- മാനസികപീഡനം എങ്ങനെയൊക്കെ?
അഡ്വ. കെ ആര് ദീപ - വിവാഹമോചനം അപകടകരമായ എന്തോ ഒന്നാണ് എന്ന ധാരണ ഇന്ന് മാറിവരികയാണ്. സമൂഹത്തിനുമുന്നില്‍ മോശക്കാരായാലോ എന്ന വിചാരത്തില്‍ എന്തുംസഹിച്ച് കുടുംബം നിലനിര്‍ത്തുന്നവര്‍ കുറഞ്ഞുവരുന്നു. സ്ത്രീകള്‍ വിവാഹമോചനത്തിന് മുന്‍കൈ എടുക്കുന്നതും കൂടുന്നു. പലപ്പോഴും സാമൂഹിക നിബന്ധനകളുടെ ചട്ടക്കൂടില്‍നിന്ന് എന്തും സഹിക്കുക എന്ന നിലപാട് ഇന്ന് സ്ത്രീകള്‍ സ്വീകരിക്കുന്നില്ല. വിവാഹമോചനകേസുകള് കൂടിവരുന്നതാടെ മോചനത്തിന് ഇടയാക്കുന്ന കാരണങ്ങളും മാറിവരുന്നുണ്ട്. മാനസികപീഡനം വിവാഹമോചനത്തിന് കാരണമാക്കാം എന്നതു നിയമം. എന്നാല്‍ , മാനസികപീഡനത്തിന്റെ നിര്‍വചനം എങ്ങനെയാകണം?.
ഈ ചോദ്യത്തിനുകൂടി ഉത്തരം നല്‍കിക്കൊണ്ട് 2007 മാര്‍ച്ച് 26ന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചില്‍നിന്ന് വിധി വന്നു. കുട്ടി വേണ്ടെന്ന പിടിവാശി വിവാഹമോചനത്തിനു കാരണമാകാമോ എന്ന ചോദ്യമായിരുന്നു കേസിലെ മുഖ്യവിഷയം. എന്നാല്‍ , മാനസികപീഡനത്തിന്റെ പരിധിയില്‍ എന്തെല്ലാം പെടുത്താം എന്ന വിശദമായ പരിശോധനയാണ് കോടതി നടത്തിയത്. മാനസികപീഡനമാകാവുന്ന ചെയ്തികള്‍ വിധിയില്‍ വിവരിക്കുന്നുണ്ട്. എന്നാല്‍ , തുടര്‍ച്ചയായി നീണ്ട കാലയളവില്‍ ഉണ്ടായാല്‍മാത്രമേ ഇവയൊക്കെ പീഡനമായി കരുതാന്‍ കഴിയൂ എന്നും കോടതി വ്യക്തമാക്കുന്നു. ഭാര്യയോ ഭര്‍ത്താവോ കുട്ടി വേണ്ടെന്ന തീരുമാനം ഏകപക്ഷീയമായി സ്വീകരിക്കുന്നത് വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന് വിധിയില്‍ കോടതി വ്യക്തമാക്കി. ജീവിതപങ്കാളിയുടെ അറിവോ സമ്മതമോ ഇല്ലാതെ സന്താനോല്‍പ്പാദനനിരോധന ശസ്ത്രക്രിയയ്ക്ക് വിധേയമാകുക, ആരോഗ്യകാരണങ്ങള്‍ കൂടാതെ ഭര്‍ത്താവിന്റെ അനുവാദമില്ലാതെ ഗര്‍ഭഛിദ്രം നടത്തുക, ന്യായമായ കാരണമോ ആരോഗ്യപരമായ പ്രശ്നങ്ങളോ ഇല്ലാതെ ലൈംഗികബന്ധത്തിന് വിസമ്മതിക്കുക, കുട്ടി വേണ്ടെന്ന് ഏകപക്ഷീയമായി തീരുമാനിക്കുക, സ്ഥിരമായി അധിക്ഷേപിക്കുകയോ അവഗണിക്കുകയോ ചെയ്യുക, സ്വന്തം സന്തോഷത്തിനായുള്ള പരപീഡനം, കൈയേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്യുക, പങ്കാളിയുടെ ശാരീരികാരോഗ്യത്തെയും മാനസ്സികാരോഗ്യത്തെയും ബാധിക്കുന്ന വിധത്തില്‍ തുടര്‍ച്ചയായും അന്യായമായും പെരുമാറുക, മുറയ്ക്കുള്ള പരുക്കന്‍ പെരുമാറ്റവും അവഗണനയും തുടങ്ങിയവ മാനസ്സിക പീഡനമാണെന്ന് കോടതി വ്യക്തമാക്കി. ഇത്തരത്തിലുള്ള പീഡനങ്ങള്‍തന്നെ ഒറ്റപ്പെട്ടതാണെങ്കില്‍ അവ വിവാഹമോചനത്തിന് കാരണമാക്കാനാകില്ല. പെട്ടെന്നുണ്ടായ ദേഷ്യം കൊണ്ടോ ഇത്തരത്തിലുള്ള എന്തെങ്കിലും പെരുമാറ്റമുണ്ടായാലും അത് പീഡനമായി കരുതിക്കൂട. വിവാഹജീവിതത്തില്‍ കാലപ്പഴക്കംമൂലം ഉണ്ടാകുന്ന തകരാറുകളും വിവാഹമോചനത്തിന് ന്യായമായി കാണാനാകില്ല. അസൂയയും സ്വാര്‍ഥതയും മറ്റും മൂലമുണ്ടാകുന്ന സമ്മര്‍ദങ്ങളും പീഡനമായി കരുതിക്കൂടെന്ന് കോടതി വ്യക്തമാക്കി. മാനസികപീഡനത്തിന്റെ സങ്കല്‍പ്പങ്ങള്‍ സ്ഥിരമായി നില്‍ക്കുന്നതല്ലെന്ന് കോടതി പറഞ്ഞു. അത് കാലത്തിനനുസരിച്ച് മാറും. മാധ്യമങ്ങളിലൂടെ വരുന്ന ആധുനികസംസ്കാരം മൂല്യബോധത്തില്‍ വരുത്തുന്ന മാറ്റങ്ങളും പരിഗണിക്കണം. ഇന്ന് ക്രൂരതയായി കരുതുന്നത് നാളെ അങ്ങനെയല്ലെന്ന് വന്നേക്കാം. തിരിച്ചുമാകാം. ഇക്കാര്യത്തില്‍ എന്തെങ്കിലും തരത്തില്‍ കര്‍ക്കശസമീപനം സ്വീകരിക്കാനാവില്ല. നീണ്ടകാലത്തെ തുടര്‍ച്ചയായ മാനസികപീഡനംമൂലം കടുത്ത നിരാശയും തീവ്രമായ മാനസികവേദനയും മോഹഭംഗവും ഉണ്ടാകും. ഇത് വിവാഹമോചനത്തിന് ന്യായമായ കാരണമാണ്. ഇത്തരം കേസുകള്‍ പരിഗണിക്കുമ്പോള്‍ വിവാഹജീവിതം മൊത്തത്തില്‍ കണക്കിലെടുക്കണം. ഇരുവിഭാഗത്തെയും യോജിപ്പിക്കാന്‍ കോടതികള്‍ തീര്‍ച്ചയായും ശ്രമിക്കണം. പക്ഷേ, ഇനി പരിഹരിക്കാവുന്നതല്ല പ്രശ്നം എന്നു കണ്ടുകഴിഞ്ഞാല്‍ പിന്നീട് വിവാഹമോചനം അനുവദിക്കാന്‍ കോടതികള്‍ മടിക്കരുത്. മുന്നോട്ടുപോകാനാവില്ലെന്ന് ബോധ്യമായ ഒരു ബന്ധം നിയമത്തിന്റെ പേരില്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് ഇരുകൂട്ടര്‍ക്കും കൂടുതല്‍ ദുരിതത്തിനേ ഇടയാക്കൂകയുള്ളൂ- കോടതി ചൂണ്ടിക്കാട്ടി.
ബംഗാളിലെ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസിലാണ് ജഡ്ജിമാരായ ബി എന്‍ അഗര്‍വാള്‍ , പി പി നവ്ലോക്കര്‍ , ദല്‍വീര്‍ ഭണ്ഡാരി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ വിധിയുണ്ടായത്. ഐഎഎസുകാരി ജയയ്ക്ക് ആദ്യവിവാഹത്തില്‍ ഒരു മകളുണ്ട്. വിവാഹമോചനത്തിനുശേഷം അവര്‍ ഐഎഎസുകാരനായ സമര്‍ഘോഷിനെ വിവാഹം കഴിച്ചു. എന്നാല്‍ , ദാമ്പത്യബന്ധം പുലര്‍ത്താന്‍ ജയ വിസമ്മതിക്കുന്നതായി സമര് പറയുന്നു. മകളോട് ഇടപഴകുന്നതില്‍നിന്നും അയാളെ വിലക്കിയിരുന്നു. സമര് കൊല്‍ക്കത്തയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്കി. ആരോപണങ്ങള്‍ ജയ നിഷേധിച്ചു. എന്നാല്‍ , കോടതി മാനസികപീഡനം അംഗീകരിച്ച് വിവാഹമോചനം അനുവദിച്ചു. എന്നാല്‍ , ജയ നല്കിയ അപ്പീല്‍ പരിഗണിച്ച കൊല്‍ക്കത്ത ഹൈക്കോടതി ഈ വിധി റദ്ദാക്കി. ഇതിനെതിരെ സമര് നല്കിയ അപ്പീലാണ് സുപ്രീംകോടതിയിലെത്തിയത്. ഇക്കാര്യത്തില്‍ ജയ ഒരു ഐഎഎസ് ഓഫീസറാണെന്നതിന് അമിത പ്രാധാന്യം നല്‍കിയാണ് ഹൈക്കോടതി കേസ് പരിഗണിച്ചതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജയ സമറിനെ മാനസ്സികമായി പീഡിപ്പിച്ചുവെന്നത് വ്യക്തമാണ്. ഒത്തുതീര്‍പ്പിന് സാധ്യതയില്ലാതെ അവര്‍ ഏറെക്കാലമായി അകന്നുകഴിയുകയുമാണ്. ഐഎഎസ് ഓഫീസറാണ് ഭാര്യ എന്നതിന് ഇക്കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കേണ്ട ആവശ്യമില്ല- വിധിയില്‍ വ്യക്തമാക്കി.
സ്ത്രീകളെ ബാധിക്കുന്ന നിയമപ്രശ്നങ്ങളെപ്പറ്റി പലപ്പോഴായി തയ്യാറാക്കിയ കുറിപ്പുകളാണിവിടെ....
ബുധനാഴ്ച, ഒക്ടോബർ 26, 2011
ഞായറാഴ്ച, ഒക്ടോബർ 23, 2011
പകലന്തിയോളം പണിയെടുക്കുന്ന വീട്ടമ്മയുടെ വേതനം എങ്ങനെ
നിശ്ചയിക്കും? നിയമ പുസ്തകങ്ങള്‍ ഈ ചോദ്യത്തിന് ഇപ്പോഴും
വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല.
എന്നാല്‍ 2001ല്‍ ഒരു നഷ്ട പരിഹാര കേസില്‍ സുപ്രീം കോടതി
വീട്ടമ്മയുടെ വേതനം നിശ്ചയിച്ചു. ഇന്നത്തെ നിലയില്‍
തുച്ഛമായ തുകയാണ് അന്ന് കോടതി നിശ്ചയിച്ചതെങ്കിലും
ഇന്നും പ്രസക്തി ഏറെയുള്ള ആ വിധിയെപ്പറ്റിയാണ് ഈ കുറിപ്പ്.

മരിച്ച കമ്പനിജീവനക്കാരുടെ കാര്യത്തില്‍ നഷ്ടപരിഹാരം നിര്‍ണയിക്കാന്‍ റിപ്പോര്‍ട്ടില്‍ സ്വീകരിച്ച മാനദണ്ഡങ്ങള്‍ കോടതി അംഗീകരിച്ചു. ഓരോരുത്തരുടെയും സര്‍വീസും ശമ്പളവുമായി ബന്ധപ്പെടുത്തി തുക നിശ്ചയിച്ചത് ശരിയായ രീതിയിലാണ്.
കുട്ടികള്‍ക്കായി ജ. ചന്ദ്രചൂഡ് നിശ്ചയിച്ച തുകയില്‍ ചെറിയ മാറ്റങ്ങള്‍ കോടതി വരുത്തി. അപകടത്തില്‍ മരിച്ച അഞ്ചിനും പത്തിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് രണ്ടുലക്ഷം രൂപവീതവും പത്തിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ കാര്യത്തില്‍ 4.10 ലക്ഷം രൂപവീതവും നല്‍കാനായിരുന്നു കോടതിവിധി.
വീട്ടമ്മമാരുടെ കാര്യവും കോടതി വിശദമായി പരിശോധിച്ചു. ഇവരുടെ കാര്യത്തില്‍ ഇവര്‍ എന്തെങ്കിലും വരുമാനമുണ്ടാക്കുന്നതായി രേഖകളില്ലെന്ന്കോടതികണ്ടു. അതുകൊണ്ട് അവര്‍ വീട്ടില്‍ ചെയ്യുന്ന സേവനത്തിന് ഒരു തുക നിശ്ചയിക്കുകയാണ് ജ.ചന്ദ്രചൂഡ് ചെയ്തത്. ചില സ്ത്രീകള്‍ പ്രതിവര്‍ഷം 12,000 രൂപയുടെയും മറ്റു ചിലര്‍ പതിനായിരം രൂപയുടെയും സേവനം ചെയ്യുന്നുണ്ടെന്നായിരുന്നു ചന്ദ്രചൂഡിന്റെ നിഗമനം. ഇത് വളരെ കുറവാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ഇത്രയും തുക കണക്കില്‍ വന്നാല്‍ പോരെന്ന് കോടതി കണ്ടു. വീട്ടുകാര്യങ്ങള്‍ മുഴുവന്‍ നോക്കുന്ന സ്ത്രീ ചെയ്യുന്ന വ്യത്യസ്തമായ ജോലികള്‍ക്ക് പ്രതിമാസം മൂവായിരം രൂപയെങ്കിലും തുക കണക്കാക്കണം. അപ്പോള്‍ പ്രതിവര്‍ഷ വരുമാനം 36,000 രൂപയാകും. 34നും 59നുമിടയില്‍ പ്രായമുള്ളവരുടെ കാര്യത്തിലാണ് ഈ കണക്ക് ബാധകം. 62നും 72നും ഇടയ്ക്ക് പ്രായമുള്ളവരും അപകടത്തില്‍ പെട്ടവരില്‍ ഉണ്ടായിരുന്നു. ഇവര്‍ക്ക് 10,000 രൂപയാണ് ജ.ചന്ദ്രചൂഡ് നിശ്ചയിച്ച പ്രതിവര്‍ഷ'കൂലി'. കോടതി ഇത് 20,000 രൂപയായി ഉയര്‍ത്തി. ഓരോരുത്തരും ജീവിക്കാനിടയുള്ള വര്‍ഷംകൊണ്ട് ഈ തുകയെ ഗുണിച്ചാണ് ഓരോരുത്തര്‍ക്കുമുള്ള നഷ്ടപരിഹാരത്തുക അന്തിമമായി നിര്‍ണയിച്ചത്. ഇതിനു പുറമെ 50,000 രൂപവീതം പൊതുനഷ്ടപരിഹാരമായും ഓരോരുത്തര്‍ക്കും നല്കാന് കോടതിവിധിച്ചു.
2001 ആഗസ്ത് 16നാണ് കേസില്‍ വിധി വന്നത്. ലത വാധ്വവേഴ്സസ് സ്റ്റേറ്റ് ഓഫ് ബിഹാര്‍ എന്ന ഈ കേസിലെ വിധി ഇന്ത്യയിലെ സ്ത്രീപക്ഷ വിധിന്യായങ്ങളില്‍ ഒന്നായി കരുതാം. വീട്ടുജോലി സ്ത്രീയുടെ കടമയാണെന്നു വിധിയെഴുതിയിട്ടുള്ള ഭാരതീയസമൂഹത്തില്‍ ഈ വിധി, വീട്ടിലെ സ്ത്രീയുടെ അധ്വാനത്തെ ആദ്യമായി, നിയമപരമായി അംഗീകരിക്കുകയായിരുന്നു. ജ. ജെ ബി പട്നായിക്ക്, ജ. ജി സി ബാനര്‍ജി, ജ. എസ് എന്‍ വരിയാവ എന്നിവരുള്‍പ്പെട്ട മൂന്നംഗ ബെഞ്ചിന്റെ ഈ വിധി പിന്നീട് നിരവധി അപകടനഷ്ടപരിഹാര കേസുകളില്‍ നഷ്ടപരിഹാര നിര്‍ണയത്തില്‍ വഴികാട്ടിയായി.
വീട്ടമ്മ ചെറിയ വീട്ടുജോലികള്‍ ചെയ്യാന്‍ പുറത്തുപോകുകകൂടി ചെയ്യുന്നുണ്ടെങ്കില്‍ അവരുടെ കാര്യത്തില്‍ നഷ്ടപരിഹാരം എങ്ങനെ നിര്‍ണയിക്കണം എന്ന പ്രശ്നം ഈ വിധിക്ക് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ദില്ലി ഹൈക്കോടതിയിലെത്തി. മധുര ദത്ത് എന്ന മുപ്പത്തഞ്ചുകാരിയുടെ ഭര്‍ത്താവാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ദില്ലി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ (ഡിടിസി) ബസില്‍നിന്ന് അവര്‍ ഇറങ്ങുംമുമ്പ് ബസ് വിട്ടു. തെറിച്ചുവീണ് അവര്‍ മരിച്ചു. പല വീടുകളിലായി ജോലിചെയ്ത് മധുരദത്ത് പ്രതിമാസം 300 രൂപ സമ്പാദിച്ചിരുന്നു.
മറ്റു വീടുകളില്‍ ജോലിചെയ്ത് 300 രൂപയാണ് സമ്പാദിക്കുന്നതെന്നു വ്യക്തമാണെന്നിരിക്കെ അതിനനുസൃതമായ നഷ്ടപരിഹാരമേ നല്‍കേണ്ടതുള്ളൂ എന്നായിരുന്നു ഡിടിസിയുടെ വാദം. എന്നാല്‍ കോടതി ഇതു തള്ളി. ലത വാധ്വകേസിലെ സുപ്രിംകോടതി വിധിയനുസരിച്ച് ഒരു വീട്ടമ്മ 34നും 59നും ഇടയ്ക്ക് പ്രായക്കാരിയാണെങ്കില് സ്വന്തം വീട്ടില്‍തന്നെ പ്രതിമാസം 3000 രൂപയുടെ ജോലി ചെയ്യുന്നതായി കണക്കാക്കാമെന്നു പറഞ്ഞിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പുറത്ത് ജോലിചെയ്തുണ്ടാക്കുന്ന വരുമാനം ഇതിനു പുറമെയാണ്. എങ്കിലും ഈ കേസില്‍ പുറത്തെ സമ്പാദ്യമായ 300 രൂപ കൂട്ടുന്നില്ല. എന്നാല്‍ അവര്‍ പ്രതിമാസം 3000 രൂപ സമ്പാദിക്കുന്നതായിത്തന്നെ കണക്കാക്കി നഷ്ടപരിഹാരം നല്‍കണം. പ്രതിവര്‍ഷം 36,000 രൂപ തോതില്‍ പതിനൊന്നു വര്‍ഷംകൂടി അവര്‍ ജീവിക്കുമായിരുന്നുവെന്നു കണക്കാക്കി അത്രയും കൊല്ലത്തേക്കുള്ള നഷ്ടപരിഹാരം നല്‍കണം- ജ. ആര് എസ് സോധി വിധിച്ചു.
- എങ്കില്‍ അവരെ വിവാഹിതരായി കരുതാം..
അഡ്വ. കെ ആര് ദീപ - രേഖയും തെളിവുമില്ലാത്ത വിവാഹബന്ധങ്ങള്‍ മിക്കപ്പോഴും വിനയാകുക സ്ത്രീക്കാണ്. വിവാഹം എന്ന സ്ഥാപനത്തെ നിഷേധിച്ച് ഒന്നിച്ച് താമസിക്കല്‍ (living together) മതി എന്ന പുരോഗമനചിന്ത സ്വീകരിക്കുന്നവരുടെ കാര്യത്തില്‍ ഇത് പ്രശ്നമാകേണ്ടതില്ല. മിക്കപ്പോഴും സ്വയം തീരുമാനമെടുക്കാനുള്ള കഴിവും ഭൗതികസാഹചര്യങ്ങളും ഉള്ളവരാണ് അത്തരം ജീവിതം തെരഞ്ഞെടുക്കുന്നത്. അങ്ങനെയൊരു ജീവിതകൂട്ടായ്മയില്‍ രേഖകളുടെയും സര്‍ട്ടിഫിക്കേറ്റിന്റെയും കെട്ടുപാടുകള്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അത്തരം ബന്ധങ്ങള്‍ നിയമതര്‍ക്കത്തിലെത്തിക്കാനും അവര്‍ മുതിരാറില്ല. അതുകൊണ്ട് അവരുടെ ഒന്നിച്ചുതാമസിക്കല്‍ അവരുടെ കാര്യമായി കരുതി സമൂഹത്തിന് മാറിനില്‍ക്കാം.
- എന്നാല്‍ , വിവാഹം നിയമപരമാണെന്ന് കരുതി ഒരു പുരുഷനൊപ്പം ദീര്‍ഘകാലം താമസിക്കുന്ന ഒരു സ്ത്രീ വിവാഹത്തിന് നിയമപിന്‍ബലമില്ലെന്ന കാരണത്താല്‍ പെട്ടെന്നൊരുദിനം തെരുവിലെറിയപ്പെട്ടാലോ?. ഇത് നമ്മുടെ സമൂഹത്തില്‍ അപൂര്‍വമല്ല. എന്തെങ്കിലും അവകാശത്തര്‍ക്കം വരുമ്പോള്‍ "അവര്‍ എന്റെ ഭാര്യയല്ല ആണെങ്കില്‍ തെളിവുകൊണ്ടുവരട്ടെ" എന്നൊരു പുരുഷനോ അയാളുടെ ബന്ധുക്കളോ പറഞ്ഞാല്‍ എന്തുചെയ്യാനാകും.?.
- പലപ്പോഴും ഉയരാറുള്ള നിയമപ്രശ്നമാണിത്. 2009ല്‍ ഇത്തരത്തിലൊരുകേസ് സുപ്രീംകോടതിയിലെത്തി. വര്‍ഷങ്ങളായി ഒരു സ്ത്രീയും പുരുഷനും ഒന്നിച്ചു താമസിക്കുകയും സമൂഹം അവരെ ഭാര്യാഭര്ത്താക്കന്മാരായി കരുതുകയും ചെയ്യുന്നെങ്കില്‍ അവരെ നിയമപരമായി വിവാഹിതരായവരായി കണക്കാക്കാമെന്ന് സുപ്രീംകോടതി അന്ന് വിധിച്ചു. ഇവര്‍ വിവാഹിതരല്ലെന്ന് ആര്‍ക്കെങ്കിലും വാദമുണ്ടെങ്കില്‍ അതു തെളിയിക്കേണ്ട ബാധ്യത വാദം ഉന്നയിക്കുന്നവര്‍ക്കാണെന്നും കോടതി വ്യക്തമാക്കി.
