ഞായറാഴ്‌ച, ഒക്‌ടോബർ 23, 2011

സ്ത്രീധനം: നിയമം കര്‍ക്കശം,
പരാതിയില്ലാതെയും കേസെടുക്കാം

അഡ്വ. കെ ആര്‍ ദീപ
ഒരു വിവാഹത്തില്‍ ഒരുകൂട്ടര്‍ മറ്റേ കൂട്ടര്‍ക്ക് നല്‍കുകയോ നല്‍കാമെന്നു സമ്മതിക്കുകയോ ചെയ്യുന്ന സ്വത്തോ മറ്റെന്തെങ്കിലും സാധനങ്ങളോ സ്ത്രീധനനിരോധന നിയമത്തിലെ നിര്‍വചനപ്രകാരം സ്ത്രീധനമാകും. സ്ത്രീധനം വധൂവരന്മാരുടെ മാതാപിതാക്കളോ മറ്റാരെങ്കിലുമോ നല്‍കുന്നതാകാം. വിവാഹവുമായി ബന്ധപ്പെടുത്തി വിവാഹത്തിനു മുമ്പോ ശേഷമോ കൊടുക്കുന്നതുമാകാം.
സാധാരണ വധുവിന്റെ വീട്ടുകാരാണ് സ്ത്രീധനം നല്‍കുന്നതെങ്കിലും ചില വിഭാഗങ്ങള്‍ക്കിടയില്‍ മറിച്ചുള്ള രീതിയും നിലനില്‍ക്കുന്നതിനാല്‍ നിയമത്തില്‍ വിവാഹവുമായി ബന്ധപ്പെടുത്തി കൈമാറുന്ന ഏതു തരത്തിലുള്ള സ്വത്തുംപണവും സ്ത്രീധന (dowry)ത്തിന്റെ നിര്‍വചനത്തില്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മുസ്ളിം വ്യക്തിനിയമം (ശരിഅത്ത്) ബാധകമായവര്‍ നല്‍കുന്ന മഹര്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരില്ല.
സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്നവരെ അഞ്ചുവര്‍ഷത്തില്‍ കുറയാത്ത തടവിനും 15,000 രൂപയില്‍ കുറയാത്ത പിഴയ്ക്കും ശിക്ഷിക്കാം.
വിവാഹവേളയില്‍ സമ്മാനമായി വധുവിന്റെയോ വരന്റെയോ വീട്ടുകാര്‍ നല്‍കുന്ന സാധനങ്ങള്‍ നിയമത്തിന്റെ പരിധിയില്‍ വരില്ല. എന്നാല്‍ ഈ സമ്മാനങ്ങള്‍ ചോദിച്ചുവാങ്ങിയതാകരുത്. സമ്മാനങ്ങളുടെ പട്ടിക പ്രത്യേകം തയ്യാറാക്കിവെക്കുകയും വേണം. ഇതെങ്ങനെ തയ്യാറാക്കണമെന്ന് ചട്ടമുണ്ട്. എഴുതി തയ്യാറാക്കുന്ന ലിസ്റ്റില്‍ ഓരോന്നും തന്നത് ആര്, അവരുമായുള്ള ബന്ധം, സാധനത്തിന്റെ വില തുടങ്ങിയ വിവരങ്ങള്‍ ഉണ്ടാകണം. വരനും വധുവും പട്ടികയില്‍ ഒപ്പുവെക്കണമെന്ന്  വ്യവസ്ഥയുണ്ട്. ഈ സമ്മാനങ്ങള്‍ നല്‍കുന്നവരുടെയോ വാങ്ങുന്നവരുടെയോ സാമ്പത്തികനിലവാരമനുസരിച്ച് അമിതമൂല്യമുള്ളതാകരുത്. ആചാരപരമായ രീതി എന്ന നിലയിലാകണം ഈ സമ്മാനം നല്‍കുന്നത് എന്നു നിയമം പറയുന്നു.
സ്ത്രീധനം ചോദിച്ചതായി തെളിഞ്ഞാലും ശിക്ഷയുണ്ട്. നേരിട്ടോ അല്ലാതെയോ സ്ത്രീധനം ആവശ്യപ്പെടുന്നവരെ ആറുമാസംമുതല്‍ രണ്ടുകൊല്ലംവരെ തടവിനും 10,000 രൂപവരെ പിഴയ്ക്കും ശിക്ഷിക്കാം. ഒരാള്‍ സമ്പാദ്യത്തിന്റെ ഏതെങ്കിലും ഭാഗമോ പണമോ മകന്റെയോ മകളുടെയോ വിവാഹത്തിനുവേണ്ടി ചെലവാക്കുകയാണെന്ന് പരസ്യപ്പെടുത്തുന്നതും കുറ്റമാണ്. ഇതിനും ശിക്ഷ സ്ത്രീധനം ചോദിച്ചാല്‍ കിട്ടുന്നത്രതന്നെയാണ്.
