വെള്ളിയാഴ്‌ച, ജനുവരി 20, 2012

തൊഴിലുറപ്പു നിയമം എങ്ങനെയൊക്കെ?
അഡ്വ. കെ ആര്‍ ദീപ
Posted on: 17-Jan-2012 09:52 AM
ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം(National  Rural Employment Guarantee Act 2005)നിയമം നടപ്പായിട്ട് ഫെബ്രുവരിയില്‍ അഞ്ചുകൊല്ലം തികയുകയാണ്. 2005 ആഗസ്ത് 23നാണ് ലോക്സഭ ഇതിനുള്ള ബില്‍ പാസാക്കിയത്. 2006 ഫെബ്രുവരി രണ്ടിനാണ് രാജ്യത്തെ 200 ജില്ലകളില്‍ നിയമം പ്രാബല്യത്തില്‍ വന്നത്. 2008 ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്തെ മുഴുവന്‍ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിച്ചു. നിയമപ്രകാരം തൊഴിലുറപ്പു പദ്ധതിക്ക് (Employment Guarantee Scheme)രൂപം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഏറെ പോരായ്മകളുണ്ടെങ്കിലും പദ്ധതി ഇന്ന് ഇന്ത്യന്‍ ഗ്രാമജീവിതത്തിന്റെ ഭാഗമാണ്. സ്ത്രീകള്‍ക്ക് മുന്‍ഗണനയുള്ള ഈ തൊഴില്‍ദാന പദ്ധതിയില്‍ കേരളത്തില്‍ പണിയെടുക്കുന്നത് 90 ശതമാനവും സ്ത്രീകളാണെന്ന് ഗ്രാമവികസനവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. നിയമത്തെപ്പറ്റി സാധാരണ ഉയരുന്ന ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് ഇവിടെ.
പദ്ധതിയുടെ അടിസ്ഥാന ആശയം എന്താണ്?
താല്‍ക്കാലിക കായികാധ്വാനം ചെയ്യാന്‍ തയ്യാറുള്ള ആര്‍ക്കും നിയമപ്രകാരമുള്ള മിനിമം വേതനത്തിന് തൊഴില്‍ ലഭിക്കും എന്നുറപ്പാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം. നിയമപ്രകാരം ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്ക് വൈകാതെ തൊഴില്‍ നല്‍കണമെന്ന് നിയമം വ്യവസ്ഥചെയ്യുന്നു.

സാധാരണ സര്‍ക്കാര്‍ തൊഴില്‍ പദ്ധതികളും എന്‍ആര്‍ഇജിപി പ്രകാരമുള്ള തൊഴില്‍ പദ്ധതികളുമായി എന്താണ് വ്യത്യാസം?
എന്‍ആര്‍ഇജിപിയില്‍ നിയമപരമായി തൊഴില്‍ ഉറപ്പാക്കുന്നു എന്നതുതന്നെയാണ് പ്രത്യേകത. തൊഴില്‍ നല്‍കേണ്ടത് സര്‍ക്കാരിന്റെ നിയമപരമായ ഉത്തരവാദിത്തമാക്കിയിരിക്കുന്നു.
ആര്‍ക്കാണ് തൊഴിലിന് അര്‍ഹത?
ഗ്രാമീണമേഖലയില്‍ താമസിക്കുന്ന 18 വയസ്സ് കഴിഞ്ഞ ആര്‍ക്കും തൊഴിലിന് അര്‍ഹതയുണ്ട്.
ആര്‍ക്കാണ് പദ്ധതിയില്‍ അംഗത്വം?
എല്ലാ പ്രദേശങ്ങളിലേയും ഗ്രാമീണ കുടുംബങ്ങള്‍ക്ക് പദ്ധതിയില്‍ അംഗത്വം ലഭിക്കും. അംഗത്വം ആവശ്യമുള്ള കുടുംബങ്ങള്‍ ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവരാകണം. തത്ക്കാലം അവിടെനിന്നു മാറിത്താമസിക്കുന്നവര്‍ക്കും അംഗത്വം ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഒരു കുടുംബത്തിലെ പ്രായപൂര്‍ത്തിയായ എല്ലാ അംഗങ്ങള്‍ക്കും ജോലിക്കായി അപേക്ഷ നല്‍കാം. ഒരു സാമ്പത്തികവര്‍ഷത്തില്‍ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കുമായി ഒരേ സമയത്തോ പലപ്പോഴായോ 100 ദിവസം ഈ പദ്ധതിമൂലം തൊഴില്‍ ലഭിക്കും.

