ബുധനാഴ്‌ച, ഒക്‌ടോബർ 26, 2011

  • മാനസികപീഡനം എങ്ങനെയൊക്കെ?
    അഡ്വ. കെ ആര്‍ ദീപ
  • വിവാഹമോചനം അപകടകരമായ എന്തോ ഒന്നാണ് എന്ന ധാരണ ഇന്ന് മാറിവരികയാണ്. സമൂഹത്തിനുമുന്നില്‍ മോശക്കാരായാലോ എന്ന വിചാരത്തില്‍ എന്തുംസഹിച്ച് കുടുംബം നിലനിര്‍ത്തുന്നവര്‍ കുറഞ്ഞുവരുന്നു. സ്ത്രീകള്‍ വിവാഹമോചനത്തിന് മുന്‍കൈ എടുക്കുന്നതും കൂടുന്നു. പലപ്പോഴും സാമൂഹിക നിബന്ധനകളുടെ ചട്ടക്കൂടില്‍നിന്ന് എന്തും സഹിക്കുക എന്ന നിലപാട് ഇന്ന് സ്ത്രീകള്‍ സ്വീകരിക്കുന്നില്ല. വിവാഹമോചനകേസുകള്‍ കൂടിവരുന്നതാടെ മോചനത്തിന് ഇടയാക്കുന്ന കാരണങ്ങളും മാറിവരുന്നുണ്ട്. മാനസികപീഡനം വിവാഹമോചനത്തിന് കാരണമാക്കാം എന്നതു നിയമം. എന്നാല്‍ , മാനസികപീഡനത്തിന്റെ നിര്‍വചനം എങ്ങനെയാകണം?.

    ഈ ചോദ്യത്തിനുകൂടി ഉത്തരം നല്‍കിക്കൊണ്ട് 2007 മാര്‍ച്ച് 26ന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചില്‍നിന്ന് വിധി വന്നു. കുട്ടി വേണ്ടെന്ന പിടിവാശി വിവാഹമോചനത്തിനു കാരണമാകാമോ എന്ന ചോദ്യമായിരുന്നു കേസിലെ മുഖ്യവിഷയം. എന്നാല്‍ , മാനസികപീഡനത്തിന്റെ പരിധിയില്‍ എന്തെല്ലാം പെടുത്താം എന്ന വിശദമായ പരിശോധനയാണ് കോടതി നടത്തിയത്. മാനസികപീഡനമാകാവുന്ന ചെയ്തികള്‍ വിധിയില്‍ വിവരിക്കുന്നുണ്ട്. എന്നാല്‍ , തുടര്‍ച്ചയായി നീണ്ട കാലയളവില്‍ ഉണ്ടായാല്‍മാത്രമേ ഇവയൊക്കെ പീഡനമായി കരുതാന്‍ കഴിയൂ എന്നും കോടതി വ്യക്തമാക്കുന്നു. ഭാര്യയോ ഭര്‍ത്താവോ കുട്ടി വേണ്ടെന്ന തീരുമാനം ഏകപക്ഷീയമായി സ്വീകരിക്കുന്നത് വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന് വിധിയില്‍ കോടതി വ്യക്തമാക്കി. ജീവിതപങ്കാളിയുടെ അറിവോ സമ്മതമോ ഇല്ലാതെ സന്താനോല്‍പ്പാദനനിരോധന ശസ്ത്രക്രിയയ്ക്ക് വിധേയമാകുക, ആരോഗ്യകാരണങ്ങള്‍ കൂടാതെ ഭര്‍ത്താവിന്റെ അനുവാദമില്ലാതെ ഗര്‍ഭഛിദ്രം നടത്തുക, ന്യായമായ കാരണമോ ആരോഗ്യപരമായ പ്രശ്നങ്ങളോ ഇല്ലാതെ ലൈംഗികബന്ധത്തിന് വിസമ്മതിക്കുക, കുട്ടി വേണ്ടെന്ന് ഏകപക്ഷീയമായി തീരുമാനിക്കുക, സ്ഥിരമായി അധിക്ഷേപിക്കുകയോ അവഗണിക്കുകയോ ചെയ്യുക, സ്വന്തം സന്തോഷത്തിനായുള്ള പരപീഡനം, കൈയേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്യുക, പങ്കാളിയുടെ ശാരീരികാരോഗ്യത്തെയും മാനസ്സികാരോഗ്യത്തെയും ബാധിക്കുന്ന വിധത്തില്‍ തുടര്‍ച്ചയായും അന്യായമായും പെരുമാറുക, മുറയ്ക്കുള്ള പരുക്കന്‍ പെരുമാറ്റവും അവഗണനയും തുടങ്ങിയവ മാനസ്സിക പീഡനമാണെന്ന് കോടതി വ്യക്തമാക്കി. ഇത്തരത്തിലുള്ള പീഡനങ്ങള്‍തന്നെ ഒറ്റപ്പെട്ടതാണെങ്കില്‍ അവ വിവാഹമോചനത്തിന് കാരണമാക്കാനാകില്ല. പെട്ടെന്നുണ്ടായ ദേഷ്യം കൊണ്ടോ ഇത്തരത്തിലുള്ള എന്തെങ്കിലും പെരുമാറ്റമുണ്ടായാലും അത് പീഡനമായി കരുതിക്കൂട. വിവാഹജീവിതത്തില്‍ കാലപ്പഴക്കംമൂലം ഉണ്ടാകുന്ന തകരാറുകളും വിവാഹമോചനത്തിന് ന്യായമായി കാണാനാകില്ല. അസൂയയും സ്വാര്‍ഥതയും മറ്റും മൂലമുണ്ടാകുന്ന സമ്മര്‍ദങ്ങളും പീഡനമായി കരുതിക്കൂടെന്ന് കോടതി വ്യക്തമാക്കി. മാനസികപീഡനത്തിന്റെ സങ്കല്‍പ്പങ്ങള്‍ സ്ഥിരമായി നില്‍ക്കുന്നതല്ലെന്ന് കോടതി പറഞ്ഞു. അത് കാലത്തിനനുസരിച്ച് മാറും. മാധ്യമങ്ങളിലൂടെ വരുന്ന ആധുനികസംസ്കാരം മൂല്യബോധത്തില്‍ വരുത്തുന്ന മാറ്റങ്ങളും പരിഗണിക്കണം. ഇന്ന് ക്രൂരതയായി കരുതുന്നത് നാളെ അങ്ങനെയല്ലെന്ന് വന്നേക്കാം. തിരിച്ചുമാകാം. ഇക്കാര്യത്തില്‍ എന്തെങ്കിലും തരത്തില്‍ കര്‍ക്കശസമീപനം സ്വീകരിക്കാനാവില്ല. നീണ്ടകാലത്തെ തുടര്‍ച്ചയായ മാനസികപീഡനംമൂലം കടുത്ത നിരാശയും തീവ്രമായ മാനസികവേദനയും മോഹഭംഗവും ഉണ്ടാകും. ഇത് വിവാഹമോചനത്തിന് ന്യായമായ കാരണമാണ്. ഇത്തരം കേസുകള്‍ പരിഗണിക്കുമ്പോള്‍ വിവാഹജീവിതം മൊത്തത്തില്‍ കണക്കിലെടുക്കണം. ഇരുവിഭാഗത്തെയും യോജിപ്പിക്കാന്‍ കോടതികള്‍ തീര്‍ച്ചയായും ശ്രമിക്കണം. പക്ഷേ, ഇനി പരിഹരിക്കാവുന്നതല്ല പ്രശ്നം എന്നു കണ്ടുകഴിഞ്ഞാല്‍ പിന്നീട് വിവാഹമോചനം അനുവദിക്കാന്‍ കോടതികള്‍ മടിക്കരുത്. മുന്നോട്ടുപോകാനാവില്ലെന്ന് ബോധ്യമായ ഒരു ബന്ധം നിയമത്തിന്റെ പേരില്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് ഇരുകൂട്ടര്‍ക്കും കൂടുതല്‍ ദുരിതത്തിനേ ഇടയാക്കൂകയുള്ളൂ- കോടതി ചൂണ്ടിക്കാട്ടി.

