വെള്ളിയാഴ്‌ച, ഒക്‌ടോബർ 21, 2011

  • സ്ത്രീധനം തിരികെ ചോദിക്കാമോ?
    അഡ്വ. കെ ആര്‍ ദീപ
  • സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും നിയമവിരുദ്ധമെന്നതില്‍ തര്‍ക്കമില്ല. ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശനിയമപ്രകാരം കൊടുത്ത സ്ത്രീധനത്തിന്റെ വിനിയോഗം സംബന്ധിച്ച് തര്‍ക്കം വന്നാല്‍ എന്തുചെയ്യും? സ്ത്രീധനത്തുകകൂടി ഉപയോഗിച്ച് ഭര്‍ത്താവിന്റെ വീട്ടുകാര്‍ ആര്‍ജിച്ച സ്വത്തില്‍ ഭാര്യക്ക് പങ്ക് അവകാശപ്പെടാമോ? 1097ലെ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശനിയമത്തിന്റെ വെളിച്ചത്തിലുയര്‍ന്ന ഈ ചോദ്യത്തിന് ഹൈക്കോടതി 2006ല്‍ ഉത്തരം നല്‍കി. ഭാര്യക്ക് ഭര്‍ത്താവിന്റെ സ്വത്ത് അവകാശപ്പെടാനാകില്ല. എന്നാല്‍ , സ്ത്രീധനത്തുക ഭാര്യയുടെ ക്ഷേമത്തിനായി ഭാര്യവീട്ടുകാര്‍ നല്‍കുന്നതാണ്. അത് ഏതുസമയത്തും തിരിച്ചാവശ്യപ്പെടാന്‍ ഭാര്യക്ക് അവകാശമുണ്ട്. അതിന് കോടതിയില്‍ സിവില്‍ അന്യായം(Suit) കൊടുക്കാം. ജസ്റ്റിസ് കെ എസ് രാധാകൃഷ്ണനും ജസ്റ്റിസ് വി രാംകുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് 2006 സെപ്തംബര്‍ ഒന്നിന് ഈ വിധി പറഞ്ഞത്. 1952ല്‍ വിവാഹിതരായവര്‍ തമ്മിലാണ് തര്‍ക്കംവന്നത്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളുമുണ്ട്. 35 വര്‍ഷം ഒന്നിച്ചുകഴിഞ്ഞശേഷം അവര്‍ വേര്‍പിരിഞ്ഞു. പരസ്പരം ക്രൂരതയുടെ ആരോപണവും ഉണ്ടായി.

    ഭര്‍ത്താവിന്റെ വീട്ടിലെ ഭാഗംവയ്ക്കല്‍പ്രകാരം ഭര്‍ത്താവിനു കിട്ടിയ സ്വത്തില്‍ പകുതി ആവശ്യപ്പെട്ട് 1992ല്‍ ഭാര്യ മുന്‍സിഫ് കോടതിയില്‍ കേസ് കൊടുത്തു. ഈ കേസ് പിന്നീട് കുടുംബകോടതിയിലേക്കു മാറി. വിവാഹശേഷം തന്റെ പിതാവ് ഭര്‍ത്താവിന്റെ അച്ഛന് 2501 രൂപയും 30 പവന്റെ ആഭരണവും സ്ത്രീധമായി നല്‍കിയിരുന്നതായി പരാതിക്കാരി ചൂണ്ടിക്കാട്ടി. ഈ പണവും സ്വര്‍ണവും ഭര്‍ത്താവിന്റെ അച്ഛന്‍ അദ്ദേഹത്തിന്റെ കുടുംബത്തിനായി ഉപയോഗിച്ചു. ഭര്‍ത്താവിന്റെ വീട്ടിലെ ഭാഗരേഖയില്‍ ഇക്കാര്യം പറയുന്നുമുണ്ട്. ഈ തുക പരിഗണിച്ച് ഭര്‍ത്താവിന് കുടുംബസ്വത്തില്‍ ഒരുവിഹിതം കൂടുതല്‍ നല്‍കുന്നതായും ഭാഗപത്രം പറയുന്നു. ഈ സാഹചര്യത്തില്‍ ഭര്‍ത്താവിന്റെ സ്വത്തില്‍ പകുതി തനിക്ക് കിട്ടണം- ഇതായിരുന്നു പരാതിക്കാരിയുടെ വാദം. എന്നാല്‍ , ഭര്‍ത്താവിന്റെ വാദം മറ്റൊന്നായിരുന്നു. 2501 രൂപ കിട്ടിയതായി ഭര്‍ത്താവ് സമ്മതിക്കുന്നു. പക്ഷേ, സ്വര്‍ണം എടുത്തെന്ന ആക്ഷേപം ശരിയല്ല. ഭാര്യയോട് ക്രൂരത കാട്ടിയിട്ടില്ല. ഭാര്യയും മക്കളും ബന്ധുക്കളുമാണ് തന്നോട് ക്രൂരത കാട്ടിയത്. കുടുംബസ്വത്തില്‍ കൂടുതലായൊന്നും കിട്ടിയിട്ടില്ല. കിട്ടിയതില്‍നിന്ന് 50 സെന്റ് ഭാര്യയുടെ അറിവോടെ മകനു കൊടുത്തിരുന്നു. ബാക്കി ഭൂമി സഹോദരന്റെകൂടി പേരിലാണ്. അത് വീതംവയ്ക്കാന്‍ പറ്റില്ല- ഇതൊക്കെയായിരുന്നു ഭര്‍ത്താവിന്റെ വാദങ്ങള്‍ .

