പ്രസവിച്ച് കൈമാറിക്കഴിഞ്ഞു.
ദരിദ്രകുടുംബങ്ങളില്‍നിന്നുള്ള സ്ത്രീകളാണ് അമ്മമാരാകാന്‍ എത്തുന്നവരേറെയും ഗര്‍ഭകാലം മുഴുവന്‍ ഇവര്‍ ആശുപത്രിയില്‍ കഴിയേണ്ടിവരും. ഇടനിലക്കാരുടെ ചൂഷണം ശക്തമായതിനാല്‍ വിദേശദമ്പതികള്‍ ആശുപത്രിക്ക് നല്കുന്ന തുകയുടെ ഒരുപങ്കേ പ്രസവിക്കുന്ന സ്ത്രീക്ക് ലഭിക്കുകയുള്ളൂ. എങ്കിലും പലര്‍ക്കും അവരുടെ ജീവിത പ്രാരാബ്ദങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ "അമ്മയാകല്" തുണയാകും. ഗര്‍ഭധാരണത്തിനും പ്രസവത്തിനും "സമയം കളയാനില്ലാത്ത" ദമ്പതികള്‍ മുതല്‍ ആരോഗ്യപ്രശ്നങ്ങളാല്‍ പ്രസവം സാധിക്കാത്ത സ്ത്രീകള്‍ വരെ ഈ രീതി തേടി എത്തുന്നു. രോഗിയായ മകളുടെ കുട്ടിയെ പ്രസവിക്കാന്‍ തയ്യാറായിവന്ന അമ്മയായിരുന്നു ഡോ നയന പട്ടേലിന്റെ ക്ലിനിക്കിലെ ആദ്യത്തെ "മാറ്റമ്മ" (surrogate mother).
ഇരുപത്തിയഞ്ചിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയാണ് ക്ളിനിക്കില്‍ അമ്മമാരായി തെരഞ്ഞെടുക്കുന്നത്. വിവാഹിതരും ഒരു കുട്ടിയെങ്കിലും ഉള്ള സ്ത്രീകളാകണം. കുട്ടിയെ വേണ്ടട ദമ്പതിമാര്‍ക്ക് ഇവരെ കാണാനും പരിചയപ്പെടാനുമൊക്കെ ആശുപത്രി അധികൃതര്‍ സൌകര്യം ചെയ്യും. പ്രസവം ഏറെയും ശസ്ത്രക്രിയയിലൂടെയാകും. വിദേശ ദമ്പതികള്‍ക്ക് വന്നുപോകാന്‍ പറ്റുന്ന തീയതി നോക്കി ശസ്ത്രക്രിയ നടത്തുകയാണ് പതിവ്. ഇരട്ടകുട്ടികളെ പ്രസവിക്കേണ്ടിവരുന്ന വാടക അമ്മമാരുമുണ്ട്.
ഇരുപത്തിയഞ്ചിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയാണ് ക്ളിനിക്കില്‍ അമ്മമാരായി തെരഞ്ഞെടുക്കുന്നത്. വിവാഹിതരും ഒരു കുട്ടിയെങ്കിലും ഉള്ള സ്ത്രീകളാകണം. കുട്ടിയെ വേണ്ടട ദമ്പതിമാര്‍ക്ക് ഇവരെ കാണാനും പരിചയപ്പെടാനുമൊക്കെ ആശുപത്രി അധികൃതര്‍ സൌകര്യം ചെയ്യും. പ്രസവം ഏറെയും ശസ്ത്രക്രിയയിലൂടെയാകും. വിദേശ ദമ്പതികള്‍ക്ക് വന്നുപോകാന്‍ പറ്റുന്ന തീയതി നോക്കി ശസ്ത്രക്രിയ നടത്തുകയാണ് പതിവ്. ഇരട്ടകുട്ടികളെ പ്രസവിക്കേണ്ടിവരുന്ന വാടക അമ്മമാരുമുണ്ട്.
മഞ്ജി കുരുങ്ങിയ കുരുക്ക്
വാടക അമ്മമാര്‍ക്ക് പിറക്കുന്ന കുഞ്ഞുങ്ങളുടെ പൗരത്വം മുതല്‍ പിതൃത്വം വരെ നിയമക്കുരുക്കുകളില്‍ എത്താനുള്ള സാധ്യതയേറെയാണ്. പലരാജ്യങ്ങളിലും ഇത് സംഭവിക്കുന്നുമുണ്ട്. ഇന്ത്യയില്‍ ഇത്തരത്തിലൊരു കേസില്‍ തീര്‍പ്പുണ്ടാക്കിയത് സുപ്രീംകോടതിയാണ്. 2008ല്‍ ആയിരുന്നു ഇത്.
