വ്യാഴാഴ്‌ച, ഡിസംബർ 29, 2011

  • ഒരു നിയമകവചം വാള്‍മുനയില്‍
    അഡ്വ. കെ ആര്‍ ദീപ
  • ഭര്‍ത്താവിന്റെ വീട്ടില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ തടയാന്‍ പ്രത്യേക നിയമവ്യവസ്ഥ ഇന്ത്യയില്‍ നിലവില്‍വന്നത് 28 വര്‍ഷം മുമ്പാണ്. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ 1983ല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട 498 എ വകുപ്പാണ് ഒരു സ്ത്രീസംരക്ഷണനിയമം എന്ന പേരില്‍ ഏറെ ശ്രദ്ധേയമായത്. സ്ത്രീ സംഘടനകളുടെ ഏറെനാളത്തെ പോരാട്ടത്തിനൊടുവിലായിരുന്നു ഈ വകുപ്പ് നിയമത്തില്‍ വന്നത്. എന്നാല്‍ , ഇന്ന് ഈ നിയമവ്യവസ്ഥക്കെതിരായ നീക്കം രാജ്യത്താകെ ശക്തിപ്പെടുകയാണ്. നിയമത്തിലെ കര്‍ക്കശ വ്യവസ്ഥയുടെ പേരിലാണ് എതിര്‍പ്പ്. നിയമം ദുരുപയോഗിക്കപ്പെടുന്നു എന്നാണ് പ്രധാന ആക്ഷേപം. നിയമത്തില്‍ ഭേദഗതി വേണമെന്നാണ് ആവശ്യം. മുമ്പ് ചില "പുരുഷസേവാസംഘടന"കളുടെ വാദമായിമാത്രമാണ് ഇത് ഉയര്‍ന്നിരുന്നത്. എന്നാല്‍ , ഇന്ന് സര്‍ക്കാര്‍തലത്തിലും ഈ വഴിക്കുള്ള നീക്കം ശക്തമാവുകയാണ്.

    സുപ്രീംകോടതിയില്‍നിന്നുണ്ടായ ചില വിധികളുടെകൂടി പിന്‍ബലത്തോടെയാണ് നിയമത്തിനെതിരായ പടയൊരുക്കം. ദേശീയ ലോ കമീഷന്‍തന്നെ ഒരു ചോദ്യാവലിയിലൂടെ നിയമത്തില്‍ വരുത്തേണ്ട മാറ്റത്തെപ്പറ്റി ഇപ്പോള്‍ പൊതുജനാഭിപ്രായം തേടിയിരിക്കയാണ്. ഭര്‍ത്താവിന്റെ വീടിനുള്ളിലെ പീഡനം മറ്റുതരത്തിലുള്ള അക്രമങ്ങളുമായി താരതമ്യംചെയ്യാനാവില്ല എന്നതുകൊണ്ടുതന്നെയാണ് മറ്റു വ്യവസ്ഥകളില്‍നിന്നു വ്യത്യസ്തമായ ചിലത് ആ നിയമത്തില്‍ വേണ്ടിവന്നത്. ഇവിടെ അക്രമം നടക്കുന്നത് ഇരയ്ക്ക് രക്ഷപ്പെടാന്‍പോലും പഴുതില്ലാത്ത ഒരു സംവിധാനത്തിനുള്ളിലാണ്. വിവാഹത്തിലൂടെ സ്ത്രീ എത്തിപ്പെടുന്ന "രണ്ടാംവീട്ടി"ലാണ് അവള്‍ അക്രമത്തിനിരയാകുന്നത്. ഇവിടെയുള്ള സാഹചര്യങ്ങളെല്ലാം അവള്‍ക്കെതിരാകാന്‍ സാധ്യത കൂടുതലാണ്. അനുകൂലമായി ഹാജരാക്കാന്‍ ഒരു സാക്ഷിയെപ്പോലും അവള്‍ക്ക് അവിടെ ലഭിക്കില്ല. സ്ത്രീ സമൂഹത്തില്‍ നേരിടുന്ന രണ്ടാംതരപൗരത്വത്തിന്റെ കൂടുതല്‍ ദയനീയമായ അവസ്ഥയാണ് പീഡനമുള്ള ഒരു ഭര്‍തൃവീട്ടില്‍ അവള്‍ നേരിടുന്നത്. അങ്ങനെ പീഡിതാവസ്ഥയിലുള്ള ഒരു ഇരയ്ക്കായി നിയമം നിര്‍മിക്കുമ്പോള്‍ ആ നിയമം ഇരയ്ക്ക് അനുകൂലമായ ചില