കര്‍ണാടക പവര്‍ കോര്പറേഷന് (കെപിസി) ജീവനക്കാരനായിരുന്ന കെ ടി സുബ്രഹ്മണ്യയുടെ മരണത്തെത്തുടര്‍ന്നുണ്ടായ അവകാശത്തര്‍ക്കമാണ് കോടതിയിലെത്തിയത്. സുബ്രഹ്മണ്യയുടെ അമ്മ ചല്ലമ്മ ഒരുവശത്തും ഭാര്യ തിലകയും രണ്ടു മക്കളും മറുവശത്തുമായാണ് തര്‍ക്കം വന്നത്. ഭാര്യയും മക്കളും പിന്തുടര്ച്ചാവകാശ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്കിയപ്പോള് അമ്മ അതിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. മകന് വിവാഹംകഴിച്ചിട്ടേയില്ലെന്നായിരുന്നു അവരുടെ വാദം. തര്‍ക്കം ആദ്യം സിവില്‍കോടതിയിലാണ് എത്തിയത്. വിവാഹം നടന്നു എന്നതിനു തെളിവായി ഒട്ടേറെ രേഖകള്‍ തിലകയ്ക്കുവേണ്ടി കീഴ്ക്കോടതിയില്‍ ഹാജരാക്കപ്പെട്ടിരുന്നു. വിവാഹിതര്‍ക്കുള്ള ക്വാര്‍ട്ടേഴ്സിലാണ് സുബ്രഹ്മണ്യയും തിലകയും നാലുകൊല്ലത്തോളം താമസിച്ചിരുന്നതെന്ന് കെപിസി ഉദ്യോഗസ്ഥരുടെ മൊഴിയില്‍നിന്നു വ്യക്തമായി.ഇത്തരമൊരു സാഹചര്യത്തില്‍ സുബ്രഹ്മണ്യയും തിലകയും വിവാഹിതരായിരുന്നതായി കരുതി പിന്തുടര്ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് നല്കാന് കീഴ്ക്കോടതി വിധിച്ചു. ഇതിനെതിരെ ചല്ലമ്മ ജില്ലാക്കോടതിയിലും കര്‍ണാടക ഹൈക്കോടതിയിലും നല്കിയ ഹര്‍ജികള്‍ തള്ളിപ്പോയി. തുടര്‍ന്നാണ് സുപ്രീംകോടതിയിലെത്തിയത്. 1955ലെ ഹിന്ദുവിവാഹനിയമപ്രകാരം സാധുവായ വിവാഹം നടന്നിട്ടില്ലെന്നും അതിനു തെളിവുകളില്ലെന്നും അതുകൊണ്ട് വിവാഹം അംഗീകരിച്ച് പിന്തുടര്ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് തെറ്റാണെന്നും ചല്ലമ്മയുടെ അഭിഭാഷകന് സുപ്രീംകോടതിയില്‍ വാദിച്ചു. എന്നാല്‍ , വിവാഹം നടന്നതിന്റെ വിശദാംശങ്ങള്‍ വിചാരണക്കോടതിയില്‍ തിലക വിവരിച്ച കാര്യം അവരുടെ അഭിഭാഷകന് ചൂണ്ടിക്കാട്ടി.
- സുബ്രഹ്മണ്യയുടെ തൊഴില്‍സംബന്ധമായ രേഖകളും ഇന്‍ഷുറന്‍സ് രേഖകളും മറ്റും തിലക ഹാജരാക്കുകയുംചെയ്തു. വിവാഹിതന് എന്ന നിലയില്‍ ക്വാര്‍ട്ടേഴ്സിന് അപേക്ഷിച്ചതിന്റെ തെളിവും കോടതിയില്‍ എത്തിച്ചിരുന്നു. കെപിസിയില്‍ ജോലിക്ക് അപേക്ഷിക്കുമ്പോള്‍ അപേക്ഷയില്‍ അവിവാഹിതന് എന്നു രേഖപ്പെടുത്തിയിരുന്നു എന്ന വാദം ചല്ലമ്മയ്ക്കനുകൂലമായി ഉയര്ത്തപ്പെട്ടിരുന്നു. എന്നാല്‍ , സുബ്രഹ്മണ്യ തിലകയെ വിവാഹംകഴിച്ചെന്നും വിവാഹിതരുടെ ക്വാര്‍ട്ടേഴ്സിനായി അപേക്ഷ നല്‍കിയെന്നുമുള്ളത് തര്‍ക്കമറ്റ സംഗതിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളിലെ മുന്‍കാല വിധികള്‍ പലതും കോടതി പരിശോധിച്ചു. ബ്രിട്ടീഷ് ഭരണകാലത്തെ പ്രിവി കൗണ്‍സിലും പിന്നീട് സുപ്രീംകോടതിയും സമാനമായ കേസുകള്‍ പരിഗണിച്ചിട്ടുണ്ട്. ഒരു സ്ത്രീയും പുരുഷനും ദീര്‍ഘകാലം ഒന്നിച്ചുതാസമിക്കുകയാണെങ്കില്‍ സ്ത്രീയെ ഭാര്യയായിത്തന്നെയാണ് കരുതേണ്ടതെന്ന് ഈ വിധികള്‍ വ്യക്തമാക്കുന്നു.
എന്നുമാത്രമല്ല, നടന്നതായി കരുതപ്പെടുന്ന ഒരു വിവാഹം അസാധുവാണെന്നു വാദമുണ്ടായാല്‍ അതു തെളിയിക്കേണ്ടത് വാദം ഉന്നയിക്കുന്നവര്‍തന്നെയാണെന്നതും മുമ്പുതന്നെ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് വിധിയില്‍ പറഞ്ഞു. - തെളിവുനിയമത്തിലെ വ്യവസ്ഥകളും ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തിച്ചേരുന്നതിന് അനുകൂലമാണെന്നും കോടതി കണ്ടു. ഒരു പ്രത്യേക കേസില്‍ ആ കേസിലെ സ്വാഭാവികമായ സംഭവഗതികള്‍ പരിഗണിച്ചും കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കക്ഷികളുടെ പെരുമാറ്റത്തിന്റെ ചരിത്രം പരിഗണിച്ചും എത്തുന്ന നിഗമനം തെളിവുനിയമപ്രകാരം നിലനില്ക്കും. അതുകൊണ്ട് സബ്രഹ്മണ്യയും തിലകയും വിവാഹിതരായിരുന്നു എന്നുതന്നെ കരുതണം- കോടതി വ്യക്തമാക്കി. സുബ്രഹ്മണ്യയുടെ നാല് എല്‍ഐസി പോളിസികളില്‍ അമ്മ ചല്ലമ്മയെയാണ് "നോമിനി"യായി കാണിച്ചിരുന്നത്. ഇതു മുന്‍നിര്‍ത്തിയും തര്‍ക്കം ഉയര്‍ന്നിരുന്നു. എന്നാല്‍ , നോമിനി അവകാശിയല്ലെന്നും ഒരാള്‍ മരിച്ചാല്‍ അയാളുടെ പോളിസിയുടെ പണം ഏറ്റുവാങ്ങാന്‍ അധികാരപ്പെട്ടയാള്‍ മാത്രമാണെന്നും കോടതി പറഞ്ഞു. അമ്മ ചല്ലമ്മ സുബ്രഹ്മണ്യയുടെ നാല് അവകാശികളില്‍ ഒരാള്‍ മാത്രമാണ്. ഭാര്യയും രണ്ടുമക്കള്‍ക്കുമൊപ്പം പോളിസി തുകയുടെ നാലിലൊരു ഭാഗത്തിന് അവര്‍ക്കും അവകാശമുണ്ട്. അതേ അവകാശപ്പെടാന്‍ കഴിയൂ. 2009 ജൂലൈ 31ലെ വിധിയില്‍ ജ. എസ് സി സിന്‍ഹയും ജ. സിറിയക് ജോസഫും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.
അഡ്വ. കെ ആര് ദീപ
1984 സപ്തംബര്‍ 14ന് പാര്‍ലമെന്റിന്റെ ഇരുസഭകളും അംഗീകാരം നല്കിയ കുടുംബകോടതി നിയമപ്രകാരമാണ് രാജ്യത്ത് കുടുംബകോടതികള്‍ നിലവില്‍വന്നത്. കേരളത്തില്‍ 1992 ജൂണ്‍ ആറു മുതലാണ് കുടുംബകോടതികള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത്.
വൈവാഹിക തര്‍ക്കങ്ങള്‍ക്ക് വേഗം തീര്‍പ്പുണ്ടാക്കുക എന്ന മുഖ്യ ലക്ഷ്യത്തോടെയാണ് കുടുംബകോടതികള്‍ സ്ഥാപിച്ചത്. ജീവനാംശം, കുട്ടികളെ ദത്തെടുക്കല്‍, ദമ്പതികള്‍ തമ്മിലുള്ള സ്വത്തുതര്‍ക്കം തുടങ്ങിയവയൊക്കെ കുടുംബകോടതിയുടെ പരിഗണനയില്‍ വരാം. ഭാര്യയും ഭര്‍ത്താവും ഒഴികെ കുടുംബത്തിലെ മറ്റംഗങ്ങള്‍ തമ്മിലുള്ള സ്വത്തുതര്‍ക്കങ്ങള്‍ കുടുംബകോടതിക്ക് തീര്‍പ്പാക്കാന്‍ അധികാരമില്ല.
താഴെ പറയുന്ന വിഷയങ്ങളിലുള്ള സിവില്‍ അന്യായ(Suit) ങ്ങള് കുടുംബകോടതിയില്‍ സമര്‍പ്പിക്കാം.
എ) വിവാഹമോചനമോ വിവാഹം അസാധുവാക്കണമെന്നോ ആവശ്യപ്പെട്ടോ, വിവാഹബന്ധം പുനഃസ്ഥാപിച്ചുകിട്ടണമെന്നോ നിയമപരമായി വേര്പെടുത്തികിട്ടണമെന്നോ ആവശ്യപ്പെട്ടോ ഉള്ള കേസുകള്‍;
ബി) ഒരു വിവാഹബന്ധം സാധുവാണെന്നോ അസാധുവാണെന്നോ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന കേസുകള്‍
സി) ഒരു വിവാഹബന്ധത്തില്‍ ഉള്‍പ്പെട്ടവര്‍ തമ്മിലുള്ള സ്വത്തു തര്‍ക്കം സംബന്ധിച്ച കേസുകള്‍
ഡി) ഒരു വിവാഹബന്ധത്തിലെ പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തി ഏതെങ്കിലും നിരോധന ഉത്തരവ് (injunction) ആവശ്യപ്പെടുന്ന കേസുകള്‍
ഇ) ഒരാളുടെ പിതൃത്വതര്‍ക്കം സംബന്ധിച്ച കേസുകള്‍
എഫ്) ജീവനാംശംതേടിയുള്ള കേസുകള്‍
ജി) പ്രായപൂര്‍ത്തിയായിട്ടില്ലാത്ത ഒരാളുടെ രക്ഷാകര്‍തൃത്വം സംബന്ധിച്ച തര്‍ക്കവുമായി ബന്ധപ്പെട്ട കേസുകള്‍
ഈ അധികാരങ്ങള്‍ കൂടാതെ ക്രിമിനല്‍ നടപടി നിയമസംഹിതയുടെ (Code of Criminal Procedure) ഒമ്പതാം അധ്യായത്തില്‍ ഭാര്യയുടെയും കുട്ടികളുടെയും മാതാപിതാക്കളുടെയും സംരക്ഷണത്തിനായുള്ള വ്യവസ്ഥകള്‍ പ്രകാരം ഒന്നാംക്ളാസ് മജിസ്ട്രേറ്റിനുള്ള അധികാരങ്ങളും കുടുംബകോടതിക്ക് പ്രയോഗിക്കാം. ഈ അധികാരങ്ങള്‍ പ്രയോഗിക്കുമ്പോള്‍ കുടുംബകോടതി ക്രിമിനല്‍ കോടതിയായാണ് പ്രവര്‍ത്തിക്കുക.
സാധാരണ ഉയരാറുള്ള ചില ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ:
? കുടുംബകോടതി വിധികളിന്മേല് അപ്പീല്‍ എവിടെയാണ് നല്‍കേണ്ടത്?
= ഹൈക്കോടതി ഡിവിഷന് ബെഞ്ചിലാണ് അപ്പീല്‍ നല്‍കേണ്ടത്. വിവാഹക്കേസുകളില്‍ ഹൈക്കോടതിക്ക് നേരിട്ട് അധികാരമുള്ള വിഷയങ്ങളുമുണ്ട്. ഈ കേസുകള്‍ അപ്പീല്‍ മുഖേനയല്ലാതെ നേരിട്ടുതന്നെ ഹൈക്കോടതി പരിഗണിക്കും.
? ഭര്‍ത്താവും ഭാര്യയും രണ്ടിടത്ത് താമസിക്കുകയാണെങ്കില്‍ ഏതു കുടുംബകോടതിയിലാണ് കേസ് നല്കാവുന്നത്.
= ഇക്കാര്യത്തില്‍ നാലു സാധ്യതകളുണ്ട്.
1. വിവാഹം നടന്ന സ്ഥലം;
2. പരാതി നല്കുന്ന സമയത്ത് എതിര്‍കക്ഷി താമസിക്കുന്ന സ്ഥലം (ഭാര്യയാണ് പരാതിക്കാരിയെങ്കില് ഭര്‍ത്താവ് താമസിക്കുന്ന സ്ഥലവും ഭര്‍ത്താവാണ് പരാതിക്കാരനെങ്കില്‍ ഭാര്യ താമസിക്കുന്ന സ്ഥലവും).
3. ഇരുവരും ഒടുവില്‍ ഒന്നിച്ചുതാമസിച്ച സ്ഥലം
3 എ) ഭാര്യയാണ് പരാതിക്കാരിയെങ്കില് അവര്‍ പരാതി നല്കുമ്പോള് താമസിക്കുന്ന സ്ഥലത്തുള്ള കുടുംബകോടതിയെയും സമീപിക്കാം. (ഈ വ്യവസ്ഥ 2003ല്‍ നിയമത്തില്‍ ഭേദഗതിവരുത്തി കൂട്ടിച്ചേര്‍ത്തതാണ്)
4) എതിര്‍കക്ഷി ഇന്ത്യക്ക് പുറത്തായിരിക്കുകയോ ഏഴുവര്‍ഷമായി അയാളെ/അവരെപ്പറ്റി ഒരു വിവരവുമില്ലാതിരിക്കുകയോ ആണെങ്കില്‍ പരാതി നല്കുന്നയാള് താമസിക്കുന്ന സ്ഥലത്ത് പരാതി നല്‍കാം. (താമസിക്കുന്ന സ്ഥലം എന്നാല്‍ സ്ഥിരം വിലാസമോ സ്വന്തമായി വീടുള്ള സ്ഥലമോ എന്നൊന്നും അര്‍ഥമില്ല. അപ്പോള്‍ താമസിക്കുന്ന സ്ഥലം എന്ന അര്‍ഥം മാത്രമേയുള്ളു. വെറും താല്‍ക്കാലിക താമസമായിരിക്കരുതെന്നു മാത്രം)
? ഒരു കുടുംബകോടതിയില്‍ നടക്കുന്ന കേസ് മറ്റൊരു കുടുംബകോടതിയിലേക്ക് മാറ്റിക്കിട്ടണമെന്ന് ആവശ്യപ്പെടാമോ?
= ആവശ്യപ്പെടാം. ഇതിനായി ഹൈക്കോടതിയെ സമീപിക്കാം. ന്യായമായ കാരണമുണ്ടെങ്കില്‍ ഹൈക്കോടതി കേസ് മാറ്റാന്‍ അനുവദിക്കും.
? ഭാര്യയില്‍നിന്ന് ജീവനാംശംതേടി ഭര്‍ത്താവിന് കോടതിയെ സമീപിക്കാമോ.
= സമീപിക്കാം. ഭര്‍ത്താവില്‍നിന്ന് ഭാര്യക്കും ഭാര്യയില്‍നിന്ന് ഭര്‍ത്താവിനും ജീവനാംശം ആവശ്യപ്പെടാന്‍ ഹിന്ദു വിവാഹനിയമത്തില്മാത്രം വ്യവസ്ഥയുണ്ട്.
? പ്രായമായ മാതാപിതാക്കള്‍ക്ക് മക്കളില്‍നിന്ന് ജീവനാംശംതേടി കുടുംബകോടതിയെ സമീപിക്കാമോ.
= സമീപിക്കാം.Sec. 125 cr. p.c. അനുസരിച്ച് ഇവര്‍ക്ക് കേസ് ഫയല്‍ ചെയ്യാം.
(2007 ഡിസംബറില്‍ ഇന്ത്യയില്‍ നിലവില്‍വന്ന മാതാപിതാക്കളുടെയും മുതിര്‍ന്ന പൌരന്മാരുടെയും സംരക്ഷണം ഉറപ്പുവരുത്തുന്ന നിയമ (The Maintenance and Welfare of Parents and Senior Citizens Act, 2007) പ്രകാരവും പ്രായമായവര്‍ക്ക് ജീവനാംശം തേടാം. Sec. 125 cr. p.c. അനുസരിച്ച് മാതാപിതാക്കള്‍ക്ക് സ്വന്തം മക്കളില്‍ നിന്ന് ജീവനാംശം തേടാന്‍ മാത്രമേ വ്യവസ്ഥയുള്ളൂ. എന്നാല്‍ പുതിയ നിയമപ്രകാരം ഏത് മുതിര്‍ന്ന വ്യക്തിക്കും പ്രതിമാസ ജീവനാംശം ആവശ്യപ്പെടാം. (ഈ നിയമത്തില്‍ മക്കള്‍ എന്നതിന്റെ നിര്‍വ്വചനത്തില്‍ മകന്, മകള്‍, ചെറുമകന്, ചെറുമകള്‍ എന്നിവരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മക്കളില്ലാത്തവരുടെ കാര്യത്തില്‍ അവരുടെ സ്വത്തിന് അവകാശികളായി വരാനിടയുള്ള ബന്ധുക്കള്‍ സംരക്ഷിക്കേണ്ടത്. ഒന്നിലധികം ബന്ധുക്കള്‍ സ്വത്തിന് അവകാശികളായി വരുമെങ്കില്‍ അവര്‍ ഓരോരുത്തരും ഉത്തരവാദികളാകും.)
കേരളത്തിലെ കുടുംബകോടതികള്‍
കേരളത്തില്‍ 16 കുടുംബകോടതികളാണ് നിലവിലുള്ളത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ രണ്ടുവീതവും മറ്റ് ജില്ലകളില്‍ ഓരോ കോടതികളുമാണ് ഇപ്പോഴുള്ളത്. ജില്ലാ ജഡ്ജിമാരുടെ പദവിയിലുള്ളവരാണ് കുടുംബ കോടതി ജഡ്ജിമാര്‍.
തിരുവനന്തപുരം, നെടുമങ്ങാട്, കൊല്ലം, കൊട്ടാരക്കര, ആലപ്പുഴ, തിരുവല്ല, ഏറ്റുമാന്നൂര്‍, തൊടുപുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മഞ്ചേരി, കോഴിക്കോട്, കല്‍പ്പറ്റ. കണ്ണൂര്‍, കാസര്‍കോട് എന്നിവയാണ് അവ.
അഡ്വ. കെ ആര് ദീപ
കാസര്‍കോട് നീലേശ്വരത്തുനിന്നുള്ള വായനക്കാരിയുടെ കത്തില്‍ ഉന്നയിച്ച സംശയങ്ങള്‍ക്കുള്ള മറുപടിയാണ് ഈ ലക്കത്തില്‍. ചോദ്യകര്‍ത്താവിന്റെ സഹോദരന് അവര്‍ക്ക് ഒരിക്കല്‍ ദാനാധാരമായി നല്കിയ അഞ്ചുസെന്റ് സ്ഥലം ആധാരം റദ്ദാക്കി തിരിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഇത്തരത്തില്‍ ദാനാധാരം റദ്ദാക്കാനാകുമോ എന്നതാണ് ആദ്യ സംശയം.
അമ്മയെ സ്വാധീനിച്ച് സഹോദരന് അമ്മയില്‍ നിന്ന് നേടിയെടുത്ത തീറാധാരം റദ്ദാക്കാനുള്ള സാധ്യതയും അറിയണം.
അമ്മയെ സംരക്ഷിക്കണമെന്ന് മകനോട് ആവശ്യപ്പെടാനുള്ള നിയമ വ്യവസ്ഥകളെപ്പറ്റിയാണ് മൂന്നാമത്തെ സംശയം.
നല്കിയ ദാനം തിരിച്ചെടുക്കാനാകുമോ എന്നതാണ് ആദ്യപ്രശ്നം.
ഒരിക്കല്‍ കൊടുത്ത ദാനാധാരം തിരിച്ചെടുക്കാന്‍ നിയമം അനുവദിക്കുന്നില്ല. അത്യപൂര്‍വ്വ സാഹചര്യത്തില്‍ ദാനം അസാധുവായി പ്രഖ്യാപിക്കാന്‍ കോടതിക്ക് കഴിയും. ഇതിനുള്ള വ്യവസ്ഥ സ്വത്ത് കൈമാറ്റ നിയമത്തിന്റെ (Transfer of Property Act) 126ാം വകുപ്പിലുണ്ട് എന്നാല്‍ ആ വ്യവസ്ഥകളനുസരിച്ച് ദാനാധാരം റദ്ദാക്കാനുള്ള ഒരു സാഹചര്യവും ഈ കേസിലില്ല.
ഒരു ഇഷ്ടദാനം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അത് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. ദാനം കിട്ടിയ ശേഷം ദാനം കിട്ടിയ ആളുടെ പെരുമാറ്റം എന്തുതന്നെയായാലും അതിന്റെ പേരില്‍ ദാനം ഇല്ലാതാക്കാനാകില്ല എന്നും കോടതി വിധിച്ചിട്ടുണ്ട്.
അതുകൊണ്ട് ഇക്കാര്യത്തില്‍ സഹോദരന്റെ ഭീഷണിക്ക് നിയമപരമായ നിലനില്പില്ല.
രണ്ടാമത്തെ പ്രശ്നം അമ്മയുടെ സ്വത്ത് സംബന്ധിച്ചാണ്. അമ്മയുടെ അച്ഛന് മകള്‍ക്കും ഭര്‍ത്താവിനുമായി എഴുതിക്കൊടുത്തതാണ് 15 സെന്റ് സ്ഥലവും വീടും. അതായത് വീടിന്റെ പകുതിയും സ്ഥലത്തിന്റെ പകുതിയായ ഏഴര സെന്റും അമ്മയ്ക്ക് അവകാശപ്പെട്ടതാണ്. ഇതില്‍ അമ്മയ്ക്കവകാശപ്പെട്ട ഏഴര സെന്റ് സ്ഥലം മകന് തീറാധാരമായി കൊടുത്തിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു. എന്നാല്‍ വീട് കൊടുത്തതായി പറയുന്നില്ല. ആ നിലയ്ക്ക് വീടിലുള്ള പകുതി അവകാശം അമ്മയ്ക്ക് ഇപ്പോഴുമുണ്ട്.
