വെള്ളിയാഴ്‌ച, ഒക്‌ടോബർ 21, 2011

വിവാഹമോചിതയായ സ്ത്രീപുനര്‍വിവാഹം കഴിച്ചുവെന്നതിന്റെ പേരില്‍ ആദ്യവിവാഹത്തിലെ കുട്ടിയുടെ സംരക്ഷണാവകാശം അവര്‍ക്ക് നിഷേധിക്കാമോ? പാടില്ലെന്ന്
സുപ്രീംകോടതി. എന്നാല്‍ വിവാഹമോചിതരാകുന്ന ദമ്പതികളുടെ കുട്ടിയെ അമ്മയ്ക്കൊപ്പംവിടുന്നതാണു നല്ലതെന്ന പൊതുനിഗമനം സ്വീകരിക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് താരം അനില്‍ കുംബ്ളെയുടെ ഭാര്യയ്ക്ക് ആദ്യ വിവാഹത്തിലുണ്ടായ കുട്ടിയെ വിട്ടുകൊടുക്കുന്നതു സംബന്ധിച്ച കേസിലായിരുന്നു ഈ വിധി.



പുനര്‍വിവാഹം കഴിച്ചാലും
കുട്ടിയെ കൂടെ നിര്‍ത്താം

അഡ്വ.കെ ആര്‍ ദീപ

വിവാഹമോചനം ഇന്ന് സാധാരണം. തുടരാനാകാത്ത ബന്ധങ്ങള്‍ അവസാനിപ്പിക്കണം എന്നതില്‍ ആര്‍ക്കും സംശയമില്ല. സ്ത്രീകള്‍ വിവാഹമോചനത്തിനു മുന്‍കയ്യെടുക്കാത്ത സ്ഥിതി മുമ്പുണ്ടായിരുന്നു. വിവാഹമോചിത എന്ന നിലയില്‍ സമൂഹത്തില്‍ ജീവിക്കുക അസാധ്യമായി കരുതപ്പെട്ടു. സ്വാതന്ത്യബോധത്തിലുണ്ടായ ഉണര്‍വ്വ് ഇതിനുമാറ്റം വരുത്തി. കോടതികളിലെത്തുന്ന വിവാഹമോചനകേസുകളുടെ എണ്ണക്കൂടുതല്‍ ഇത് വ്യക്തമാക്കുന്നു.
വിവാഹമോചനത്തിനുശേഷം വീണ്ടും വിവാഹം കഴിക്കുന്നവരും ഏറെയാണ്. ഈ ഘട്ടത്തില്‍ ആദ്യവിവാഹത്തിലെ കുട്ടികളെ കൂടെ നിര്‍ത്തുന്ന പ്രശ്നം കോടതികളിലെത്താറുണ്ട്. വിവാഹമോചിതയാകുന്ന പുരുഷന്‍ പുനര്‍വിവാഹം കഴിക്കാതിരിക്കുകയും സ്ത്രീ വിവാഹിതയാകുകയും ചെയതാല്‍ തര്‍ക്കം മുറുകും. വീണ്ടും വിവാഹം കഴിച്ച സ്ത്രീക്ക് ഇനി കുട്ടിയെ ഒപ്പം നിര്‍ത്താന്‍ അവകാശമില്ലെന്ന വാദം കോടതികളില്‍ ഉയരാറുണ്ട്. ചിലകോടതികള്‍ ഇത് ശരിവെച്ചിട്ടുമുണ്ട.് എന്നാല്‍ ഇത്തരത്തില്‍ പുനര്‍വിവാഹം അയോഗ്യതയായി കരുതുന്നത് തീര്‍ത്തും തെറ്റാണെന്ന് സുപ്രീംകോടതി തന്നെ വിധിച്ചു. 2004ല്‍ ആയിരുന്നു ഇത്.
വിവാഹമോചിതയായ സ്ത്രീ പുനര്‍വിവാഹം കഴിച്ചുവെന്നതിന്റെ പേരില്‍ ആദ്യ വിവാഹത്തിലെ കുട്ടിയുടെ സംരക്ഷണാവകാശം അവര്‍ക്ക് നിഷേധിക്കരുതെന്ന് സുപ്രിംകോടതി വിധിച്ചു. എന്നാല്‍ വിവാഹമോചിതരാകുന്ന ദമ്പതികളുടെ കുട്ടിയെ ആര്‍ക്കൊപ്പം വിടണമെന്നു തീരുമാനിക്കുമ്പോള്‍ എപ്പോഴും അമ്മയ്ക്കൊപ്പം വിടുന്നതാണു നല്ലതെന്ന പൊതുനിഗമനം സ്വീകരിക്കരുതെന്നും കോടതി വ്യക്തമാക്കി.

