വെള്ളിയാഴ്‌ച, ഒക്‌ടോബർ 21, 2011


പീഡനം ഭര്‍ത്താവിന്റെ വീട്ടിലായാല്‍

അഡ്വ. കെ ആര്‍ ദീപ
വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടില്‍താമസിക്കുക എന്നത് നാട്ടുനടപ്പാണ്. കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങളിലേക്ക് ഇങ്ങനെ എത്തിപ്പെടുന്ന സ്ത്രീകള്‍ പലപ്രശ്നങ്ങളും നേരിടുന്നു. ആദ്യഘട്ടത്തില്‍ ഭര്‍ത്താവില്‍ നിന്നുകിട്ടുന്ന സംരക്ഷണം പോലും പിന്നീട് ലഭിക്കാത്ത സഥിതിയും വരാം. ഇത്തരം സാഹചര്യത്തില്‍ അവര്‍ നിസ്സഹായരായി ഒറ്റപ്പെടുന്നു.
നിയമം ഈ സാഹചര്യം മനസ്സിലാക്കി തന്നെ പ്രത്യേക സംരക്ഷണവ്യവസ്ഥകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.
ഭര്‍ത്താവിന്റെ വീട്ടില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ തടയാന്‍ തന്നെ പ്രത്യേക നിയമവ്യവസ്ഥയുണ്ട്. ഇത്തരം അതിക്രമങ്ങള്‍ ഒരു ക്രിമിനല്‍ കുറ്റമായി ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1983ലാണ് 498 എ എന്ന ഈ വകുപ്പ് നിയമത്തില്‍ ചേര്‍ത്തത്.
ഭര്‍ത്താവോ ഭര്‍ത്താവിന്റെ വീട്ടുകാരോ ഭാര്യയോട് കാട്ടുന്ന ക്രൂരതകള്‍ (cruelty) തടയാനാണ് നിയമം. നാലുതരത്തിലുള്ള ക്രൂരതകള്‍ നിയമത്തില്‍ വിവരിക്കുന്നു.
1. സ്ത്രീയെ ആത്മഹത്യയിലേക്ക് നയിക്കാനിടയുള്ള പെരുമാറ്റം.
2. സ്ത്രീയുടെ ജീവന് ഭീഷണിയാകുന്നതോ അവരുടെ ശരീരത്തില്‍ പരിക്കേല്‍പ്പിക്കുന്നതോ ആരോഗ്യം തകര്‍ക്കുന്നതോആയ പെരുമാറ്റം.
3. സ്വത്ത് കിട്ടാനായി സ്ത്രീക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ എതിരെ നടത്തുന്ന പീഡനങ്ങള്‍.
4. സ്വത്തോ പണമോ കിട്ടാതെവരുമ്പോള്‍ സ്ത്രീക്കോ അവളുടെ കുടുംബാംഗങ്ങള്‍ക്കോ എതിരെ നടത്തുന്ന അതിക്രമങ്ങള്‍.
മൂന്നുകൊല്ലംവരെ തടവും പിഴയും കിട്ടാവുന്ന കുറ്റമായാണ് ഈ അതിക്രമങ്ങളെ നിയമത്തില്‍ വിവരിച്ചിരിക്കുന്നത്. പീഡനത്തിനിരയായ സ്ത്രീതന്നെ പരാതി നല്‍കണമെന്നില്ല. ബന്ധുക്കള്‍ക്കും പരാതിപ്പെടാം.
നിയമത്തില്‍ വിവരിക്കുന്ന ക്രൂരതകള്‍ വ്യത്യസ്ത രൂപത്തില്‍ കുടുംബങ്ങളില്‍ നടക്കുന്നതായി കോടതികള്‍ കണ്ടെത്തിയിട്ടുണ്ട്. അവയും നിയമത്തിന്റെ പരിധിയില്‍ ശിക്ഷാര്‍ഹമായ കുറ്റമായിവരും.
