ബുധനാഴ്‌ച, നവംബർ 16, 2011

  • കുട്ടി തര്‍ക്കവസ്തു ആകുമ്പോള്‍
    അഡ്വ. കെ ആര്‍ ദീപ
  • കുടുംബകേസുകളില്‍ മിക്കപ്പോഴും തര്‍ക്കത്തിലാകുന്ന വിഷയമാണ് കുട്ടികള്‍ ആര്‍ക്കൊപ്പം എന്നത്. നീണ്ട വാദപ്രതിവാദങ്ങള്‍ക്കും കുട്ടിയെ കടുത്ത മാനസികസമ്മര്‍ദത്തിലാക്കുന്ന ചോദ്യങ്ങള്‍ക്കും ശേഷമാകും തീരുമാനമുണ്ടാകുക. വിവാഹമോചനക്കേസുകളില്‍ മാത്രമല്ല ഇത്തരം തര്‍ക്കങ്ങള്‍ ഉണ്ടാകാറുള്ളത്. പ്രസവത്തിനൊപ്പം അമ്മ മരിച്ചാല്‍ . അച്ഛനും അമ്മയും മരിച്ചാല്‍ ഒക്കെ കുട്ടികള്‍ ആര്‍ക്കൊപ്പം എന്ന തര്‍ക്കം ഉയരാം. കുട്ടിയോടുള്ള സ്നേഹത്തില്‍ നിന്നുയരുന്ന ആവശ്യങ്ങള്‍ മുതല്‍ കുട്ടിയെ വിട്ടുകിട്ടുന്നത് അഭിമാനപ്രശ്നമായി കരുതുന്നവരുടെ അവകാശവാദങ്ങള്‍ വരെ കോടതികള്‍ക്കു മുന്നിലെത്തും. പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഇത്തരത്തിലൊരു തര്‍ക്കവസ്തു ആകുമ്പോള്‍ കോടതി എന്തൊക്കെയാണ് പരിഗണിക്കേണ്ടത്?. ഇത്തരത്തില്‍ പല കേസുകളും സുപ്രീംകോടതി തന്നെ തീര്‍പ്പാക്കിയിട്ടുണ്ട്.
  • കുട്ടികളെ ആര്‍ക്കൊപ്പം വിടണമെന്ന് തീരുമാനിക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ക്ഷേമംതന്നെയാകണം കോടതികള്‍ മുഖ്യമായി പരിഗണിക്കേണ്ടതെന്ന് എല്ലാ വിധിയിലും കോടതി ഉറപ്പിക്കുന്നു. ഇക്കാര്യത്തില്‍ രക്ഷിതാക്കളുടെ അവകാശം മാത്രം പരിഗണിച്ചാല്‍ പോരെന്നും കോടതി ആവര്‍ത്തിച്ച്് വിധിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍നിന്നുള്ള ഒരു കേസില്‍ 2009 ഏപ്രില്‍ 17നുണ്ടായ വിധി ഇത്തരം കേസുകളിലെ സങ്കീര്‍ണതകള്‍ വ്യക്തമാക്കുന്നതാണ്. ജ. എച്ച് എല്‍ ദത്തുവും ജ. തരുണ്‍ ബാനര്‍ജിയും ഉള്‍പ്പെട്ട ബെഞ്ചിന്റേതായിരുന്നു വിധി. കുട്ടിയുടെ അച്ഛനും അമ്മയുടെ അമ്മയും തമ്മിലാണ് തര്‍ക്കമുണ്ടായത്. കുട്ടിയുടെ അമ്മ പ്രസവത്തോടെ മരിച്ചിരുന്നു. മാസമെത്താതെയായിരുന്നു കുട്ടിയുടെ ജനനം. 45 ദിവസം ആശുപത്രിയില്‍ സൂക്ഷിച്ചശേഷം അവളെ അമ്മയുടെ വീട്ടിലേക്കു മാറ്റി. കുട്ടിയുടെ അച്ഛന്‍ കുട്ടിയെ വിട്ടുകിട്ടാനായി ഗാര്‍ഡിയന്‍ ആന്‍ഡ് വാര്‍ഡ്സ് ആക്ടിലെ വ്യവസ്ഥയനുസരിച്ച് കുടുംബകോടതിയില്‍ ഹര്‍ജി നല്‍കി. ഭാര്യയുടെ വീട്ടില്‍ കുട്ടിയെ നന്നായി നോക്കുന്നില്ലെന്നും അവിടെ തുടരുന്നത് കുട്ടിയുടെ ജീവനുതന്നെ ആപത്താണെന്നും വാദിച്ചായിരുന്നു ഹര്‍ജി. പലവട്ടം ആവശ്യപ്പെട്ടിട്ടും കുട്ടിയെ വിട്ടുനല്‍കിയില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുമ്പോള്‍പോലും കുഞ്ഞിനെ കാണാന്‍ അച്ഛന്‍ വന്നിട്ടില്ലെന്ന് മുത്തശ്ശി കോടതിയില്‍ പറഞ്ഞു. അയാള്‍ ഒറ്റയ്ക്കാണ് താമസം. പലപ്പോഴും വീട്ടിലുണ്ടാകില്ല. സാമ്പത്തികസ്ഥിതി മോശമാണ്. ഒട്ടേറെപ്പേരോട് വായ്പ വാങ്ങിയിട്ടുണ്ട്. പലപ്പോഴും ഭാര്യവീട്ടുകാരുടെ സാമ്പത്തികസഹായം തേടിയിട്ടുണ്ട്. കുട്ടിയെ അച്ഛനൊപ്പം വിടുന്നത് കുട്ടിയുടെ ക്ഷേമത്തിന് സഹായകമല്ല- മുത്തശ്ശിക്കുവേണ്ടി വാദമുയര്‍ന്നു. കുടുംബകോടതി കുട്ടിയുടെ അച്ഛന്റെ വാദങ്ങളില്‍ ന്യായം കണ്ടു. പലരോടും പണം കടം വാങ്ങിയിട്ടുണ്ടെങ്കിലും മകളെ വളര്‍ത്താനും അവളുടെ വിദ്യാഭ്യാസച്ചെലവുകള്‍ നടത്താനും അയാള്‍ക്ക് ശേഷിയുണ്ട്- കോടതി അഭിപ്രായപ്പെട്ടു.
  • കുട്ടിയെ അച്ഛനൊപ്പം വിടാന്‍ കുടുംബകോടതി വിധിച്ചു. മുത്തശ്ശി ഹൈക്കോടതിയെ സമീപിച്ചു. കുട്ടിയെ അച്ഛനൊപ്പം വിടാതിരിക്കാന്‍ ന്യായമൊന്നുമില്ലെന്ന് ഹൈക്കോടതിയും അഭിപ്രായപ്പെട്ടു. കുഞ്ഞ് തീരെ ചെറുതായിരിക്കുമ്പോള്‍ത്തന്നെ അച്ഛന്‍ അതിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഭാര്യാമാതാവ് ചെറുക്കുകയായിരുന്നു. ഭാര്യയുടെ അച്ഛന്‍കൂടി മരിച്ചതോടെ ഭാര്യാമാതാവിന്റെ സാമ്പത്തികസ്ഥിതി അത്ര മെച്ചമല്ല. അതുകൊണ്ട് കുട്ടി നന്നായി വളരാനും അതിന്റെ ക്ഷേമത്തിനും കുട്ടിയെ അച്ഛനൊപ്പം വിടുന്നതാണ് നല്ലത്- ഹൈക്കോടതി വിധിച്ചു. ഈ വിധിക്കെതിരെയാണ് കുട്ടിയുടെ മുത്തശ്ശി സുപ്രീംകോടതിയിലെത്തിയത്. സുപ്രീംകോടതി കേസ് ഫയലില്‍ സ്വീകരിച്ച് അയച്ച നോട്ടീസ് കുട്ടിയുടെ അച്ഛന്‍ കൈപ്പറ്റിയില്ല. രണ്ടു പത്രത്തില്‍ പരസ്യംചെയ്തു. അതിനും പ്രതികരണമുണ്ടായില്ല. അതുകൊണ്ട് എതിര്‍ഭാഗത്തിന്റെയോ അഭിഭാഷകന്റെയോ സഹായമില്ലാതെ കേസ് തീര്‍പ്പാക്കുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ ബന്ധുക്കള്‍ക്കൊപ്പമാണ് കുട്ടി കഴിയുന്നതെന്നും അവര്‍ക്ക് നല്ലനിലയില്‍ നടക്കുന്ന വസ്ത്രവ്യാപാരമുണ്ടെന്നും അവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കുട്ടി അറിയപ്പെടുന്ന പബ്ലിക് സ്കൂളിലാണ് പഠിക്കുന്നത്. അവള്‍ സന്തോഷവതിയാണ്. കുട്ടിയുടെ അച്ഛന് പ്രതിമാസ വരുമാനം 5500 രൂപയാണ്. കുട്ടിയെ നന്നായി നോക്കാന്‍ പ്രയാസമാണ്. ഹൈക്കോടതി ഉത്തരവിനുശേഷം കുട്ടിയെ അന്വേഷിച്ച് അച്ഛന്റെ വീട്ടുകാരാരും വന്നിട്ടില്ല. ഇപ്പോള്‍ കേസിലോ മകളുടെ കാര്യത്തിലോ അയാള്‍ക്ക് താല്‍പ്പര്യമില്ല. 2007ല്‍ രണ്ടാം വിവാഹവും കഴിച്ചിട്ടുണ്ട്- സുപ്രീംകോടതിയില്‍ മുത്തശ്ശിക്കുവേണ്ടിയുള്ള വാദങ്ങള്‍ ഇത്തരത്തിലായിരുന്നു.
