ഞായറാഴ്‌ച, ഒക്‌ടോബർ 23, 2011

കോച്ച് സ്ത്രീ ആയാല്‍...?
അഡ്വ. കെ ആര്‍ ദീപ

കളികള്‍ക്ക് പരിശീലനം നല്‍കുന്നയാള്‍ എന്നര്‍ത്ഥമുള്ള 'കോച്ച്' എന്ന ഇംഗ്ളീഷ് വാക്ക് പുരുഷനെ മാത്രം ഉദ്ദേശിച്ചുള്ളതോ? ആണെന്ന വാദവുമായി ഒരുകേസുണ്ടായി. 2003ല്‍ കേരള ഹൈക്കോടതിയില്‍ പരിഗണനയ്ക്കുവന്ന കേസിലായിരുന്നു കോച്ച് തസ്തിക പുരുഷനുള്ളതാണെന്നും സര്‍വ്വകലാശാലയില്‍ സ്ത്രീയെ കോച്ചായി നിയമിക്കാനാവില്ലെന്ന വാദം ഉയര്‍ന്നത്. നിയമങ്ങളിലും ചട്ടങ്ങളിലും കടന്നുകൂടുന്ന ലിംഗവിവേചനപരമായ വാക്കുകള്‍ മറയാക്കി സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍ നടക്കുന്ന ശ്രമങ്ങളിലൊന്നായിരുന്നു ആ കേസ്. ഏതായാലും വാദം കോടതിയില്‍ വിലപ്പോയില്ല. കേസ് തള്ളിപ്പോയി. സര്‍വ്വകലാശാലയുടെ വനിതാഫുട്ബോള്‍ ടീമിന് വനിതാകോച്ചിനെ
ലഭിക്കുകയും ചെയ്തു.


കേരളസര്‍വ്വകലാശാലയുടെ വനിതാഫുട്ബോള്‍ ടീമിന്റെ കോച്ച് നിയമനമാണ് കോടതി കയറിയത്. കോച്ചായി സ്ത്രീയെ നിയമിക്കാന്‍ യൂണിവേഴ്സിറ്റിക്ക് അധികാരമുണ്ടോ എന്നായിരുന്നു തര്‍ക്കം.  കോച്ചിന്റെ തസ്തിക സ്ത്രീകള്‍ക്കായി നീക്കിവച്ച് സര്‍വകലാശാല പരസ്യം ചെയ്തതിനെതിരെയായിരുന്നു റിട്ട് ഹര്‍ജി.

കേരള യൂണിവേഴ്സിറ്റിയിലെ ഒരുകൂട്ടം ഫുട്ബോള്‍ കോച്ചുമാരാണ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ചെയ്തത്. യൂണിവേഴ്സിറ്റി നിയമങ്ങളൊന്നും സ്ത്രീയെ കോച്ചായി നിയമിക്കാന്‍ അനുമതി നല്‍കുന്നില്ല. അതുകൊണ്ട് ഈ പരസ്യം ദുര്‍ബലപ്പെടുത്തണം. ഈ തസ്തികയിലേക്ക് വീണ്ടും അപേക്ഷ ക്ഷണിച്ച് പരസ്യപ്പെടുത്തണം- ഇതായിരുന്നു ആവശ്യം.
കേരള യൂണിവേഴ്സിറ്റിയില്‍ രണ്ട് വനിതാഫുട്ബോള്‍ ടീം മാത്രമേ ഉള്ളൂ. അതുകൊണ്ടുതന്നെ ഒരു വനിതാകോച്ച് അനാവശ്യമാണ്.  നിലവിലുള്ള യൂണിവേഴ്സിറ്റി നിയമങ്ങള്‍ ഇതിന് അധികാരം നല്‍കുന്നുമില്ല. ഇത്രയുംനാള്‍ പുരുഷന്മാര്‍ക്കു മാത്രമായ തസ്തികയായിരുന്നു അത്. പുതിയ നിയമനിര്‍മാണത്തിലൂടെയോ നിലവിലുള്ള ഓര്‍ഡിനന്‍സിന്റെ ഭേദഗതിയിലൂടെയോ മാത്രമേ ഇത്തരം തീരുമാനങ്ങള്‍ എടുക്കാവൂ- പരാതിക്കാര്‍ വാദിച്ചു.
എന്നാല്‍ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രത്യേകം വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താന്‍ ഇന്ത്യന്‍ ഭരണഘടനയുടെ 15(3) വകുപ്പ്  അനുവദിക്കുന്നുണ്ടെന്ന് സര്‍വകലാശാല ചൂണ്ടിക്കാട്ടി.  വനിതാഫുട്ബോള്‍ ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് വനിതാകോച്ചിനെ നിയമിച്ചിട്ടുള്ളത്. അവിടത്തെ പുരുഷകോച്ചിന്റെ പരിശീലനംകൊണ്ട് കാര്യമായ പുരോഗതിയില്ല. അതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തത്. മാത്രമല്ല പല വനിതാ ടീമുകളും വനിതാകോച്ചിനെ ആവശ്യപ്പെട്ടിട്ടുണ്ട്- യൂണിവേഴ്സിറ്റി വാദിച്ചു.

