വെള്ളിയാഴ്‌ച, ഒക്‌ടോബർ 21, 2011

ഗര്‍ഭഛിദ്രവും
നിയമവും

അഡ്വ. കെ ആര്‍ ദീപ
ഇന്ത്യയിലെ ഗര്‍ഭഛിദ്ര നിയമം ഇടയ്ക്കിടെ തര്‍ക്കവിഷയമാകും. 2008ല്‍ മുംബൈ ഹൈക്കോടതിയുടെ ഒരുവിധി ഏറെ വിവാദങ്ങള്‍ക്കു വഴിവെച്ചു. ഹൃദയതകരാറുണ്ടെന്നു കരുതപ്പെടുന്ന കുഞ്ഞിനെ ഗര്‍ഭഛിദ്രത്തിലൂടെ ഇല്ലാതാക്കാന്‍ അനുമതി തേടിയ മുംബൈയിലെ നികിതയുടെയും ഭര്‍ത്താവ് ഹരേഷ് മേത്തയുടെയും ഹര്‍ജി മുംബൈ ഹൈക്കോടതി തള്ളിയതാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. കുട്ടിയുടെ ഹൃദയതകരാര്‍ മുന്‍കൂട്ടി മനസ്സിലാക്കിയാണ് നികിത ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയത്. എന്നാല്‍ 20 ആഴ്ച്ചയ്ക്കുശേഷമുള്ള ഗര്‍ഭഛിദ്രം നിയമം അനുവദിക്കുന്നതേയില്ല. നികിതയുടെ കേസില്‍ 24 ആഴ്ച്ച പിന്നിട്ടശേഷമാണ് അനുമതി തേടിയത്. നിയമം കര്‍ശനമായതിനാല്‍ കോടതി അനുമതി നിഷേധിക്കുകയായിരുന്നു. പെണ്‍ഭ്രൂണഹത്യ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയമത്തില്‍ ഇളവരുതെന്ന വാദത്തിനായിരുന്നു ഈ വിധിയെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളിലും മുന്‍തൂക്കം. എന്നാല്‍ നികിതയുടേതുപോലെയുള്ള കേസുകളില്‍ നിയമം അയയണമെന്ന വാദവും ശക്തമായി ഉയര്‍ന്നു. വാദങ്ങള്‍ തുടരുമ്പോള്‍ നിലവിലുള്ള നിയമപ്രകാരം ഗര്‍ഭഛിദ്രം ഇന്ത്യയില്‍ കുറ്റമായി തന്നെ നിലനില്‍ക്കുന്നു. മൂന്നുവര്‍ഷം തടവും 10000 രൂപ പിഴയും ശിക്ഷ കിട്ടാവുന്ന കുറ്റം.
1971ല്‍ പാലമെന്റ് പാസാക്കിയ നിയമ (Medical Termination of Pregnancy Act)മാണ് ഗര്‍ഭഛിദ്രം ഇന്ത്യയില്‍ കുറ്റമാണെന്ന് വ്യക്തമാക്കുന്നത്. എന്നാല്‍ രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് ചില പ്രത്യേക സാഹചര്യങ്ങളില്‍ ഗര്‍ഭഛിദ്രം നടത്താം. ഇത്തരത്തില്‍ അനുവദനീയമായ സാഹചര്യങ്ങള്‍ നിയമത്തില്‍ വിവരിക്കുന്നുണ്ട്. 20 ആഴ്ച്ചയ്ക്കുശേഷമുള്ള ഗര്‍ഭഛിദ്രം നിയമം അനുവദിക്കുന്നതേയില്ല. നികിതയുടെ കേസില്‍ 24 ആഴ്ച്ച പിന്നിട്ടശേഷമാണ് ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി തേടിയത്.
ഗര്‍ഭഛിദ്രം അനുവദനീയമായ സാഹചര്യങ്ങള്‍ നിയമത്തില്‍ പറയുന്നതിങ്ങനെ:
ഗര്‍ഭം തുടര്‍ന്നാല്‍ അത് സ്ത്രീയുടെ ജീവന് അപകടമുണ്ടാക്കുമെന്ന് ഉത്തമവിശ്വാസമുണ്ടെങ്കില്‍ ഗര്‍ഭഛിദ്രമാകാം. ഗര്‍ഭിണിയുടെ മാനസിക-ശാരീരീകാാഗ്യത്തെ അത് ഗുരുതരമായി ബാധിക്കുമെന്നുണ്ടെങ്കിലും ഗര്‍ഭഛിദ്രം നടത്താം.
ജനിക്കുന്ന കുഞ്ഞിന് ശാരീരികമോ മാനസികമോ ആയ വൈകല്യമുണ്ടാകും എന്നുറപ്പുണ്ടെങ്കിലും ഗര്‍ഭഛിദ്രം നിയമപരമാണ്.
12 ആഴ്ച്ചയില്‍ കുറവാണ് ഗര്‍ഭകാലമെങ്കില്‍ ഇത്തരം സാഹചര്യങ്ങളില്‍ ഒരു രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ക്ക് ഗര്‍ഭഛിദ്രം നടത്താം. എന്നാല്‍ 12 മുതല്‍ 20 വരെയായ ഗര്‍ഭമാണെങ്കില്‍ രണ്ട് രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ ഒരേ അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കില്‍ മാത്രമേ ഗര്‍ഭഛിദ്രം നിയമപരമാകൂ.
ബലാല്‍സംഗത്തിലൂടെ ഗര്‍ഭധാരണമുണ്ടായാല്‍ അത് ഒഴിവാക്കുന്നതിനായി ഗര്‍ഭഛിദ്രം അനുവദിക്കുന്നുണ്ട്. സന്താന നിയന്ത്രണ സംവിധാനം ഉപയോഗിച്ചതിന്റെ തകരാറുമൂലമുള്ള ഗര്‍ഭവും അലസിപ്പിക്കാം.
18 വയസ്സ് പൂര്‍ത്തിയാകാത്തവര്‍ക്ക് ഗര്‍ഭഛിദ്രം നടത്തണമെങ്കില്‍ രക്ഷിതാവിന്റെ രേഖാമൂലമുള്ള സമ്മതം വേണം. 18 വയസ്സില്‍ കൂടുതലുണ്ടെങ്കിലും മാനസിക വൈകല്ല്യമുള്ള സ്ത്രീയാണെങ്കിലും രക്ഷിതാവിന്റെ അനുമതി ആവശ്യമാണ്. എല്ലായ്പ്പോഴും ഗര്‍ഭഛിദ്രത്തിന് സ്ത്രീയുടെ അനുമതി രേഖാമൂലം തന്നെ വേണം. ഭര്‍ത്താവിന്റെ അനുമതി ആവശ്യമില്ല.
ഗര്‍ഭഛിദ്രം ഗവര്‍മെണ്ട് ആശുപത്രിയിലോ ഗവര്‍മെണ്ട് ഇതിനായി അനുമതി നല്‍കിയിട്ടുള്ള ആശുപത്രിയിലോ മാത്രമേ നടത്താവൂ എന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
(ലോകത്ത് സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രം ഏറ്റവും കൂടുതല്‍ നടക്കുന്ന രാജ്യം ഇന്ത്യയാണെന്നാണ് കണക്ക്. ഒരു വര്‍ഷം ഗര്‍ഭഛിദ്രത്തിലെ അപാകത മൂലം രാജ്യത്ത് ഒരുവര്‍ഷം ശരാശരി 15000 സ്ത്രീകള്‍ മരിക്കുന്നതായി സര്‍ക്കാര്‍ രേഖകള്‍ തന്നെ വ്യക്തമാക്കുന്നു.)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