എന്നാല്‍ തീറാധാരം റദ്ദാക്കണമെങ്കില്‍ ഒരു സിവില്‍ ഗകാടതിയെ സമീപിക്കേണ്ടതുണ്ട്. സാധാരണ ഗതിയില്‍ റദ്ദാക്കാനാകില്ലെങ്കിലും തീറാധാരം എഴുതി വാങ്ങിയത് എന്തെങ്കിലും ചതിയിലൂടെയാണെന്നതടക്കമുള്ള കാര്യങ്ങള്‍ കോടതിയില്‍ തെളിയിക്കാനായാല്‍ കോടതിയ്ക്ക് ആധാരം റദ്ദാക്കാം.
മൂന്നാമത്തെ പ്രശ്നം അമ്മയുടെ സംരക്ഷണമാണ്. ഇക്കാര്യത്തില്‍ ഇപ്പോള്‍ പ്രത്യേക നിയമം തന്നെ നിലവിലുണ്ട്. മാതാപിതാക്കളുടെയും മുതിര്‍ന്ന പൌരന്മാരുടെയും സംരക്ഷണം ഉറപ്പുവരുത്തുന്ന ഈ നിയമം (The Maintenance and Welfare of Parents and Senior Citizens Act, 2007)- 2007 ഡിസംബറില്‍ ഇന്ത്യയിലും നിലവില്‍വന്നു. നിയമവും ബന്ധപ്പെട്ട ചട്ടങ്ങളും 2009 ആഗസ്ത് 29 ന് കേരളത്തിലും വിജ്ഞാപനമായി.
അറുപത് കഴിഞ്ഞ ഏത് മുതിര്‍ന്ന വ്യക്തിക്കും ഈ നിയമപ്രകാരം അയാളുടെ/അവരുടെ മക്കളോട് പ്രതിമാസ ജീവനാംശം ആവശ്യപ്പെടാം. പ്രത്യേകം നിയമിക്കപ്പെടുന്ന ട്രിബ്യൂണല്‍ മുമ്പാകെയാണ് പരാതി നല്‍കേണ്ടത്.
മക്കളെന്ന നിര്‍വ്വചനത്തില്‍ മകന്, മകള്‍, ചെറുമകന്, ചെറുമകള്‍ എന്നിവരെയാണ് നിയമം ഉള്‍പ്പെടുത്തുന്നത്. മക്കളില്ലാത്തവരുടെ കാര്യത്തില്‍ അവരുടെ സ്വത്തിന് അവകാശികളായി വരാനിടയുള്ള ബന്ധുക്കളാണ് സംരക്ഷിക്കേണ്ടത്. ഒന്നിലധികം ബന്ധുക്കള്‍ സ്വത്തിന് അവകാശികളായി വരുമെങ്കില്‍ അവര്‍ ഓരോരുത്തരും ഉത്തരവാദികളാകും.
ഈ നിയമപ്രകാരം കേസ് കൊടുക്കാന്‍ അഭിഭാഷകന്റെ ആവശ്യമില്ല. ഇതിനായി ഒരു മെയിന്റനന്‍സ് ഓഫീസറുടെ സഹായം തേടാം. കേരളത്തില്‍ സാമൂഹ്യക്ഷേമ വകുപ്പിലെ ജില്ലാ വെല്‍ഫയര്‍ ഓഫീസര്‍ക്കാണ് ഈ ചുമതല. 10,000 രൂപവരെ ഈ നിയമപ്രകാരം ജീവനാംശം നേടിയെടുക്കാന്‍ അമ്മയ്ക്ക് കഴിയും.
മുസ്ളീം സ്ത്രീക്ക് ജീവനാംശം എത്രകാലം?
അഡ്വ. കെ ആര് ദീപ
വിവാഹമോചിതയാകുന്ന മുസ്ളീം സ്ത്രീക്ക് ജീവനാംശം നിഷേധിക്കുന്ന തരത്തിലുള്ള നിയമവ്യാഖ്യാനങ്ങള്‍ ഇന്ത്യയില്‍ പലപ്പോഴും ഉണ്ടാകുന്നു. ഷാബാനുകേസില്‍ മുസ്ളീം സ്ത്രീയുടെ വിവാഹമോചനകാര്യത്തില്‍ സ്ത്രീക്കനുകൂലമായ വിധി 1985 ല്‍ സുപ്രീകോടതിയില്‍ നിന്നുണ്ടായി. എന്നാല്‍ ചില മുസ്ളീം സംഘടനകളുടെ എതിര്‍പ്പിനെതുടര്‍ന്ന് വന്ന നിയമത്തിലൂടെ ഈ വിധിയുടെ ഗുണം ഇല്ലാതായി.
എങ്കിലും വിവാഹമോചിതയാകുന്ന മുസ്ളിംസ്ത്രീ പുനര്‍വിവാഹം കഴിക്കുംവരെ മുന്ഭര്ത്താവില്നിന്ന് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ച് വിധിച്ചിട്ടുണ്ട്. പലപ്പോഴും തീര്‍പ്പാക്കിയിട്ടുള്ള കാര്യമാണെങ്കിലും ഇടയ്ക്കിടെ ഇക്കാര്യത്തില്‍ വ്യത്യസ്തമായ വിധികള്‍ വരും. ജീവനാംശം 'ഇദ്ദ' കാലത്തേക്കു മാത്രം മതി എന്ന നിലപാടാണ് ചിലപ്പോള്‍ ചില കോടതികള്‍ എടുക്കുക. ഭര്‍ത്താവിന്റെ മരണത്തിനോ വിവാഹമോചനത്തിനോശേഷം ഒരു സ്ത്രീക്ക് കാത്തിരിപ്പിനായി മതവിശ്വാസപ്രകാരം നിശ്ചയിക്കപ്പെട്ട സമയമാണ് ഇദ്ദ (iddah or iddat). ഈ കാലയളവില്‍ പുനര്‍വിവാഹം കഴിക്കാന്‍ പാടില്ല. വിവാഹമോചനത്തിനുശേഷം മൂന്ന് ആര്‍ത്തവചക്രങ്ങള്‍ക്കു ശേഷമേ ഈ കാലാവധി തീരുകയുള്ളു (അല്ലെങ്കില്‍ 3 മാസം). ഭര്‍ത്താവിന്റെ മരണത്തിനുശേഷം നാലുമാസവും 10 ദിവസവുമാണ് ഇദ്ദ കാലയളവായി നിശ്ചയിച്ചിട്ടുള്ളത്. ഈ വ്യവസ്ഥ അംഗീകരിക്കപ്പെട്ടാല്‍ ഫലത്തില്‍ ജീവനാംശം നാലുമാസമായി ചുരുങ്ങും. 2009ല്‍ ഗ്വാളിയറില്‍ നിന്നുള്ള ഒരുവിവാഹമോചന കേസ് സുപ്രീംകോടതിയിലെത്തി. ജീവനാംശം 'ഇദ്ദ' കാലത്തേക്കു മാത്രമായി ചുരുക്കിയത് അംഗീകരിച്ച മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെയായിരുന്നു അപ്പീല്‍. ആ കേസില്‍ മുസ്ളീം സ്ത്രീകളുടെ ജീവനാംശത്തിന് കോടതി കുറേക്കൂടി വ്യക്തത വരുത്തി.
മുസ്ളിംസ്ത്രീയുടെ വിവാഹമോചനം 'കുടുംബകോടതി നിയമ'പ്രകാരം തീര്‍പ്പാക്കാനാകില്ലെന്ന വാദം തള്ളിയായിരുന്നു കോടതിയുടെ വിധി. ഇത്തരം കേസുകളിലെ ജീവനാംശം ക്രിമിനല്‍ നടപടി നിയമസംഹിത (സിആര്‍പിസി)യിലെ 125-ാം വകുപ്പനുസരിച്ച് തീരുമാനിക്കാനാകില്ലെന്ന വാദവും കോടതി തള്ളി.
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടുള്ള മര്‍ദനവും ക്രൂരതയും നേരിടേണ്ടിവന്ന സ്ത്രീയായിരുന്നു ഹര്‍ജിക്കാരി. പ്രസവത്തിന് സ്വന്തം വീട്ടില്‍പോയ അവരെ ഭര്‍ത്താവ് പിന്നീട് അന്വേഷിച്ചില്ല. കുട്ടിയുണ്ടായശേഷവും വരാതായപ്പോള്‍ ഗ്വാളിയര്‍ കുടുംബകോടതിയില്‍ പരാതി നല്കി. സിആര്‍പിസിയിലെ 125-ാം വകുപ്പനുസരിച്ച് പ്രതിമാസം 3000 രൂപ ജീവനാംശം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
എന്നാല്‍ മുസ്ളിം വ്യക്തിനിയമപ്രകാരം ഭാര്യയെ താന്‍ മൊഴിചൊല്ലിക്കഴിഞ്ഞെന്നും മുസ്ളിംസ്ത്രീ (വിവാഹമോചിതരുടെ അവകാശസംരക്ഷണ) നിയമത്തിലെ വ്യവസ്ഥയനുസരിച്ച് ഇദ്ദ കാലം കഴിഞ്ഞാല്‍ ജീവനാംശത്തിന് അര്‍ഹതയില്ലെന്നും ഭര്‍ത്താവ് വാദിച്ചു. ഭാര്യ കുട്ടികള്‍ക്ക് ട്യൂഷനെടുക്കുന്നുണ്ടെന്നും അങ്ങനെ പണം കിട്ടുന്നതിനാല്‍ ജീവിക്കാന്‍ പ്രയാസമില്ലെന്നും വാദം വന്നു. സ്വന്തം തീരുമാനപ്രകാരം സ്വര്‍ണവും 1000 രൂപയുമായി വീട്ടിലേക്കു പോയ ഭാര്യ ആവര്‍ത്തിച്ച് നോട്ടീസയച്ചിട്ടും തന്റെ വീട്ടിലേക്കു വന്നില്ലെന്നും പരാതിപ്പെട്ടു.
കേസ് കേട്ട കുടുംബകോടതി പ്രതിമാസം 2000 രൂപ വീതം ജീവനാംശം അനുവദിച്ചു. പക്ഷേ പരാതി നല്കിയ തിയതിമുതല്‍ വിവാഹമോചനം നടന്ന തിയതിവരെയും ആ തിയതിമുതല്‍ 'ഇദ്ദ' കാലം കഴിയുന്നതുവരെയും ജീവനാംശം നല്കിയാല് മതിയെന്ന് കോടതി
പറഞ്ഞു. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയര്‍ ബെഞ്ചില്‍ നല്കി അപ്പീലും തള്ളപ്പെട്ടു.കുടുംബകോടതി ഉത്തരവ് ഹൈക്കോടതിയുംശരിവച്ചു. ഇതിനെതിരെ നല്കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.
മുസ്ളിം ഭാര്യയെ വിവാഹമോചനം ചെയ്താല്‍ സിആര്‍പിസിയിലെ 125-ാം വകുപ്പ്, അവര്‍ നല്കുന്ന ജീവനാംശ പരിരക്ഷ നിലനില്‍ക്കില്ലെന്ന തെറ്റായ ധാരണയാണ് കുടുംബകോടതിയും ഹൈക്കോടതിയും പുലര്‍ത്തിയതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇരു കോടതികളും 1984ലെ കുടുംബകോടതി നിയമത്തിലെ പ്രസക്തമായ വകുപ്പ് കാണാതെപോയി.
കുടുംബകോടതി നിയമം, അതിനുമുമ്പ് പാസാക്കിയ സമാനവ്യവസ്ഥകളുള്ള നിയമങ്ങള്‍ക്കുമേല്‍ പ്രാബല്യമുള്ളതാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് സിആര്‍പിസിയിലെ 125-ാം വകുപ്പനുസരിച്ച് ജീവനാംശം നല്‍കാനുള്ള ഉത്തരവിടാന്‍ കുടുംബകോടതിക്ക് അവകാശമുണ്ട്. ഇക്കാര്യം മുന്‍കാലവിധികളില്‍ സുപ്രീംകോടതിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേസില്‍ വാദിയായ സ്ത്രീയ്ക്ക് ജീവനാംശം നല്‍കേണ്ടതാണ്. അതുകൊണ്ട് ഗ്വാളിയറിലെ കുടുംബകോടതി കേസ് നിയമാനുസൃതം പരിഗണിച്ച് എത്രയുംവേഗം തീര്‍പ്പാക്കാനും സുപ്രീംകോടതി വിധിച്ചു. ജ. ബി സുദര്‍ശനറെഡ്ഡി, ജ. ദീപക്വര്മ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതായിരുന്നു വിധി.
*ഇദ്ദ: ഭര്‍ത്താവിന്റെ മരണത്തിനോ വിവാഹമോചനത്തിനോശേഷം ഒരു സ്ത്രീക്ക് കാത്തിരിപ്പിനായി നിശ്ചയിക്കപ്പെട്ട സമയമാണ് ഇദ്ദ (iddah or iddat). ഈ കാലയളവില്‍ പുനര്‍വിവാഹം കഴിക്കാന്‍ പാടില്ല. വിവാഹമോചനത്തിനുശേഷം മൂന്ന് ആര്‍ത്തവചക്രങ്ങള്‍ക്കു ശേഷമേ ഈ കാലാവധി തീരുകയുള്ളു (അല്ലെങ്കില്‍ 3 മാസം). ഭര്‍ത്താവിന്റെ മരണത്തിനുശേഷം നാലുമാസവും 10 ദിവസവുമാണ് ഇദ്ദ കാലയളവായി നിശ്ചയിച്ചിട്ടുള്ളത്.
അഡ്വ. കെ ആര് ദീപ
കളികള്‍ക്ക് പരിശീലനം നല്കുന്നയാള് എന്നര്‍ത്ഥമുള്ള 'കോച്ച്' എന്ന ഇംഗ്ളീഷ് വാക്ക് പുരുഷനെ മാത്രം ഉദ്ദേശിച്ചുള്ളതോ? ആണെന്ന വാദവുമായി ഒരുകേസുണ്ടായി. 2003ല്‍ കേരള ഹൈക്കോടതിയില്‍ പരിഗണനയ്ക്കുവന്ന കേസിലായിരുന്നു കോച്ച് തസ്തിക പുരുഷനുള്ളതാണെന്നും സര്‍വ്വകലാശാലയില്‍ സ്ത്രീയെ കോച്ചായി നിയമിക്കാനാവില്ലെന്ന വാദം ഉയര്‍ന്നത്. നിയമങ്ങളിലും ചട്ടങ്ങളിലും കടന്നുകൂടുന്ന ലിംഗവിവേചനപരമായ വാക്കുകള്‍ മറയാക്കി സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍ നടക്കുന്ന ശ്രമങ്ങളിലൊന്നായിരുന്നു ആ കേസ്. ഏതായാലും വാദം കോടതിയില്‍ വിലപ്പോയില്ല. കേസ് തള്ളിപ്പോയി. സര്‍വ്വകലാശാലയുടെ വനിതാഫുട്ബോള്‍ ടീമിന് വനിതാകോച്ചിനെ
ലഭിക്കുകയും ചെയ്തു.
കേരളസര്‍വ്വകലാശാലയുടെ വനിതാഫുട്ബോള്‍ ടീമിന്റെ കോച്ച് നിയമനമാണ് കോടതി കയറിയത്. കോച്ചായി സ്ത്രീയെ നിയമിക്കാന്‍ യൂണിവേഴ്സിറ്റിക്ക് അധികാരമുണ്ടോ എന്നായിരുന്നു തര്‍ക്കം. കോച്ചിന്റെ തസ്തിക സ്ത്രീകള്‍ക്കായി നീക്കിവച്ച് സര്‍വകലാശാല പരസ്യം ചെയ്തതിനെതിരെയായിരുന്നു റിട്ട് ഹര്‍ജി.
കേരള യൂണിവേഴ്സിറ്റിയിലെ ഒരുകൂട്ടം ഫുട്ബോള്‍ കോച്ചുമാരാണ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ചെയ്തത്. യൂണിവേഴ്സിറ്റി നിയമങ്ങളൊന്നും സ്ത്രീയെ കോച്ചായി നിയമിക്കാന്‍ അനുമതി നല്‍കുന്നില്ല. അതുകൊണ്ട് ഈ പരസ്യം ദുര്‍ബലപ്പെടുത്തണം. ഈ തസ്തികയിലേക്ക് വീണ്ടും അപേക്ഷ ക്ഷണിച്ച് പരസ്യപ്പെടുത്തണം- ഇതായിരുന്നു ആവശ്യം.
കേരള യൂണിവേഴ്സിറ്റിയില്‍ രണ്ട് വനിതാഫുട്ബോള്‍ ടീം മാത്രമേ ഉള്ളൂ. അതുകൊണ്ടുതന്നെ ഒരു വനിതാകോച്ച് അനാവശ്യമാണ്. നിലവിലുള്ള യൂണിവേഴ്സിറ്റി നിയമങ്ങള്‍ ഇതിന് അധികാരം നല്‍കുന്നുമില്ല. ഇത്രയുംനാള്‍ പുരുഷന്മാര്ക്കു മാത്രമായ തസ്തികയായിരുന്നു അത്. പുതിയ നിയമനിര്‍മാണത്തിലൂടെയോ നിലവിലുള്ള ഓര്‍ഡിനന്‍സിന്റെ ഭേദഗതിയിലൂടെയോ മാത്രമേ ഇത്തരം തീരുമാനങ്ങള്‍ എടുക്കാവൂ- പരാതിക്കാര്‍ വാദിച്ചു.
എന്നാല്‍ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രത്യേകം വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താന്‍ ഇന്ത്യന്‍ ഭരണഘടനയുടെ 15(3) വകുപ്പ് അനുവദിക്കുന്നുണ്ടെന്ന് സര്‍വകലാശാല ചൂണ്ടിക്കാട്ടി. വനിതാഫുട്ബോള്‍ ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് വനിതാകോച്ചിനെ നിയമിച്ചിട്ടുള്ളത്. അവിടത്തെ പുരുഷകോച്ചിന്റെ പരിശീലനംകൊണ്ട് കാര്യമായ പുരോഗതിയില്ല. അതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തത്. മാത്രമല്ല പല വനിതാ ടീമുകളും വനിതാകോച്ചിനെ ആവശ്യപ്പെട്ടിട്ടുണ്ട്- യൂണിവേഴ്സിറ്റി വാദിച്ചു.
ആറു കോളേജുകളില്‍ വനിതാടീമുകളുണ്ടെന്ന് കോടതിയില്‍ വ്യക്തമാക്കപ്പെട്ടു. തനിക്ക് കോച്ചാകാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്ന് നിയമനം ലഭിച്ചയാള്‍ ചൂണ്ടിക്കാട്ട്ി. പൂര്‍വകാല സേവനത്തിന്റെ റെക്കോഡുകളും തന്റെ യോഗ്യത തെളിയിക്കുന്നുണ്ട്. വനിതാഫുട്ബോളിനെ പ്രോത്സാഹിപ്പിക്കാനാണ് യൂണിവേഴ്സിറ്റി ഇങ്ങനെയൊരു തീരുമാനമെടുത്തത്-അവര്‍ വാദിച്ചു. .
സിംഗിള്‍ ബെഞ്ച് കേസില്‍ വാദംകേട്ടു. യൂണിവേഴ്സിറ്റി നിയമം 36-ാം വകുപ്പ് ചില വിഷയങ്ങളിലെ നിയമനിര്‍മാണത്തിന് യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റിന് അധികാരം നല്കുന്നു. എന്നാല്‍ സര്‍വകലാശാലയിലെ വനിതാഫുട്ബോള്‍ ടീമിന് വനിതാകോച്ചിനെ നിയമിക്കാന്‍ സര്‍വകലാശാല ഇത്തരത്തില്‍ നിയമഭേദഗതി കൊണ്ടുവരേണ്ട ഒരാവശ്യവും കാണുന്നില്ല- ജസ്റ്റിസ് എ കെ ബഷീര്‍ വ്യക്തമാക്കി. യൂണിവേഴ്സിറ്റി ഒന്നാം ഓര്‍ഡിനന്‍സ് (1978) അനുസരിച്ച് കോച്ചുമാരുടെ യോഗ്യത വ്യവസ്ഥചെയ്തിട്ടുണ്ട്. എന്നാല്‍ അത് ഭേദഗതിചെയ്ത്, വനിതാകോച്ച് എന്ന് കൂട്ടിച്ചേര്‍ക്കാതെ വനിതകളെ കോച്ചായി നിയമിക്കാനാവില്ല എന്ന വാദം ജസ്റ്റിസ് ബഷീര്‍ തള്ളിക്കളഞ്ഞു. കോച്ച് എന്നാല്‍ സ്ത്രീയോ പുരുഷനോ ആവാമെന്ന് അദ്ദേഹം വ്യക്തമാക്കി. വനിതാകോച്ചിനെ നിയമിക്കുന്നത് വനിതാടീമിന് ഒരു പുതിയ ആവേശം നല്‍കാനാണെന്ന് യൂണിവേഴ്സിറ്റി ഫയല്‍ ചെയ്ത പത്രികയില്‍ പറയുന്നുണ്ട്. അത് വളരെ ശരിയും നിയമാനുസൃതവുമായ കാര്യമാണ്. ഈ സാഹചര്യത്തില്‍ നിയമനം തികച്ചും നീതീകരിക്കാവുന്ന തീരുമാനമാണ്.
കോച്ച് എന്നാല്‍ പുരുഷനായ കോച്ച് എന്ന രീതിയിലുള്ള നിര്‍വചനത്തിനു പിറകിലെ വികാരം വളരെ ഇടുങ്ങിയ ലിംഗവിവേചനമാണ്. അത് ന്യായീകരിക്കത്തക്കതല്ല- കോടതി അഭിപ്രായപ്പെട്ടു. റിട്ട് ഹര്‍ജിയിലെ വാദങ്ങള്‍ നിലനില്ക്കത്തക്കതല്ലാത്തതിനാല് കോടതി കേസ് തള്ളി ഉത്തരവായി.
അഡ്വ. കെ ആര് ദീപ
വിവാഹം കഴിച്ചോ കഴിക്കാതെയോ പ്രായപൂര്‍ത്തിയായ സ്ത്രീയ്ക്കും പുരുഷനും ഒന്നിച്ചുകഴിയാന്‍ ഇന്ന് തടസ്സങ്ങളില്ല. എന്നാല്‍ ഈ ദാമ്പത്യത്തിന് നിയമപരിരക്ഷ ആഗ്രഹിക്കുന്നവര്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിവരും. 'സ്ത്രീ'യിലേക്ക് വിവാഹ നിയമത്തെപ്പറ്റി സംശയമുന്നയിച്ച് എഴുതിക്കിട്ടിയ ചോദ്യങ്ങള്‍ക്ക് പൊതുവിലുള്ള ഉത്തരങ്ങളാണിവിടെ. ഹിന്ദുവിവാഹ നിയമത്തിലെ വ്യവസ്ഥകള്‍ മാത്രം ആധാരമാക്കിയാണ് കുറിപ്പ്. സിഖ്- ജൈന-ബുദ്ധ മതക്കാര്‍ക്കും ഈ നിയമം ബാധകമാണ്.
? ഹിന്ദു വിവാഹനിയമത്തിന്റെ പരിധിയില്‍ ആരൊക്കെയാണ് ഹിന്ദുക്കള്‍.
= ക്രിസ്ത്യാനികളും മുസ്ളിങ്ങളും പാഴ്സികളും ജൂതരുമല്ലാത്ത എല്ലാവരെയും ഹിന്ദുക്കളായാണ് ഹിന്ദു വിവാഹ, വിവാഹമോചന, പിന്തുടര്ച്ചാവകാശ നിയമങ്ങള്‍ കണക്കിലെടുക്കുന്നത്. സിഖ്- ജൈന-ബുദ്ധ മതക്കാരും അതിനാല്‍ ഹിന്ദു നിയമത്തിന്റെ പരിധിയില്‍വരും.
