ചൊവ്വാഴ്ച, നവംബർ 01, 2011

ഭാര്യ ഭര്‍തൃവീട്ടില്‍ത്തന്നെ താമസിക്കണോ?

"വാഴ്ത്തപ്പെട്ട വീട്ടുജോലിക്കാരി" എന്ന പദവിയില്‍ ഇനി ഭാര്യയെ പരിഗണിക്കാന്‍ കഴിയില്ല. ദമ്പതികള്‍ താമസസ്ഥലം തെരഞ്ഞെടുക്കുന്നതില്‍ പുരുഷാധിപത്യപരമായ സമീപനവും അംഗീകരിക്കാനാവില്ല. ഈ തീരുമാനത്തില്‍ ഭാര്യക്കും പങ്കുണ്ടാകണം. അല്ലാതെ "യജമാനനാ"യ ഭര്‍ത്താവിന്റെ ഉത്തരവുകള്‍ അനുസരിക്കുന്നവളായിക്കൂടാ ഭാര്യ.



ഭാര്യ ഭര്‍തൃവീട്ടില്‍ത്തന്നെ താമസിക്കണോ?
കെ ആര്‍ ദീപ
Posted on: 01-Nov-2011 10:28 AM
"വിവാഹം കഴിഞ്ഞാല്‍ ഭാര്യ ഭര്‍ത്താവിന്റെ വീട്ടിലുണ്ടാകണം. ഭര്‍ത്താവുണ്ടെങ്കിലും ഇല്ലെങ്കിലും അതാണ് പിന്നെ അവളുടെ വീട്." ഇതൊക്കെ അംഗീകൃത വ്യവസ്ഥകളെന്ന മട്ടില്‍ കേട്ടുപഠിച്ചുവരുന്നവരാണ് സ്ത്രീകളേറെയും. തര്‍ക്കമില്ലാത്ത കാര്യങ്ങളെന്ന മട്ടിലാണ് ഇക്കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത്. എന്നാല്‍ നിയമത്തിനുമുന്നില്‍ ഇതിനൊക്കെ എന്താണ് നിലനില്‍പ്പ്? സാധാരണഗതിയില്‍ ഭാര്യയും ഭര്‍ത്താവും ഒന്നിച്ചുകഴിയണം എന്നുതന്നെയാണ് നിയമവും പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഭര്‍ത്താവ് ദീര്‍ഘകാലം വീട്ടില്‍വരാന്‍ കഴിയാതെ ദൂരസ്ഥലത്ത് ജോലിചെയ്യുന്നയാളായാലോ? ഭര്‍ത്താവിന്റെ വീട്ടിലെ അന്തരീക്ഷം സ്വസ്ഥമായി ജീവിക്കാന്‍ പറ്റാത്തതാണെന്ന പരാതികൂടി ഭാര്യക്ക് ഉണ്ടെങ്കിലോ?.

ഇത്തരം ചോദ്യങ്ങള്‍ കോടതികള്‍ക്കുമുന്നിലെത്താറുണ്ട്. 2006ല്‍ ഇത്തരത്തിലൊരു കേസ് കേരള ഹൈക്കോടതിയിലെത്തി. ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാന്‍ വിസ്സമ്മതിക്കുന്നതിന്റെ പേരില്‍ ഭാര്യക്ക് ചെലവിന് (ജീവനാംശം) നല്‍കാനാകില്ലെന്ന ഒരാളുടെ വാദമാണ് കോടതി പരിഗണിച്ചത്. വിവാഹത്തെപ്പറ്റിയും ഭാര്യാപദവിയെപ്പറ്റിയുമൊക്കെ ഏറെ ശ്രദ്ധേയമായ നിരീക്ഷണങ്ങളോടെയാണ് കേസ് ജ. ആര്‍ ബസന്ത് തീര്‍പ്പാക്കിയത്. ചെലവിനുനല്‍കാന്‍ അത്തരത്തിലൊരു വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നുതന്നെ കോടതി തീര്‍ത്തുപറഞ്ഞു. 2006 ഡിസംബര്‍ പതിനെട്ടിനായിരുന്നു വിധി. ഭര്‍ത്താവിന് ജോലി മുംബൈയില്‍ ഹോട്ടലിലാണ്. വര്‍ഷത്തിലൊരിക്കലേ നാട്ടില്‍ വരാന്‍ കഴിയൂ. ഭാര്യയും മക്കളും കാസര്‍കോടാണ്. അവിടെ ഇവര്‍ തന്റെ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കണമെന്നാണ് ഭര്‍ത്താവിന്റെ ആവശ്യം. എന്നാല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പീഡനങ്ങള്‍ നേരിടേണ്ടിവരുന്നതിനാല്‍ അവിടെ താമസിക്കാനാകില്ലെന്ന് ഭാര്യയും നിലപാടെടുത്തു. എങ്കില്‍ ജീവനാംശം തരില്ലെന്നായി ഭര്‍ത്താവ്. ഭാര്യ കോടതിയിലെത്തി. പ്രത്യേകം താമസിച്ചാല്‍ ഭാര്യക്ക് ജീവനാംശത്തിന് അര്‍ഹതയില്ലെന്ന് കീഴ്ക്കോടതി വിധിച്ചു. എന്നാല്‍ ഭാര്യ നല്‍കിയ അപ്പീലില്‍ സെഷന്‍സ് കോടതി ഈ വിധി റദ്ദാക്കി. ആയിരം രൂപ പ്രതിമാസം ഭാര്യക്ക് ചെലവിനു നല്‍കാന്‍ വിധിച്ചു. ഇതിനെതിരെ ഭര്‍ത്താവാണ് ഹൈക്കോടതിയിലെത്തിയത്.