ഇന്ത്യന്‍ ക്രിക്കറ്റ് താരം അനില്‍ കുംബ്ളെയുടെ ഭാര്യ ചേതനാ രാമതീര്‍ഥയ്ക്ക് ആദ്യ വിവാഹത്തിലുണ്ടായ കുട്ടിയെ വിട്ടുകൊടുക്കുന്നതു സംബന്ധിച്ച കേസിലായിരുന്നു ഈ വിധി. ചേതനയുടെ ആദ്യ ഭര്‍ത്താവിന്റെ ഹര്‍ജിയാണ് സുപ്രിംകോടതി പരിഗണിച്ചത്.
കുമാര്‍ വി ജഹാഗിര്‍ധറാണ് ആദ്യം ചേതനയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് ഒരു മകളുണ്ട്. കുട്ടിക്ക് അപ്പോള്‍ ഒമ്പതുവയസ്സുണ്ടായിരുന്നു. ഉഭയസമ്മതപ്രകാരം ഇവര്‍ വിവാഹമോചനം നേടിവേര്‍പിരിഞ്ഞു. ചേതന അതിനുശേഷം അനില്‍ കുംബ്ളെയെ വിവാഹം കഴിച്ചു.
കുട്ടിയെ ആര്‍ക്കൊപ്പം വിടണമെന്ന പ്രശ്നം ആദ്യം പരിഗണിച്ചത് ബംഗ്ളൂരിലെ കുടുംബകോടതിയാണ്. കുംബ്ളെയെപ്പോലെ തിരക്കുള്ള ഒരു ക്രിക്കറ്റ് താരത്തെ വിവാഹംകഴിച്ചതിനാല്‍ ചേതനയ്ക്ക് എപ്പോഴും യാത്രയും മറ്റും വേണ്ടിവരുമെന്ന് കുടുംബകോടതി അഭിപ്രായപ്പെട്ടു. ഇത് അഛനില്‍നിന്ന് കുട്ടിയെ അകറ്റാനിടയുണ്ട്. അതിനാല്‍ കുട്ടി അഛനൊപ്പം നില്‍ക്കട്ടെ. എല്ലാ ഞായറാഴ്ചയും രാവിലെ പത്തുമുതല്‍ രാത്രി എട്ടുവരെ ചേതനയ്ക്ക് കുട്ടിയെ സന്ദര്‍ശിക്കാം. മാസത്തില്‍ രണ്ടു ഞായറാഴ്ച ഒപ്പം കൂട്ടുകയുമാവാം. ഇതായിരുന്നു കുടുംബകോടതി വിധി.

ചേതന ഈ വിധിക്കെതിരെ ഹൈക്കോടതിയിലെത്തി. ഹൈക്കോടതി വിധി മാറ്റി. കുട്ടിയെ സ്ഥിരമായി അമ്മയ്ക്കൊപ്പം വിടണമെന്നും അഛനു സന്ദര്‍ശിക്കാന്‍ ശനിയും ഞായറും അവസരം നല്‍കിയാല്‍ മതിയെന്നും വെക്കേഷന്‍ കാലത്ത് പകുതി ദിവസങ്ങള്‍വീതം കുട്ടിയെ അഛനുമമ്മയ്ക്കുമൊപ്പം വിടണമെന്നും ഹൈക്കോടതി പറഞ്ഞു.
ഇടക്കിടെ കേസിലെ കക്ഷികളിരുവരും കോടതികളിലെത്തി. കുട്ടിയെ ഒപ്പം താമസിപ്പിക്കുന്നതുസംബന്ധിച്ച് പല ഇടക്കാല ഉത്തരവുകളുമുണ്ടായി. ഒരിക്കല്‍ കുംബ്ളെയ്ക്കൊപ്പം ചേതന വിദേശയാത്ര പോയപ്പോള്‍ കോടതിയുടെ അനുമതിയോടെ മകളെ കൊണ്ടുപോവുകയും ചെയ്തു.

കുടുംബകോടതിയില്‍ 2002 ഏപ്രില്‍ 20നാണ് കേസിന് അവസാനതീര്‍പ്പായത്. ഈ വിധിയിലാണ് കുട്ടിയെ അഛനൊപ്പം വിടാന്‍ നിര്‍ദേശമുണ്ടായത്. സ്റ്റോക്ക് ബ്രോക്കറായ അഛന് കുട്ടിയെ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയുമെന്നതും, അയാള്‍ ഇപ്പോഴും അവിവാഹിതനായി കഴിയുകയാണെന്നതുമാണ് കുടുംബകോടതി കണ്ട മുഖ്യന്യായങ്ങള്‍.