? എന്താണ് ശരിയായ ഹിന്ദുവിവാഹം.
= വധുവിന്റെയോ വരന്റെയോ ജാതിവിഭാഗത്തിന്റെ ആചാരപ്രകാരമായിരിക്കണം വിവാഹം നടന്നത്. ആചാരങ്ങള്‍ കൃത്യമായി പാലിച്ചിരിക്കുകയും വേണം. സപ്തപദി വേണമെന്ന് ആചാരത്തിലുണ്ടെങ്കില്‍ ചടങ്ങില്‍ അത് പാലിക്കണം. വേദിയിലെ ഹോമകുണ്ഡത്തിനു ചുറ്റും ഏഴുതവണതന്നെ വരനും വധുവും നടന്നേതീരൂ.
? ഹിന്ദുക്കള്‍ക്ക് മതാചാരപ്രകാരമല്ലാത്ത വിവാഹം കഴിക്കാനും നിയമത്തിലെ മറ്റ് വ്യവസ്ഥകള്‍ ബാധകമാകുംവിധം ഹിന്ദുവായി തുടരാനും കഴിയില്ലേ.
= കഴിയും. അതിനായി സിവില്‍ വിവാഹം (രജിസ്റ്റര്‍ വിവാഹമെന്ന് നാട്ടുഭാഷ) കഴിക്കാം. വിവാഹരജിസ്ട്രാര്‍ക്ക് ആദ്യം അറിയിപ്പ് നല്‍കണം. വധുവിന്റെയോ വരന്റെയോ വീടു നില്ക്കുന്ന പ്രദേശത്തെ രജിസ്ട്രാറാകണം. രജിസ്ട്രാര്‍ വിവാഹവിവരം പബ്ളിക് നോട്ടീസായി പ്രസിദ്ധീകരിക്കും. 30 ദിവസം എതിര്‍പ്പുകള്‍ പരിഗണിക്കാനായി സമയം നല്‍കും. സാധുവായ എതിര്‍പ്പുകള്‍ ഇല്ലെങ്കില്‍ മൂന്നു സാക്ഷികളുടെ സാന്നിധ്യത്തില്‍ ഒരു പ്രഖ്യാപനം ഒപ്പുവെച്ച് വിവാഹിതരാകാം. ഒരു സര്‍ട്ടിഫിക്കറ്റും രജിസ്ട്രാര്‍ നല്‍കും. 1954 ലെ സ്പെഷല്‍ മാര്യേജസ് ആക്ടിലാണ് ഈ വ്യവസ്ഥകളുള്ളത്. ഇങ്ങനെ വിവാഹിതരാകുന്നവര്‍ക്കും അവര്‍ ഇരുവരും ഹിന്ദുക്കളാണെങ്കില്‍ ഹിന്ദു വ്യക്തിനിയമത്തിലെ വ്യവസ്ഥകളൊക്കെ ബാധകമായിരിക്കും.
? ഹിന്ദു വിവാഹനിയമപ്രകാരം സാധുവായ വിവാഹത്തിനുള്ള വ്യവസ്ഥകള്‍ എന്തൊക്കെയാണ്.
= * വധൂവരന്മാര് വിവാഹം കഴിച്ചവരാകാന്‍ പാടില്ല. മുമ്പ് വിവാഹിതരായിട്ടുണ്ടെങ്കില്‍ നിയമപ്രകാരം വിവാഹമോചനം നേടിയിരിക്കണം.
* വിവാഹപ്രായമുണ്ടായിരിക്കണം. വധുവിന് 18 ഉം വരന് 21 ഉം വയസ്സ് തികഞ്ഞിരിക്കണം.
* സ്വയം വിവാഹത്തിനു സമ്മതിക്കാന്‍ ശേഷിയുള്ളവരാകണം ഇരുവരും. എന്തെങ്കിലും മാനസികരോഗം ഉള്ളവരാകാനും പാടില്ല.
* ചില ബന്ധുക്കള്‍ തമ്മില്‍ വിവാഹം പാടില്ല. ഈ ബന്ധുത്വങ്ങള്‍ നിയമത്തില്‍ വിശദീകരിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള വിവാഹങ്ങള്‍ക്ക് ഒരു സമുദായത്തില്‍ ആചാരപരമായ വിലക്കില്ലെന്നു തെളിയിക്കാന്‍ കഴിഞ്ഞാല്‍ അവര്‍ക്ക് വിവാഹം കഴിക്കാം.
? ഈ വ്യവസ്ഥകള്‍ പാലിക്കാത്ത വിവാഹത്തിന്റെ സാധുതയെന്താണ്.
= ഒരു സാധുതയും ഇല്ല. അത്തരത്തിലുള്ള വിവാഹം നടന്നതായി നിയമപ്രകാരം കണക്കാക്കില്ല. ആര്‍ക്കും കോടതിയെ സമീപിച്ച് കാര്യം തെളിയിച്ചാല്‍ ആ വിവാഹം അസാധുവായി പ്രഖ്യാപിച്ച് ഉത്തരവ് നേടാം. എന്നാല്‍ ആരും കോടതിയില്‍ പോകുന്നില്ലെങ്കില്‍ വിവാഹം സാധുവായി തുടരും.
? ഒരു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയോ രേഖകളില്‍ കൃത്രിമം നടത്തി തെറ്റിദ്ധരിപ്പിച്ച് ഒരാള്‍ വിവാഹം കഴിക്കുകയോ ചെയ്താല്‍ പെണ്‍കുട്ടിക്ക് എന്തുചെയ്യാനാകും.
= അത്തരം വിവാഹങ്ങള്‍ അസാധുവാക്കാന്‍ കഴിയും. പക്ഷേ ഒരുവര്‍ഷത്തിനകം കോടതിയെ സമീപിക്കണം. സ്വന്തം ഇഷ്ടപ്രകാരമല്ല ഭര്‍ത്താവിനൊപ്പം കഴിഞ്ഞതെന്ന് തെളിയിക്കാനാകണം. എന്തെങ്കിലും ക്രമക്കേടുള്ളതായി കണ്ടെത്തുന്ന കേസില്‍, കണ്ടെത്തി ഒരുവര്‍ഷത്തിനകമാണ് പരാതി നല്‍കേണ്ടത്. വിവാഹിതയാകുമ്പോള്‍ ഒരു സ്ത്രീ മറ്റൊരാളില്‍നിന്ന് ഗര്‍ഭിണിയായിരുന്നു എന്ന് തെളിയിക്കാനായാല്‍ ഭര്‍ത്താവിനും വിവാഹം അസാധുവാക്കിക്കാം. ഈ പരാതിയും വിവാഹത്തീയതിമുതല്‍ ഒരുവര്‍ഷത്തിനകം നല്‍കണം.
? ഹിന്ദു വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമോ.
= ഹിന്ദു വിവാഹങ്ങള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് ഇപ്പോള്‍ ചട്ടമുണ്ട്. മുമ്പും രജിസ്റ്റര്‍ ചെയ്യാമായിരുന്നു എന്നാല്‍ നിര്‍ബ്ബന്ധിതമായിരുന്നില്ല. (വിവാഹ രജിസ്ട്രേഷന് ചട്ടങ്ങളെപ്പറ്റി പിന്നീട്.)
? ഹിന്ദുനിയമപ്രകാരം വിവാഹം കഴിഞ്ഞശേഷം ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കാന്‍ ശ്രമിച്ചാല്‍ ഭാര്യക്ക് എന്തു ചെയ്യാനാകും.
= പ്രഥമദൃഷ്ട്യാ തെളിവു കിട്ടിയാല്‍ പൊലീസില്‍ ക്രിമിനല്‍ പരാതി നല്‍കാം. വിവാഹം പൊലീസിന് തടയാം. പിന്നെയും വിവാഹനീക്കവുമായി ഭര്‍ത്താവ് മുന്നോട്ടുപോയാല്‍ കോടതിയില്‍നിന്ന് നിരോധനോത്തരവ് (injunction) നേടാം. വിവാഹം നടന്നുപോയാല്‍ അസാധുവായി പ്രഖ്യാപിക്കാന്‍ പരാതി നല്കുകയുമാകാം. പക്ഷേ രണ്ടാം വിവാഹം നിയമപ്രകാരമല്ല നടന്നതെങ്കില്‍ തെളിയിക്കാന്‍ പ്രയാസമാകും.
പരാതിയില്ലാതെയും കേസെടുക്കാം
അഡ്വ. കെ ആര് ദീപ
ഒരു വിവാഹത്തില്‍ ഒരുകൂട്ടര്‍ മറ്റേ കൂട്ടര്‍ക്ക് നല്‍കുകയോ നല്‍കാമെന്നു സമ്മതിക്കുകയോ ചെയ്യുന്ന സ്വത്തോ മറ്റെന്തെങ്കിലും സാധനങ്ങളോ സ്ത്രീധനനിരോധന നിയമത്തിലെ നിര്‍വചനപ്രകാരം സ്ത്രീധനമാകും. സ്ത്രീധനം വധൂവരന്മാരുടെ മാതാപിതാക്കളോ മറ്റാരെങ്കിലുമോ നല്കുന്നതാകാം. വിവാഹവുമായി ബന്ധപ്പെടുത്തി വിവാഹത്തിനു മുമ്പോ ശേഷമോ കൊടുക്കുന്നതുമാകാം.
സാധാരണ വധുവിന്റെ വീട്ടുകാരാണ് സ്ത്രീധനം നല്കുന്നതെങ്കിലും ചില വിഭാഗങ്ങള്‍ക്കിടയില്‍ മറിച്ചുള്ള രീതിയും നിലനില്‍ക്കുന്നതിനാല്‍ നിയമത്തില്‍ വിവാഹവുമായി ബന്ധപ്പെടുത്തി കൈമാറുന്ന ഏതു തരത്തിലുള്ള സ്വത്തുംപണവും സ്ത്രീധന (dowry)ത്തിന്റെ നിര്‍വചനത്തില്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മുസ്ളിം വ്യക്തിനിയമം (ശരിഅത്ത്) ബാധകമായവര്‍ നല്കുന്ന മഹര്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരില്ല.
സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്നവരെ അഞ്ചുവര്‍ഷത്തില്‍ കുറയാത്ത തടവിനും 15,000 രൂപയില്‍ കുറയാത്ത പിഴയ്ക്കും ശിക്ഷിക്കാം.
വിവാഹവേളയില്‍ സമ്മാനമായി വധുവിന്റെയോ വരന്റെയോ വീട്ടുകാര്‍ നല്കുന്ന സാധനങ്ങള്‍ നിയമത്തിന്റെ പരിധിയില്‍ വരില്ല. എന്നാല്‍ ഈ സമ്മാനങ്ങള്‍ ചോദിച്ചുവാങ്ങിയതാകരുത്. സമ്മാനങ്ങളുടെ പട്ടിക പ്രത്യേകം തയ്യാറാക്കിവെക്കുകയും വേണം. ഇതെങ്ങനെ തയ്യാറാക്കണമെന്ന് ചട്ടമുണ്ട്. എഴുതി തയ്യാറാക്കുന്ന ലിസ്റ്റില്‍ ഓരോന്നും തന്നത് ആര്, അവരുമായുള്ള ബന്ധം, സാധനത്തിന്റെ വില തുടങ്ങിയ വിവരങ്ങള്‍ ഉണ്ടാകണം. വരനും വധുവും പട്ടികയില്‍ ഒപ്പുവെക്കണമെന്ന് വ്യവസ്ഥയുണ്ട്. ഈ സമ്മാനങ്ങള്‍ നല്കുന്നവരുടെയോ വാങ്ങുന്നവരുടെയോ സാമ്പത്തികനിലവാരമനുസരിച്ച് അമിതമൂല്യമുള്ളതാകരുത്. ആചാരപരമായ രീതി എന്ന നിലയിലാകണം ഈ സമ്മാനം നല്‍കുന്നത് എന്നു നിയമം പറയുന്നു.
സ്ത്രീധനം ചോദിച്ചതായി തെളിഞ്ഞാലും ശിക്ഷയുണ്ട്. നേരിട്ടോ അല്ലാതെയോ സ്ത്രീധനം ആവശ്യപ്പെടുന്നവരെ ആറുമാസംമുതല്‍ രണ്ടുകൊല്ലംവരെ തടവിനും 10,000 രൂപവരെ പിഴയ്ക്കും ശിക്ഷിക്കാം. ഒരാള്‍ സമ്പാദ്യത്തിന്റെ ഏതെങ്കിലും ഭാഗമോ പണമോ മകന്റെയോ മകളുടെയോ വിവാഹത്തിനുവേണ്ടി ചെലവാക്കുകയാണെന്ന് പരസ്യപ്പെടുത്തുന്നതും കുറ്റമാണ്. ഇതിനും ശിക്ഷ സ്ത്രീധനം ചോദിച്ചാല്‍ കിട്ടുന്നത്രതന്നെയാണ്.
സ്ത്രീധനം നല്കാമെന്നോ വാങ്ങാമെന്നോ വ്യവസ്ഥചെയ്തുണ്ടാക്കുന്ന ഏതു കരാറും അസാധുവാണെന്നും നിയമം വ്യക്തമാക്കുന്നു. ഏതെങ്കിലും തരത്തില്‍ സ്ത്രീധനം കയ്യില്‍ വന്നുപെട്ടാല്‍ അത് വരന്റെ വീട്ടുകാര്‍ മൂന്നുമാസത്തിനകം വധുവിനു കൈമാറിയിരിക്കണം. ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് സ്ത്രീധനനിരോധന നിയമപ്രകാരമുള്ള കേസുകള്‍ പരിഗണിക്കേണ്ടതെന്നും വ്യവസ്ഥയുണ്ട്. കോടതിക്ക് നേരിട്ട് വിവരം ലഭിക്കുകയോ പൊലീസ് റിപ്പോര്‍ട്ട് കിട്ടുകയോ ചെയ്താല്‍ കേസെടുക്കാം. സ്ത്രീധനം ആരുടെ വിവാഹത്തിനാണോ കൊടുത്തത്, അവര്‍ക്കോ മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ പരാതി നല്‍കാം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരമുള്ള ക്ഷേമസംഘടനകള്‍ക്കും കോടതിയെ സമീപിക്കാം. ഈ നിയമപ്രകാരമുള്ള കേസുകളില്‍ ജാമ്യംകിട്ടില്ല. കുറ്റം ആരോപിക്കപ്പെട്ടാല്‍ ചെയ്തിട്ടില്ലെന്നു തെളിയിക്കേണ്ട ഉത്തരവാദിത്തം ആരോപിക്കപ്പെടുന്നവര്‍ക്കാണ്. നിയമം നടപ്പാക്കാനായി സ്ത്രീധനനിരോധന ഉദ്യോഗസ്ഥരെ (Dowry Prohibition Officers) സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയമിക്കാം. കേരളത്തില്‍ ഡെപ്യൂട്ടി കലക്ടര്‍, ആര്‍ഡിഒ, അസിസ്റ്റന്റ് കലക്ടര്‍ എന്നീ തസ്തികകളില്‍ കുറഞ്ഞ തസ്തികയിലുള്ളവരെ പ്രോഹിബിഷന്‍ ഓഫീസറാക്കാന്‍ പാടില്ലെന്ന് ചട്ടമുണ്ട്. സാമൂഹ്യക്ഷേമവകുപ്പിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനെ മുഖ്യ സ്ത്രീധന നിരോധന ഉദ്യോഗസ്ഥനായി (Chief Dowry Prohibition Officer) നിയമിച്ച് സംസ്ഥാനത്താകെയുള്ള നിരോധന ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്.
സ്ത്രീധനപീഡനങ്ങള്‍ തടയാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലാണ് (IPC) പ്രത്യേക വകുപ്പ് ചേര്‍ത്തിട്ടുള്ളത്. IPC 304B എന്ന ഈ വകുപ്പ് 1986 നവംബര്‍ 19 മുതലാണ് നിയമത്തില്‍ വന്നത്. വിവാഹശേഷം ഏഴുവര്‍ഷത്തിനുള്ളില്‍ വിവാഹിത പരിക്കേറ്റോ പൊള്ളലേറ്റോ മരിച്ചാല്‍ ഈ വകുപ്പ് ബാധകമാകും. മരണത്തിനു തൊട്ടുമുമ്പ്, സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നതായി തെളിഞ്ഞാല്‍ ഇത്തരം മരണങ്ങള് 'സ്ത്രീധനമരണം' (Dowry Death) ആയി കരുതി കേസെടുക്കാം. ഇത്തരം കേസുകളില്‍ കുറ്റം ആരോപിക്കപ്പെടുന്നവര്‍തന്നെ നിരപരാധിത്വം തെളിയിക്കണം. തെളിവുനിയമത്തില്‍ Indian Evidence Act) ഈ വ്യവസ്ഥയോടെ 113 ആ വകുപ്പ് ചേര്‍ത്തിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തംവരെ ശിക്ഷ കിട്ടും. കുറഞ്ഞത് ഏഴുവര്‍ഷവും. വിവാഹശേഷം ഏഴുവര്‍ഷത്തിനുള്ളില്‍ സ്ത്രീധനപീഡനംമൂലം സ്ത്രീ ആത്മഹത്യചെയ്താലും ഐപിസിയിലെ 304 ബി വകുപ്പനുസരിച്ച് കേസെടുക്കാം. ആത്മഹത്യ സ്ത്രീധനപീഡനം മൂലമെന്നു തെളിഞ്ഞാല്‍ പത്തുവര്‍ഷംവരെ ശിക്ഷ ലഭിക്കാം.
മതനിയമപ്രകാരമായാല്‍
അസാധുവാകും
അഡ്വ. കെ ആര് ദീപ
വിവാഹം എങ്ങനെയുമാകാം. പക്ഷേ വിവാഹത്തിന് നിയമസാധുതവേണമെന്ന് ആഗ്രഹിക്കുന്നവര്‍ പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടിവരും. സാധുതയില്ലാത്ത വിവാഹങ്ങള്‍ പലപ്പോഴും കുഴപ്പത്തിലാക്കുക സ്ത്രീകളെ ആയിരിക്കും. ഉപേക്ഷിക്കുന്ന ഭര്‍ത്താവില്‍ നിന്ന് ജീവനാംശം നേടാനോ കുട്ടികളുടെ സംരക്ഷണം ആവശ്യപ്പെടാനോ വിവാഹത്തിന് നിയമ പിന്‍ബലം വേണ്ടിവരും. മതേതര രാജ്യമെങ്കിലും വിവിധ സമുദായങ്ങള്‍ക്ക് വ്യത്യസ്ത വ്യക്തിനിയമങ്ങളുടെ പിന്‍ബലത്തില്‍ വ്യത്യസ്ത വിവാഹനിയമങ്ങളും ഇന്ത്യയില്‍ നിലനില്ക്കുന്നു. ഈ വിവാഹനിയമങ്ങള്‍ ആ മതവിഭാഗക്കാര്‍ക്കേ ബാധകമാകൂ. അതുകൊണ്ടുതന്നെ മിശ്രവിവാഹങ്ങള്‍ ഏതെങ്കിലും ഒരു മതനിയമപ്രകാരം നടത്തിയാല്‍ അതു പിന്നീട് നിയമത്തര്‍ക്കമായി മാറാം. സ്പെഷ്യല്‍ മാര്യേജ് ആക്ടനുസരിച്ചാണ് ഇത്തരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതെങ്കില്‍ തര്‍ക്കം വരില്ല.
ഇത്തരത്തിലൊരു തര്‍ക്കം 2008ല്‍ സുപ്രീംകോടതിയിലെത്തി. 'ഹിന്ദു വിവാഹനിയമ'പ്രകാരം ഒരു ക്രിസ്ത്യാനി ഹിന്ദുവിനെ വിവാഹം ചെയ്താല്‍ അതിന് നിയമപരമായ നിലനില്‍പ്പുണ്ടോ എന്നായിരുന്നു ചോദ്യം. നിയമനിര്‍വ്വചനം സൂക്ഷ്മമായി പരിശോധിച്ച് കോടതി തീര്‍പ്പാക്കി: ഇത്തരം വിവാഹം നിയമപരമായി നിലനില്‍ക്കില്ല; അത് അസാധുവാണ്.
ആന്ധ്രാ സ്വദേശികളുടെ വിവാഹമാണ് വിവാദമായത്. റോമന്‍ കത്തോലിക്കനാണ് വരന്. വധു ഹിന്ദുവും. കല്ല്യാണം അമ്പലത്തില്‍ നടത്തി. താലിയും കെട്ടി. വീട്ടുകാര്‍ സഹകരിച്ചില്ല. അതുകൊണ്ട് മറ്റ് ചടങ്ങുകള്‍ ഉണ്ടായില്ല. വിവാഹം ഹിന്ദു നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 1955ലെ ഹിന്ദു വിവാഹ നിയമ (Hindu Marriage Act)ത്തിലെ എട്ടാം വകുപ്പനുസരിച്ചായിരുന്നു രജിസ്ട്രേഷന്.
ആദ്യം കോടതിയിലെത്തിയത് വധുവാണ്. വിവാഹം കഴിഞ്ഞ് അഞ്ചുമാസം തികയും മുമ്പാണിത്. കുടുംബകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ വിവാഹം അസാധുവായി പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം. വരന് അയാളുടെ സാമൂഹ്യപദവി തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം നടത്തിയതെന്നായിരുന്നു മുഖ്യവാദം. കുടുംബകോടതി കേസ് തള്ളി. ഹൈക്കോടതിയില്‍ ഹര്‍ജിക്കാരി അപ്പീല്‍ നല്കി. വിവാഹം തുടക്കത്തിലേ തന്നെ നിലനില്‍ക്കാത്തതാണെന്നായിരുന്നു ഹൈക്കോടതി വിധി. ഈ വിധിക്ക് ശേഷം സ്ത്രീ വേറെ വിവാഹവും കഴിച്ചു.
എന്നാല്‍ ഹൈക്കോടതി വിധിക്കെതിരെ 'ആദ്യവരന്‍' സുപ്രീംകോടതിയിലെത്തി. വിവാഹം നടക്കുമ്പോള്‍ താന്‍ ക്രിസ്ത്യാനിയാണെന്നതോ വിവാഹം നടന്നത് ഹിന്ദു നിയമപ്രകാരം ആണെന്നതോ അയാള്‍ നിഷേധിച്ചില്ല. എന്നാല്‍ വിവാഹം കഴിക്കുന്നവര്‍ ഹിന്ദുവാകണം എന്ന് നിര്‍ബ്ബന്ധിക്കുന്ന വ്യവസ്ഥ നിയമത്തിലില്ലെന്നായിരുന്നു വാദം. നിയമത്തിന്റെ ആമുഖം തന്നെ ഇക്കാര്യം വ്യക്തമാക്കുന്നതായി എതിര്‍വാദവും വന്നു. ഹിന്ദുവിന് ക്രിസ്ത്യാനിയെ വിവാഹം കഴിയ്ക്കാം; പക്ഷേ അത് രജിസ്റ്റര്‍ ചെയ്യേണ്ടത് സ്പെഷ്യല്‍ മാര്യേജ് ആക്ടനുസരിച്ചാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. എല്ലാ മതങ്ങള്‍ക്കും വിവാഹ നിയമങ്ങള്‍ ഇന്ത്യയിലുണ്ട് ഇതില്‍ ഓരോ നിയമവും അന്യ മതക്കാര്‍ ഈ നിയമപ്രകാരം വിവാഹിതരാകുന്നത് വിലക്കുന്നുണ്ട് എന്നും വാദമുണ്ടായി.
ഹിന്ദുവായ ഒരാള്‍ മറ്റൊരു മതത്തില്‍ നിന്ന് നടത്തുന്ന വിവാഹത്തെ വിലക്കുന്നതല്ല 1955ലെ ഹിന്ദുവിവാഹ നിയമം എന്ന വാദത്തോട് ഒട്ടും യോജിക്കാനാവില്ലെന്ന് വാദങ്ങളെല്ലാം കേട്ട ശേഷം സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ആ നിയമത്തിന്റെ രൂപഘടന തന്നെ ഇത് വ്യക്തമാക്കുന്നു. നിയമത്തിന്റെ ആമുഖം ഇങ്ങനെയാണ്:"ഹിന്ദുക്കള്‍ തമ്മിലുള്ള വിവാഹങ്ങള്‍ക്കുള്ള നിയമങ്ങള്‍ ഭേദഗതിപ്പെടുത്താനും ക്രോഡീകരിക്കാനുമാണ് ഈ നിയമം''.
ആമുഖത്തില്‍ ഇങ്ങനെ പറഞ്ഞശേഷം നിയമത്തിന്റെ രണ്ടാം വകുപ്പ് ഇതിന് അടിവരയിടുന്നു.
അഞ്ചാം വകുപ്പില്‍ പറയുന്നത് അവിടെ കൊടുത്തിരിക്കുന്ന വ്യവസ്ഥകള്‍ പാലിക്കപ്പെട്ടാല്‍ രണ്ടു ഹിന്ദുക്കള്‍ തമ്മിലുള്ള വിവാഹം ഈ നിയമപ്രകാരം നടത്തിക്കൊടുക്കാം എന്നാണ്.'നടത്തികൊടുക്കാം'(may be solemnized) എന്നു പറയുന്നതിനാല്‍ അതില്‍ നിര്‍ബ്ബന്ധത്തിന്റെ അംശമില്ലെന്നും അതൊരു ഐഛിക (optional) വ്യവസ്ഥയാണെന്നുമുള്ള വാദം കോടതി തള്ളി. ഇവിടെ നിയമം നിര്‍ബ്ബന്ധത്തിന്റെ ഭാഷ തന്നെയാണ് ഉപയോഗിക്കുന്നത്. നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെ നടത്തുന്ന വിവാഹം അസാധുവാണെന്നു തന്നെയാണ് പറയുന്നത്്. നിയമത്തിന്റെ ഏഴാം വകുപ്പില്‍ പറയുന്നത് അഞ്ചാം വകുപ്പിലെ വ്യവസ്ഥകള്‍ പാലിച്ചുള്ള ഒരു വിവാഹം ഏഴാം വകുപ്പിലെ ചടങ്ങുകള്‍ പാലിച്ച് നടത്താമെന്നാണ്.
തര്‍ക്കമായ വിവാഹം നടക്കുമ്പോള്‍ വരന് ക്രിസ്ത്യാനിയായിരുന്നു. അതിനാല്‍ ഹിന്ദു ആചാരപ്രകാരം നടത്തിയ ആ വിവാഹം അസാധുവാണ്. ഹിന്ദു നിയമത്തിലെ എട്ടാം വകുപ്പനുസരിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്തതും അസാധുവാണ്.-ജ. അല്‍തമാസ് കബീര്‍, ജ. അഫ്ത്താബ് ആലം എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.
പുനര്‍വിവാഹത്തിനെതിരെ ചില വാദങ്ങള്‍ പരാതിക്കാരന് ഉന്നയിച്ചിരുന്നു. ഈ വാദങ്ങള്‍ അപ്രസക്തമാണെന്ന് വിധിയില്‍ പറഞ്ഞു. ആദ്യ വിവാഹം തന്നെ അസാധുവാണ്. അതുകൊണ്ട് പുനര്‍വിവാഹത്തിന്റെ സാധുതയെപ്പറ്റി ചര്‍ച്ച വേണ്ട- 2008 ഡിസംബര്‍ നാലിന്റെ വിധിയില്‍ കോടതി വ്യക്തമാക്കി.
ശനിയാഴ്ച, ഒക്ടോബർ 22, 2011
തുണയായി ഈ നിയമം
അഡ്വ. കെ ആര് ദീപ
അഞ്ചക്ക ശമ്പളം വാങ്ങുന്ന മക്കളുണ്ടായിട്ടും വഴിയോരത്ത് ഉറങ്ങേണ്ടിവരുന്ന അച്ഛനമ്മമാരെപ്പറ്റിയുള്ള വാര്‍ത്തകള്‍ക്ക് കുറവില്ല. മിക്കപ്പോഴും അവഗണനയുടെ പീഡനം ഏറെ അനുഭവിക്കേണ്ടിവരുന്നത് അമ്മമാര്‍ തന്നെ. പുരുഷന് സമൂഹത്തില്‍ നിലനില്‍ക്കുന്ന ഉയര്‍ന്ന പദവിയുടെ ബലത്തില്‍ മക്കള്‍ ഉപേക്ഷിച്ചാലും ഒരു പരിധിവരെ പിടിച്ചുനില്ക്കാന് പുരുഷന്മാര്ക്ക് കഴിയുന്നു. എന്നാല്‍ സ്വന്തമായി വരുമാനം ഉണ്ടായിരുന്ന കാലത്തുപോലും മക്കള്‍ക്കായി ജീവിക്കുന്ന അമ്മമാര്‍ അവസാനകാലത്തെ അനാഥാവസ്ഥയില്‍ കൊടും ദുരിതത്തിലാകുന്നു.
ഇങ്ങനെ തഴയപ്പെടുന്ന മാതാപിതാക്കളുടെയും മുതിര്‍ന്ന പൌരന്മാരുടെയും സംരക്ഷണം ഉറപ്പുവരുത്തുന്ന നിയമം (The Maintenance and Welfare of Parents and Senior Citizens Act, 2007) 2007 ഡിസംബറില്‍ ഇന്ത്യയിലും നിലവില്‍വന്നു. നിയമവും ബന്ധപ്പെട്ട ചട്ടങ്ങളും 2009 ആഗസ്ത് 29 ന് കേരളത്തിലും വിജ്ഞാപനമായി.
മാതാപിതാക്കളുടെയും മുതിര്‍ന്ന പൌരന്മാരുടെയും സംരക്ഷണം മക്കളുടെയും അവകാശികളുടെയും നിയമപരമായ ബാധ്യതയാക്കുകയാണ് നിയമം ചെയ്യുന്നത.്
അറുപത് കഴിഞ്ഞ അച്ഛനമ്മമാരെയും മുതിര്‍ന്ന പൌരന്മാരെയും അവര്‍ക്ക് സാധാരണ ജീവിതം ജീവിക്കാനാകുവോളം സംരക്ഷിക്കേണ്ടത് മക്കളുടെയും ബന്ധുക്കളുടെയും നിയമപരമായ ചുമതലയാണെന്ന് ആക്ടില്‍ പറയുന്നു.
സ്വന്തം നിലയ്ക്ക് ജീവന് നിലനിര്‍ത്താന്‍ കഴിയാത്ത ഏത് മുതിര്‍ന്ന വ്യക്തിക്കും ഈ നിയമപ്രകാരം അയാളുടെ/അവരുടെ മക്കളോട് പ്രതിമാസ ജീവനാംശം ആവശ്യപ്പെടാം. പ്രത്യേകം നിയമിക്കപ്പെടുന്ന ട്രിബ്യൂണല്‍ മുമ്പാകെയാണ് പരാതി നല്‍കേണ്ടത്.സ്വയം പരാതി നല്കാന് ബുദ്ധിമുട്ടുള്ളവര്‍ക്ക് ഏതെങ്കിലും വ്യക്തിയോ സന്നദ്ധ സംഘടനയോ മുഖേന അപേക്ഷ നല്‍കാം.
മക്കളെന്ന നിര്‍വ്വചനത്തില്‍ മകന്, മകള്‍, ചെറുമകന്, ചെറുമകള്‍ എന്നിവരെയാണ് നിയമം ഉള്‍പ്പെടുത്തുന്നത്. മക്കളില്ലാത്തവരുടെ കാര്യത്തില്‍ അവരുടെ സ്വത്തിന് അവകാശികളായി വരാനിടയുള്ള ബന്ധുക്കളാണ് സംരക്ഷിക്കേണ്ടത്. ഒന്നിലധികം ബന്ധുക്കള്‍ സ്വത്തിന് അവകാശികളായി വരുമെങ്കില്‍ അവര്‍ ഓരോരുത്തരും ഉത്തരവാദികളാകും.
ഓരോ റെവന്യൂ സബ്ഡിവിഷനിലും സംസ്ഥാനസര്‍ക്കാരുകള്‍ ഈ നിയമപ്രകാരമുള്ള കേസുകള്‍ പരിഗണിക്കാനുള്ള ട്രിബ്യുണലുകള്‍ ആരംഭിക്കണമെന്നും വ്യവസ്ഥയുണ്ട്. കേരളത്തില്‍ ആര്‍ഡിഒമാരാണ് ഈ ട്രിബൂണലിന്റെ അധ്യക്ഷന്മാര്. സിവില്‍ കോടതിയുടെ അധികാരങ്ങള്‍ ഈ ട്രിബ്യൂണലിനുണ്ടാകും.
മക്കളോ ബന്ധുക്കളോ മുതിര്‍ന്നവരെ സംരക്ഷിക്കുന്നില്ലെന്ന് പരാതി പരിഗണിക്കുമ്പോള്‍ ബോധ്യമായാല്‍ ട്രിബ്യൂണലിന് പ്രതിമാസ ജീവനാംശം അനുവദിച്ചുള്ള ഉത്തരവിടാം. പരമാവധി തുക സംസ്ഥാന സര്‍ക്കാരിന് നിശ്ചയിക്കാം. എന്നാല്‍ ഇത് 10000 രൂപയില്‍ കൂടാനാകില്ലെന്ന് വ്യവസ്ഥയുണ്ട്.
നിയമപ്രകാരം കേസ് കൊടുക്കാന്‍ അഭിഭാഷകന്റെ ആവശ്യമില്ല. ഇതിനായി ഒരു മെയിന്റനന്‍സ് ഓഫീസറുടെ സഹായം തേടാം. കേരളത്തില്‍ സാമൂഹ്യക്ഷേമ വകുപ്പിലെ ജില്ലാ വെല്‍ഫയര്‍ ഓഫീസര്‍ക്കാണ് ഈ ചുമതല. അപേക്ഷ പരിഗണിക്കും മുമ്പ് ഒരു ഒത്തുതീര്‍പ്പ് ശ്രമമുണ്ടാകും. ഇതിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെ പരിഗണനക്ക് കേസ് വിടും. (കേരളത്തില്‍ ഈ സമവായ ചുമതല യും മെയിന്റനന്‍സ് ഓഫീസറായ ജില്ലാ വെല്‍ഫയര്‍ ഓഫീസര്‍ക്കാണ്). ഒരുമാസത്തെ സമയവും കൊടുക്കും. അവിടെ പ്രശ്നം പരിഹരിക്കപ്പെട്ടാല്‍ അതിനനുസരിച്ചുള്ള ഉത്തരവായിരിക്കും ട്രിബ്യൂണലില്‍ നിന്നുണ്ടാകുക. കേസുകള്‍ കഴിവതും തൊണ്ണൂറ് ദിവസത്തിനകം തീര്‍പ്പാക്കും. കേസ് പരിഗണനയിലിരിക്കെ ഇടക്കാലാശ്വാസത്തിനും വ്യവസ്ഥയുണ്ട.് അപേക്ഷ നല്കിയ തീയതി മുതലോ ഉത്തരവാകുന്ന തീയതി മുതലോ ആണ് ജീവനാംശം അനുവദിക്കാറ്. സാഹചര്യത്തില്‍ മാറ്റം വരുന്നതനുസരിച്ച് തുക മാറ്റിനിശ്ചയിക്കാന്‍ ട്രിബ്യൂണലിന് അധികാരം ഉണ്ട്.
ട്രിബ്യൂണലിന്റെ ഉത്തരവുകളിന്മേലുള്ള അപ്പീലുകള്‍ പരിഗണിക്കാന്‍ അധികാരമുള്ള അപ്പലേറ്റ് ട്രിബ്യൂണലുകള്‍ ജില്ലതോറും ഉണ്ടാകും. കേരളത്തില്‍ കലക്ടര്‍മാരാണ് ഈ ട്രിബ്യുണലിന്റെ അധ്യക്ഷന്‍. അപ്പീലുകള്‍ കഴിവതും ഒരുമാസത്തിനകം തീര്‍പ്പാക്കണം.
അനുവദിച്ച ജീവാനാംശം നല്കാതിരുന്നാല് മൂന്നുമാസത്തിനകം തുക നല്കാന് നിര്‍ദേശം നല്‍കും. ഈ കാലയളവില്‍ നല്‍കിയില്ലെങ്കില്‍ ഒരുമാസമോ പണം കൊടുക്കുന്നതുവരേയോ ജയിലില്‍ അടയ്ക്കാം.
പ്രായമായവരെ സംരക്ഷിക്കാതിരുന്നാല് മൂന്നുമാസം വരെ തടവും അയ്യായിരം രൂപ പിഴയും രണ്ടും കൂടെയോ ശിക്ഷ വിധിക്കാം. സംരക്ഷണം നല്‍കാമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു മുതിര്‍ന്ന പൌരന് മറ്റൊരാള്‍ക്ക് നല്കുന്ന സ്വത്തിന്റെ കൈമാറ്റം, വാഗ്ദാനം ലംഘിക്കപ്പെട്ടാല്‍ അസാധുവാക്കാന്‍ ട്രിബ്യൂണലിന് അധികാരമുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ ജില്ലതോറും 150 പേര്‍ക്കെങ്കിലും താമസ സൌകര്യമുള്ള ഓരോ വൃദ്ധമന്ദിരമെങ്കിലും നിര്‍മ്മിക്കണമെന്നും നിയമം വ്യവസ്ഥചെയ്യുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന എല്ലാ വൃദ്ധര്‍ക്കും കഴിവതും കിടക്ക ഉറപ്പാക്കണമെന്നതടക്കമുള്ള വ്യവസ്ഥകളും നിയമത്തിലുണ്ട്. നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നു എന്നുറപ്പാക്കേണ്ട ചുമതല ജില്ലാ മജിസ്ട്രേറ്റിനാണ്.
അമ്മയ്ക്ക് രക്ഷിതാവാകാം;
ഭാര്യയ്ക്കും ദത്തെടുക്കാം
അഡ്വ. കെ ആര് ദീപ
ഇന്ത്യന്‍ നിയമങ്ങളില്‍ സ്ത്രീകളോട് വിവേചനം കാട്ടുന്ന വ്യവസ്ഥകള്‍ക്ക് പഞ്ഞമില്ല. സ്ത്രീ സംഘടനകള്‍ പലപ്പോഴായി ശബ്ദമുയര്‍ത്തിയിട്ടും ഇവയില്‍ പലതും തിരുത്താനെടുക്കുന്നത് നീണ്ട കാലമാണ്. ഇത്തരത്തിലുള്ള രണ്ടുവ്യവസ്ഥകള്‍ തിരുത്തപ്പെട്ടത് 2010 ലാണ്.
അച്ഛന് മരിച്ച, പ്രായപുര്‍ത്തിയാകാത്ത ഒരു കുട്ടിയുടെ രക്ഷിതാവാകാന്‍ അമ്മയെ അനുവദിക്കാത്ത വ്യവസ്ഥയായിരുന്നു ഒന്ന്. കുട്ടിയെ ദത്തെടുക്കാന്‍ ഭര്‍ത്താവിനുള്ള അവകാശം ഭാര്യക്ക് നിഷേധിക്കുന്നതായിരുന്നു മറ്റൊന്ന്.
കുട്ടിയുമായി ബന്ധപ്പെട്ട സ്വത്തുതര്‍ക്കം വന്നാല്‍ അമ്മ ജീവിച്ചിരിപ്പുണ്ടെങ്കിലും ആ കുട്ടിയുടെ രക്ഷിതാവായി മറ്റൊരാളെ കോടതിക്ക് നിയോഗിക്കാം എന്നതായിരുന്നു വിവേചനപരമായ വ്യവസ്ഥ.
ദത്തെടുക്കലിന്റെ കാര്യത്തില്‍ ഭര്‍ത്താവിന് കുട്ടിയെ ദത്തെടുക്കാം; ഭാര്യയുടെ അനുമതി നേടിയാല്‍ മതി എന്ന വ്യവസ്ഥ നിയമത്തിലുണ്ടായിരുന്നു. എന്നാല്‍ ഭാര്യക്ക് ഭര്‍ത്താവിന്റെ അനുമതിയോടെ പോലും. കുട്ടിയെ ദത്തെടുക്കാന്‍ അനുവദിച്ചിരുന്നുമില്ല.
രക്ഷിതാവിനെ നിശ്ചയിക്കുന്നതിലെ വിവേചനം അവസാനിപ്പിക്കാന്‍ ഗാര്ഡിയന് ആന്റ് വാര്‍ഡ്സ് ആക്ടിലും ദത്തെടുക്കല്‍ വിവേചനം അവസാനിപ്പിക്കാന്‍ഹിന്ദു അഡോപഷന്‍സ് ആന്റ് മെയിന്റനന്‍സ് ആക്ടിലുമാണ് ഭേദഗതി വരുത്തിയത.് ഇതിനുള്ള ബില്‍ പാര്‍ലമെണ്ട് അംഗീകരിച്ചു. 2010 ആഗസ്ത് 31 ന് ബില്ലിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചു. ബില്‍ നിയമമാകുകുയും ചെയ്തു.
ഗാര്ഡിയന് ആന്റ് വാര്‍ഡ്സ് ആക്ട് 1890ല്‍ പാസാക്കിയതാണ്. 120 വര്‍ഷമായി നിലനിന്ന വിവേചനമാണ് അവസാനിച്ചത്. ദത്തെടുക്കല്‍ നിയമം 1956ല്‍ നിലവില്‍ വന്നതാണ്. 1989 ല്‍ ഇന്ത്യന്‍ നിയമകമ്മീഷന് അതിന്റെ 133 ാം റിപ്പോര്‍ട്ടില്‍ ഈ ഭേദഗതികള്‍ നിര്‍ദ്ദേശിച്ചിരുന്നു. അന്നത്തെ നിയമ മന്ത്രി ബി ശങ്കരാനന്ദിനു നല്കിയ ആ ശുപാര്‍ശയാണ് 21 വര്‍ഷത്തിനുശേഷം നടപ്പാക്കിയത്. ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച നിയമത്തിലെ സ്ത്രീവിവേചനം സ്വതന്ത്ര ഇന്ത്യയിലും അതേപടി തുടരുകയായിരുന്നു. എന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ 1925ല്‍ തന്നെ ബ്രിട്ടനില്‍ അവരുടെ നിയമം പുതുക്കി. ഇവിടെ പിന്നെയും 85 വര്‍ഷത്തിനുശേഷമാണ് മാറ്റം വന്നത്.
വ്യക്തിനിയമ (ഭേദഗതി) നിയമം 2010 ( The Personal Laws (Amendment) Act, 2010) എന്നപേരിലാണ് പുതിയ നിയമം.
ഗാര്ഡിയന് ആന്റ് വാര്‍ഡ്സ് ആക്ടിന്റെ 19ാം വകുപ്പിലാണ് മാറ്റം വരുത്തിയത്. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുടെ അച്ഛന് ജീവിച്ചിരിപ്പില്ലെങ്കിലോ അല്ലെങ്കില്‍ രക്ഷകര്‍ത്താവായിരിക്കാന്‍ യോഗ്യനല്ലെന്ന് കോടതിക്ക് തോന്നുകയോ ചെയ്താല്‍ മറ്റൊരാളെ കുട്ടിയുടെ രക്ഷിതാവായി കോടതിക്ക് നിയോഗിക്കാം എന്നാണ് നിയമത്തില്‍ ഉണ്ടായിരുന്നത്. ഇതിനു പകരം അച്ഛനോ അമ്മയോ ജീവിച്ചിരിപ്പില്ലെങ്കില്‍ എന്ന ഭേദഗതിയാണ് ചേര്‍ത്തത്. ഇപ്പോള്‍ അമ്മ ജീവിച്ചിരിക്കുമ്പോള്‍ തന്നെ കുട്ടിയുടെ രക്ഷാകര്‍ത്തൃത്വം മറ്റേതെങ്കിലം ബന്ധുവിനെ ഏല്‍പ്പിക്കുകയാണ് കോടതികള്‍ ചെയ്യുന്നത്.
ഹിന്ദു അഡോപ്ഷന്‍സ് ആന്റ് മെയിന്റനന്‍സ് ആക്ടില്‍ എട്ട്, ഒമ്പത് വകുപ്പുകളിലാണ് മാറ്റം. പഴയ വകുപ്പനുസരിച്ച് അവിവാഹിതയായ സ്ത്രിക്ക് ദത്താകാം. വിവാഹിതയാണെങ്കില്‍ ഭര്‍ത്താവ് മരിച്ചതോ തിരിച്ചുവരാത്ത വിധം ഉപേക്ഷിച്ചുപോയതോ ആണെങ്കിലേ ദത്ത് പാടുള്ളൂ. അല്ലെങ്കില്‍ ഭര്‍ത്താവ് മാനസിക സ്ഥിരതയില്ലാത്തയാളാണെന്ന് ഏതെങ്കിലും കോടതി പ്രഖ്യാപിച്ചിട്ടുണ്ടാകണം. എന്നാല്‍ പുരുഷനാണ് ദത്തെടുക്കുന്നതെങ്കില്‍ ഭാര്യയുടെ അനുമതി മതി. ഈ വ്യവസ്ഥ മാറ്റി പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തുകയാണ് ഭേദഗതി നിയമം ചെയ്തത്. ഇതനുസരിച്ച് ഇനി പ്രായപൂര്‍ത്തിയായ ഏതു സ്ത്രീക്കും കുട്ടികളെ ദത്തെടുക്കാം. അവര്‍ വിവാഹിതയാണെങ്കില്‍ ദത്തെടുക്കലിന് ഭര്‍ത്താവിന്റെ സമ്മതം കൂടി വേണം. ഭര്‍ത്താവ് മരിച്ചതോ എന്നെന്നേക്കുമായി ഉപേക്ഷിച്ചു പോയതോ മാനസിക സ്ഥിരതയില്ലാത്ത യാളോ ആണെങ്കില്‍ അനുമതി വേണ്ട.
അതേപോലെ ഒരുകുട്ടിയെ ദത്തു നല്‍കാനുള്ള അവകാശവും അച്ഛനുമാത്രമാണ്. അമ്മയുടെ സമ്മതം മതി. എന്നാല്‍ അമ്മയ്ക്ക് അച്ഛന്റെ അനുമതിയോടെ പോലും ഇത് ചെയ്യാനാകില്ല. ഇതും അച്ഛനും അമ്മയ്ക്കും തുല്ല്യാവകാശമാകും വിധം ഭേദഗതി ചെയ്താണ് പുതിയ നിയമം.
