ഞായറാഴ്‌ച, ഒക്‌ടോബർ 23, 2011

വിവാഹം നിയമപരമാകാന്‍
അഡ്വ. കെ ആര്‍ ദീപ

വിവാഹം കഴിച്ചോ കഴിക്കാതെയോ പ്രായപൂര്‍ത്തിയായ സ്ത്രീയ്ക്കും പുരുഷനും ഒന്നിച്ചുകഴിയാന്‍ ഇന്ന് തടസ്സങ്ങളില്ല. എന്നാല്‍ ഈ ദാമ്പത്യത്തിന് നിയമപരിരക്ഷ ആഗ്രഹിക്കുന്നവര്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിവരും. 'സ്ത്രീ'യിലേക്ക് വിവാഹ നിയമത്തെപ്പറ്റി സംശയമുന്നയിച്ച് എഴുതിക്കിട്ടിയ ചോദ്യങ്ങള്‍ക്ക് പൊതുവിലുള്ള ഉത്തരങ്ങളാണിവിടെ. ഹിന്ദുവിവാഹ നിയമത്തിലെ വ്യവസ്ഥകള്‍ മാത്രം ആധാരമാക്കിയാണ് കുറിപ്പ്. സിഖ്- ജൈന-ബുദ്ധ മതക്കാര്‍ക്കും ഈ നിയമം ബാധകമാണ്.