സ്ത്രീധനം നല്‍കാമെന്നോ വാങ്ങാമെന്നോ വ്യവസ്ഥചെയ്തുണ്ടാക്കുന്ന ഏതു കരാറും അസാധുവാണെന്നും നിയമം വ്യക്തമാക്കുന്നു. ഏതെങ്കിലും തരത്തില്‍ സ്ത്രീധനം കയ്യില്‍ വന്നുപെട്ടാല്‍ അത് വരന്റെ വീട്ടുകാര്‍ മൂന്നുമാസത്തിനകം വധുവിനു കൈമാറിയിരിക്കണം. ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് സ്ത്രീധനനിരോധന നിയമപ്രകാരമുള്ള കേസുകള്‍ പരിഗണിക്കേണ്ടതെന്നും വ്യവസ്ഥയുണ്ട്. കോടതിക്ക് നേരിട്ട് വിവരം ലഭിക്കുകയോ പൊലീസ് റിപ്പോര്‍ട്ട് കിട്ടുകയോ ചെയ്താല്‍ കേസെടുക്കാം. സ്ത്രീധനം ആരുടെ വിവാഹത്തിനാണോ കൊടുത്തത്, അവര്‍ക്കോ മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ പരാതി നല്‍കാം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരമുള്ള ക്ഷേമസംഘടനകള്‍ക്കും കോടതിയെ സമീപിക്കാം. ഈ നിയമപ്രകാരമുള്ള കേസുകളില്‍ ജാമ്യംകിട്ടില്ല. കുറ്റം ആരോപിക്കപ്പെട്ടാല്‍ ചെയ്തിട്ടില്ലെന്നു തെളിയിക്കേണ്ട ഉത്തരവാദിത്തം ആരോപിക്കപ്പെടുന്നവര്‍ക്കാണ്. നിയമം നടപ്പാക്കാനായി സ്ത്രീധനനിരോധന ഉദ്യോഗസ്ഥരെ (Dowry Prohibition Officers) സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയമിക്കാം. കേരളത്തില്‍ ഡെപ്യൂട്ടി കലക്ടര്‍, ആര്‍ഡിഒ, അസിസ്റ്റന്റ് കലക്ടര്‍ എന്നീ തസ്തികകളില്‍ കുറഞ്ഞ തസ്തികയിലുള്ളവരെ പ്രോഹിബിഷന്‍ ഓഫീസറാക്കാന്‍ പാടില്ലെന്ന് ചട്ടമുണ്ട്. സാമൂഹ്യക്ഷേമവകുപ്പിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനെ മുഖ്യ സ്ത്രീധന നിരോധന ഉദ്യോഗസ്ഥനായി (Chief Dowry Prohibition Officer)  നിയമിച്ച് സംസ്ഥാനത്താകെയുള്ള നിരോധന ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്.
സ്ത്രീധനപീഡനങ്ങള്‍ തടയാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലാണ് (IPC) പ്രത്യേക വകുപ്പ് ചേര്‍ത്തിട്ടുള്ളത്. IPC 304B എന്ന ഈ വകുപ്പ് 1986 നവംബര്‍ 19 മുതലാണ് നിയമത്തില്‍ വന്നത്. വിവാഹശേഷം ഏഴുവര്‍ഷത്തിനുള്ളില്‍ വിവാഹിത പരിക്കേറ്റോ പൊള്ളലേറ്റോ മരിച്ചാല്‍ ഈ വകുപ്പ് ബാധകമാകും. മരണത്തിനു തൊട്ടുമുമ്പ്, സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നതായി തെളിഞ്ഞാല്‍ ഇത്തരം മരണങ്ങള്‍ 'സ്ത്രീധനമരണം' (Dowry Death) ആയി കരുതി കേസെടുക്കാം. ഇത്തരം കേസുകളില്‍ കുറ്റം ആരോപിക്കപ്പെടുന്നവര്‍തന്നെ നിരപരാധിത്വം തെളിയിക്കണം. തെളിവുനിയമത്തില്‍ Indian Evidence Act) ഈ വ്യവസ്ഥയോടെ 113 ആ വകുപ്പ് ചേര്‍ത്തിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തംവരെ ശിക്ഷ കിട്ടും. കുറഞ്ഞത് ഏഴുവര്‍ഷവും. വിവാഹശേഷം ഏഴുവര്‍ഷത്തിനുള്ളില്‍ സ്ത്രീധനപീഡനംമൂലം സ്ത്രീ ആത്മഹത്യചെയ്താലും ഐപിസിയിലെ 304 ബി വകുപ്പനുസരിച്ച് കേസെടുക്കാം. ആത്മഹത്യ സ്ത്രീധനപീഡനം മൂലമെന്നു തെളിഞ്ഞാല്‍ പത്തുവര്‍ഷംവരെ ശിക്ഷ ലഭിക്കാം.

1 അഭിപ്രായം:

  1. ഒരു സംശയം.
    സ്ത്രീധനമെന്ന് ചോദിക്കുകയോ പറയുകയോ ചെയ്യാതെ, വധുവിനുള്ള സമ്മാനമെന്ന നിലയില്‍, അവരുടെ വീട്ടുകാര്‍ കൊടുക്കുന്ന സ്വര്‍ണ്ണം, കാറ് എന്നിവ, ( പിന്നീടു തര്‍ക്കമുണ്ടായാല്‍ ) സ്ത്രീധനമായി കണക്കാക്കുമോ? ഇങ്ങനെ കൊടുക്കുന്ന ആഭരണങ്ങളുടെ ലിസ്റ്റ് സൂക്ഷിച്ചില്ലെങ്കില്‍ എന്താണു സംഭവിക്കുക?

    മറുപടിഇല്ലാതാക്കൂ