വെള്ളിയാഴ്ച, ഒക്ടോബർ 21, 2011
വിവാഹച്ചെലവും നല്‍കണം
വിവാഹമോചിതനായ പുരുഷന് മുന്‍ഭാര്യക്കും മക്കള്‍ക്കും നല്‍കേണ്ട ജീവനാംശം ഓരോ മതത്തിനും സൗകര്യംപോലെ വ്യാഖ്യാനിക്കാവുന്നതാകാമോ? "ഞങ്ങളുടെ വ്യക്തിനിയമമനുസരിച്ച് ജീവനാംശം എന്നാല്‍ , ഇത്രയൊക്കെയേ ഉള്ളൂ, അതേ തരാനാകൂ" എന്ന നിലപാട് ഒരു മതത്തില്‍പ്പെട്ടവര്‍ സ്വീകരിച്ചാല്‍ അത് സ്വീകാര്യമാകുമോ? ഏതു വ്യക്തിനിയമം അനുസരിച്ച് അനുവദിക്കുന്നതായാലും ജീവനാംശം എന്നത് ഒരേ നിര്‍വചനത്തിന്‍കീഴില്‍ വരുന്നതാകണമെന്ന് കേരള ഹൈക്കോടതി വിധിച്ചു. ജീവനാംശവ്യവസ്ഥയുടെ പ്രയോഗം എല്ലാ മതസമൂഹത്തിലും ഒരുപോലെത്തന്നെയാകണം. മതനിരപേക്ഷതയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്ത് ഇത് വ്യത്യസ്തമാകാന്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് ആര് ബസന്തും ജസ്റ്റിസ് കെ സുരേന്ദ്രമോഹനും ഉള്‍പ്പെട്ട ബെഞ്ച് 2011 സെപ്തംബര്‍ ആറിനാണ് ഈ വിധി പ്രഖ്യാപിച്ചത്. തൃശൂരിലെ കുടുംബകോടതിയില്‍ ആരംഭിച്ച തര്‍ക്കമാണ് ഒടുവില്‍ ഹൈക്കോടതിയിലെത്തി തീര്‍പ്പായത്. ജീവനാംശത്തിന്റെ പരിധിയില്‍ മകളുടെ വിവാഹച്ചെലവ് ഉള്‍പ്പെടില്ലെന്ന അച്ഛന്റെ വാദം തള്ളിയാണ് ഹൈക്കോടതി വിധി. മുസ്ലിം വ്യക്തിനിയമ(ശരിഅത്ത്)ത്തിലെ വ്യവസ്ഥകള്‍ ഒരു അമിക്കസ്ക്യൂറി (കോടതിയെ സഹായിക്കാന്‍ നിയമിക്കപ്പെടുന്ന അഭിഭാഷകന്)യുടെ സഹായത്താല്‍ വ്യാഖ്യാനിച്ചാണ് കോടതി കേസില്‍ തീര്‍പ്പുകല്‍പ്പിച്ചത്. ജീവനാംശം എന്ന പദം മുസ്ലിം വ്യക്തിനിയമത്തില്‍ ഉപയോഗിക്കുന്നുണ്ട്. ഈ വാക്കിന് മറ്റു സമുദായങ്ങള്‍ക്ക് ബാധകമായ അര്‍ഥമേ മുസ്ലീങ്ങള്‍ക്കും ബാധകമാക്കാന്കഴിയൂ. വ്യത്യസ്തമായ ഒരര്‍ഥം മുസ്ലീങ്ങള്‍ക്കു മാത്രമായി കല്‍പ്പിക്കാനാകില്ല. വിവാഹിതരാകുന്നതുവരെ പെണ്മക്കളെ സംരക്ഷിക്കാന്‍ അച്ഛന് ബാധ്യതയുണ്ടെന്ന് ശരിഅത്തില്‍ 370-ാം വകുപ്പില്‍ പറയുന്നുണ്ട്. പ്രായപൂര്‍ത്തിയായാലും ഇല്ലെങ്കിലും മകളെ സംരക്ഷിക്കാന്‍ മുസ്ലിം പിതാവിന് ബാധ്യതയുണ്ടെന്ന് നിയമം സംശയമേ ഇല്ലാതെ വ്യക്തമാക്കുന്നു. വിവാഹംവരെ സംരക്ഷിക്കുക എന്നുപറഞ്ഞാല്‍ വിവാഹച്ചെലവ് വഹിക്കുക എന്നര്‍ഥമുണ്ടോ എന്നതാണ് പിന്നീട് പരിശോധിക്കേണ്ടത്. ഇക്കാര്യത്തില്‍ മുന്‍കാലവിധികള്‍ പലതും കോടതി പരിശോധിച്ചു. ജീവിതത്തില്‍നിന്ന് ഏറെ മാറ്റിനിര്‍ത്തി നിയമം പരിശോധിക്കുന്നതില്‍ അര്‍ഥമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മകളുടെ മാനസികവും ഭൗതികവുമായ നന്മയ്ക്കു വേണ്ടവിധത്തിലുള്ള ചെലവുകള്‍ അച്ഛന് വഹിക്കണമെന്നാണ് നിയമത്തില്‍ പറയുന്നത്. ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ഇന്ന് ലഭ്യമായ സ്വാതന്ത്ര്യത്തിന്റെ നില പരിഗണിക്കുമ്പോള്‍ രക്ഷിതാക്കളുടെ തുണയില്ലാതെ ഒരു പെണ്‍കുട്ടിക്ക് വിവാഹജീവിതത്തിലേക്കു കടക്കാനാകുമെന്ന് പറയാനാകില്ല. ഒരു വരനെ അവള് തെരഞ്ഞെടുത്താല്‍പോലും വിവാഹച്ചെലവ് രക്ഷാകര്‍ത്താവാണ് വഹിക്കാറുള്ളത്. നിലവിലുള്ള ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയില്‍ ഏതു മതവിഭാഗത്തില്‍പ്പെട്ട അച്ഛനായാലും മകളുടെ വിവാഹം നടത്തിക്കൊടുക്കുക എന്നത് അയാളുടെ ചുമതലയായാണ് കരുതുന്നത്. ഇവിടെ ജീവനാംശം എന്നത് കുട്ടിയുടെ അവകാശമാണ്. അവളുടെ മാനസികവും ഭൗതികവുമായ ഉന്നമനത്തിനുള്ള ചെലവുകള്‍ക്ക് അവള് അര്‍ഹയാണ്. ഒരു അവിവാഹിതയായ പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം അവളുടെ മാനസികവും ഭൗതികവുമായ ഉന്നമനത്തിന് ആവശ്യമായതാണ് വിവാഹം. അതുകൊണ്ടുതന്നെ വിവാഹച്ചെലവ് ജീവനാംശത്തിന്റെ ഭാഗമായി അവള്‍ക്ക് അര്‍ഹതപ്പെട്ടതാണ്. ഈ തുക ന്യായമായതായിരിക്കണം. സ്വന്തമായി വിവാഹച്ചെലവ് താങ്ങാന്‍കഴിയാത്ത മകളുടെ കാര്യത്തിലേ ഇത് ബാധകമാകുകയുള്ളൂ. ചെലവ് താങ്ങാന്‍കഴിയുന്ന അച്ഛനെതിരെ മാത്രമേ ഈ വിധി നടപ്പാക്കാനും കഴിയൂ- കോടതി വിശദമാക്കി. ഹിന്ദുനിയമം ഇക്കാര്യത്തില്‍ വ്യക്തമാണ്. മകളുടെ വിവാഹച്ചെലവ് ജീവനാംശത്തിന്റെ പരിധിയില്‍ നിയമംതന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ഈ നിയമം ജീവനാംശത്തെ പാര്‍ലമെന്റ് ഏതുതരത്തില്‍ കാണുന്നുവെന്ന് വ്യക്തമാക്കുന്നു. ഹിന്ദുപിതാവും മുസ്ലിംപിതാവും ഇന്ത്യന്സമൂഹത്തിലാണ് ജീവിക്കുന്നത്. ധാര്‍മികതലത്തില്‍ മക്കളോടുള്ള അവരുടെ കടമയും ഉത്തരവാദിത്തവും ഒരേതലത്തിലാണ് സമൂഹം കാണുന്നത്. അതുകൊണ്ടുതന്നെ അനാവശ്യമായ വ്യാഖ്യാനത്തിലൂടെ മുസ്ലിംപിതാവിനെ ഈ ഉത്തരവാദിത്തത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കാരണമില്ല. എന്നു മാത്രമല്ല, മകളെ/സ്ത്രീയെ സംരക്ഷിക്കേണ്ട പുരുഷന്റെ ചുമതലയെപ്പറ്റി ഇസ്ലാംമതഗ്രന്ഥങ്ങള് വ്യക്തമായിത്തന്നെ പരാമര്‍ശിക്കുന്നുമുണ്ട്- വിധിന്യായത്തില്‍ പറഞ്ഞു. ചുരുക്കത്തില്‍ മകളെ സംരക്ഷിക്കുക എന്നതിനര്‍ഥം അവളുടെ വിവാഹച്ചെലവുകള്കൂടി വഹിക്കണം എന്നുതന്നെയാണ്. ഹിന്ദുവായാലും മുസ്ലീമായാലും ക്രിസ്ത്യാനിയായാലും ഇത് അച്ഛന്റെ ഉത്തരവാദിത്തമാണ്. മക്കളെ സംരക്ഷിക്കുക എന്നത് ഈ സമുദായങ്ങളുടെയെല്ലാം വ്യക്തിനിയമങ്ങള്‍ അനുശാസിക്കുന്ന കാര്യവുമാണ്. വ്യക്തിനിയമങ്ങളെ അവഗണിച്ചാല്‍പോലും ഭരണഘടനയുടെ 44-ാം അനുച്ഛേദ (ഒരു പൊതു സിവില്‍ കോഡിനായി ഭരണസംവിധാനം പ്രയത്നിക്കണമെന്ന് നിര്‍ദേശിക്കുന്ന അനുഛേദമാണിത്)ത്തിന്റെ സത്ത ഉള്‍ക്കൊണ്ട് കോടതിക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാവുന്നതാണ്. മതനിരപേക്ഷ ഇന്ത്യയില്‍ ജീവനാംശം എന്നത്, ഏതു മതക്കാരനായാലും ഓരോ ഇന്ത്യന്‍ പൗരനും ഒരേതരത്തില്‍ത്തന്നെ ബാധകമാകണം- കോടതി വിധിച്ചു.
സ്ത്രീ സപ്ലിമെന്റ്
- സ്ത്രീധനം തിരികെ ചോദിക്കാമോ?
അഡ്വ. കെ ആര് ദീപ -
സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും നിയമവിരുദ്ധമെന്നതില് തര്‍ക്കമില്ല. ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശനിയമപ്രകാരം കൊടുത്ത സ്ത്രീധനത്തിന്റെ വിനിയോഗം സംബന്ധിച്ച് തര്‍ക്കം വന്നാല്‍ എന്തുചെയ്യും? സ്ത്രീധനത്തുകകൂടി ഉപയോഗിച്ച് ഭര്‍ത്താവിന്റെ വീട്ടുകാര്‍ ആര്‍ജിച്ച സ്വത്തില്‍ ഭാര്യക്ക് പങ്ക് അവകാശപ്പെടാമോ? 1097ലെ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശനിയമത്തിന്റെ വെളിച്ചത്തിലുയര്ന്ന ഈ ചോദ്യത്തിന് ഹൈക്കോടതി 2006ല്‍ ഉത്തരം നല്കി. ഭാര്യക്ക് ഭര്‍ത്താവിന്റെ സ്വത്ത് അവകാശപ്പെടാനാകില്ല. എന്നാല്‍ , സ്ത്രീധനത്തുക ഭാര്യയുടെ ക്ഷേമത്തിനായി ഭാര്യവീട്ടുകാര്‍ നല്‍കുന്നതാണ്. അത് ഏതുസമയത്തും തിരിച്ചാവശ്യപ്പെടാന്‍ ഭാര്യക്ക് അവകാശമുണ്ട്. അതിന് കോടതിയില്‍ സിവില്‍ അന്യായം(Suit) കൊടുക്കാം. ജസ്റ്റിസ് കെ എസ് രാധാകൃഷ്ണനും ജസ്റ്റിസ് വി രാംകുമാറും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് 2006 സെപ്തംബര്‍ ഒന്നിന് ഈ വിധി പറഞ്ഞത്. 1952ല്‍ വിവാഹിതരായവര്‍ തമ്മിലാണ് തര്‍ക്കംവന്നത്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളുമുണ്ട്. 35 വര്‍ഷം ഒന്നിച്ചുകഴിഞ്ഞശേഷം അവര്‍ വേര്‍പിരിഞ്ഞു. പരസ്പരം ക്രൂരതയുടെ ആരോപണവും ഉണ്ടായി.
ഭര്‍ത്താവിന്റെ വീട്ടിലെ ഭാഗംവയ്ക്കല്പ്രകാരം ഭര്‍ത്താവിനു കിട്ടിയ സ്വത്തില്‍ പകുതി ആവശ്യപ്പെട്ട് 1992ല്‍ ഭാര്യ മുന്‍സിഫ് കോടതിയില്‍ കേസ് കൊടുത്തു. ഈ കേസ് പിന്നീട് കുടുംബകോടതിയിലേക്കു മാറി. വിവാഹശേഷം തന്റെ പിതാവ് ഭര്‍ത്താവിന്റെ അച്ഛന് 2501 രൂപയും 30 പവന്റെ ആഭരണവും സ്ത്രീധമായി നല്‍കിയിരുന്നതായി പരാതിക്കാരി ചൂണ്ടിക്കാട്ടി. ഈ പണവും സ്വര്‍ണവും ഭര്‍ത്താവിന്റെ അച്ഛന് അദ്ദേഹത്തിന്റെ കുടുംബത്തിനായി ഉപയോഗിച്ചു. ഭര്‍ത്താവിന്റെ വീട്ടിലെ ഭാഗരേഖയില് ഇക്കാര്യം പറയുന്നുമുണ്ട്. ഈ തുക പരിഗണിച്ച് ഭര്‍ത്താവിന് കുടുംബസ്വത്തില്‍ ഒരുവിഹിതം കൂടുതല്‍ നല്‍കുന്നതായും ഭാഗപത്രം പറയുന്നു. ഈ സാഹചര്യത്തില്‍ ഭര്‍ത്താവിന്റെ സ്വത്തില്‍ പകുതി തനിക്ക് കിട്ടണം- ഇതായിരുന്നു പരാതിക്കാരിയുടെ വാദം. എന്നാല്‍ , ഭര്‍ത്താവിന്റെ വാദം മറ്റൊന്നായിരുന്നു. 2501 രൂപ കിട്ടിയതായി ഭര്‍ത്താവ് സമ്മതിക്കുന്നു. പക്ഷേ, സ്വര്‍ണം എടുത്തെന്ന ആക്ഷേപം ശരിയല്ല. ഭാര്യയോട് ക്രൂരത കാട്ടിയിട്ടില്ല. ഭാര്യയും മക്കളും ബന്ധുക്കളുമാണ് തന്നോട് ക്രൂരത കാട്ടിയത്. കുടുംബസ്വത്തില്‍ കൂടുതലായൊന്നും കിട്ടിയിട്ടില്ല. കിട്ടിയതില്‍നിന്ന് 50 സെന്റ് ഭാര്യയുടെ അറിവോടെ മകനു കൊടുത്തിരുന്നു. ബാക്കി ഭൂമി സഹോദരന്റെകൂടി പേരിലാണ്. അത് വീതംവയ്ക്കാന്‍ പറ്റില്ല- ഇതൊക്കെയായിരുന്നു ഭര്‍ത്താവിന്റെ വാദങ്ങള്‍ .
കുടുംബകോടതി കേസ് തള്ളി. സ്ത്രീധനം തിരികെ വേണമെന്ന് ആവശ്യപ്പെടാത്തതിനാല്‍ ആ പ്രശ്നം പരിഗണിക്കുന്നില്ലെന്നും വിധിയില്‍ പറഞ്ഞു. ഈ വിധിക്കെതിരെയാണ് ഭാര്യ ഹൈക്കോടതിയിലെത്തിയത്. ഭര്‍ത്താവിന്റെ അച്ഛന് ആഗ്രഹിച്ചിരുന്നത് സ്വത്തില്‍ ഒരുഭാഗം തന്റെ പേരില്‍ എഴുതിത്തരാനാണെന്ന് ഭാര്യ വാദിച്ചു. ഈ ഒരു ഭാഗമാണ് അധികമായി ഭര്‍ത്താവിനു കിട്ടിയതെന്നും അവര്‍ വാദിച്ചു. ഈ നിലയ്ക്ക് ഭര്‍ത്താവ് ആ സ്വത്ത് കൈവശം വച്ചിരിക്കുന്നത് തനിക്കുവേണ്ടിയാണ് എന്ന നിലയില്‍ കാണണം. എന്നാല്‍ , ഭാര്യ ഭര്‍ത്താവിന്റെ കുടുംബത്തിലെ അംഗമല്ല. അതുകൊണ്ട് ആ കുടുംബത്തിന്റെ സ്വത്തില്‍ വീതം ചോദിക്കാനാകില്ല. ആ സ്വത്തില്‍ അവര്‍ക്ക് അവകാശമില്ല- ഭര്‍ത്താവിനുവേണ്ടി വാദമുയര്‍ന്നു. ഭാഗംവയ്ക്കല്‍ രേഖകള്‍ ഹൈക്കോടതി പരിശോധിച്ചു. ഭര്‍ത്താവിന് കുടുംബസ്വത്തില്‍ കൂടുതല്‍ വിഹിതം കിട്ടിയത് സ്ത്രീധനം കുടുംബത്തിനുവേണ്ടി ചെലവിട്ടതുകൊണ്ടുതന്നെയാണെന്ന് ഹൈക്കോടതിയും വ്യക്തമാക്കി. പക്ഷേ, ഇതുകൊണ്ടുമാത്രം ഭര്‍ത്താവിന്റെ കുടുംബസ്വത്തില്‍ ഭാര്യക്ക് അവകാശംവരുമോ എന്ന ചോദ്യം കോടതി പരിഗണിച്ചു. ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശനിയമപ്രകാരം "സ്ത്രീധനം" ഭാര്യക്കുവേണ്ടി ഭര്‍ത്താവ് കൈവശം വയ്ക്കുകയാണ് ചെയ്യുന്നത്. ഭാര്യ ആവശ്യപ്പെടുമ്പോള്‍ ആ പണം തിരികെ കൊടുക്കേണ്ടതുമാണ്.
സ്ത്രീധനം ആര് കൈവശം വച്ചിരുന്നാലും അത് സ്ത്രീയുടെ സ്വത്തുതന്നെയാണ്. ഈ പണം ആവശ്യപ്പെട്ട് സ്ത്രീക്ക് കേസ് കൊടുക്കാം. അതിന് 1961ലെ സ്ത്രീധനനിരോധനനിയമം തടസ്സമല്ല. ഈ സാഹചര്യത്തില്‍ ഭര്‍ത്താവിന്റെ സ്വത്തിന്റെ പകുതി ചോദിച്ചുള്ള വാദങ്ങള്‍ക്ക് നിലനില്‍പ്പില്ല. സ്ത്രീധനം ഉപയോഗിച്ചു സമ്പാദിച്ച സ്വത്തായതിനാല്‍ ഭാര്യക്ക് ആ സ്വത്തില്‍ നിയന്ത്രണം (lien or charge) ആവശ്യപ്പെട്ട് കേസ് കൊടുക്കാം. സ്ത്രീധനം തിരികെ വേണമെന്ന് ആവശ്യപ്പെട്ടും കേസ് കൊടുക്കാം. ഇക്കാരണത്താല്‍ കേസ് തള്ളുകയാണെന്ന് ഡിവിഷന് ബെഞ്ച് വിധിച്ചു. - ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്
സുപ്രീംകോടതി. എന്നാല്‍ വിവാഹമോചിതരാകുന്ന ദമ്പതികളുടെ കുട്ടിയെ അമ്മയ്ക്കൊപ്പംവിടുന്നതാണു നല്ലതെന്ന പൊതുനിഗമനം സ്വീകരിക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് താരം അനില്‍ കുംബ്ളെയുടെ ഭാര്യയ്ക്ക് ആദ്യ വിവാഹത്തിലുണ്ടായ കുട്ടിയെ വിട്ടുകൊടുക്കുന്നതു സംബന്ധിച്ച കേസിലായിരുന്നു ഈ വിധി.
പുനര്‍വിവാഹം കഴിച്ചാലും
കുട്ടിയെ കൂടെ നിര്‍ത്താം
അഡ്വ.കെ ആര് ദീപ
വിവാഹമോചനം ഇന്ന് സാധാരണം. തുടരാനാകാത്ത ബന്ധങ്ങള്‍ അവസാനിപ്പിക്കണം എന്നതില്‍ ആര്‍ക്കും സംശയമില്ല. സ്ത്രീകള്‍ വിവാഹമോചനത്തിനു മുന്കയ്യെടുക്കാത്ത സ്ഥിതി മുമ്പുണ്ടായിരുന്നു. വിവാഹമോചിത എന്ന നിലയില്‍ സമൂഹത്തില്‍ ജീവിക്കുക അസാധ്യമായി കരുതപ്പെട്ടു. സ്വാതന്ത്യബോധത്തിലുണ്ടായ ഉണര്‍വ്വ് ഇതിനുമാറ്റം വരുത്തി. കോടതികളിലെത്തുന്ന വിവാഹമോചനകേസുകളുടെ എണ്ണക്കൂടുതല്‍ ഇത് വ്യക്തമാക്കുന്നു.
വിവാഹമോചനത്തിനുശേഷം വീണ്ടും വിവാഹം കഴിക്കുന്നവരും ഏറെയാണ്. ഈ ഘട്ടത്തില്‍ ആദ്യവിവാഹത്തിലെ കുട്ടികളെ കൂടെ നിര്‍ത്തുന്ന പ്രശ്നം കോടതികളിലെത്താറുണ്ട്. വിവാഹമോചിതയാകുന്ന പുരുഷന് പുനര്‍വിവാഹം കഴിക്കാതിരിക്കുകയും സ്ത്രീ വിവാഹിതയാകുകയും ചെയതാല്‍ തര്‍ക്കം മുറുകും. വീണ്ടും വിവാഹം കഴിച്ച സ്ത്രീക്ക് ഇനി കുട്ടിയെ ഒപ്പം നിര്‍ത്താന്‍ അവകാശമില്ലെന്ന വാദം കോടതികളില്‍ ഉയരാറുണ്ട്. ചിലകോടതികള്‍ ഇത് ശരിവെച്ചിട്ടുമുണ്ട.് എന്നാല്‍ ഇത്തരത്തില്‍ പുനര്‍വിവാഹം അയോഗ്യതയായി കരുതുന്നത് തീര്‍ത്തും തെറ്റാണെന്ന് സുപ്രീംകോടതി തന്നെ വിധിച്ചു. 2004ല്‍ ആയിരുന്നു ഇത്.