  • 1890ലെ ഗാര്‍ഡിയന്‍ ആന്‍ഡ് വാര്‍ഡ്സ് ആക്ട് അനുസരിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ രക്ഷിതാവ് അച്ഛനാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ രക്ഷിതാവാകാന്‍ അച്ഛന്‍ യോഗ്യനല്ലെന്നു വന്നാല്‍ മാത്രമേ ഇതില്‍ മാറ്റംവരുത്താനാകൂ. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ രക്ഷിതാക്കളുടെ അവകാശം മാത്രം പരിഗണിച്ചാല്‍ പോരാ. കുട്ടിയുടെ ക്ഷേമംകൂടി നോക്കണമെന്ന് സുപ്രീംകോടതിതന്നെ മുമ്പ് വ്യക്തമാക്കിയിട്ടുണ്ടെന്ന് പഴയ വിധികളിലൊന്ന് ഉദ്ധരിച്ച് (സുമേധ നാഗ്പാല്‍ വേഴ്സസ് സ്റ്റേറ്റ് ഓഫ് ഡല്‍ഹി) വിധിയില്‍ പറഞ്ഞു. കുട്ടിയെ ആര്‍ക്കൊപ്പം വിടണമെന്ന് തീരുമാനിക്കുന്നതിനുള്ള രണ്ട് പ്രധാനഘടകങ്ങളുണ്ട്-കോടതി ചൂണ്ടിക്കാട്ടി.. ഇതിലൊന്ന് രക്ഷിതാവിന്റെ യോഗ്യതയും മറ്റൊന്ന് കുട്ടിയുടെ താല്‍പ്പര്യവുമാണ്. കുട്ടികള്‍ രക്ഷിതാക്കളുടെ ജംഗമസ്വത്തോ കളിപ്പാട്ടമോ അല്ല. അവരുടെ ഭാവിക്കുമേല്‍ രക്ഷിതാക്കള്‍ക്കുള്ള പരമമായ അവകാശം ആധുനികകാല സാമൂഹ്യസാഹചര്യത്തിനനുസരിച്ച് പരിഗണിക്കണം. സമൂഹത്തിന് പ്രയോജനപ്പെടുന്ന വ്യക്തികളെന്ന നിലയില്‍ സന്തുലിതമായ അന്തരീക്ഷത്തില്‍ വളര്‍ന്നുവരാന്‍ അവര്‍ക്ക് കഴിയണം- മുമ്പ് വിധികളില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ഉദ്ധരിച്ച് കോടതി പറഞ്ഞു. മദ്രാസ് ഹൈക്കോടതിയുടെ ഒരുവിധിയും സുപ്രീംകോടതി പരാമര്‍ശിച്ചു. ഒരു കുട്ടി ചെറുപ്രായംമുതല്‍ കുറേവര്‍ഷം അച്ഛന്റെയോ അമ്മയുടെയോ മാതാപിതാക്കള്‍ക്കൊപ്പമോ അവരുടെ ബന്ധുക്കള്‍ക്കൊപ്പമോ കഴിയുകയും ആ കാലയളവില്‍ അച്ഛന്‍ കുട്ടിയുടെ കാര്യത്തില്‍ താല്‍പ്പര്യം കാട്ടാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അക്കാര്യങ്ങള്‍ കുട്ടിയെ ആര്‍ക്കൊപ്പം വിടണമെന്ന് തീരുമാനിക്കുമ്പോള്‍ പ്രധാനമാണെന്നാണ് മദ്രാസ് ഹൈക്കോടതി പറഞ്ഞത്. ഈ കേസിലും ആ വിധിയിലെ നിഗമനങ്ങള്‍ പ്രസക്തമാണെന്ന് സുപ്രീംകോടതി കണ്ടു. അമേരിക്കയിലേയും ന്യൂസിലാന്‍ഡിലേയും ചില കേസുകളിലെ വിധികളും കോടതി പരാമര്‍ശിച്ചു. കുട്ടിയുടെ ക്ഷേമം എന്നത് സാങ്കേതികാര്‍ഥത്തില്‍ മാത്രം കണ്ടുകൂടെന്ന് ആ വിധികളിലും പറയുന്നു. എല്ലാ അര്‍ഥത്തിലുമുള്ള ക്ഷേമം പരിഗണിച്ചുവേണം തീരുമാനമെടുക്കാന്‍ . സാമ്പത്തികഘടകം മാത്രം കണക്കിലെടുത്താല്‍ പോരാ. സുരക്ഷിതത്വം, കുട്ടിയുടെ സ്വഭാവവികാസം, ലഭിക്കുന്ന സ്നേഹം, പരിഗണന ഇതൊക്കെ കണക്കിലെടുക്കണം. ഇപ്പോഴത്തെ കേസില്‍ ജനിച്ചപ്പോള്‍മുതല്‍ അമ്മയുടെ രക്ഷിതാക്കള്‍ക്കൊപ്പമാണ് കുട്ടി കഴിഞ്ഞുവന്നതെന്നു വ്യക്തം.