ഭര്‍ത്താവിന്റെ കുടുംബവീട്ടില്‍ താമസിക്കാന്‍ തയ്യാറാകാത്ത നിലയ്ക്ക് ഭാര്യക്ക് ജീവനാംശത്തിന് അര്‍ഹതയില്ലെന്നായിരുന്നു ഭര്‍ത്താവിനു വേണ്ടി മുഖ്യമായി ഉയര്‍ന്ന വാദം. ജീവനാംശം സംബന്ധിച്ച വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 125ാം വകുപ്പ് കോടതി പരിശോധിച്ചു. ഈ വകുപ്പിലെ നാലും അഞ്ചും ഉപവകുപ്പുകളില്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ട സാഹചര്യം പറയുന്നുണ്ട്. "ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ തൃപ്തികരമായ കാരണമില്ലാതെ ഭാര്യ വിസമ്മതിച്ചാല്‍" ജീവനാംശം നല്‍കേണ്ടതില്ലെന്ന് ഇവിടെ പറയുന്നുണ്ട്. 1973ല്‍ ക്രിമിനല്‍ നടപടിച്ചട്ടങ്ങളില്‍ മാറ്റങ്ങള്‍ വന്നശേഷം ഒരാള്‍ അച്ഛനും അമ്മയ്ക്കും ജീവനാംശം നല്‍കാന്‍കൂടി ബാധ്യസ്ഥനാണ്. എന്നാല്‍ ഇവര്‍ അയാള്‍ക്കൊപ്പംതന്നെ താമസിക്കണമെന്ന് നിര്‍ബന്ധമില്ല. പക്ഷേ ഭാര്യയുടെ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. ഭാര്യാഭര്‍തൃ ബന്ധത്തെ സവിശേഷമായാണ് നിയമം കാണുന്നത്. ഭാര്യ തന്നോടൊപ്പം താമസിക്കണമെന്ന് ആവശ്യപ്പെടാന്‍ ഭര്‍ത്താവിന് അവകാശമുണ്ട്. ജീവനാംശം നല്‍കണമെങ്കില്‍ ഒപ്പം താമസിക്കണമെന്നും ആവശ്യപ്പെടാം. അതായത് ദൈവശാസ്ത്ര പ്രകാരമായാലും സാമൂഹ്യശാസ്ത്രപ്രകാരമായാലും ദമ്പതികള്‍ കഴിയേണ്ടത് ഒന്നിച്ചാണ്; അതായത്, ഒരു കൂരയ്ക്കു കീഴില്‍ - ജ. ബസന്ത് ചൂണ്ടിക്കാട്ടി. "ഭര്‍ത്താവിനൊപ്പം താമസിക്കുക" എന്ന് നിയമം വിവക്ഷിക്കുന്നത് ഒരു വീട്ടില്‍ ഭാര്യയും ഭര്‍ത്താവും ഒന്നിച്ചുകഴിയുക എന്നുതന്നെയാണ്. എന്നാല്‍ 24 മണിക്കൂറും 365 ദിവസവും ഒന്നിച്ചുണ്ടാകണം എന്ന് ഇതിനര്‍ഥമില്ല. ജോലിയുടെ ആവശ്യത്തിനുംമറ്റും കുറേക്കാലം അകന്നുനില്‍ക്കേണ്ടിവരാം. അപ്പോഴെല്ലാം ഒപ്പം കഴിയണമെന്ന് ആവശ്യപ്പെടാനാവില്ല. എന്നാല്‍ സ്ഥിരമായി രണ്ടിടത്ത് താമസിക്കുന്നത് ഒന്നിച്ച് താമസിക്കലായി കരുതാന്‍ കഴിയില്ല. രാജ്യത്തുതന്നെ ദൂരെ നഗരങ്ങളിലോ വിദേശത്തോ ജോലിചെയ്യുന്ന ഭര്‍ത്താവിന് ഭാര്യ തന്റെ മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഒപ്പംതന്നെ താമസിക്കണമെന്ന് ശഠിക്കാനാവില്ല.