വ്യവസ്ഥകളോടെ ഉള്ളതായേ പറ്റൂ. സാമൂഹ്യനീതിയുടെയും ലിംഗനീതിയുടെയും നടത്തിപ്പിലെ സാമാന്യതത്ത്വമാണിത്. ഭര്‍തൃവീട്ടിലെ പീഡനങ്ങള്‍ മിഥ്യയാണെന്ന് ഇന്ത്യയില്‍ ആരും പറയുന്നില്ല. പറഞ്ഞാലും കണക്കുകള്‍ അവര്‍ക്കെതിരാണ്. ദേശീയ ക്രൈം റിക്കോഡ്സ് ബ്യൂറോയുടെ രേഖകളനുസരിച്ച് രാജ്യത്താകെ 2010ല്‍ ഇത്തരത്തിലുള്ള 92574 സംഭവങ്ങളുണ്ടായി. മറ്റൊന്ന് സ്ത്രീകള്‍ ഭര്‍ത്താക്കന്മാര്‍ക്കെതിരെ ഇല്ലാത്ത പരാതിയുമായി പൊലീസ് സ്റ്റേഷന്‍ കയറുന്നുണ്ടോ എന്ന ചോദ്യമാണ്. ഉണ്ടെന്നു തെളിയിക്കാന്‍ കണക്കുകള്‍ ആര്‍ക്കുമില്ല. 498 എ പ്രകാരം ഒരു കേസെടുത്താല്‍ അതിന്റെ അടിസ്ഥാനത്തില്‍മാത്രം ആരും ശിക്ഷിക്കപ്പെടില്ല. സാധാരണ നിയമപ്രക്രിയയിലൂടെ തെളിവുകളുടെ ബലത്തില്‍മാത്രമേ ആരും ശിക്ഷിക്കപ്പെടുകയുള്ളു. അറസ്റ്റിനെപ്പറ്റിയാണ് ഏറെ വിവാദങ്ങള്‍ ഉയരുന്നത്. പീഡനമുണ്ടായതായി ഒരു സ്ത്രീ പൊലീസില്‍ പരാതിപ്പെട്ടാല്‍ ഭര്‍ത്താവും അമ്മായിയമ്മയും മറ്റ് ഭര്‍തൃബന്ധുക്കളും ഉടന്‍ അറസ്റ്റിലാകുമെന്നാണ് ഒരു പ്രചാരണം. ഇത് വെറുതെയാണെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അടക്കമുള്ള സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

    2009ല്‍ ഇന്ത്യന്‍ ക്രിമിനല്‍ നടപടിച്ചട്ട (സിആര്‍പിസി)ത്തില്‍ ഭേദഗതിവന്നു. അറസ്റ്റ് സംബന്ധിച്ച വ്യവസ്ഥകള്‍ക്ക് മാറ്റംവന്നു. ഏഴുകൊല്ലംവരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ക്ക് (498 എ പ്രകാരം മൂന്നുവര്‍ഷംവരെയേ തടവു കിട്ടുകയുള്ളു) കേസുണ്ടായാല്‍ അറസ്റ്റിനുമുമ്പ് പൊലീസ് ആവശ്യമായ അന്വേഷണം നടത്തിയിരിക്കണം. പ്രതികള്‍ പൊലീസുമായി സഹകരിക്കാനും തെളിവുകള്‍ നശിപ്പിക്കാതിരിക്കാനും തയ്യാറാണെങ്കില്‍ അറസ്റ്റ്തന്നെ ആവശ്യമില്ല. ഇക്കാര്യം പൊലീസിനു തീരുമാനിക്കാം. അതുകൊണ്ട് എല്ലാവരും ഉടന്‍ ജയിലില്‍പോകും എന്ന പരാതിക്ക് അടിസ്ഥാനമില്ല. ജാമ്യത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് വസ്തുത. ഏതു കേസില്‍ അറസ്റ്റിലായാലും പ്രതികളെ 24 മണിക്കൂറിനകം കോടതിയില്‍ ഹാജരാക്കണം. ഈ കേസിലും അത് വേണം. ശാരീരികമായി മുറിവേല്‍പ്പിക്കലോ മറ്റോ ഉണ്ടായിട്ടില്ലാത്ത കേസാണെങ്കില്‍ കോടതി ജാമ്യം നല്‍കുകയും ചെയ്യും. ഈ വ്യവസ്ഥകളില്‍ മാറ്റംവന്നാലത്തെ അവസ്ഥയും സ്ത്രീസംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഭര്‍തൃവീട്ടില്‍ പീഡനം നേരിടുന്ന ഒരു സ്ത്രീ പൊലീസ്സ്റ്റേഷനില്‍ പരാതി നല്‍കുന്നതുതന്നെ ഒട്ടേറെ പ്രയാസപ്പെട്ടാവും. 