ആറു കോളേജുകളില്‍ വനിതാടീമുകളുണ്ടെന്ന് കോടതിയില്‍ വ്യക്തമാക്കപ്പെട്ടു. തനിക്ക് കോച്ചാകാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്ന് നിയമനം ലഭിച്ചയാള്‍ ചൂണ്ടിക്കാട്ട്ി. പൂര്‍വകാല സേവനത്തിന്റെ റെക്കോഡുകളും തന്റെ യോഗ്യത തെളിയിക്കുന്നുണ്ട്. വനിതാഫുട്ബോളിനെ പ്രോത്സാഹിപ്പിക്കാനാണ് യൂണിവേഴ്സിറ്റി ഇങ്ങനെയൊരു തീരുമാനമെടുത്തത്-അവര്‍ വാദിച്ചു. .
സിംഗിള്‍ ബെഞ്ച് കേസില്‍ വാദംകേട്ടു. യൂണിവേഴ്സിറ്റി നിയമം 36-ാം വകുപ്പ് ചില വിഷയങ്ങളിലെ നിയമനിര്‍മാണത്തിന് യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റിന് അധികാരം നല്‍കുന്നു. എന്നാല്‍ സര്‍വകലാശാലയിലെ വനിതാഫുട്ബോള്‍ ടീമിന് വനിതാകോച്ചിനെ നിയമിക്കാന്‍ സര്‍വകലാശാല ഇത്തരത്തില്‍ നിയമഭേദഗതി കൊണ്ടുവരേണ്ട ഒരാവശ്യവും കാണുന്നില്ല- ജസ്റ്റിസ് എ കെ ബഷീര്‍ വ്യക്തമാക്കി. യൂണിവേഴ്സിറ്റി ഒന്നാം ഓര്‍ഡിനന്‍സ് (1978) അനുസരിച്ച് കോച്ചുമാരുടെ യോഗ്യത വ്യവസ്ഥചെയ്തിട്ടുണ്ട്. എന്നാല്‍ അത് ഭേദഗതിചെയ്ത്, വനിതാകോച്ച് എന്ന് കൂട്ടിച്ചേര്‍ക്കാതെ വനിതകളെ കോച്ചായി നിയമിക്കാനാവില്ല എന്ന വാദം  ജസ്റ്റിസ് ബഷീര്‍ തള്ളിക്കളഞ്ഞു. കോച്ച് എന്നാല്‍ സ്ത്രീയോ പുരുഷനോ ആവാമെന്ന് അദ്ദേഹം വ്യക്തമാക്കി. വനിതാകോച്ചിനെ നിയമിക്കുന്നത് വനിതാടീമിന് ഒരു പുതിയ ആവേശം നല്‍കാനാണെന്ന് യൂണിവേഴ്സിറ്റി ഫയല്‍ ചെയ്ത പത്രികയില്‍ പറയുന്നുണ്ട്. അത് വളരെ ശരിയും നിയമാനുസൃതവുമായ കാര്യമാണ്. ഈ സാഹചര്യത്തില്‍ നിയമനം തികച്ചും നീതീകരിക്കാവുന്ന തീരുമാനമാണ്.

കോച്ച് എന്നാല്‍ പുരുഷനായ കോച്ച് എന്ന രീതിയിലുള്ള നിര്‍വചനത്തിനു പിറകിലെ വികാരം വളരെ ഇടുങ്ങിയ ലിംഗവിവേചനമാണ്. അത് ന്യായീകരിക്കത്തക്കതല്ല- കോടതി അഭിപ്രായപ്പെട്ടു. റിട്ട് ഹര്‍ജിയിലെ വാദങ്ങള്‍ നിലനില്‍ക്കത്തക്കതല്ലാത്തതിനാല്‍ കോടതി കേസ് തള്ളി ഉത്തരവായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