വിവാഹമോചിതയായ സ്ത്രീ പുനര്‍വിവാഹം കഴിച്ചുവെന്നതിന്റെ പേരില്‍ ആദ്യ വിവാഹത്തിലെ കുട്ടിയുടെ സംരക്ഷണാവകാശം അവര്‍ക്ക് നിഷേധിക്കരുതെന്ന് സുപ്രിംകോടതി വിധിച്ചു. എന്നാല്‍ വിവാഹമോചിതരാകുന്ന ദമ്പതികളുടെ കുട്ടിയെ ആര്‍ക്കൊപ്പം വിടണമെന്നു തീരുമാനിക്കുമ്പോള്‍ എപ്പോഴും അമ്മയ്ക്കൊപ്പം വിടുന്നതാണു നല്ലതെന്ന പൊതുനിഗമനം സ്വീകരിക്കരുതെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യന്‍ ക്രിക്കറ്റ് താരം അനില്‍ കുംബ്ളെയുടെ ഭാര്യ ചേതനാ രാമതീര്‍ഥയ്ക്ക് ആദ്യ വിവാഹത്തിലുണ്ടായ കുട്ടിയെ വിട്ടുകൊടുക്കുന്നതു സംബന്ധിച്ച കേസിലായിരുന്നു ഈ വിധി. ചേതനയുടെ ആദ്യ ഭര്‍ത്താവിന്റെ ഹര്‍ജിയാണ് സുപ്രിംകോടതി പരിഗണിച്ചത്.
കുമാര്‍ വി ജഹാഗിര്‍ധറാണ് ആദ്യം ചേതനയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് ഒരു മകളുണ്ട്. കുട്ടിക്ക് അപ്പോള്‍ ഒമ്പതുവയസ്സുണ്ടായിരുന്നു. ഉഭയസമ്മതപ്രകാരം ഇവര്‍ വിവാഹമോചനം നേടിവേര്‍പിരിഞ്ഞു. ചേതന അതിനുശേഷം അനില്‍ കുംബ്ളെയെ വിവാഹം കഴിച്ചു.
കുട്ടിയെ ആര്‍ക്കൊപ്പം വിടണമെന്ന പ്രശ്നം ആദ്യം പരിഗണിച്ചത് ബംഗ്ളൂരിലെ കുടുംബകോടതിയാണ്. കുംബ്ളെയെപ്പോലെ തിരക്കുള്ള ഒരു ക്രിക്കറ്റ് താരത്തെ വിവാഹംകഴിച്ചതിനാല്‍ ചേതനയ്ക്ക് എപ്പോഴും യാത്രയും മറ്റും വേണ്ടിവരുമെന്ന് കുടുംബകോടതി അഭിപ്രായപ്പെട്ടു. ഇത് അഛനില്‍നിന്ന് കുട്ടിയെ അകറ്റാനിടയുണ്ട്. അതിനാല്‍ കുട്ടി അഛനൊപ്പം നില്ക്കട്ടെ. എല്ലാ ഞായറാഴ്ചയും രാവിലെ പത്തുമുതല്‍ രാത്രി എട്ടുവരെ ചേതനയ്ക്ക് കുട്ടിയെ സന്ദര്‍ശിക്കാം. മാസത്തില്‍ രണ്ടു ഞായറാഴ്ച ഒപ്പം കൂട്ടുകയുമാവാം. ഇതായിരുന്നു കുടുംബകോടതി വിധി.
ചേതന ഈ വിധിക്കെതിരെ ഹൈക്കോടതിയിലെത്തി. ഹൈക്കോടതി വിധി മാറ്റി. കുട്ടിയെ സ്ഥിരമായി അമ്മയ്ക്കൊപ്പം വിടണമെന്നും അഛനു സന്ദര്‍ശിക്കാന്‍ ശനിയും ഞായറും അവസരം നല്കിയാല് മതിയെന്നും വെക്കേഷന് കാലത്ത് പകുതി ദിവസങ്ങള്വീതം കുട്ടിയെ അഛനുമമ്മയ്ക്കുമൊപ്പം വിടണമെന്നും ഹൈക്കോടതി പറഞ്ഞു.
ഇടക്കിടെ കേസിലെ കക്ഷികളിരുവരും കോടതികളിലെത്തി. കുട്ടിയെ ഒപ്പം താമസിപ്പിക്കുന്നതുസംബന്ധിച്ച് പല ഇടക്കാല ഉത്തരവുകളുമുണ്ടായി. ഒരിക്കല്‍ കുംബ്ളെയ്ക്കൊപ്പം ചേതന വിദേശയാത്ര പോയപ്പോള്‍ കോടതിയുടെ അനുമതിയോടെ മകളെ കൊണ്ടുപോവുകയും ചെയ്തു.
കുടുംബകോടതിയില്‍ 2002 ഏപ്രില്‍ 20നാണ് കേസിന് അവസാനതീര്പ്പായത്. ഈ വിധിയിലാണ് കുട്ടിയെ അഛനൊപ്പം വിടാന്‍ നിര്‍ദേശമുണ്ടായത്. സ്റ്റോക്ക് ബ്രോക്കറായ അഛന് കുട്ടിയെ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയുമെന്നതും, അയാള്‍ ഇപ്പോഴും അവിവാഹിതനായി കഴിയുകയാണെന്നതുമാണ് കുടുംബകോടതി കണ്ട മുഖ്യന്യായങ്ങള്‍.
ഈ വിധിക്കെതിരെ ചേതന ഹൈക്കോടതിയിലെത്തി. ഹൈക്കോടതി ജഡ്ജിമാര്‍ രണ്ടുവട്ടം കുട്ടിയുമായി സംസാരിച്ചു. അഛനോടോ അമ്മയോടോ അമ്മയുടെ ഇപ്പോഴത്തെ ഭര്‍ത്താവിനോടോ ഒരു വിരോധവും കുട്ടി പ്രകടിപ്പിച്ചില്ല. ഈ സാഹചര്യത്തില്‍ ഒമ്പതുവയസ്സായ പെണ്‍കുട്ടിയെ, അമ്മയ്ക്കൊപ്പം വിടുന്നതാണ് നല്ലതെന്നായിരുന്നു ഹൈക്കോടതിയുടെ നിഗമനം. വാരാന്തങ്ങളില്‍ അഛന് കുട്ടിയെ കാണുകയുമാവാം. ഈ വിധിക്കെതിരെ കുട്ടിയുടെ അഛനായ കുമാര്‍ വി ജഹഗിര്‍ധര്‍ നല്കിയ ഹര്‍ജിയാണ് സുപ്രിംകോടതിയിലെത്തിയത്. കുട്ടിയെ ഒപ്പം താമസിപ്പിക്കാനുള്ള അവകാശം എപ്പോഴും അമ്മയ്ക്കു മാത്രമുള്ളതാണെന്നും മതിയായ കാരണങ്ങളില്ലാതെ ഇതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചുകൂടെന്നുമുള്ള ഹൈക്കോടതി വിധിയിലെ നിഗമനത്തെയാണ് ജഹഗിര്ധറിന്റെ അഭിഭാഷകന് ശക്തമായി എതിര്‍ത്തത്. ഈ തെറ്റായ നിഗമനത്തില്‍ ഊന്നിയാണ് ഹൈക്കോടതി, കുടുംബകോടതി വിധി അസാധുവാക്കിയതെന്നും വാദമുണ്ടായി. കുട്ടിയുടെ ക്ഷേമത്തിനായി ജഹഗിര്‍ധര്‍ സ്വത്ത് സമ്പാദിക്കുകയും കുട്ടിയുടെ പേരില്‍തന്നെ പണം നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. ചേതനയ്ക്കും കുംബ്ളെയ്ക്കുമൊപ്പം സ്ഥിരമായി വിട്ടാല്‍ കുട്ടിയെ അവര്‍ അഛനെതിരെ തിരിക്കുമെന്ന് വാദമുണ്ടായി.
എന്നാല്‍ ചേതനയുടെ അഭിഭാഷകന് ഇതൊക്കെ നിഷേധിച്ചു. കുട്ടിയുടെ അഛനമ്മമാര്ക്ക് എല്ലാ സഹകരണവും നല്‍കുമെന്നും കുട്ടിയോട് തികഞ്ഞ സ്നേഹത്തോടെ പെരുമാറുമെന്നും കുംബ്ളെയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന് കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച സുപ്രിംകോടതി കുട്ടിയെ അമ്മയായ ചേതനയ്ക്കൊപ്പം വിടാന്‍ ഉത്തരവായി.
എന്നാല്‍ എപ്പോഴും ഒരു കുട്ടിയെ സംരക്ഷിക്കാന്‍ അഛനേക്കാള്‍ അവകാശം അമ്മയ്ക്കാണെന്ന ഹൈക്കോടതിയുടെ പൊതുനിഗമനം സുപ്രിംകോടതി തള്ളിക്കളഞ്ഞു. അത്തരത്തിലുള്ള സാമാന്യവല്ക്കരണം ശരിയല്ലെന്ന് സുപ്രിംകോടതി പറഞ്ഞു. പക്ഷേ ഈ ഒറ്റക്കാര്യംമാത്രംഅടിസ്ഥാനമാക്കിയല്ല ഹൈക്കോടതി വിധി എന്നതിനാലാണ് വിധി തിരുത്താത്തത്. വളരുന്ന പ്രായത്തിലുള്ള ഒരു പെണ്‍കുട്ടി അഛനൊപ്പം താമസിക്കുന്നതിലും നല്ലത് അമ്മയ്ക്കൊപ്പം കഴിയുന്നതാണ്. അമ്മയുടെ പുനര്‍വിവാഹം ഇതിന് അയോഗ്യതയാവേണ്ട കാര്യമില്ല. കുട്ടിയെ സന്ദര്‍ശിക്കാന്‍ അഛന് അനുമതി നല്‍കിക്കൊണ്ട് അമ്മയ്ക്കൊപ്പം കുട്ടിയെ വിടാനുള്ള ഹൈക്കോടതി വിധി തികച്ചും ന്യായമാണ്- ജ. ശിവരാജ് വി പാട്ടീലും ജ. ഡി എം ധര്‍മാധികാരിയും ഉള്‍പ്പെട്ട ഡിവിഷന് ബഞ്ച് ചൂണ്ടിക്കാട്ടി. 2004 ജനുവരി 29നായിരുന്നു ഈ വിധി.
പീഡനം ഭര്‍ത്താവിന്റെ വീട്ടിലായാല്‍
അഡ്വ. കെ ആര് ദീപ
വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടില്താമസിക്കുക എന്നത് നാട്ടുനടപ്പാണ്. കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങളിലേക്ക് ഇങ്ങനെ എത്തിപ്പെടുന്ന സ്ത്രീകള്‍ പലപ്രശ്നങ്ങളും നേരിടുന്നു. ആദ്യഘട്ടത്തില്‍ ഭര്‍ത്താവില്‍ നിന്നുകിട്ടുന്ന സംരക്ഷണം പോലും പിന്നീട് ലഭിക്കാത്ത സഥിതിയും വരാം. ഇത്തരം സാഹചര്യത്തില്‍ അവര്‍ നിസ്സഹായരായി ഒറ്റപ്പെടുന്നു.
നിയമം ഈ സാഹചര്യം മനസ്സിലാക്കി തന്നെ പ്രത്യേക സംരക്ഷണവ്യവസ്ഥകള്ക്ക് രൂപം നല്‍കിയിട്ടുണ്ട്.
ഭര്‍ത്താവിന്റെ വീട്ടില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ തടയാന്‍ തന്നെ പ്രത്യേക നിയമവ്യവസ്ഥയുണ്ട്. ഇത്തരം അതിക്രമങ്ങള്‍ ഒരു ക്രിമിനല്‍ കുറ്റമായി ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1983ലാണ് 498 എ എന്ന ഈ വകുപ്പ് നിയമത്തില്‍ ചേര്‍ത്തത്.
ഭര്‍ത്താവോ ഭര്‍ത്താവിന്റെ വീട്ടുകാരോ ഭാര്യയോട് കാട്ടുന്ന ക്രൂരതകള്‍ (cruelty) തടയാനാണ് നിയമം. നാലുതരത്തിലുള്ള ക്രൂരതകള്‍ നിയമത്തില്‍ വിവരിക്കുന്നു.
1. സ്ത്രീയെ ആത്മഹത്യയിലേക്ക് നയിക്കാനിടയുള്ള പെരുമാറ്റം.
2. സ്ത്രീയുടെ ജീവന് ഭീഷണിയാകുന്നതോ അവരുടെ ശരീരത്തില്‍ പരിക്കേല്‍പ്പിക്കുന്നതോ ആരോഗ്യം തകര്ക്കുന്നതോആയ പെരുമാറ്റം.
3. സ്വത്ത് കിട്ടാനായി സ്ത്രീക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ എതിരെ നടത്തുന്ന പീഡനങ്ങള്‍.
4. സ്വത്തോ പണമോ കിട്ടാതെവരുമ്പോള്‍ സ്ത്രീക്കോ അവളുടെ കുടുംബാംഗങ്ങള്‍ക്കോ എതിരെ നടത്തുന്ന അതിക്രമങ്ങള്‍.
മൂന്നുകൊല്ലംവരെ തടവും പിഴയും കിട്ടാവുന്ന കുറ്റമായാണ് ഈ അതിക്രമങ്ങളെ നിയമത്തില്‍ വിവരിച്ചിരിക്കുന്നത്. പീഡനത്തിനിരയായ സ്ത്രീതന്നെ പരാതി നല്കണമെന്നില്ല. ബന്ധുക്കള്‍ക്കും പരാതിപ്പെടാം.
നിയമത്തില്‍ വിവരിക്കുന്ന ക്രൂരതകള്‍ വ്യത്യസ്ത രൂപത്തില്‍ കുടുംബങ്ങളില്‍ നടക്കുന്നതായി കോടതികള്‍ കണ്ടെത്തിയിട്ടുണ്ട്. അവയും നിയമത്തിന്റെ പരിധിയില്‍ ശിക്ഷാര്‍ഹമായ കുറ്റമായിവരും.
തുടര്‍ച്ചയായി ഭക്ഷണം നല്‍കാതിരിക്കുക, ലൈംഗിക വൈകൃതങ്ങള്‍ക്ക് നിര്‍ബന്ധിക്കുക, സ്ഥിരമായി വീടിനു പുറത്താക്കുക, കുട്ടികളെ കാണാന്‍ അനുവദിക്കാതെ മാനസികമായി പീഡിപ്പിക്കുക. ശാരീരികമായി ആക്രമിക്കുക, മാനസികമായി തളര്‍ത്തുക എന്ന ലക്ഷ്യത്തോടെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുക. സാമൂഹിക ഇടപെടല്‍ അനുവദിക്കാതെ സ്ത്രീയെ വീട്ടില്‍ തടഞ്ഞുവെക്കുക, സ്ത്രീയുടെ സാന്നിധ്യത്തില്‍ അവരുടെ കുട്ടികളെ അധിക്ഷേപിച്ച് മാനസിക പീഡനത്തിനിരയാക്കുക, കുട്ടികളുടെ പിതൃത്വം നിഷേധിച്ച് വിഷമിപ്പിക്കുക, സ്ത്രീധനം കൊടുത്തില്ലെങ്കില്‍ വിവാഹമോചനം നടത്തുമെന്ന് ഭീഷണിപ്പെടുത്തുക തുടങ്ങിയവയൊക്കെ ഇത്തരത്തില്‍ ക്രൂരതയായി കോടതികള്‍ അംഗീകരിച്ചിട്ടുണ്ട്.
വിവാഹിതയായി ഭര്‍തൃഗൃഹത്തില്‍ താമസിക്കുന്ന സ്ത്രീയെ അവിടെനിന്ന് ഇറക്കിവിടാന്‍ ശ്രമിച്ചാല്‍ അതു തടയാന്‍ അവര്‍ക്ക് കോടതിയെ സമീപിക്കാം. ഭര്തൃഗൃഹമെന്നാല് ഭര്‍ത്താവിനൊപ്പം അവള് താമസിക്കുന്ന വീടാണ്. അത് ഭര്‍ത്താവിന്റെ സ്വന്തം വീടോ ബന്ധുക്കളുടെ വീടോ വാടകവീടോ ആവാം. വിവാഹിതയായിരിക്കുവോളം അവര്‍ക്കവിടെ കഴിയാം. ഇറക്കിവിടാന്‍ സമ്മര്‍ദമുണ്ടായാല്‍ കോടതിയില്‍ നിന്ന് നിരോധന ഉത്തരവ് നേടാം. ഇത് വേഗത്തില്‍ ലഭിക്കും.
എന്നാല്‍ സമ്മര്‍ദത്തിനു വഴങ്ങി വീടുവിടരുത്. തിരികെ കയറ്റണമെന്ന് നിര്‍ദേശിക്കുന്ന കോടതിയുത്തരവ് ലഭിക്കുക എളുപ്പമല്ല.
സ്ത്രീധനവുമായി ബന്ധപ്പെട്ട പീഡനങ്ങള്‍ തടയാനുള്ള വ്യവസ്ഥകളും 498 എയിലുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 303 ബി വകുപ്പിലും സ്ത്രീധനമരണത്തിന് ശിക്ഷിക്കാന്‍ വ്യവസ്ഥയുണ്ട്. മരിച്ച സ്ത്രീ മരണത്തിനു തൊട്ടുമുമ്പ് സ്ത്രീധനത്തിന്റെ പേരില്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ 303 ബി പ്രകാരം പ്രതിയെ ശിക്ഷിക്കാം. ഏഴുകൊല്ലംമുതല് ജീവപര്യന്തംവരെ തടവുകിട്ടാവുന്ന കുറ്റമാണിത്. സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന സ്ത്രീ വിവാഹശേഷം ഏഴുവര്‍ഷത്തിനിടയില്‍ മരിച്ചാല്‍ അത് സ്ത്രീധനമരണമായി കോടതി കരുതും. മരണം പീഡനം മൂലമല്ലെന്ന് തെളിയിക്കേണ്ട ചുമതല ഭര്‍ത്താവിനും വീട്ടുകാര്ക്കുമാകും.
പീഡനം നിര്‍ത്താന്‍ ഭര്‍ത്താവിനെതിരെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനെ (കലക്ടറെ) ഇടപെടുത്താനും ഭാര്യക്ക് നിയമപരമായി കഴിയും. ഇനി പ്രശ്നമുണ്ടാക്കില്ലെന്ന് ഭര്‍ത്താവിനെക്കൊണ്ട് മജിസ്ട്രേറ്റിനുമുമ്പില്‍ കരാര്‍ വെപ്പിക്കാം. അക്രമം തുടര്‍ന്നാല്‍ പിടിച്ചെടുക്കുമെന്ന വ്യവസ്ഥയോടെ സ്വര്‍ണമോ പണമോ വസ്തുവകകളോ ജാമ്യമായി വാങ്ങാനും മജിസ്ട്രേറ്റിനു കഴിയും.
നിയമവും
അഡ്വ. കെ ആര് ദീപ
ഇന്ത്യയിലെ ഗര്‍ഭഛിദ്ര നിയമം ഇടയ്ക്കിടെ തര്‍ക്കവിഷയമാകും. 2008ല്‍ മുംബൈ ഹൈക്കോടതിയുടെ ഒരുവിധി ഏറെ വിവാദങ്ങള്‍ക്കു വഴിവെച്ചു. ഹൃദയതകരാറുണ്ടെന്നു കരുതപ്പെടുന്ന കുഞ്ഞിനെ ഗര്‍ഭഛിദ്രത്തിലൂടെ ഇല്ലാതാക്കാന്‍ അനുമതി തേടിയ മുംബൈയിലെ നികിതയുടെയും ഭര്‍ത്താവ് ഹരേഷ് മേത്തയുടെയും ഹര്‍ജി മുംബൈ ഹൈക്കോടതി തള്ളിയതാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. കുട്ടിയുടെ ഹൃദയതകരാര്‍ മുന്‍കൂട്ടി മനസ്സിലാക്കിയാണ് നികിത ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയത്. എന്നാല്‍ 20 ആഴ്ച്ചയ്ക്കുശേഷമുള്ള ഗര്‍ഭഛിദ്രം നിയമം അനുവദിക്കുന്നതേയില്ല. നികിതയുടെ കേസില്‍ 24 ആഴ്ച്ച പിന്നിട്ടശേഷമാണ് അനുമതി തേടിയത്. നിയമം കര്‍ശനമായതിനാല്‍ കോടതി അനുമതി നിഷേധിക്കുകയായിരുന്നു. പെണ്‍ഭ്രൂണഹത്യ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയമത്തില്‍ ഇളവരുതെന്ന വാദത്തിനായിരുന്നു ഈ വിധിയെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളിലും മുന്‍തൂക്കം. എന്നാല്‍ നികിതയുടേതുപോലെയുള്ള കേസുകളില്‍ നിയമം അയയണമെന്ന വാദവും ശക്തമായി ഉയര്‍ന്നു. വാദങ്ങള്‍ തുടരുമ്പോള്‍ നിലവിലുള്ള നിയമപ്രകാരം ഗര്‍ഭഛിദ്രം ഇന്ത്യയില്‍ കുറ്റമായി തന്നെ നിലനില്ക്കുന്നു. മൂന്നുവര്‍ഷം തടവും 10000 രൂപ പിഴയും ശിക്ഷ കിട്ടാവുന്ന കുറ്റം.
1971ല്‍ പാലമെന്റ് പാസാക്കിയ നിയമ (Medical Termination of Pregnancy Act)മാണ് ഗര്‍ഭഛിദ്രം ഇന്ത്യയില്‍ കുറ്റമാണെന്ന് വ്യക്തമാക്കുന്നത്. എന്നാല്‍ രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് ചില പ്രത്യേക സാഹചര്യങ്ങളില്‍ ഗര്‍ഭഛിദ്രം നടത്താം. ഇത്തരത്തില്‍ അനുവദനീയമായ സാഹചര്യങ്ങള്‍ നിയമത്തില്‍ വിവരിക്കുന്നുണ്ട്. 20 ആഴ്ച്ചയ്ക്കുശേഷമുള്ള ഗര്‍ഭഛിദ്രം നിയമം അനുവദിക്കുന്നതേയില്ല. നികിതയുടെ കേസില്‍ 24 ആഴ്ച്ച പിന്നിട്ടശേഷമാണ് ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി തേടിയത്.
ഗര്‍ഭഛിദ്രം അനുവദനീയമായ സാഹചര്യങ്ങള്‍ നിയമത്തില്‍ പറയുന്നതിങ്ങനെ:
ഗര്‍ഭം തുടര്‍ന്നാല്‍ അത് സ്ത്രീയുടെ ജീവന് അപകടമുണ്ടാക്കുമെന്ന് ഉത്തമവിശ്വാസമുണ്ടെങ്കില്‍ ഗര്‍ഭഛിദ്രമാകാം. ഗര്‍ഭിണിയുടെ മാനസിക-ശാരീരീകാാഗ്യത്തെ അത് ഗുരുതരമായി ബാധിക്കുമെന്നുണ്ടെങ്കിലും ഗര്‍ഭഛിദ്രം നടത്താം.
ജനിക്കുന്ന കുഞ്ഞിന് ശാരീരികമോ മാനസികമോ ആയ വൈകല്യമുണ്ടാകും എന്നുറപ്പുണ്ടെങ്കിലും ഗര്‍ഭഛിദ്രം നിയമപരമാണ്.
12 ആഴ്ച്ചയില്‍ കുറവാണ് ഗര്‍ഭകാലമെങ്കില്‍ ഇത്തരം സാഹചര്യങ്ങളില്‍ ഒരു രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ക്ക് ഗര്‍ഭഛിദ്രം നടത്താം. എന്നാല്‍ 12 മുതല്‍ 20 വരെയായ ഗര്‍ഭമാണെങ്കില്‍ രണ്ട് രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ ഒരേ അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കില്‍ മാത്രമേ ഗര്‍ഭഛിദ്രം നിയമപരമാകൂ.