ഈ വിധിക്കെതിരെ ചേതന ഹൈക്കോടതിയിലെത്തി. ഹൈക്കോടതി ജഡ്ജിമാര്‍ രണ്ടുവട്ടം കുട്ടിയുമായി സംസാരിച്ചു. അഛനോടോ അമ്മയോടോ അമ്മയുടെ ഇപ്പോഴത്തെ ഭര്‍ത്താവിനോടോ ഒരു വിരോധവും കുട്ടി പ്രകടിപ്പിച്ചില്ല. ഈ സാഹചര്യത്തില്‍ ഒമ്പതുവയസ്സായ പെണ്‍കുട്ടിയെ, അമ്മയ്ക്കൊപ്പം വിടുന്നതാണ് നല്ലതെന്നായിരുന്നു ഹൈക്കോടതിയുടെ നിഗമനം. വാരാന്തങ്ങളില്‍ അഛന് കുട്ടിയെ കാണുകയുമാവാം. ഈ വിധിക്കെതിരെ കുട്ടിയുടെ അഛനായ കുമാര്‍ വി ജഹഗിര്‍ധര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രിംകോടതിയിലെത്തിയത്. കുട്ടിയെ ഒപ്പം താമസിപ്പിക്കാനുള്ള അവകാശം എപ്പോഴും അമ്മയ്ക്കു മാത്രമുള്ളതാണെന്നും മതിയായ കാരണങ്ങളില്ലാതെ ഇതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചുകൂടെന്നുമുള്ള ഹൈക്കോടതി വിധിയിലെ നിഗമനത്തെയാണ് ജഹഗിര്‍ധറിന്റെ അഭിഭാഷകന്‍ ശക്തമായി എതിര്‍ത്തത്. ഈ തെറ്റായ നിഗമനത്തില്‍ ഊന്നിയാണ് ഹൈക്കോടതി, കുടുംബകോടതി വിധി അസാധുവാക്കിയതെന്നും വാദമുണ്ടായി. കുട്ടിയുടെ ക്ഷേമത്തിനായി ജഹഗിര്‍ധര്‍ സ്വത്ത് സമ്പാദിക്കുകയും കുട്ടിയുടെ പേരില്‍തന്നെ പണം നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. ചേതനയ്ക്കും കുംബ്ളെയ്ക്കുമൊപ്പം സ്ഥിരമായി വിട്ടാല്‍ കുട്ടിയെ അവര്‍ അഛനെതിരെ തിരിക്കുമെന്ന് വാദമുണ്ടായി.
എന്നാല്‍ ചേതനയുടെ അഭിഭാഷകന്‍ ഇതൊക്കെ നിഷേധിച്ചു. കുട്ടിയുടെ അഛനമ്മമാര്‍ക്ക് എല്ലാ സഹകരണവും നല്‍കുമെന്നും കുട്ടിയോട് തികഞ്ഞ സ്നേഹത്തോടെ പെരുമാറുമെന്നും കുംബ്ളെയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച സുപ്രിംകോടതി കുട്ടിയെ അമ്മയായ ചേതനയ്ക്കൊപ്പം വിടാന്‍ ഉത്തരവായി.

എന്നാല്‍ എപ്പോഴും ഒരു കുട്ടിയെ സംരക്ഷിക്കാന്‍ അഛനേക്കാള്‍ അവകാശം അമ്മയ്ക്കാണെന്ന ഹൈക്കോടതിയുടെ പൊതുനിഗമനം സുപ്രിംകോടതി തള്ളിക്കളഞ്ഞു. അത്തരത്തിലുള്ള സാമാന്യവല്‍ക്കരണം ശരിയല്ലെന്ന് സുപ്രിംകോടതി പറഞ്ഞു. പക്ഷേ ഈ ഒറ്റക്കാര്യംമാത്രംഅടിസ്ഥാനമാക്കിയല്ല ഹൈക്കോടതി വിധി എന്നതിനാലാണ് വിധി തിരുത്താത്തത്. വളരുന്ന പ്രായത്തിലുള്ള ഒരു പെണ്‍കുട്ടി അഛനൊപ്പം താമസിക്കുന്നതിലും നല്ലത് അമ്മയ്ക്കൊപ്പം കഴിയുന്നതാണ്. അമ്മയുടെ പുനര്‍വിവാഹം ഇതിന് അയോഗ്യതയാവേണ്ട കാര്യമില്ല. കുട്ടിയെ സന്ദര്‍ശിക്കാന്‍ അഛന് അനുമതി നല്‍കിക്കൊണ്ട് അമ്മയ്ക്കൊപ്പം കുട്ടിയെ വിടാനുള്ള ഹൈക്കോടതി വിധി തികച്ചും ന്യായമാണ്- ജ. ശിവരാജ് വി പാട്ടീലും ജ. ഡി എം ധര്‍മാധികാരിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി. 2004 ജനുവരി 29നായിരുന്നു ഈ വിധി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