- ദത്തെടുക്കാന്‍ ഒരുങ്ങുമ്പോള്‍
അഡ്വ. കെ ആര്‍ ദീപ - ദത്തെടുക്കല്‍ ഇന്ന് അപൂര്‍വ്വമല്ല. സ്വത്ത് സംരക്ഷിക്കാനും "പരമ്പര നിലനിര്‍ത്താനു"മൊക്കെ രഹസ്യമായി ചെയ്തിരുന്ന ഒന്നായിരുന്നു പണ്ട് ദത്തെടുക്കല്‍ . ഇന്നത് മാറി. കുട്ടി
കളില്ലാത്തവര്ക്ക് ഒരു കുഞ്ഞിനേയും കുഞ്ഞിന് ഒരു വീടും നല്‍കുന്ന ദത്തെടുക്കലിന് ഇന്ന് വ്യവസ്ഥാപിത മാര്‍ഗങ്ങളുണ്ട്. എന്നാല്‍ എല്ലാ മതവിഭാഗക്കാര്‍ക്കും ബാധകമായ ഒരു ഏകീകൃത ദത്തെടുക്കല്‍ നിയമം ഇന്ത്യയില്‍ ഇപ്പോഴും ഇല്ല. ദി ഹിന്ദു അഡോപ്ഷന്‍ ആന്റ് മെയിന്റനന്‍സ് ആക്ട് (Hindu Adoptions and Maintanance Act 1956) ആണ് ദത്തെടുക്കലിനായി മാത്രമുള്ള ഏക നിയമം. ഈ നിയമം ഹിന്ദുക്കള്‍ , ജൈനര്‍ , ബുദ്ധര്‍ , സിഖുകാര്‍ എന്നിവര്‍ക്ക് ബാധകം. ഈ നിയമപ്രകാരം ഒരാള്‍ക്ക് ഒരാണ്‍കുഞ്ഞിനേയും പെണ്‍കുഞ്ഞിനേയും മാത്രമേ ദത്തെടുക്കാനാവൂ. സ്വന്തമായി ഒരു ആണ്‍കുട്ടി/ദത്തെടുത്ത ആണ്‍കുട്ടി ഉണ്ടെങ്കില്‍ പിന്നീട് ദത്തെടുക്കാന്‍ അനുവദിക്കുന്നത് പെണ്‍കുട്ടിയെ മാത്രമായിരിക്കും. ദി ഗാര്‍ഡിയന്‍സ് ആന്‍ഡ് വാര്‍ഡ്സ് ആക്ട് (The Guardians and Wards Act 1890) ആണ് ഹിന്ദുക്കളല്ലാത്തവരുടെ കാര്യത്തില്‍ ദത്തെടുക്കലിനായി ഉപയോഗിക്കുന്നത്. ക്രിസ്ത്യാനികള്‍ , പാഴ്സികള്‍ , മുസ്ളീം, ജൂതന്മാര്‍ എന്നിവര്‍ക്ക് ഈ നിയമപ്രകാരം ദത്തെടുക്കാം. എന്നാല്‍ ഈ നിയമം കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഒന്നല്ല. വീട്ടിലെ കുഞ്ഞിനുള്ള അതേ പദവി ഈ നിയമം കുട്ടിക്ക് നല്‍കുന്നില്ല. ഒരു രക്ഷകര്‍ത്തൃബന്ധം മാത്രമാണുണ്ടാകുക. കുട്ടിക്ക് 18 വയസാകുമ്പോള്‍ മാതാപിതാക്കളെ വിട്ടുപോകേണ്ടി വരും. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ദത്തെടുക്കല്‍ ഇന്ത്യയില്‍ നടക്കുന്നത് ഈ ആക്ടിന്റെ കീഴിലാണ്. ജൂവനൈല്‍ ജസ്റ്റീസ് കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ആക്ടാ (Juvenile Justice (Care and Protection of Children) Act 2000)ണ് ദത്തെടുക്കലിന് ബാധകമായ മറ്റൊരു നിയമം.
എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും നിയമം ബാധകമാണ്. ഒരേ ലിംഗത്തിലുള്ള രണ്ടു കുട്ടികളെ ഈ നിയമപ്രകാരം ദത്തെടുക്കാം. രക്ഷകര്‍ത്താവും രക്ഷകര്‍ത്താവിന്റെ സംരക്ഷണയിലുള്ള കുട്ടിയും എന്ന സ്ഥാനം അല്ലാതെ മാതാപിതാക്കളും കുട്ടിയും എന്ന സ്ഥാനം നല്‍കുന്നു. സ്വന്തം കുഞ്ഞിനുള്ള അതേ അവകാശം ദത്തെടുത്ത കുഞ്ഞിനും ഈ നിയമം നല്‍കുന്നു. വ്യക്തികള്‍ക്കും ദമ്പതിമാര്‍ക്കും ദത്തെടുക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. വിവാഹശേഷം മൂന്നു വര്‍ഷം ഒന്നിച്ചു ജീവിക്കുന്ന ദമ്പതിമാര്‍ക്കും അവിവാഹിതര്‍ , വിധവകള്‍ , വിഭാര്യര്‍ , വിവാഹമോചിതര്‍ തുടങ്ങിയവര്‍ക്കും ദത്തെടുക്കാം. കുട്ടികളുണ്ടാവാത്ത ദമ്പതിമാര്‍ക്ക് മുന്‍ഗണന ലഭിക്കും. സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സി(CARA)യാണ് ദത്തെടുക്കലിന് മാര്‍ഗനിര്‍ദേശങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ വകുപ്പിന് കീഴിലുള്ള സ്ത്രീകളുടേയും കുട്ടികളുടേയും സ്വയംഭരണസ്ഥാപനമാണിത്. ദത്തെടുക്കല്‍ സംബന്ധമായ കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര അതോറിറ്റിയായും നോഡല്‍ സ്ഥാപനമായും ഇത് പ്രവര്‍ത്തിക്കുന്നു. ഇവര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ച് ദമ്പതിമാരുടെ പ്രായം കൂട്ടിയാല്‍ തൊണ്ണൂറ് കവിയാന്‍ പാടില്ല. ഓരോരുത്തരുടെയും പ്രായം നാല്പത്തഞ്ച് കടക്കുകയുമരുത്. (അംഗീകൃത ഏജന്‍സിയുടെ കുടുംബപഠന റിപ്പോര്‍ട്ട് പ്രകാരം ഇതില്‍ ഇളവ് നല്‍കാമെങ്കിലും ദമ്പതിമാരില്‍ ഒരാള്‍ക്കും അമ്പത്തഞ്ചിനപ്പുറം പ്രായം പാടില്ല.) ദമ്പതികളില്‍ ഒരാളെങ്കിലും പത്താംതരം പാസാവണം എന്നൊരു നിബന്ധന കേരളത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇതിലും ഇളവിന് വ്യവസ്ഥയുണ്ട്. ദമ്പതിമാര്‍ക്ക് സ്വന്തമായി വീടോ അല്ലെങ്കില്‍ പ്രതിമാസം അയ്യായിരം രൂപയെങ്കിലും പ്രതിഫലം ലഭിക്കുന്ന ജോലിയോ ഉണ്ടാവണം. അവരുടെ ശാരീരികമാനസികാരോഗ്യനില തൃപ്തികരമാവണം. ദാമ്പത്യബന്ധം ദൃഢമാകണം. ഒറ്റരക്ഷാകര്‍ത്താവിന് ദത്തെടുക്കാന്‍ നിബന്ധനകള്‍ കൂടുതലുണ്ട്. വയസ്സ് നാല്പത്തഞ്ച് കഴിയാന്‍ പാടില്ല. മുപ്പതു വയസ്സായാലേ ദത്തെടുക്കാവൂ. ദത്തെടുക്കുന്നയാളും കുട്ടിയും തമ്മില്‍ ഇരുപത്തൊന്നു വയസ്സിന്റെ വ്യത്യാസം വേണം. സ്ത്രീകള്‍ക്ക് ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ദത്തെടുക്കാമെങ്കിലും പുരുഷന്മാര്‍ക്ക് ആണ്‍കുട്ടികളെ മാത്രമേ ദത്ത് നല്‍കൂ. ലൈംഗിക ചൂഷണവും മറ്റും തടയാനാണ് ഈ വ്യവസ്ഥ. സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സിയുടെ അംഗീകാരമുള്ള കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്താണ് ദത്തെടുക്കലിന്റെ നടപടിക്രമങ്ങള്‍ തുടങ്ങേണ്ടത്. രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ സോഷ്യല്‍വര്‍ക്കര്‍ കുടുംബ പഠന റിപ്പോര്‍ട്ട് തയ്യാറാക്കും. ദമ്പതിമാരെയും ബന്ധുക്കളെയും അയല്‍ക്കാരെയും കണ്ട് സംസാരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഈ റിപ്പോര്‍ട്ട് അനുകൂലമായാലേ മറ്റ് കാര്യങ്ങള്‍ നടക്കുകയുള്ളൂ. അനുകൂലമായാല്‍ കുഞ്ഞിനെ കാണാന്‍ അവസരം ലഭിക്കും.
ദത്തെടുക്കാന്‍ തീരുമാനിച്ചുകഴിഞ്ഞാല്‍ രേഖകള്‍ നല്‍കണം. രക്ഷിതാക്കളുടെ പ്രായം, വിദ്യാഭ്യാസയോഗ്യത, ആരോഗ്യം, വരുമാനം, സ്വത്ത് എന്നിവയൊക്കെ തെളിയിക്കണം. ജീവിതനിലവാരം സാക്ഷ്യപ്പെടുത്തി, രണ്ട് പ്രമുഖരുടെ സാക്ഷ്യപത്രം, കുട്ടിയെ സംരക്ഷിക്കാമെന്ന സത്യവാങ്മൂലം, കുടുംബ പഠന റിപ്പോര്‍ട്ട്, കുട്ടിയുടെ പേരില്‍ 25,000 രൂപയെങ്കിലും നിക്ഷേപിച്ചതിന്റെ രേഖ തുടങ്ങിയവയും അപേക്ഷകരുടെ ചിത്രങ്ങളും നല്‍കേണ്ടിവരും. സുപ്രീംകോടതിയുടേയും മാര്‍ഗ്ഗരേഖകള്‍ക്കനുസൃതമായി ദത്തെടുക്കലിന് ചെലവായ മൊത്തം തുക ബന്ധപ്പെട്ട ഏജന്‍സികള്‍ ദത്തെടുത്ത രക്ഷിതാക്കളില്‍ നിന്നും ഈടാക്കും. കുഞ്ഞ് ആ സ്ഥാപനത്തില്‍ ഉണ്ടായിരുന്ന കാലയളവിനനുസരിച്ച് ഒരു ദിവസം 50 രൂപ വീതം പരമാവധി 15,000 രൂപ വരെ ദത്തെടുക്കല്‍ കേന്ദ്രത്തിന് ഈടാക്കാം. ഈ സംഘടന കുട്ടിയുടെ ചികിത്സക്കായി പണം ചെലവഴിച്ചിട്ടുണ്ടെങ്കില്‍ ഈ പണവും ഈടാക്കാം. ഇത് 9000 രൂപ വരെ ആകാം. കൂടാതെ ഫാമിലി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള യാത്രാ ചെലവിനത്തില്‍ 1000 രൂപ അധികം നല്‍കേണ്ടി വരും. ചില സ്ഥാപനങ്ങള്‍ അഭിഭാഷകന് നല്‍കേണ്ട ഫീസും വാങ്ങും.
സ്ത്രീകളെ ബാധിക്കുന്ന നിയമപ്രശ്നങ്ങളെപ്പറ്റി പലപ്പോഴായി തയ്യാറാക്കിയ കുറിപ്പുകളാണിവിടെ....
വ്യാഴാഴ്‌ച, നവംബർ 24, 2011
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