ബലാല്‍സംഗത്തിലൂടെ ഗര്‍ഭധാരണമുണ്ടായാല്‍ അത് ഒഴിവാക്കുന്നതിനായി ഗര്‍ഭഛിദ്രം അനുവദിക്കുന്നുണ്ട്. സന്താന നിയന്ത്രണ സംവിധാനം ഉപയോഗിച്ചതിന്റെ തകരാറുമൂലമുള്ള ഗര്‍ഭവും അലസിപ്പിക്കാം.
18 വയസ്സ് പൂര്‍ത്തിയാകാത്തവര്‍ക്ക് ഗര്‍ഭഛിദ്രം നടത്തണമെങ്കില്‍ രക്ഷിതാവിന്റെ രേഖാമൂലമുള്ള സമ്മതം വേണം. 18 വയസ്സില്‍ കൂടുതലുണ്ടെങ്കിലും മാനസിക വൈകല്ല്യമുള്ള സ്ത്രീയാണെങ്കിലും രക്ഷിതാവിന്റെ അനുമതി ആവശ്യമാണ്. എല്ലായ്പ്പോഴും ഗര്‍ഭഛിദ്രത്തിന് സ്ത്രീയുടെ അനുമതി രേഖാമൂലം തന്നെ വേണം. ഭര്‍ത്താവിന്റെ അനുമതി ആവശ്യമില്ല.
ഗര്‍ഭഛിദ്രം ഗവര്‍മെണ്ട് ആശുപത്രിയിലോ ഗവര്‍മെണ്ട് ഇതിനായി അനുമതി നല്‍കിയിട്ടുള്ള ആശുപത്രിയിലോ മാത്രമേ നടത്താവൂ എന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
(ലോകത്ത് സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രം ഏറ്റവും കൂടുതല്‍ നടക്കുന്ന രാജ്യം ഇന്ത്യയാണെന്നാണ് കണക്ക്. ഒരു വര്‍ഷം ഗര്‍ഭഛിദ്രത്തിലെ അപാകത മൂലം രാജ്യത്ത് ഒരുവര്‍ഷം ശരാശരി 15000 സ്ത്രീകള്‍ മരിക്കുന്നതായി സര്‍ക്കാര്‍ രേഖകള്‍ തന്നെ വ്യക്തമാക്കുന്നു.)
ഉല്പന്നവും മരുന്നാകാം
അഡ്വ. കെ ആര് ദീപ
മുഖത്തെ പാടുകള്‍ മായ്ക്കാനും തലയിലെ താരന് മാറ്റാനും മറ്റുമുള്ള ഉല്പന്നങ്ങളുടെ പരസ്യങ്ങള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്. ഈ ഉല്പന്നങ്ങള് ഏതു വിഭാഗത്തില്‍ വരും? മരുന്നോ? അതോ സൌന്ദര്യവര്ധകവസ്തുവോ? ഇതില്‍ ഏതെങ്കിലും ഒന്ന് ഫലം തന്നില്ല എന്ന വാദവുമായി ഉപഭോക്തൃ കോടതി കയറേണ്ടി വന്നാല്‍ ഇവയെ ഏതു വിഭാഗത്തില്‍പെടുത്തും? കോടതികള്‍ക്കു മുമ്പില്‍ പലപ്പോഴായി ഈ ചോദ്യം എത്തിയിട്ടുണ്ട്. 2006ല്‍ ഇത്തരത്തിലൊരു കേസ് സുപ്രീംകോടതിയിലെത്തി. കേന്ദ്ര നികുതിവകുപ്പുമായി ഒരു കമ്പനിക്കുണ്ടായ തര്‍ക്കമാണ് കോടതി കയറിയത്.
സെന്‍ട്രല്‍ എക്സൈസ് വകുപ്പിന്റെ അഭിപ്രായത്തില്‍ ഈവക സാധനങ്ങളൊക്കെ സൌന്ദര്യവര്‍ധക ഉല്പന്നങ്ങളാണ് (ഇീാലശേര). അതുകൊണ്ട് ഉയര്‍ന്ന തീരുവ നല്‍കണം. ഉല്പാദകര്ക്ക് ഇവ ഔഷധങ്ങളാണ്. അതുകൊണ്ട് തീരുവ കുറഞ്ഞ വിഭാഗമാണ്. ഈ തര്‍ക്കം സുപ്രിംകോടതി തീര്‍പ്പാക്കി. തര്‍ക്കത്തിലായ 11 ഉല്പന്നങ്ങളില് മുഖത്തെ പാടു മായ്ക്കാനുള്ളതും താരന് മാറ്റാനുള്ളതുമടക്കം എട്ടെണ്ണം മരുന്നുകളുടെ വിഭാഗത്തില്‍ത്തന്നെ പെടുത്തണമെന്ന് സുപ്രിംകോടതി വിധിച്ചു. ജ. അശോക് ഭാനും ജ. അരുണ്‍കുമാറും ഉള്‍പ്പെട്ട ബെഞ്ചാണ് കേസില്‍ വിധിപറഞ്ഞത്.
പ്യൂമ(ജൌാമ) ആയുര്‍വേദിക് ഹെര്‍ബല്‍ (പ്രൈവറ്റ്) ലിമിറ്റഡും നാഗ്പുര്‍ സെന്‍ട്രല്‍ എക്സൈസ് കമീഷണറുമായിരുന്നു കേസിലെ കക്ഷികള്‍. പ്യൂമ കമ്പനിയുടെ 11 ഉല്പന്നങ്ങള്ക്കും സൌന്ദര്യവര്ധകവസ്തുക്കള്ക്കുള്ള നികുതിയാണ് ചുമത്തിയത്. ഇതിനെയാണ് കമ്പനി ചോദ്യംചെയ്തത്.
ഇത്തരം പ്രശ്നത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമായും രണ്ടു കാര്യങ്ങള്‍ പരിഗണിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. സാധാരണ നിലയില്‍ ഉപയോക്താക്കള്‍ ഉല്പന്നത്തെ എങ്ങനെയാണ് കാണുന്നതെന്നാണ് ഒരു കാര്യം. അവര്‍ ഇതിനെ മരുന്നായി കാണുന്നോ, സൌന്ദര്യവര്‍ധകവസ്തുവായി കാണുന്നോ? മരുന്നാണെങ്കില്‍ അത് സാധാരണ ഉപയോഗത്തിന് ആരും വാങ്ങുന്നുണ്ടാകില്ല. ത്വഗ്രോഗത്തിനു പറ്റിയ സോപ്പാണെങ്കില്‍ ആ രോഗം മാറുംവരെയേ ആളുകള്‍ അത് വാങ്ങുകയുള്ളൂ. അതായത്, പരിശോധിക്കേണ്ടത് ഉല്പന്നത്തിന്റെ ചേരുവകള്‍ ആധികാരികമായ ആയുര്‍വേദവിധിപ്രകാരം ഉള്ളവയാണോ എന്നതാണ്. ഇത്തരത്തില്‍, സാധാരണ നിലയില്‍ മരുന്നായി കരുതപ്പെടുന്നതാണെന്നു തെളിയുകയും ചേരുവകള്‍ ആയുര്‍വേദത്തില്‍നിന്നാണെന്ന് കണ്ടെത്തുകയും ചെയ്താല്‍ ഉല്പന്നത്തെ മരുന്നായിത്തന്നെ കരുതണം. അങ്ങനെയല്ലെന്ന് നികുതിവകുപ്പ് വാദിച്ചാല്‍ അത് തെളിയിക്കേണ്ട ബാധ്യത നിയമപ്രകാരം അവര്‍ക്കാണ്; ഉല്പാദകര്ക്കല്ല - സുപ്രിംകോടതി ചൂണ്ടിക്കാട്ടി.
ഈ കമ്പനിയുടെ ഉല്പന്നങ്ങള്ക്ക് ആയുര്‍വേദമരുന്നായി നിര്‍മിക്കാന്‍ ലൈസന്‍സുണ്ട്. അവ കുറിച്ചുകൊടുക്കാറുണ്ടെന്ന് ഡോക്ടര്‍മാര്‍ കത്തു നല്‍കിയിട്ടുണ്ട്. ചേരുവകള്‍ ആയുര്‍വേദത്തില്‍ നിന്നാണെന്ന് പരീക്ഷണത്തില്‍നിന്ന് വ്യക്തമായതായി ആയുര്‍വേദഡയറക്ടറുടെ സാക്ഷ്യപത്രമുണ്ട്. ഈ സാഹചര്യത്തില്‍ ഇവയൊക്കെ മരുന്നാണ്.
ആയുര്‍വേദ ചേരുവകള്‍ക്കൊപ്പം ഉല്പന്നം കേടുവരാതിരിക്കാന്‍ ചിലത് ചേര്‍ക്കുന്നുണ്ടെങ്കില്‍പോലും അത്തരം ഉല്പന്നങ്ങള് മരുന്നുതന്നെയാണെന്നും കോടതി പറഞ്ഞു. അമൃതാഞ്ജന്‍ പെയിന്‍ ബാമിന്റെ കേസില്‍ ഇത് 1995ല്‍ വ്യക്തമാക്കിയിട്ടുണ്ട്. അമൃതാഞ്ജനില്‍ കര്‍പ്പൂരവും മെന്തോളും ടര്‍പ്പന്റൈനും മീതൈല്‍ സാലിസിലേറ്റുമുണ്ട്. ഇവയൊക്കെ ആയുര്‍വേദത്തിലും പടിഞ്ഞാറന്‍ വൈദ്യശാസ്ത്രത്തിലും അറിവുള്ള ചേരുവകളാണ്. അതുകൊണ്ട് അമൃതാഞ്ജനെ മരുന്നായി കരുതാംഎന്ന് കോടതി അന്നു വിധിച്ചു. ചൂടുകുരു തടയാനായി, ഇറങ്ങുന്ന 'നൈസില്' പൌഡറിന്റെ കേസും കോടതിയില്‍ മുമ്പെത്തിയിരുന്നു. അത് സാധാരണ ടാല്‍ക്കം പൌഡറായി കരുതണമെന്ന നികുതിവകുപ്പിന്റെ വാദവും തള്ളപ്പെടുകയായിരുന്നു. മരുന്നായി ഉപയോഗിച്ചുകഴിയുമ്പോള്‍ സൌന്ദര്യം കൂടിയേക്കാം എന്നതുകൊണ്ട് ഒരുല്പന്നത്തെ സൌന്ദര്യവര്‍ധകവസ്തുവായി കരുതാനാകില്ലെന്ന് കോടതി പറഞ്ഞു. കഷണ്ടിത്തലയില്‍ മുടിവളരാന്‍ സഹായിക്കുന്ന മരുന്നുപയോഗിച്ച് ഒരാള്‍ക്ക് മുടിവരുമ്പോള്‍ അയാളുടെ സൌന്ദര്യം മെച്ചപ്പെടാം. അതുകൊണ്ട് ആ മരുന്ന് സൌന്ദര്യവര്ധകവസ്തുവാകില്ല.
ഉല്പന്നത്തില് മരുന്നിന്റെ ചേരുവകള്‍ അളവില്‍ കുറവാണെന്നതും പ്രസക്തമായ കാര്യമല്ല. മരുന്ന് കൂടുതല്‍ ഉപയോഗിച്ചാല്‍ ദോഷമാകും എന്നതിനാല്‍ കുറഞ്ഞ അളവില്‍ ഉപയോഗിക്കുന്നതും ആകാം. വിക്സ് വേപ്പറബ് ഉദാഹരണമാണ്. ഇതിന്റെ 98 ശതമാനവും മെഴുകാണ്(പാരഫിന്‍ വാക്സ്). മരുന്നായ മെന്തോള് രണ്ടു ശതമാനമേയുള്ളൂ. അതുകൊണ്ട് അതിനെ മരുന്നായി കരുതാനാകില്ലെന്ന വാദം 1989ല്‍ സുപ്രിംകോടതി തള്ളിയിരുന്നു. മരുന്നാകാനായി ഒരുല്പന്നം ഡോക്ടര്‍മാര്‍ കുറിച്ചുകൊടുക്കുന്നതാകണം എന്ന് നിര്‍ബന്ധം പിടിക്കാനുമാകില്ല. കടകളില്‍ വാങ്ങാന്‍ കിട്ടുന്നുണ്ട് എന്നതും മരുന്നാണോ എന്നു നിശ്ചയിക്കാന്‍ പ്രസക്തകമായ കാര്യമല്ല - കോടതി വ്യക്തമാക്കി.
തര്‍ക്കവിഷയമായ 12 ഉല്പന്നങ്ങളില് രണ്ടുതരം മസാജ് ഓയിലുകളും തലയില്‍ ഉപയോഗിക്കാവുന്ന പൌഡറും മരുന്നായി കരുതാനാകില്ലെന്ന് വിധിയില്‍ പറഞ്ഞു. നീം ഫേഷ്യല്‍ പായ്ക്ക്, ഹെര്‍ബല്‍ ഫേഷ്യല്‍ പായ്ക്ക്, ആന്റി പിമ്പിള്‍ പൌഡര്‍, ഹെയര്‍ടോണിക് പൌഡര്‍, കുട്ടികള്‍ക്കുള്ള എണ്ണ, താരന് തടയുന്ന പൌഡര്‍ തുടങ്ങിയവയെ ഔഷധങ്ങളുടെ പട്ടികയില്‍ പെടുത്തി. അവയ്ക്ക് ബാധകമായ നികുതിയേ ഈടാക്കാനാവൂ എന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു.
മൂല്ല്യവര്ധിതനികുതി നടപ്പാക്കിയപ്പോള്‍ കേരളത്തില്‍ വിക്സ് വേപ്പറബിനെ മരുന്നുകളുടെ വിഭാഗത്തില്‍ പെടുത്താതിരുന്നത് തര്‍ക്കമായിരുന്നു. മരുന്നല്ലാത്ത ഉല്‍പ്പന്നമായി കണക്കാക്കി കുടുതല്‍ നികുതി ഈടാക്കി എന്നാരോപിച്ച് കമ്പനി കേരള ഹൈക്കോടതിയിലെത്തി. വിക്സ് മരുന്നാണെന്നു തന്നെയായിരുന്നു ജ. പി ആര് രാമന്റെ തീര്‍പ്പ്. 2009 നവംബറിലായിരുന്നു ഈ വിധി.
ഇന്ന് വിപണിയില്‍ ഏറെ ലഭ്യമായ വണ്ണം കുറയ്ക്കാനുള്ള തൈലങ്ങളും മറ്റും ഇതുവരെ കോടതി കയറിയിട്ടില്ല. എന്നാല്‍ ആയുര്‍വ്വേദവിധിപ്രകാരം നിര്മ്മിക്കപ്പെടുന്നവയെന്ന് അവകാശപ്പെടുന്ന നിലയ്ക്ക് ഈ സുപ്രീം കോടതി വിധിയനുസരിച്ച് അവയും മരുന്നുതന്നെയെന്ന് കരുതേണ്ടിവരും
വ്യാഴാഴ്ച, ഒക്ടോബർ 20, 2011
അഡ്വ. കെ ആര് ദീപ
കെഎസ്ഇബി ജീവനക്കാരനായിരിക്കെ മരിച്ച ടി കെ മന്‍സൂറിന്റെ ഗ്രാറ്റുവിറ്റിയാണ് കോടതിയിലെത്തിയത്. മന്‍സൂറിന് ഭാര്യയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളുമാണുള്ളത്. മന്‍സൂറിന്റെ ഗ്രാറ്റുവിറ്റിക്ക് അര്‍ഹത കുട്ടികള്‍ക്കുണ്ട്. അവര്‍ പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ ആ വിഹിതം അമ്മയ്ക്കാണ് ലഭിക്കേണ്ടത്. പക്ഷേ കെഎസ്ആറിലെ മൂന്നാംഭാഗത്തിലെ 118-ാം ചട്ടത്തില്‍ പറയുന്നതിങ്ങനെ: 'മരിച്ച രക്ഷിതാവിന്റെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ഗ്രാറ്റുവിറ്റി വിഹിതത്തിന് ജീവിച്ചിരിക്കുന്ന രക്ഷിതാവിനാണ് അര്‍ഹത. എന്നാല്‍ രക്ഷിതാവ് മുസ്ളിംസ്ത്രീയാണെങ്കില്‍ ആ തുക ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നയാള്‍ക്കാണ് നല്‍കുക'. അതായത് അമ്മ മുസ്ളിമാണെങ്കില്‍ കുട്ടികള്‍ക്കുള്ള വിഹിതം വാങ്ങാനാവില്ലെന്ന് വ്യക്തം. വിചിത്രമായ ഈ വിവേചനവ്യവസ്ഥയാണ് കോടതിയുടെ മുന്നിലെത്തിയത്.
മുഹമ്മദന്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം കെഎസ്ആറിലെ ചട്ടങ്ങള്‍ രൂപപ്പെടുത്തിയപ്പോഴാണ് മുസ്ളിം സ്ത്രീയ്ക്ക് അവകാശം നിഷേധിക്കപ്പെട്ടത്. മുഹമ്മദന്‍ നിയമപ്രകാരം കുട്ടികളുടെ അവകാശി അച്ഛനാണ്. അച്ഛന് മരിച്ചാല്‍ അച്ഛന്റെ അച്ഛന്. അല്ലെങ്കില്‍ അച്ഛന്റെ മരണപത്രത്തില്‍ നിയോഗിക്കപ്പെടുന്നയാളാണ് കുട്ടിയുടെ രക്ഷിതാവ്. മുഹമ്മദന്‍ നിയമത്തിലെ ഈ വ്യവസ്ഥ സര്‍വീസ് ചട്ടങ്ങളിലേക്ക് യാന്ത്രികമായി കടന്നുവന്നു.
വളരെ വിശദമായ വിധിന്യായത്തിലൂടെയാണ് ജ. തോട്ടത്തില്‍ ബി രാധാകൃഷ്ണന് കെഎസ്ആറിലെ ആ വ്യവസ്ഥ റദ്ദാക്കിയത്. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് സംസ്ഥാനത്തിന്റെ മതനിരപേക്ഷ ഖജനാവില്‍ നിന്നാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗ്രാറ്റുവിറ്റിയുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. ഇങ്ങനെ ഗ്രാറ്റുവിറ്റി അനുവദിക്കുമ്പോള്‍ മതത്തിന്റെയോ ജാതിയുടേയോ വംശത്തിന്റെയോ ലിംഗത്തിന്റെയോ പേരില്‍ വിവേചനം പാടില്ല. സംസ്ഥാന ജീവനക്കാരെ അത്തരത്തില്‍ കള്ളിതിരിക്കാനുമാവില്ല. ഗ്രാറ്റുവിറ്റിപോലുള്ള ഒരു ആനുകൂല്യം സംബന്ധിച്ച വ്യവസ്ഥയില്‍ മതത്തെപ്പറ്റി പരാമര്‍ശം തന്നെ വന്നുകൂടാത്തതാണ് - കോടതി ചൂണ്ടിക്കാട്ടി.
ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുള്ള ജീവനക്കാരന് മരിച്ചാല്‍ അവകാശികളെ നിര്‍ണയിക്കേണ്ടത് ജാതിയും മതവും നോക്കിയല്ല. അവകാശി പദവി (Heirship) നോക്കിയാണ്. അതിനുള്ള വ്യവസ്ഥകളാണ് പരിഗണിക്കേണ്ടത്. സ്ത്രീകളെ ലിംഗപരമായി വേര്‍തിരിച്ചുകാണുന്നത് സ്ത്രീ എന്ന നിലയില്‍ അവര്‍ നേരിട്ട എന്തെങ്കിലും സാമ്പത്തിക പരാധീനത പരിഹരിക്കാനോ തുല്യ തൊഴിലവകാശം ലഭ്യമാക്കാനോ ആയിരിക്കണം. അല്ലാതെ സ്ത്രീകളെ നിയമപരമായോസാമൂഹ്യമായോ സാമ്പത്തികമായോ താഴ്ന്ന പദവിയില്‍ നിലനിര്‍ത്താന്‍ വേണ്ടിയാകരുതെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യം ജ. തോട്ടത്തില്‍ ബി രാധാകൃഷ്ണന് ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിലുള്ള വിവേചനം ഇന്ത്യന്‍ ഭരണഘടന 14-ാം അനുഛേദത്തിലൂടെ ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് വിരുദ്ധവുമാണ് - കോടതി വ്യക്തമാക്കി.
സര്‍ക്കാരിന് സ്ത്രീകള്‍ക്കായി പ്രത്യേക വ്യവസ്ഥകള്‍ രൂപപ്പെടുത്താന്‍ അധികാരമുണ്ട്. അതുപക്ഷേ അവര്‍ക്ക് അനുകൂലമായിട്ടാകണം; മറിച്ചാകരുത്. വ്യക്തിനിയമത്തിലെ വ്യവസ്ഥകളനുസരിച്ച് രൂപപ്പെടുത്തി എന്ന ഒരു ന്യായം മാത്രമേ ഗ്രാറ്റുവിറ്റി കാര്യത്തില്‍ മുസ്ളിം സ്ത്രീയോട് കാട്ടുന്ന വിവേചനത്തിന് ന്യായീകരണമായി പറയുന്നുള്ളു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വളര്‍ത്താന്‍ മുസ്ളിമായ അമ്മയ്ക്ക് എന്തെങ്കിലും പ്രാപ്തിക്കുറവുണ്ടെന്ന് ചട്ടം പറയുന്നില്ല- കോടതി ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്കെതിരായ എല്ലാ വിവേചനങ്ങളും അവസാനിപ്പിക്കാന്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ള രാജ്യമാണ് ഇന്ത്യയെന്നും കോടതി ഓര്‍മിപ്പിക്കുന്നു.
1979ലെ സ്ത്രീവിവേചനവിരുദ്ധ കൺവന്‍ഷന്റെ പ്രഖ്യാപനം അംഗീകരിച്ച രാജ്യമാണ് ഇന്ത്യ. എല്ലാ നിയമങ്ങളിലും വ്യവസ്ഥകളിലും ചട്ടങ്ങളിലും കീഴ്വഴക്കങ്ങളിലും നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധത നീക്കാന്‍ സര്‍ക്കാരുകള്‍ക്ക് ചുമതലയുണ്ട്. ഈ സാഹചര്യത്തില്‍, ഗ്രാറ്റുവിറ്റി നല്‍കാനായി മുസ്ളിംവിധവകള്‍ക്ക് ഒരു നിയമവും മറ്റുളള സ്ത്രീകള്‍ക്ക് മറ്റൊരു നിയമവും എന്നത് ഭരണഘടനാവിരുദ്ധവും മനുഷ്യാവകാശ നിഷേധവുമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന മൌലികാവകാശങ്ങളുടെ ലംഘനവുമാണ്. അതുകൊണ്ട് ഈ വ്യവസ്ഥ റദ്ദാക്കുകയാണ്. കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട ഗ്രാറ്റുവിറ്റി വിഹിതം ഭാര്യ ഹസീനയ്ക്ക് നല്കാന് നടപടിയുണ്ടാകണം. കോടതിച്ചെലവും നല്‍കണം - വിധിയില്‍ പറഞ്ഞു.
*****
ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്