    കുടുംബകോടതി കേസ് തള്ളി. സ്ത്രീധനം തിരികെ വേണമെന്ന് ആവശ്യപ്പെടാത്തതിനാല്‍ ആ പ്രശ്നം പരിഗണിക്കുന്നില്ലെന്നും വിധിയില്‍ പറഞ്ഞു. ഈ വിധിക്കെതിരെയാണ് ഭാര്യ ഹൈക്കോടതിയിലെത്തിയത്. ഭര്‍ത്താവിന്റെ അച്ഛന്‍ ആഗ്രഹിച്ചിരുന്നത് സ്വത്തില്‍ ഒരുഭാഗം തന്റെ പേരില്‍ എഴുതിത്തരാനാണെന്ന് ഭാര്യ വാദിച്ചു. ഈ ഒരു ഭാഗമാണ് അധികമായി ഭര്‍ത്താവിനു കിട്ടിയതെന്നും അവര്‍ വാദിച്ചു. ഈ നിലയ്ക്ക് ഭര്‍ത്താവ് ആ സ്വത്ത് കൈവശം വച്ചിരിക്കുന്നത് തനിക്കുവേണ്ടിയാണ് എന്ന നിലയില്‍ കാണണം. എന്നാല്‍ , ഭാര്യ ഭര്‍ത്താവിന്റെ കുടുംബത്തിലെ അംഗമല്ല. അതുകൊണ്ട് ആ കുടുംബത്തിന്റെ സ്വത്തില്‍ വീതം ചോദിക്കാനാകില്ല. ആ സ്വത്തില്‍ അവര്‍ക്ക് അവകാശമില്ല- ഭര്‍ത്താവിനുവേണ്ടി വാദമുയര്‍ന്നു. ഭാഗംവയ്ക്കല്‍ രേഖകള്‍ ഹൈക്കോടതി പരിശോധിച്ചു. ഭര്‍ത്താവിന് കുടുംബസ്വത്തില്‍ കൂടുതല്‍ വിഹിതം കിട്ടിയത് സ്ത്രീധനം കുടുംബത്തിനുവേണ്ടി ചെലവിട്ടതുകൊണ്ടുതന്നെയാണെന്ന് ഹൈക്കോടതിയും വ്യക്തമാക്കി. പക്ഷേ, ഇതുകൊണ്ടുമാത്രം ഭര്‍ത്താവിന്റെ കുടുംബസ്വത്തില്‍ ഭാര്യക്ക് അവകാശംവരുമോ എന്ന ചോദ്യം കോടതി പരിഗണിച്ചു. ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശനിയമപ്രകാരം "സ്ത്രീധനം" ഭാര്യക്കുവേണ്ടി ഭര്‍ത്താവ് കൈവശം വയ്ക്കുകയാണ് ചെയ്യുന്നത്. ഭാര്യ ആവശ്യപ്പെടുമ്പോള്‍ ആ പണം തിരികെ കൊടുക്കേണ്ടതുമാണ്.

    സ്ത്രീധനം ആര് കൈവശം വച്ചിരുന്നാലും അത് സ്ത്രീയുടെ സ്വത്തുതന്നെയാണ്. ഈ പണം ആവശ്യപ്പെട്ട് സ്ത്രീക്ക് കേസ് കൊടുക്കാം. അതിന് 1961ലെ സ്ത്രീധനനിരോധനനിയമം തടസ്സമല്ല. ഈ സാഹചര്യത്തില്‍ ഭര്‍ത്താവിന്റെ സ്വത്തിന്റെ പകുതി ചോദിച്ചുള്ള വാദങ്ങള്‍ക്ക് നിലനില്‍പ്പില്ല. സ്ത്രീധനം ഉപയോഗിച്ചു സമ്പാദിച്ച സ്വത്തായതിനാല്‍ ഭാര്യക്ക് ആ സ്വത്തില്‍ നിയന്ത്രണം (lien or charge) ആവശ്യപ്പെട്ട് കേസ് കൊടുക്കാം. സ്ത്രീധനം തിരികെ വേണമെന്ന് ആവശ്യപ്പെട്ടും കേസ് കൊടുക്കാം. ഇക്കാരണത്താല്‍ കേസ് തള്ളുകയാണെന്ന് ഡിവിഷന്‍ ബെഞ്ച് വിധിച്ചു.

  • ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