വെള്ളിയാഴ്‌ച, ഒക്‌ടോബർ 21, 2011

ജീവനാംശത്തില്‍ മതം ചേര്‍ക്കേണ്ട; മകള്‍ക്ക്
വിവാഹച്ചെലവും നല്‍കണം
അഡ്വ. കെ ആര്‍ ദീപ
Posted on: 11-Oct-2011 05:56 PM

വിവാഹമോചിതനായ പുരുഷന്‍ മുന്‍ഭാര്യക്കും മക്കള്‍ക്കും നല്‍കേണ്ട ജീവനാംശം ഓരോ മതത്തിനും സൗകര്യംപോലെ വ്യാഖ്യാനിക്കാവുന്നതാകാമോ? "ഞങ്ങളുടെ വ്യക്തിനിയമമനുസരിച്ച് ജീവനാംശം എന്നാല്‍ , ഇത്രയൊക്കെയേ ഉള്ളൂ, അതേ തരാനാകൂ" എന്ന നിലപാട് ഒരു മതത്തില്‍പ്പെട്ടവര്‍ സ്വീകരിച്ചാല്‍ അത് സ്വീകാര്യമാകുമോ? ഏതു വ്യക്തിനിയമം അനുസരിച്ച് അനുവദിക്കുന്നതായാലും ജീവനാംശം എന്നത് ഒരേ നിര്‍വചനത്തിന്‍കീഴില്‍ വരുന്നതാകണമെന്ന് കേരള ഹൈക്കോടതി വിധിച്ചു. ജീവനാംശവ്യവസ്ഥയുടെ പ്രയോഗം എല്ലാ മതസമൂഹത്തിലും ഒരുപോലെത്തന്നെയാകണം. മതനിരപേക്ഷതയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്ത് ഇത് വ്യത്യസ്തമാകാന്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് ആര്‍ ബസന്തും ജസ്റ്റിസ് കെ സുരേന്ദ്രമോഹനും ഉള്‍പ്പെട്ട ബെഞ്ച് 2011 സെപ്തംബര്‍ ആറിനാണ് ഈ വിധി പ്രഖ്യാപിച്ചത്. തൃശൂരിലെ കുടുംബകോടതിയില്‍ ആരംഭിച്ച തര്‍ക്കമാണ് ഒടുവില്‍ ഹൈക്കോടതിയിലെത്തി തീര്‍പ്പായത്. ജീവനാംശത്തിന്റെ പരിധിയില്‍ മകളുടെ വിവാഹച്ചെലവ് ഉള്‍പ്പെടില്ലെന്ന അച്ഛന്റെ വാദം തള്ളിയാണ് ഹൈക്കോടതി വിധി. മുസ്ലിം വ്യക്തിനിയമ(ശരിഅത്ത്)ത്തിലെ വ്യവസ്ഥകള്‍ ഒരു അമിക്കസ്ക്യൂറി (കോടതിയെ സഹായിക്കാന്‍ നിയമിക്കപ്പെടുന്ന അഭിഭാഷകന്‍)യുടെ സഹായത്താല്‍ വ്യാഖ്യാനിച്ചാണ് കോടതി കേസില്‍ തീര്‍പ്പുകല്‍പ്പിച്ചത്. ജീവനാംശം എന്ന പദം മുസ്ലിം വ്യക്തിനിയമത്തില്‍ ഉപയോഗിക്കുന്നുണ്ട്. ഈ വാക്കിന് മറ്റു സമുദായങ്ങള്‍ക്ക് ബാധകമായ അര്‍ഥമേ മുസ്ലീങ്ങള്‍ക്കും ബാധകമാക്കാന്‍കഴിയൂ. വ്യത്യസ്തമായ ഒരര്‍ഥം മുസ്ലീങ്ങള്‍ക്കു മാത്രമായി കല്‍പ്പിക്കാനാകില്ല. വിവാഹിതരാകുന്നതുവരെ പെണ്‍മക്കളെ സംരക്ഷിക്കാന്‍ അച്ഛന് ബാധ്യതയുണ്ടെന്ന് ശരിഅത്തില്‍ 370-ാം വകുപ്പില്‍ പറയുന്നുണ്ട്. പ്രായപൂര്‍ത്തിയായാലും ഇല്ലെങ്കിലും മകളെ സംരക്ഷിക്കാന്‍ മുസ്ലിം പിതാവിന് ബാധ്യതയുണ്ടെന്ന് നിയമം സംശയമേ ഇല്ലാതെ വ്യക്തമാക്കുന്നു. വിവാഹംവരെ സംരക്ഷിക്കുക എന്നുപറഞ്ഞാല്‍ വിവാഹച്ചെലവ് വഹിക്കുക എന്നര്‍ഥമുണ്ടോ എന്നതാണ് പിന്നീട് പരിശോധിക്കേണ്ടത്. ഇക്കാര്യത്തില്‍ മുന്‍കാലവിധികള്‍ പലതും കോടതി പരിശോധിച്ചു. ജീവിതത്തില്‍നിന്ന് ഏറെ മാറ്റിനിര്‍ത്തി നിയമം പരിശോധിക്കുന്നതില്‍ അര്‍ഥമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മകളുടെ മാനസികവും ഭൗതികവുമായ നന്മയ്ക്കു വേണ്ടവിധത്തിലുള്ള ചെലവുകള്‍ അച്ഛന്‍ വഹിക്കണമെന്നാണ് നിയമത്തില്‍ പറയുന്നത്. ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ഇന്ന് ലഭ്യമായ സ്വാതന്ത്ര്യത്തിന്റെ നില പരിഗണിക്കുമ്പോള്‍ രക്ഷിതാക്കളുടെ തുണയില്ലാതെ ഒരു പെണ്‍കുട്ടിക്ക് വിവാഹജീവിതത്തിലേക്കു കടക്കാനാകുമെന്ന് പറയാനാകില്ല. ഒരു വരനെ അവള്‍ തെരഞ്ഞെടുത്താല്‍പോലും വിവാഹച്ചെലവ് രക്ഷാകര്‍ത്താവാണ് വഹിക്കാറുള്ളത്. നിലവിലുള്ള ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയില്‍ ഏതു മതവിഭാഗത്തില്‍പ്പെട്ട അച്ഛനായാലും മകളുടെ വിവാഹം നടത്തിക്കൊടുക്കുക എന്നത് അയാളുടെ ചുമതലയായാണ് കരുതുന്നത്. ഇവിടെ ജീവനാംശം എന്നത് കുട്ടിയുടെ അവകാശമാണ്. അവളുടെ മാനസികവും ഭൗതികവുമായ ഉന്നമനത്തിനുള്ള ചെലവുകള്‍ക്ക് അവള്‍ അര്‍ഹയാണ്. ഒരു അവിവാഹിതയായ പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം അവളുടെ മാനസികവും ഭൗതികവുമായ ഉന്നമനത്തിന് ആവശ്യമായതാണ് വിവാഹം. അതുകൊണ്ടുതന്നെ വിവാഹച്ചെലവ് ജീവനാംശത്തിന്റെ ഭാഗമായി അവള്‍ക്ക് അര്‍ഹതപ്പെട്ടതാണ്. ഈ തുക ന്യായമായതായിരിക്കണം. സ്വന്തമായി വിവാഹച്ചെലവ് താങ്ങാന്‍കഴിയാത്ത മകളുടെ കാര്യത്തിലേ ഇത് ബാധകമാകുകയുള്ളൂ. ചെലവ് താങ്ങാന്‍കഴിയുന്ന അച്ഛനെതിരെ മാത്രമേ ഈ വിധി നടപ്പാക്കാനും കഴിയൂ- കോടതി വിശദമാക്കി. ഹിന്ദുനിയമം ഇക്കാര്യത്തില്‍ വ്യക്തമാണ്. മകളുടെ വിവാഹച്ചെലവ് ജീവനാംശത്തിന്റെ പരിധിയില്‍ നിയമംതന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ഈ നിയമം ജീവനാംശത്തെ പാര്‍ലമെന്റ് ഏതുതരത്തില്‍ കാണുന്നുവെന്ന് വ്യക്തമാക്കുന്നു. ഹിന്ദുപിതാവും മുസ്ലിംപിതാവും ഇന്ത്യന്‍സമൂഹത്തിലാണ് ജീവിക്കുന്നത്. ധാര്‍മികതലത്തില്‍ മക്കളോടുള്ള അവരുടെ കടമയും ഉത്തരവാദിത്തവും ഒരേതലത്തിലാണ് സമൂഹം കാണുന്നത്. അതുകൊണ്ടുതന്നെ അനാവശ്യമായ വ്യാഖ്യാനത്തിലൂടെ മുസ്ലിംപിതാവിനെ ഈ ഉത്തരവാദിത്തത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കാരണമില്ല. എന്നു മാത്രമല്ല, മകളെ/സ്ത്രീയെ സംരക്ഷിക്കേണ്ട പുരുഷന്റെ ചുമതലയെപ്പറ്റി ഇസ്ലാംമതഗ്രന്ഥങ്ങള്‍ വ്യക്തമായിത്തന്നെ പരാമര്‍ശിക്കുന്നുമുണ്ട്- വിധിന്യായത്തില്‍ പറഞ്ഞു. ചുരുക്കത്തില്‍ മകളെ സംരക്ഷിക്കുക എന്നതിനര്‍ഥം അവളുടെ വിവാഹച്ചെലവുകള്‍കൂടി വഹിക്കണം എന്നുതന്നെയാണ്. ഹിന്ദുവായാലും മുസ്ലീമായാലും ക്രിസ്ത്യാനിയായാലും ഇത് അച്ഛന്റെ ഉത്തരവാദിത്തമാണ്. മക്കളെ സംരക്ഷിക്കുക എന്നത് ഈ സമുദായങ്ങളുടെയെല്ലാം വ്യക്തിനിയമങ്ങള്‍ അനുശാസിക്കുന്ന കാര്യവുമാണ്. വ്യക്തിനിയമങ്ങളെ അവഗണിച്ചാല്‍പോലും ഭരണഘടനയുടെ 44-ാം അനുച്ഛേദ (ഒരു പൊതു സിവില്‍ കോഡിനായി ഭരണസംവിധാനം പ്രയത്നിക്കണമെന്ന് നിര്‍ദേശിക്കുന്ന അനുഛേദമാണിത്)ത്തിന്റെ സത്ത ഉള്‍ക്കൊണ്ട് കോടതിക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാവുന്നതാണ്. മതനിരപേക്ഷ ഇന്ത്യയില്‍ ജീവനാംശം എന്നത്, ഏതു മതക്കാരനായാലും ഓരോ ഇന്ത്യന്‍ പൗരനും ഒരേതരത്തില്‍ത്തന്നെ ബാധകമാകണം- കോടതി വിധിച്ചു.

സ്ത്രീ സപ്ലിമെന്റ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