498 എ നിലവിലുള്ളതുകൊണ്ടുമാത്രമാണ് നടപടിക്ക് പൊലീസ് തയ്യാറാകുന്നത്. മറിച്ച് കോടതിവഴി നീതി തേടേണ്ടിവരികയാണെങ്കില്‍ സ്ത്രീക്ക് നേരിടേണ്ടിവരുന്ന കടമ്പകള്‍ അനവധിയാകും. ഓരോതവണ പീഡനമുണ്ടാകുമ്പോഴും പരാതിയുമായി അവള്‍ക്ക് കോടതിയില്‍ പോകേണ്ടിവരും. തിരിച്ചെത്തി അതേ വീട്ടില്‍ കൂടുതല്‍ പീഡനങ്ങള്‍ക്ക് ഇരയായെന്നുംവരാം. ജാമ്യമുള്ള കുറ്റമാക്കിക്കഴിഞ്ഞാല്‍ കുറ്റം എത്ര ഗുരുതരമായാലും ഒരു മജിസ്ട്രേട്ടിന്റെ ഉത്തരവുവരെ പ്രതിയെ അറസ്റ്റ്ചെയ്യാനേ കഴിയില്ല. ഇന്നത്തെ ഇന്ത്യന്‍ സാമൂഹ്യാവസ്ഥയില്‍ ഈ കാലവിളംബത്തിനിടയില്‍ സ്ത്രീക്ക് എന്തും സംഭവിക്കാം- സ്ത്രീസംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. നിയമത്തിന്റെ ദുരുപയോഗത്തെപ്പറ്റിയുള്ള വിമര്‍ശങ്ങള്‍ക്ക് മഹിളാസംഘടനകള്‍ മറുപടിനല്‍കിയിട്ടുണ്ട്. ദുരുപയോഗസാധ്യത എല്ലാ നിയമത്തിലുമുണ്ട്; ഇതിലുമുണ്ട്.

    മറ്റ് നിയമങ്ങളുടെ ദുരുപയോഗം ചര്‍ച്ചയാകുമ്പോള്‍ ആരും നിയമം മാറ്റണമെന്ന് ആവശ്യപ്പെടുന്നില്ല. സ്ത്രീപക്ഷ നിയമങ്ങളുടെ കാര്യത്തില്‍ മാത്രമാണ് ഈ മുറവിളി. എന്നാല്‍ , ഇത്തരം നിയമങ്ങളെപ്പറ്റിത്തന്നെ അറിവില്ലാത്തവരാണ് ഇന്ത്യയിലെ 70 ശതമാനം സ്ത്രീകളെന്നാണ് സര്‍വേകള്‍ വ്യക്തമാക്കുന്നത്. അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ താരതമ്യേന മെച്ചപ്പെട്ട ജീവിതനിലവാരമുള്ള ഡല്‍ഹിയിലെ സ്ത്രീകള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലെ കണക്കാണ് ഇത്. ഈ സാഹചര്യത്തില്‍ ദുരുപയോഗത്തെപ്പറ്റിയുള്ള ഊതിവീര്‍പ്പിച്ച കണക്കുകള്‍ വിശ്വസനീയമല്ല. ഉയര്‍ന്ന സാമ്പത്തികസ്ഥിതിയുള്ള കുടുംബങ്ങള്‍ക്കിടയിലും മറ്റും പണംതട്ടിക്കാനായും മറ്റും വകുപ്പിന്റെ ദുരുപയോഗം നടക്കുന്നുണ്ടാകാം. എന്നാല്‍ , അത്തരം കേസുകള്‍ അതതിന്റെ വസ്തുതകള്‍ പരിശോധിച്ച് തീര്‍പ്പാക്കണം. അല്ലാതെ അതിന്റെപേരില്‍ പീഡനങ്ങള്‍ക്കെതിരെ ഒരുപരിധിവരെയെങ്കിലും കവചമായി നില്‍ക്കുന്ന നിയമം മാറ്റുകയല്ല വേണ്ടത്- സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