സ്ഥിരമായോ മുറയ്ക്കെങ്കിലുമോ ഭാര്യക്കൊപ്പം താമസിക്കാനോ ഭാര്യയെ സന്ദര്‍ശിക്കാനോ സാധിക്കാത്ത ഭര്‍ത്താവിന് ഇത്തരമൊരാവശ്യം ഉന്നയിക്കാനാവില്ല. വിവാഹത്തെപ്പറ്റിയും ഭാര്യാപദവിയെപ്പറ്റിയുമൊക്കെയുള്ള പഴയ ധാരണകള്‍ സമൂഹത്തിന്റെ പുരോഗതിക്കൊപ്പം മാറിക്കഴിഞ്ഞു. പണ്ടത്തെപ്പോലെ തന്റെ രക്ഷിതാക്കളെയും മക്കളെയും നോക്കാനായി വീട്ടിലേക്ക് കൊണ്ടുവന്ന "വാഴ്ത്തപ്പെട്ട വീട്ടുജോലിക്കാരി" എന്ന പദവിയില്‍ ഇനി ഭാര്യയെ പരിഗണിക്കാന്‍ കഴിയില്ല. ദമ്പതികള്‍ താമസസ്ഥലം തെരഞ്ഞെടുക്കുന്നതില്‍ പുരുഷാധിപത്യപരമായ സമീപനവും അംഗീകരിക്കാനാവില്ല. ഈ തീരുമാനത്തില്‍ ഭാര്യക്കും പങ്കുണ്ടാകണം. അല്ലാതെ "യജമാനനാ"യ ഭര്‍ത്താവിന്റെ ഉത്തരവുകള്‍ അനുസരിക്കുന്നവളായിക്കൂടാ ഭാര്യ. കേരളത്തില്‍ പലതരത്തില്‍ സ്ത്രീകള്‍ കൈവരിച്ച സാമൂഹ്യ മുന്നേറ്റത്തിന്റെകൂടി പശ്ചാത്തലത്തില്‍ വേണം നിയമവ്യവസ്ഥകള്‍ വ്യാഖ്യാനിക്കാനെന്നും ജ. ബസന്ത് വ്യക്തമാക്കി.

ഈ സാഹചര്യത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചാലേ ജീവനാംശം തരൂ എന്ന ഭര്‍ത്താവിന്റെ വാദം നിലനില്‍ക്കില്ല. ജീവനാംശം നല്‍കാന്‍ അയാള്‍ തയ്യാറായേ തീരൂ. ഭര്‍തൃവീട്ടില്‍ കഴിയുന്നതിലെ പ്രയാസങ്ങള്‍ ഭാര്യ വിവരിച്ചിട്ടുണ്ട്. കാസര്‍കോട്ടുതന്നെ മറ്റൊരു വീട്ടില്‍ താമസിക്കാമെന്നും സമ്മതിക്കുന്നു. ഇത് അംഗീകരിക്കാവുന്നതാണ്. ഈ കേസില്‍ ഭാര്യക്ക് നോട്ടീസയക്കണമെന്ന ആവശ്യവും കോടതി സ്വീകരിച്ചില്ല. "അനാവശ്യമായ ഒരു കോടതി നോട്ടീസ് കിട്ടുന്നയാളുടെ പ്രയാസങ്ങള്‍ കണക്കിലെടുക്കാതെ വയ്യ. അനാഥത്വം ഒഴിവാക്കാന്‍ നിയമപരമായ നഷ്ടപരിഹാരം തേടിയതിന്റെ പേരില്‍ ഒരു സ്ത്രീയെ ഹൈക്കോടതിവരെ യാത്രചെയ്യാനും ഒരു വക്കീലിനെ നിയോഗിക്കാനും അതിനൊക്കെ പണം ചെലവാക്കാനും നിര്‍ബന്ധിക്കുന്ന അവസ്ഥ വന്നുകൂടാ. നിയമസംവിധാനം കോടതിക്കും അഭിഭാഷകര്‍ക്കും വേണ്ടിയുള്ളതല്ല; നീതി തേടുന്നവര്‍ക്കായുള്ളതാണ്"- ജ. ബസന്ത് വിധിന്യായത്തില്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