ഞായറാഴ്‌ച, ഒക്‌ടോബർ 23, 2011

നല്‍കിയ ദാനം റദ്ദാക്കാനാകില്ല
അഡ്വ. കെ ആര്‍ ദീപ

കാസര്‍കോട് നീലേശ്വരത്തുനിന്നുള്ള വായനക്കാരിയുടെ കത്തില്‍ ഉന്നയിച്ച സംശയങ്ങള്‍ക്കുള്ള മറുപടിയാണ് ഈ ലക്കത്തില്‍. ചോദ്യകര്‍ത്താവിന്റെ സഹോദരന്‍ അവര്‍ക്ക് ഒരിക്കല്‍ ദാനാധാരമായി നല്‍കിയ അഞ്ചുസെന്റ് സ്ഥലം ആധാരം റദ്ദാക്കി തിരിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഇത്തരത്തില്‍ ദാനാധാരം റദ്ദാക്കാനാകുമോ എന്നതാണ് ആദ്യ സംശയം.

അമ്മയെ സ്വാധീനിച്ച് സഹോദരന്‍ അമ്മയില്‍ നിന്ന് നേടിയെടുത്ത തീറാധാരം റദ്ദാക്കാനുള്ള സാധ്യതയും അറിയണം.

അമ്മയെ സംരക്ഷിക്കണമെന്ന് മകനോട് ആവശ്യപ്പെടാനുള്ള നിയമ വ്യവസ്ഥകളെപ്പറ്റിയാണ് മൂന്നാമത്തെ സംശയം.

നല്‍കിയ ദാനം തിരിച്ചെടുക്കാനാകുമോ എന്നതാണ് ആദ്യപ്രശ്നം.
ഒരിക്കല്‍ കൊടുത്ത ദാനാധാരം തിരിച്ചെടുക്കാന്‍ നിയമം അനുവദിക്കുന്നില്ല. അത്യപൂര്‍വ്വ സാഹചര്യത്തില്‍ ദാനം അസാധുവായി പ്രഖ്യാപിക്കാന്‍ കോടതിക്ക് കഴിയും. ഇതിനുള്ള വ്യവസ്ഥ സ്വത്ത് കൈമാറ്റ നിയമത്തിന്റെ (Transfer of Property Act) 126ാം വകുപ്പിലുണ്ട് എന്നാല്‍ ആ വ്യവസ്ഥകളനുസരിച്ച് ദാനാധാരം റദ്ദാക്കാനുള്ള ഒരു സാഹചര്യവും ഈ കേസിലില്ല.

ഒരു ഇഷ്ടദാനം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അത് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. ദാനം കിട്ടിയ ശേഷം ദാനം കിട്ടിയ ആളുടെ പെരുമാറ്റം എന്തുതന്നെയായാലും അതിന്റെ പേരില്‍ ദാനം ഇല്ലാതാക്കാനാകില്ല എന്നും കോടതി വിധിച്ചിട്ടുണ്ട്.
അതുകൊണ്ട് ഇക്കാര്യത്തില്‍ സഹോദരന്റെ ഭീഷണിക്ക് നിയമപരമായ നിലനില്‍പില്ല.

രണ്ടാമത്തെ പ്രശ്നം അമ്മയുടെ സ്വത്ത് സംബന്ധിച്ചാണ്. അമ്മയുടെ അച്ഛന്‍ മകള്‍ക്കും ഭര്‍ത്താവിനുമായി എഴുതിക്കൊടുത്തതാണ് 15 സെന്റ് സ്ഥലവും വീടും. അതായത് വീടിന്റെ പകുതിയും സ്ഥലത്തിന്റെ പകുതിയായ ഏഴര സെന്റും അമ്മയ്ക്ക് അവകാശപ്പെട്ടതാണ്. ഇതില്‍ അമ്മയ്ക്കവകാശപ്പെട്ട ഏഴര സെന്റ് സ്ഥലം മകന് തീറാധാരമായി കൊടുത്തിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു. എന്നാല്‍ വീട് കൊടുത്തതായി പറയുന്നില്ല. ആ നിലയ്ക്ക് വീടിലുള്ള പകുതി അവകാശം അമ്മയ്ക്ക് ഇപ്പോഴുമുണ്ട്.