  • തീവ്രപരിചരണവിഭാഗത്തില്‍ കഴിയുമ്പോഴും അവരാണ് കുട്ടിയെ ശുശ്രൂഷിച്ചത്. കുട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ വാദത്തിനു തെളിവായി ഹാജരാക്കിയിട്ടുണ്ട്. അതേപ്പറ്റി തര്‍ക്കമൊന്നും ഉന്നയിക്കപ്പെട്ടിട്ടില്ല. ദാരുണമായ സാഹചര്യത്തില്‍ ഏക മകളെ നഷ്ടമായ അമ്മയുടെ മാനസികാവസ്ഥ പരിഗണിക്കണം. ആ മകളുടെ പ്രതിരൂപമാണ് ചെറുമകളില്‍ മുത്തശ്ശി കാണുന്നത്. ചെറുപ്പംമുതല്‍ മുത്തശ്ശിക്കൊപ്പം വളര്‍ന്നതുകൊണ്ട് കുട്ടിക്ക് മുത്തശ്ശിയുമായി ഗാഢമായ സ്നേഹബന്ധമുണ്ട്. ഒരു സ്ത്രീയെന്ന നിലയില്‍ കുട്ടിയുടെ ആവശ്യങ്ങള്‍ അറിഞ്ഞ് പെരുമാറാനും അവര്‍ക്കു കഴിയും. സാമ്പത്തികമായും അവരുടെ സ്ഥിതി മെച്ചമാണ്. മറിച്ച് കുട്ടിയുടെ അച്ഛന്റെ സ്ഥിതി വ്യത്യസ്തമാണ്. പലരില്‍ നിന്നും കടംവാങ്ങിയിട്ടുള്ള നിലയിലും കുറഞ്ഞ വരുമാനക്കാരനായതിനാലും കുട്ടിക്ക് സുരക്ഷിതമായ ജീവിതം നല്‍കാന്‍ അയാള്‍ക്ക് കഴിയില്ല. കോടതി നോട്ടീസുകളയച്ചിട്ടും വക്കില്‍ മുഖേനയോ നേരിട്ടോ കുട്ടിയുടെ അച്ഛന്‍ കോടതിയില്‍ ഹാജരായില്ല. താല്‍പ്പര്യക്കുറവാണ് പ്രകടമായത്. അയാള്‍ രണ്ടാംവിവാഹം കഴിച്ചതായി കോടതിയില്‍ വ്യക്തമാക്കപ്പെട്ടു. അതിലൊരു കുട്ടിയുമുണ്ട്. ബിസിനസുകാരനായതിനാല്‍ എപ്പോഴും വീട്ടിലുണ്ടാകില്ല. കുട്ടി രണ്ടാനമ്മയുടെ സംരക്ഷണയിലാകും വളരേണ്ടിവരിക.
  • സാധാരണഗതിയില്‍ ഗാര്‍ഡിയന്‍ ആന്‍ഡ് വാര്‍ഡ്സ് ആക്ടനുസരിച്ച് രക്ഷിതാവിന് കുട്ടിയെ വിട്ടുകിട്ടാന്‍ അവകാശമുണ്ട്. എന്നാല്‍ ഇത് പരമമായ അവകാശമല്ല. ഈ കേസില്‍ കുട്ടി മുത്തശ്ശിക്കൊപ്പമാണ് വളരുന്നത്. അവളുടെ വളര്‍ച്ചയ്ക്ക് സഹായകരമായ അന്തരീക്ഷത്തിലാണ് അവള്‍ ഉള്ളത്. ആ സാഹചര്യത്തില്‍നിന്നു മാറ്റുന്നത് ഗുണകരമാകില്ല. അതുകൊണ്ട് കുട്ടി മുത്തശ്ശിയുടെ ഒപ്പംതന്നെ വളരട്ടെ- കോടതി വിധിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