ജപ്പാനിലെ ദമ്പതികളായ ഇക്കുഫുമി യമാദയും ഭാര്യ ഡോ. യുക്കി യമാദയും ഇന്ത്യയില്‍നിന്ന് ഒരമ്മയെ വാടകയ്ക്കെടുക്കാന്‍ തീരുമാനിച്ചു. ബീജം ഇക്കുഫുമി യമാദയില്‍നിന്നുതന്നെയായിരുന്നു. എന്നാല്‍ , അണ്ഡം യുക്കി യമാദയുടേതായിരുന്നില്ല. അത് മറ്റൊരു സ്ത്രീയില്‍നിന്നായിരുന്നു. ഗര്‍ഭപാത്രം വാടകയ്ക്കു നല്കിയ അമ്മ ഗുജറാത്തിലെ ആനന്ദ് സ്വദേശിനി. പ്രസവം ഈ മേഖലയില്‍ ശ്രദ്ധേയയായ ഡോ. നയന പട്ടേലിന്റെ ആശുപത്രിയില്‍ .

ഇതിനിടെ വിസ കാലാവധി തീര്‍ന്നതിനാല്‍ ഇക്കുഫുമി യമാദയ്ക്ക് ജപ്പാനിലേക്ക് മടങ്ങേണ്ടിവന്നു. കുട്ടിയെ ഏറ്റെടുക്കാനായി യമാദയുടെ അമ്മ എമിക്കോ യമാദ ജപ്പാനില്‍നിന്നു പറന്നെത്തി.
അപ്പോള്‍ പുതിയ പ്രശ്നം. ഈ ഇടപാട് മുഴുവന്‍ നിയമവിരുദ്ധമാണെന്നും അനധികൃതമായി കുട്ടികളെ ജനിപ്പിച്ച് അവരെ വിദേശികള്‍ക്ക് വില്‍ക്കുന്ന റാക്കറ്റിന്റെ ഭാഗമാണ് പ്രസവം നടന്ന ആശുപത്രിയിലെ ഡോക്ടര്‍ നയന പട്ടേലും മറ്റുമെന്നാരോപിച്ച് ഒരു സന്നദ്ധസംഘടന ഗുജറാത്ത് ഹൈക്കോടതിയിലെത്തി. ഹൈക്കോടതി കുട്ടിയെ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവായി. എന്നാല്‍ ഇക്കുഫുമി നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി കേസില്‍ ഇടപെട്ടു. ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. എന്നാല്‍ പൗരത്വപ്രശ്നം സുപ്രീംകോടതിക്കും തലവേദനയായി.
കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ദേശീയ കമീഷന്റെ അഭിപ്രായംകൂടി മാനിച്ച് ഒടുവില്‍ മഞ്ജിക്ക് പാസ്പോര്‍ട്ട് നല്കാന് തീരുമാനമായി. അമ്മയുടെ പേരോ പൗരത്വമോ വ്യക്തമാക്കാത്ത ഒരു സര്‍ട്ടിഫിക്കറ്റ് രാജസ്ഥാന് പാസ്പോര്‍ട്ട് ഓഫീസില്‍നിന്ന് നല്‍കിയാണ് പാസ്പോര്‍ട്ട് ലഭ്യമാക്കിയത്. ഇത്തരത്തിലൊരു സര്‍ട്ടിഫിക്കറ്റ് ഇന്ത്യന്‍ ചരിത്രത്തിലാദ്യം. ജപ്പാനിലേക്ക് പോകാന്‍ മാത്രം ഉപയോഗിക്കാവുന്ന ഒരു ട്രാവല്‍ വിസയും നല്കി. രണ്ടര മാസം നീണ്ട നിയമക്കുരുക്കുകള്‍ അഴിച്ച് 2008 സപ്തംബര്‍ 15ന് അമ്മൂമ്മ കുട്ടിയുമായി ജപ്പാനിലെ ഒസാക്കയിലേക്ക് പോയി. ഇതിനിടെ അവിടെ കുട്ടിക്ക് പൗരത്വം നല്‍കാനാകുമെന്ന് ജപ്പാന് സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. പ്രശ്നം തല്ക്കാലം പരിഹരിക്കപ്പെട്ടു. എന്നാല്‍ ഇനിയും ഒരു മഞ്ജി പ്രശ്നമുണ്ടായാല്‍ ഇതേ നിയമക്കുരുക്കുകള്‍ വീണ്ടും ഉണ്ടാകും എന്നതാണ് സ്ഥിതി.