    ബംഗാളിലെ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസിലാണ് ജഡ്ജിമാരായ ബി എന്‍ അഗര്‍വാള്‍ , പി പി നവ്ലോക്കര്‍ , ദല്‍വീര്‍ ഭണ്ഡാരി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ വിധിയുണ്ടായത്. ഐഎഎസുകാരി ജയയ്ക്ക് ആദ്യവിവാഹത്തില്‍ ഒരു മകളുണ്ട്. വിവാഹമോചനത്തിനുശേഷം അവര്‍ ഐഎഎസുകാരനായ സമര്‍ഘോഷിനെ വിവാഹം കഴിച്ചു. എന്നാല്‍ , ദാമ്പത്യബന്ധം പുലര്‍ത്താന്‍ ജയ വിസമ്മതിക്കുന്നതായി സമര്‍ പറയുന്നു. മകളോട് ഇടപഴകുന്നതില്‍നിന്നും അയാളെ വിലക്കിയിരുന്നു. സമര്‍ കൊല്‍ക്കത്തയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കി. ആരോപണങ്ങള്‍ ജയ നിഷേധിച്ചു. എന്നാല്‍ , കോടതി മാനസികപീഡനം അംഗീകരിച്ച് വിവാഹമോചനം അനുവദിച്ചു. എന്നാല്‍ , ജയ നല്‍കിയ അപ്പീല്‍ പരിഗണിച്ച കൊല്‍ക്കത്ത ഹൈക്കോടതി ഈ വിധി റദ്ദാക്കി. ഇതിനെതിരെ സമര്‍ നല്‍കിയ അപ്പീലാണ് സുപ്രീംകോടതിയിലെത്തിയത്. ഇക്കാര്യത്തില്‍ ജയ ഒരു ഐഎഎസ് ഓഫീസറാണെന്നതിന് അമിത പ്രാധാന്യം നല്‍കിയാണ് ഹൈക്കോടതി കേസ് പരിഗണിച്ചതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജയ സമറിനെ മാനസ്സികമായി പീഡിപ്പിച്ചുവെന്നത് വ്യക്തമാണ്. ഒത്തുതീര്‍പ്പിന് സാധ്യതയില്ലാതെ അവര്‍ ഏറെക്കാലമായി അകന്നുകഴിയുകയുമാണ്. ഐഎഎസ് ഓഫീസറാണ് ഭാര്യ എന്നതിന് ഇക്കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കേണ്ട ആവശ്യമില്ല- വിധിയില്‍ വ്യക്തമാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