തുടര്‍ച്ചയായി ഭക്ഷണം നല്‍കാതിരിക്കുക, ലൈംഗിക വൈകൃതങ്ങള്‍ക്ക് നിര്‍ബന്ധിക്കുക, സ്ഥിരമായി വീടിനു പുറത്താക്കുക, കുട്ടികളെ കാണാന്‍ അനുവദിക്കാതെ മാനസികമായി പീഡിപ്പിക്കുക. ശാരീരികമായി ആക്രമിക്കുക, മാനസികമായി തളര്‍ത്തുക എന്ന ലക്ഷ്യത്തോടെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുക. സാമൂഹിക ഇടപെടല്‍ അനുവദിക്കാതെ സ്ത്രീയെ വീട്ടില്‍ തടഞ്ഞുവെക്കുക, സ്ത്രീയുടെ സാന്നിധ്യത്തില്‍ അവരുടെ കുട്ടികളെ അധിക്ഷേപിച്ച് മാനസിക പീഡനത്തിനിരയാക്കുക, കുട്ടികളുടെ പിതൃത്വം നിഷേധിച്ച് വിഷമിപ്പിക്കുക, സ്ത്രീധനം കൊടുത്തില്ലെങ്കില്‍ വിവാഹമോചനം നടത്തുമെന്ന് ഭീഷണിപ്പെടുത്തുക തുടങ്ങിയവയൊക്കെ ഇത്തരത്തില്‍ ക്രൂരതയായി കോടതികള്‍ അംഗീകരിച്ചിട്ടുണ്ട്.
വിവാഹിതയായി ഭര്‍തൃഗൃഹത്തില്‍ താമസിക്കുന്ന സ്ത്രീയെ അവിടെനിന്ന് ഇറക്കിവിടാന്‍ ശ്രമിച്ചാല്‍ അതു തടയാന്‍ അവര്‍ക്ക് കോടതിയെ സമീപിക്കാം. ഭര്‍തൃഗൃഹമെന്നാല്‍ ഭര്‍ത്താവിനൊപ്പം അവള്‍ താമസിക്കുന്ന വീടാണ്. അത് ഭര്‍ത്താവിന്റെ സ്വന്തം വീടോ ബന്ധുക്കളുടെ വീടോ വാടകവീടോ ആവാം. വിവാഹിതയായിരിക്കുവോളം അവര്‍ക്കവിടെ കഴിയാം. ഇറക്കിവിടാന്‍ സമ്മര്‍ദമുണ്ടായാല്‍ കോടതിയില്‍ നിന്ന് നിരോധന ഉത്തരവ് നേടാം. ഇത് വേഗത്തില്‍ ലഭിക്കും.
എന്നാല്‍ സമ്മര്‍ദത്തിനു വഴങ്ങി വീടുവിടരുത്. തിരികെ കയറ്റണമെന്ന് നിര്‍ദേശിക്കുന്ന കോടതിയുത്തരവ് ലഭിക്കുക എളുപ്പമല്ല.
സ്ത്രീധനവുമായി ബന്ധപ്പെട്ട പീഡനങ്ങള്‍ തടയാനുള്ള വ്യവസ്ഥകളും 498 എയിലുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 303 ബി വകുപ്പിലും സ്ത്രീധനമരണത്തിന് ശിക്ഷിക്കാന്‍ വ്യവസ്ഥയുണ്ട്. മരിച്ച സ്ത്രീ മരണത്തിനു തൊട്ടുമുമ്പ് സ്ത്രീധനത്തിന്റെ പേരില്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ 303 ബി പ്രകാരം പ്രതിയെ ശിക്ഷിക്കാം. ഏഴുകൊല്ലംമുതല്‍ ജീവപര്യന്തംവരെ തടവുകിട്ടാവുന്ന കുറ്റമാണിത്. സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന സ്ത്രീ വിവാഹശേഷം ഏഴുവര്‍ഷത്തിനിടയില്‍ മരിച്ചാല്‍ അത് സ്ത്രീധനമരണമായി കോടതി കരുതും. മരണം പീഡനം മൂലമല്ലെന്ന് തെളിയിക്കേണ്ട ചുമതല ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമാകും.
പീഡനം നിര്‍ത്താന്‍ ഭര്‍ത്താവിനെതിരെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനെ (കലക്ടറെ) ഇടപെടുത്താനും ഭാര്യക്ക് നിയമപരമായി കഴിയും. ഇനി പ്രശ്നമുണ്ടാക്കില്ലെന്ന് ഭര്‍ത്താവിനെക്കൊണ്ട് മജിസ്ട്രേറ്റിനുമുമ്പില്‍ കരാര്‍ വെപ്പിക്കാം. അക്രമം തുടര്‍ന്നാല്‍ പിടിച്ചെടുക്കുമെന്ന വ്യവസ്ഥയോടെ സ്വര്‍ണമോ പണമോ വസ്തുവകകളോ ജാമ്യമായി വാങ്ങാനും മജിസ്ട്രേറ്റിനു കഴിയും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