വരുമാനമില്ലാത്ത ഭാര്യയുടെ ഫോണിന് കുടിശ്ശിക വന്നാല്‍ ...
അഡ്വ. കെ ആര് ദീപ
Posted on: 30-Nov-2011 09:45 AM
സ്വന്തമായി വരുമാനമില്ലാത്ത ഭാര്യയുടെ പേരിലുള്ള ഫോണിന് കുടിശ്ശിക വന്നാല്‍ എന്തുചെയ്യും? ഫോണ്‍ കട്ടാക്കാമെന്നത് ശരി. എന്നാല്‍ കുടിശ്ശിക കിട്ടണ്ടേ? അതിനെന്താണ് എളുപ്പവഴി? പൊതുമേഖലാസ്ഥാപനമായ മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ് പ്രശ്നം പരിഹരിക്കാന്‍ വഴി കണ്ടുപിടിച്ചു. അതേവീട്ടില്‍ ഭര്‍ത്താവിന്റെ പേരിലും ഫോണുണ്ട്. അവര്‍ അത് കട്ട് ചെയ്തു. ഭര്‍ത്താവ് വിട്ടില്ല. അദ്ദേഹം കേസിനുപോയി. കേസ് സുപ്രീംകോടതി വരെ നീണ്ടു. ഒടുവില്‍ സുപ്രീംകോടതി പ്രശ്നത്തില്‍ അന്തിമ തീര്‍പ്പുണ്ടാക്കി. വീട്ടമ്മയായ ഭാര്യയുടെ പേരിലുള്ള ടെലിഫോണ്‍ ബില്ലിന് കുടിശ്ശിക അടയ്ക്കാതിരുന്നാല്‍ ഭര്‍ത്താവിന്റെ പേരിലുള്ള ഫോണ്‍ കട്ട്ചെയ്യാം- കോടതി വിധിച്ചു.
സുര്‍ജിത് സിങ്ങും ഭാര്യയും ഡല്‍ഹിയില്‍ ഒരു വീട്ടിലാണ് താമസം. ഈ വീട്ടില്‍ രണ്ട് ഫോണുണ്ട്. ഒരെണ്ണം സിങ്ങിന്റെ പേരില്‍ത്തന്നെ. രണ്ടാമത്തേത് ഭാര്യയുടെ പേരിലും. സിങ്ങിന്റെ പേരില്‍ ത്തന്നെ മൂന്നാമത്തെ ഫോണുണ്ട്. അത് ഓഫീസിലാണ്. ഭാര്യയുടെ പേരിലുള്ള ഫോണിനാണ് കുടിശ്ശിക വന്നത്. അടയ്ക്കാതെ വന്നപ്പോള്‍ സിങ്ങിന്റെ പേരിലുള്ള രണ്ട്ഫോണും അധികൃതര്‍ കട്ടാക്കി. സിങ്ങ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഭാര്യയും താനും നിയമപരമായി വേറിട്ട വ്യക്തിത്വങ്ങളായതിനാല്‍ ഭാര്യയുടെ തെറ്റിന് തന്നെ ശിക്ഷിക്കാനാകില്ലെന്നായിരുന്നു സിങ്ങിന്റെ വാദം. കോടതി ഹര്‍ജി തള്ളി. അപ്പീലും തള്ളപ്പെട്ടു. തുടര്‍ന്നാണ് സിങ് സുപ്രീംകോടതിയിലെത്തിയത്. ബോംബെ ഹൈക്കോടതിയുടെ ഒരു വിധിയും വാദത്തിനനുകൂലമായി സിങ്ങിന്റെ അഭിഭാഷകന് സുപ്രീംകോടതിയില്‍ ഉദ്ധരിച്ചു. അച്ഛന്റെ പേരിലുള്ള ഫോണിന്റെ ബില്ലടയ്ക്കാത്തതിന് മകന്റെ പേരിലുള്ള ഫോണ്‍ കട്ട്ചെയ്തതിനെതിരെയായിരുന്നു ആ വിധി.