എന്നാല്‍ തീറാധാരം റദ്ദാക്കണമെങ്കില്‍ ഒരു സിവില്‍ ഗകാടതിയെ സമീപിക്കേണ്ടതുണ്ട്. സാധാരണ ഗതിയില്‍ റദ്ദാക്കാനാകില്ലെങ്കിലും തീറാധാരം എഴുതി വാങ്ങിയത് എന്തെങ്കിലും ചതിയിലൂടെയാണെന്നതടക്കമുള്ള കാര്യങ്ങള്‍ കോടതിയില്‍ തെളിയിക്കാനായാല്‍ കോടതിയ്ക്ക് ആധാരം റദ്ദാക്കാം.

മൂന്നാമത്തെ പ്രശ്നം അമ്മയുടെ സംരക്ഷണമാണ്. ഇക്കാര്യത്തില്‍ ഇപ്പോള്‍ പ്രത്യേക നിയമം തന്നെ നിലവിലുണ്ട്. മാതാപിതാക്കളുടെയും മുതിര്‍ന്ന പൌരന്മാരുടെയും സംരക്ഷണം ഉറപ്പുവരുത്തുന്ന ഈ നിയമം (The Maintenance and Welfare of Parents and Senior Citizens Act, 2007)- 2007 ഡിസംബറില്‍ ഇന്ത്യയിലും നിലവില്‍വന്നു. നിയമവും ബന്ധപ്പെട്ട ചട്ടങ്ങളും 2009 ആഗസ്ത് 29 ന് കേരളത്തിലും വിജ്ഞാപനമായി.
അറുപത് കഴിഞ്ഞ ഏത് മുതിര്‍ന്ന വ്യക്തിക്കും ഈ നിയമപ്രകാരം അയാളുടെ/അവരുടെ മക്കളോട് പ്രതിമാസ ജീവനാംശം ആവശ്യപ്പെടാം. പ്രത്യേകം നിയമിക്കപ്പെടുന്ന ട്രിബ്യൂണല്‍ മുമ്പാകെയാണ് പരാതി നല്‍കേണ്ടത്.

മക്കളെന്ന നിര്‍വ്വചനത്തില്‍ മകന്‍, മകള്‍, ചെറുമകന്‍, ചെറുമകള്‍ എന്നിവരെയാണ് നിയമം ഉള്‍പ്പെടുത്തുന്നത്. മക്കളില്ലാത്തവരുടെ കാര്യത്തില്‍ അവരുടെ സ്വത്തിന് അവകാശികളായി വരാനിടയുള്ള ബന്ധുക്കളാണ് സംരക്ഷിക്കേണ്ടത്. ഒന്നിലധികം ബന്ധുക്കള്‍ സ്വത്തിന് അവകാശികളായി വരുമെങ്കില്‍ അവര്‍ ഓരോരുത്തരും ഉത്തരവാദികളാകും.
ഈ നിയമപ്രകാരം കേസ് കൊടുക്കാന്‍ അഭിഭാഷകന്റെ ആവശ്യമില്ല. ഇതിനായി ഒരു മെയിന്റനന്‍സ് ഓഫീസറുടെ സഹായം തേടാം. കേരളത്തില്‍ സാമൂഹ്യക്ഷേമ വകുപ്പിലെ ജില്ലാ വെല്‍ഫയര്‍ ഓഫീസര്‍ക്കാണ് ഈ ചുമതല. 10,000 രൂപവരെ ഈ നിയമപ്രകാരം ജീവനാംശം നേടിയെടുക്കാന്‍ അമ്മയ്ക്ക് കഴിയും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