? ഹിന്ദു വിവാഹനിയമത്തിന്റെ പരിധിയില്‍ ആരൊക്കെയാണ് ഹിന്ദുക്കള്‍.
= ക്രിസ്ത്യാനികളും മുസ്ളിങ്ങളും പാഴ്സികളും ജൂതരുമല്ലാത്ത എല്ലാവരെയും ഹിന്ദുക്കളായാണ് ഹിന്ദു വിവാഹ, വിവാഹമോചന, പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ കണക്കിലെടുക്കുന്നത്. സിഖ്- ജൈന-ബുദ്ധ മതക്കാരും അതിനാല്‍ ഹിന്ദു നിയമത്തിന്റെ പരിധിയില്‍വരും.
? എന്താണ് ശരിയായ ഹിന്ദുവിവാഹം.
= വധുവിന്റെയോ വരന്റെയോ ജാതിവിഭാഗത്തിന്റെ ആചാരപ്രകാരമായിരിക്കണം വിവാഹം നടന്നത്. ആചാരങ്ങള്‍ കൃത്യമായി പാലിച്ചിരിക്കുകയും വേണം. സപ്തപദി വേണമെന്ന് ആചാരത്തിലുണ്ടെങ്കില്‍ ചടങ്ങില്‍ അത് പാലിക്കണം. വേദിയിലെ ഹോമകുണ്ഡത്തിനു ചുറ്റും ഏഴുതവണതന്നെ വരനും വധുവും നടന്നേതീരൂ.
? ഹിന്ദുക്കള്‍ക്ക് മതാചാരപ്രകാരമല്ലാത്ത വിവാഹം കഴിക്കാനും നിയമത്തിലെ മറ്റ് വ്യവസ്ഥകള്‍ ബാധകമാകുംവിധം ഹിന്ദുവായി തുടരാനും കഴിയില്ലേ.
= കഴിയും. അതിനായി സിവില്‍ വിവാഹം (രജിസ്റ്റര്‍ വിവാഹമെന്ന് നാട്ടുഭാഷ) കഴിക്കാം. വിവാഹരജിസ്ട്രാര്‍ക്ക് ആദ്യം അറിയിപ്പ് നല്‍കണം. വധുവിന്റെയോ വരന്റെയോ വീടു നില്‍ക്കുന്ന പ്രദേശത്തെ രജിസ്ട്രാറാകണം. രജിസ്ട്രാര്‍ വിവാഹവിവരം പബ്ളിക് നോട്ടീസായി പ്രസിദ്ധീകരിക്കും. 30 ദിവസം എതിര്‍പ്പുകള്‍ പരിഗണിക്കാനായി സമയം നല്‍കും. സാധുവായ എതിര്‍പ്പുകള്‍ ഇല്ലെങ്കില്‍ മൂന്നു സാക്ഷികളുടെ സാന്നിധ്യത്തില്‍ ഒരു പ്രഖ്യാപനം ഒപ്പുവെച്ച് വിവാഹിതരാകാം. ഒരു സര്‍ട്ടിഫിക്കറ്റും രജിസ്ട്രാര്‍ നല്‍കും. 1954 ലെ സ്പെഷല്‍ മാര്യേജസ് ആക്ടിലാണ് ഈ വ്യവസ്ഥകളുള്ളത്. ഇങ്ങനെ വിവാഹിതരാകുന്നവര്‍ക്കും അവര്‍ ഇരുവരും ഹിന്ദുക്കളാണെങ്കില്‍ ഹിന്ദു വ്യക്തിനിയമത്തിലെ വ്യവസ്ഥകളൊക്കെ ബാധകമായിരിക്കും.
? ഹിന്ദു വിവാഹനിയമപ്രകാരം സാധുവായ വിവാഹത്തിനുള്ള വ്യവസ്ഥകള്‍ എന്തൊക്കെയാണ്.
= * വധൂവരന്മാര്‍ വിവാഹം കഴിച്ചവരാകാന്‍ പാടില്ല. മുമ്പ് വിവാഹിതരായിട്ടുണ്ടെങ്കില്‍  നിയമപ്രകാരം വിവാഹമോചനം നേടിയിരിക്കണം.
* വിവാഹപ്രായമുണ്ടായിരിക്കണം. വധുവിന് 18 ഉം വരന് 21 ഉം വയസ്സ് തികഞ്ഞിരിക്കണം.
* സ്വയം വിവാഹത്തിനു സമ്മതിക്കാന്‍ ശേഷിയുള്ളവരാകണം ഇരുവരും. എന്തെങ്കിലും മാനസികരോഗം ഉള്ളവരാകാനും പാടില്ല.
* ചില ബന്ധുക്കള്‍ തമ്മില്‍ വിവാഹം പാടില്ല. ഈ ബന്ധുത്വങ്ങള്‍ നിയമത്തില്‍ വിശദീകരിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള വിവാഹങ്ങള്‍ക്ക് ഒരു സമുദായത്തില്‍ ആചാരപരമായ വിലക്കില്ലെന്നു തെളിയിക്കാന്‍ കഴിഞ്ഞാല്‍ അവര്‍ക്ക് വിവാഹം കഴിക്കാം.
? ഈ വ്യവസ്ഥകള്‍ പാലിക്കാത്ത വിവാഹത്തിന്റെ സാധുതയെന്താണ്.
= ഒരു സാധുതയും ഇല്ല. അത്തരത്തിലുള്ള വിവാഹം നടന്നതായി നിയമപ്രകാരം കണക്കാക്കില്ല. ആര്‍ക്കും കോടതിയെ സമീപിച്ച് കാര്യം തെളിയിച്ചാല്‍ ആ വിവാഹം അസാധുവായി പ്രഖ്യാപിച്ച് ഉത്തരവ് നേടാം. എന്നാല്‍ ആരും കോടതിയില്‍ പോകുന്നില്ലെങ്കില്‍ വിവാഹം സാധുവായി തുടരും.
? ഒരു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയോ രേഖകളില്‍ കൃത്രിമം നടത്തി തെറ്റിദ്ധരിപ്പിച്ച് ഒരാള്‍ വിവാഹം കഴിക്കുകയോ ചെയ്താല്‍ പെണ്‍കുട്ടിക്ക് എന്തുചെയ്യാനാകും.
= അത്തരം വിവാഹങ്ങള്‍ അസാധുവാക്കാന്‍ കഴിയും. പക്ഷേ ഒരുവര്‍ഷത്തിനകം കോടതിയെ സമീപിക്കണം. സ്വന്തം ഇഷ്ടപ്രകാരമല്ല ഭര്‍ത്താവിനൊപ്പം കഴിഞ്ഞതെന്ന് തെളിയിക്കാനാകണം. എന്തെങ്കിലും ക്രമക്കേടുള്ളതായി കണ്ടെത്തുന്ന കേസില്‍, കണ്ടെത്തി ഒരുവര്‍ഷത്തിനകമാണ് പരാതി നല്‍കേണ്ടത്. വിവാഹിതയാകുമ്പോള്‍ ഒരു സ്ത്രീ മറ്റൊരാളില്‍നിന്ന് ഗര്‍ഭിണിയായിരുന്നു എന്ന് തെളിയിക്കാനായാല്‍ ഭര്‍ത്താവിനും വിവാഹം അസാധുവാക്കിക്കാം. ഈ പരാതിയും വിവാഹത്തീയതിമുതല്‍ ഒരുവര്‍ഷത്തിനകം നല്‍കണം.
? ഹിന്ദു വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമോ.
= ഹിന്ദു വിവാഹങ്ങള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് ഇപ്പോള്‍ ചട്ടമുണ്ട്. മുമ്പും രജിസ്റ്റര്‍ ചെയ്യാമായിരുന്നു എന്നാല്‍ നിര്‍ബ്ബന്ധിതമായിരുന്നില്ല. (വിവാഹ രജിസ്ട്രേഷന്‍ ചട്ടങ്ങളെപ്പറ്റി പിന്നീട്.)
? ഹിന്ദുനിയമപ്രകാരം വിവാഹം കഴിഞ്ഞശേഷം ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കാന്‍ ശ്രമിച്ചാല്‍ ഭാര്യക്ക് എന്തു ചെയ്യാനാകും.
= പ്രഥമദൃഷ്ട്യാ തെളിവു കിട്ടിയാല്‍ പൊലീസില്‍ ക്രിമിനല്‍ പരാതി നല്‍കാം. വിവാഹം പൊലീസിന് തടയാം. പിന്നെയും വിവാഹനീക്കവുമായി ഭര്‍ത്താവ് മുന്നോട്ടുപോയാല്‍ കോടതിയില്‍നിന്ന് നിരോധനോത്തരവ് (injunction) നേടാം. വിവാഹം നടന്നുപോയാല്‍ അസാധുവായി പ്രഖ്യാപിക്കാന്‍ പരാതി നല്‍കുകയുമാകാം. പക്ഷേ രണ്ടാം വിവാഹം നിയമപ്രകാരമല്ല നടന്നതെങ്കില്‍ തെളിയിക്കാന്‍ പ്രയാസമാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