എന്നാല്‍ ആ കേസിലെ സ്ഥിതിയല്ല സിങ്ങിന്റെ കേസിലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അവിടെ അച്ഛന് സാമ്പത്തികമായി മകനെ ആശ്രയിച്ച് ജീവിക്കുന്ന വ്യക്തിയാണെന്ന വാദം ഉണ്ടായിരുന്നില്ല. ആ നിലയ്ക്ക് ആ വാദം ഈ കേസില്‍ നിലനില്‍ക്കില്ല. ഇതു തമ്മില്‍ വ്യത്യാസമുണ്ട്. സ്വന്തം വരുമാനം കൊണ്ട് ജീവിക്കുന്ന ബന്ധു ഫോണ്‍ ബില്‍ കുടിശ്ശിക വരുത്തിയാല്‍ അതിന്റെ പേരില്‍ അതേ വിലാസത്തില്‍ പ്രവര്‍ത്തിക്കുന്നതാണെങ്കില്‍പ്പോലും മറ്റൊരാളുടെ ഫോണ്‍ കട്ടാക്കാനാകില്ല. എന്നാല്‍ ഫോണ്‍ കണക്ഷന് എടുത്തിരിക്കുന്നയാള്‍ മറ്റേയാളെ സാമ്പത്തികമായി ആശ്രയിച്ച് ജീവിക്കുകയാണെങ്കില്‍ സ്ഥിതി വ്യത്യസ്തമാണ്. ഉദാഹരണത്തിന് പ്രായപൂര്‍ത്തിയാകാത്ത മകന്റെ പേരിലും അച്ഛന്റെ പേരിലും ഒരേ വിലാസത്തില്‍ ഫോണുണ്ടെങ്കില് രണ്ടിന്റെയും ബില്ലടയ്ക്കുന്നത് അച്ഛനായിരിക്കുമല്ലോ. അപ്പോള്‍ ഇതിലൊരു ഫോണില്‍ കുടിശ്ശിക വന്നാല്‍ മറ്റേ ഫോണ്‍ കട്ട്ചെയ്യാം. ഭാര്യയുടെയും ഭര്‍ത്താവിന്റെയും കാര്യത്തിലും സമാന സ്ഥിതിയുണ്ട്. ഭാര്യയും ഭര്‍ത്താവും സ്വന്തമായി വരുമാനമുള്ളവരും ഇരുവരുടെയും പേരില്‍ ഫോണുണ്ടാകുകയും ചെയ്താല്‍ ഒരെണ്ണത്തിന് കുടിശ്ശിക വന്നതിന്റെ പേരില്‍ മറ്റേത് റദ്ദാക്കിക്കൂടാ. ആന്ധ്രാ ഹൈക്കോടതിയിലെ മറ്റൊരു വിധികൂടി ഹര്ജിക്കാരന് ഉദ്ധരിച്ചു. അവിടെ അമ്മയുടെ പേരിലുള്ള ഫോണിന് കുടിശ്ശിക വന്നതിന് മകന്റെ ഫോണ്‍ കട്ട്ചെയ്ത നടപടിയാണ് കോടതി റദ്ദാക്കിയത്. ആ കേസിലും അമ്മ മകനെ സാമ്പത്തികമായി ആശ്രയിച്ചിരുന്നതായി പറയുന്നില്ല. അവര്‍ സാമ്പത്തികമായി ആശ്രയിച്ചിരുന്നത് ഭര്‍ത്താവിനെയാകാം. ഒരുപക്ഷേ അവര്‍ക്ക് സ്വന്തമായി തൊഴിലുണ്ടായിരുന്നിരിക്കാം. അക്കാര്യങ്ങള്‍ വ്യക്തമാകാത്തിടത്തോളം ഈ കേസില്‍ അത് ബാധകമാകില്ല.
കുടിശ്ശിക വന്നാല്‍ "ഉപഭോക്താവി"ന്റെ ഫോണ്‍ കട്ട്ചെയ്യാം എന്നേ ഇന്ത്യന്‍ ടെലിഗ്രാഫ് നിയമ(Indian telegraph Act)ത്തില്‍ പറയുന്നുള്ളൂ എന്നൊരു വാദം സുര്‍ജിത് സിങ്ങ് ഉയര്‍ത്തി. ചട്ടങ്ങളുടെ വാച്യാര്‍ഥമെടുത്താല്‍ തന്റെ വാദം അംഗീകരിക്കേണ്ടി വരുമെന്നായിരുന്നു സിങ്ങിന്റെ നിലപാട്. പക്ഷേ നിയമത്തില്‍ വാച്യാര്‍ഥം മാത്രം പരിഗണിച്ചാല്‍ പോരാ എന്ന് മുന്‍കാല വിധികള്‍ ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി. 2008 ഏപ്രില്‍ 21ന് ജ. എച്ച് കെ സേമ, ജ. മാര്‍ക്കണ്ഡേയ കട്ജു എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതായിരുന്നു വിധി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)