തൊഴില്‍ കാര്‍ഡ് ആരുനല്‍കും?
രജിസ്ട്രേഷന്‍ ലഭിക്കുന്ന എല്ലാ കുടുംബത്തിനും ഓരോ തൊഴില്‍ കാര്‍ഡ് ലഭിക്കും. കുടുംബത്തില്‍നിന്ന് അപേക്ഷിച്ച എല്ലാവരുടേയും ഫോട്ടോ കാര്‍ഡില്‍ പതിച്ചിരിക്കും. ഈ തൊഴില്‍ കാര്‍ഡിന്റെ കാലാവധി അഞ്ചുവര്‍ഷം ആയിരിക്കും. ഈ കാലയളവില്‍ ഏതെങ്കിലും അംഗത്തെ മാറ്റുകയോ പുതിയതായി ചേര്‍ക്കുകയോ ചെയ്യാം. കാര്‍ഡ് വിതരണത്തിന്റെ വിവരങ്ങള്‍ ഗ്രാമസഭകളില്‍ ലഭിക്കും അപേക്ഷ നല്‍കിയിട്ട് കാര്‍ഡ് ലഭിച്ചിട്ടില്ല എങ്കില്‍ ബ്ലോക്ക്ജില്ലാ പഞ്ചായത്തുകളില്‍ പരാതി നല്‍കാം. പരാതിയില്‍ 15 ദിവസത്തിനുള്ളില്‍ തീര്‍പ്പുണ്ടാക്കണം.

എങ്ങനെയാണ് ജോലിക്ക് അപേക്ഷിക്കേണ്ടത്?
ആദ്യം ഗ്രാമപഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ മതി. തൊഴില്‍ ആവശ്യമുള്ളപ്പോള്‍ പഞ്ചായത്തില്‍ത്തന്നെ അപേക്ഷ നല്‍കണം.

എപ്പോഴാണ് തൊഴില്‍ ലഭിക്കുക?
അപേക്ഷിച്ച് 15 ദിവസത്തിനകം സര്‍ക്കാര്‍ തൊഴില്‍ നല്‍കണം. എവിടെയാണ് തൊഴില്‍ ലഭിക്കുക? കഴിവതും അപേക്ഷകനോ അപേക്ഷകയോ താമസിക്കുന്ന സ്ഥലത്തിന് അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ജോലി നല്‍കണം. സ്ത്രീകള്‍ക്ക്, പ്രത്യേകിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ക്കും പ്രായം കൂടിയവര്‍ക്കും അവരവരുടെ താമസസ്ഥലത്തിനടുത്തുതന്നെ തൊഴില്‍ നല്‍കാന്‍ ശ്രമിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്തായാലും താമസിക്കുന്ന ബ്ലോക്കില്‍ ജോലി നല്‍കണം. തൊഴിലിടം താമസസ്ഥലത്തിന് അഞ്ചു കിലോമീറ്ററില്‍ അകലെയാണെങ്കില്‍ പത്തുശതമാനം അധികവേതനത്തിനും അര്‍ഹതയുണ്ട്. യാത്രപ്പടിയും നല്‍കണം.
എത്രയാണ് വേതനം?
സ്ത്രീപുരുഷന്മാര്‍ക്ക് മിനിമം തുല്യവേതനം ഉറപ്പ് നല്‍കുവെന്നത് ഈ പദ്ധതിയുടെ പ്രത്യേകതയാണ്. നിരന്തരം പൊതുജന ജാഗ്രതക്കായ് സാമൂഹിക ഓഡിറ്റ് നടത്തുക എന്നതും ഈ നിയമത്തിന്റേയും പദ്ധതിയുടേയും പ്രധാന സവിശേഷതകള്‍ ആണ്. ഇപ്പോള്‍ കൂലി 150 രൂപ.

വേതനം എപ്പോള്‍ ലഭിക്കും?
ഒരാഴ്ചയ്ക്കുള്ളില്‍ വേതനം നല്‍കണം. രണ്ടാഴ്ചയ്ക്കപ്പുറം വൈകാന്‍ പാടില്ല. മുന്‍കൂട്ടി നിശ്ചയിച്ച ദിവസം ഒരു പൗരപ്രമുഖന്റെ മുന്നില്‍വച്ച് തൊഴിലാളിക്ക് നേരിട്ടുതന്നെ വേതനം നല്‍കണം. വേതനം 25 ശതമാനമെങ്കിലും പണമായിരിക്കണം. ബാക്കി ഭക്ഷ്യധാന്യമായി നല്‍കാം.
തൊഴില്‍ നല്‍കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ലെങ്കില്‍ എന്തെങ്കിലും പരിഹാരവ്യവസ്ഥയുണ്ടോ?
ഉണ്ട്. 15 ദിവസത്തിനകം തൊഴില്‍ നല്‍കിയില്ലെങ്കില്‍ സര്‍ക്കാര്‍ തൊഴിലില്ലായ്മ വേതനം നല്‍കണം. ആദ്യത്തെ 30 ദിവസം ആകെ വേതനത്തിന്റെ നാലിലൊന്നും അതിനുശേഷം പകുതിയും നല്‍കണം.

എന്തൊക്കെ ജോലികള്‍ പദ്ധതിപ്രകാരം ഏറ്റെടുക്കാം?
നിയമത്തിന്റെ ഒന്നാം പട്ടികയില്‍ ഏറ്റെടുക്കാവുന്ന തൊഴിലുകള്‍ കൊടുത്തിട്ടുണ്ട്. ജലസംരക്ഷണം, ചെറുകിട ജലസേചനം, ഭൂമിവികസനം, ഗ്രാമീണ റോഡ് നിര്‍മാണം തുടങ്ങിയവയാണിവ. കാലാകാലങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ച് വിജ്ഞാപനം ചെയ്യുന്ന മറ്റു ജോലികളും ഏറ്റെടുക്കാം.
കരാറുകാര്‍ക്ക് പണി ഏറ്റെടുക്കാമോ?
പാടില്ല. സ്വകാര്യ കരാറുകാരെ പണി ഏല്‍പ്പിച്ചുകൂടാ എന്ന് നിയമത്തില്‍ വിലക്കുണ്ട്.
സ്ത്രീകള്‍ക്ക് എന്തെങ്കിലും മുന്‍ഗണന ഉണ്ടോ?
ഉണ്ട്. തൊഴില്‍ ലഭിക്കുന്നവരില്‍ മൂന്നിലൊന്നെങ്കിലും സ്ത്രീകളായിരിക്കുംവിധം സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് നിയമത്തിലുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യവേതനമായിരിക്കും. പദ്ധതിയുടെ ചെലവ് ഏതു സര്‍ക്കാരാണ് വഹിക്കുക? കൂലി പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ നല്‍കണം. നിര്‍മാണസാമഗ്രികളുടെ ചെലവിന്റെ 75 ശതമാനവും കേന്ദ്രംതന്നെ വഹിക്കണം. സാമഗ്രികളുടെ 25 ശതമാനവും തൊഴില്‍ നല്‍കാനായില്ലെങ്കില്‍ നല്‍കേണ്ട നഷ്ടപരിഹാരവും സംസ്ഥാന സര്‍ക്കാര്‍ നല്‍കണം.

പദ്ധതി നടത്തിപ്പിന്റെ ചുമതല ആര്‍ക്കാണ്?
ഗ്രാമപഞ്ചായത്താണ് പരമപ്രധാനമായ ഏജന്‍സി. മറ്റു തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും പങ്കുണ്ടാകാം. മരാമത്തുവകുപ്പ്, വനം വകുപ്പ്, സര്‍ക്കാരിതര സംഘടനകള്‍ എന്നിവയെയും നിര്‍വഹണ ഏജന്‍സികളാക്കാം എന്ന് നിയമം പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